ഇടവഴികളിൽ നിന്ന് റോഡിലേക്കും, റോഡിൽ നിന്ന് ഇടവഴികളിലേക്കും നടന്നപ്പോഴല്ലാം നാടിൻ്റെ ഭംഗിയോടൊപ്പം നിൻ്റെ ചിരിയും എന്നെ നയിച്ചിരുന്നു. സ്ക്കൂളിൽ പോകുന്ന സമയം ഒരു കൈയ്യിൽ റബ്ബർ ബാൻ്റ് കുടുക്കിയ ബുക്കുകളും മറ്റേ കൈ കൊണ്ട് ഊരി വീഴാറായ ട്രൗസറും പിടിച്ച് കഷ്ടപ്പെട്ട് നടക്കുമ്പോൾ, എൻ്റെ സുഹൃത്ത് വിജിത്ത് ഈയ്യിടെ പറഞ്ഞതുപോലെ അലൂമിനിയ പെട്ടിയും തൂക്കി, മുടി രണ്ടു ഭാഗത്തും പിരിച്ചിട്ട് കെട്ടി പുള്ളിപ്പാവാടയും ബ്ലൗസുമിട്ട് വല്യ ഗമയിൽ പോകുന്ന നിന്നോടെനിക്ക് അസൂയ്യയായിരുന്നു. കുശുമ്പായിരുന്നു. നിന്നെ മാത്രമല്ല, അന്ന് നിന്നെപ്പോലെ വല്യ ഗമയിൽ സ്ക്കൂളിലേക്ക് വരുന്ന അലൂമിനിയപ്പെട്ടിക്കാരോടൊക്കെ ഒരു തരം കുശുമ്പ് തോന്നിയിരുന്നു. എന്നാൽ ഈ അടുത്ത് പ്രിയ കൂട്ടുകാരൻ വിജിത്തിൻ്റെ വാക്കുകൾ കേട്ടപ്പോഴാണ് അറിഞ്ഞത് എന്നെപ്പോലെ തന്നെ പലരും അലൂമിനി യപ്പെട്ടിക്കാരേയും പത്രാസ്സുകാരേയും ഇഷ്ടമില്ലാത്തവരായിരുന്നു എന്ന്.
എന്നാൽ ചെറുതിൽ നിന്ന് വലുതിലേക്ക് ക്ലാസുകളുടെ എണ്ണം കൂടുന്തോറും എൻ്റെ ഭാരിദ്ര്യ ജീവിത സാഹചര്യത്തോടൊപ്പം സഞ്ചരിച്ച ഞാൻ നിന്നെ ആദരപൂർവ്വം നോക്കിത്തുടങ്ങി. ഇല്ലാത്തവൻ ഉള്ളവന് കൊടുക്കുന്ന ആദരവ്. അത് പിന്നീട് എന്നും നിന്നെ കാണാനും നിൻ്റെ ആ ഗമ കാണാനും ഉള്ള കൊതിയായി. സ്ക്കൂൾ അവധി ദിവസങ്ങളിൽ കുട്ടികളോടൊത്ത് രാവിലെ മുതൽ നാടിൻ്റെ മുക്കിലും മൂലയിലും കളിച്ചു നടക്കുമ്പോൾ ഇടയ്ക്കൊക്കെ ആരും കാണാതെ നിൻ്റെ വീടിൻ്റെ ഇടവഴികളിലും ഞാൻ വരുമായിരുന്നു. എൻ്റെ മനസ്സിൻ്റെ ഇടനാഴികളിൽ ഞാനറിയാതെ എന്നും നടന്നു പോകുന്ന ആ പത്രാസുകാരിയെ കാണാൻ. എന്നെ കണ്ടിട്ടും കാണാത്തതുപോലുള്ള നിൻ്റെ ആ മുഖം തിരിച്ചുള്ള നടപ്പിലുണ്ടായിരുന്നു എന്നോട് നിനക്കുള്ള വെറുപ്പ്. ഉള്ളവന് ഇല്ലാത്തവനോടുള്ള അകൽച്ച. ആ ചെറുപ്രായത്തിലും അതാസ്വദിക്കുകയായിരുന്നു എൻ്റെ വരവിൻ്റെ ലക്ഷ്യവും.
