തിരുവോണ വർണ്ണങ്ങൾ ഹൃത്തിൽ
നിറഞ്ഞു.
സ്മൃതിയിലും മനസ്സിലും പൂക്കൾ
വിരിഞ്ഞു:
മാവേലി മന്നന്നെ വരവേൽക്കാനായി
ആമോദമോടെ അണിചേർന്ന ബാല്യം
കോളാമ്പിപ്പൂക്കൾ തൻ
പീതവർണ്ണങ്ങൾ
ശംഖുപുഷ്പത്തിന്റെ
കൃഷ്ണവർണ്ണങ്ങൾ
മുക്കുറ്റി ചെത്തി മന്ദാര പൂക്കൾ
മുല്ലമൊട്ടിന്റെ നിലാതോൽക്കും ശോഭ
തുമ്പകളെങ്ങും കണികാണാനില്ല
തുമ്പികൾ പാറിപ്പറക്കാൻ മറന്നോ?
വേലികൾ മതിലാക്കി മാറ്റിയെല്ലാരും
മാവേലി നാടിൻ ചെടികളിന്നെവിടെ?
പണ