പാടിത്തീർക്കാൻ കഴിയാത്ത പാട്ടുകളോടായിരുന്നു ഇഷ്ടം, എറിഞ്ഞു വീഴ്ത്താൻ കഴിയാത്തത്ര ഉയരത്തിലുള്ള മാങ്ങകളോടായിരുന്നു പ്രിയം. കാറ്റിലാടുന്ന പൂക്കളെ നോക്കി, കാവു താണ്ടുന്ന കോലങ്ങളെ നോക്കി, ഐസും ഐസ്ക്രീമും , പഞ്ഞി മുട്ടായിയും നുണയുന്നവരെ നോക്കി വിദൂരമായ ഏതോ ഒരു കാഴ്ച്ചയ്ക്ക് വേണ്ടി നടന്നു നീങ്ങുമ്പോൾ എന്നും എപ്പോഴും നിൻ്റെ മുഖം ഞാൻ തിരയുമായിരുന്നു. ഉഷസ്സിലും തമസ്സിലും വഴിയമ്പലങ്ങളിലെ കീർത്തനങ്ങളിൽ ലയിച്ച് ദർശന സൗഭാഗ്യങ്ങൾ തേടുന്നവരുടെ കൂട്ടത്തിൽ ഞാൻ നിന്നെ തിരയുമായിരുന്നു. കവടി നിരത്തിയും കൈരേഖ നോക്കിയും കാലം വീഴ്ത്തുന്ന കരിനിഴൽ തേടി നടക്കുന്നവരുടെ കൂട്ടത്തിലും ഞാൻ നിന്നെ തിരയുമായിരുന്നു.
ഇപ്പോൾ ഇഷ്ടങ്ങളും പ്രണയങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും മനസ്സിനെ ചവിട്ടിക്കൂട്ടി കശക്കി എറിഞ്ഞപ്പോൾ, ആർക്കും വേണ്ടാതായപ്പോൾ നിന്നെ ഞാൻ വീണ്ടും കണ്ടിരിക്കുന്നു. നീ എന്നേയും കണ്ടിരിക്കുന്നു. ഇവിടെ ആ പഴയ, എല്ലാം ഉണ്ടെന്നുള്ള ഭാവമില്ല, ഒന്നും ഇല്ലാത്തവൻ എന്ന ഭാവവും ഇല്ല. കാരണം ഇല്ലാത്തവൻ ഇന്നും ഇല്ലാത്തവൻ. എല്ലാം ഉണ്ടെന്ന് ധരിച്ച നീ, എന്നും എൻ്റെ ഇഷ്ടങ്ങളെ കണ്ടില്ലന്നു നടിച്ച നീ, ഇന്ന് ഇല്ലായ്മയുടെ തണുത്തുറഞ്ഞ മനസ്സുമായ് ഒരല്പം സ്നേഹത്തിൻ്റെ ചൂടുതേടി വന്നിരിക്കുന്നു. ഇവിടെ നമ്മൾ…. നമ്മൾ തുല്യരാണെന്ന് തോന്നുന്നെങ്കിൽ, പ്രണയം നിൻ്റെ മനസ്സിൽ എൻ്റെ ഇല്ലായ്മയെ നിനക്കു വേണ്ടി ഉള്ളതാന്നെന്ന് തോന്നിക്കുന്നുവെങ്കിൽ …. നമുക്ക് നടക്കാം. കൈവിരലുകൾ കോർത്തു കൊണ്ട്, മനസ്സ് മനസ്സുമായ് കൊരുത്തുകൊണ്ട് നമുക്ക് നടക്കാം. പ്രണയ ജോഡികളായ് നടക്കാം ……💖




Super
Nice 🥳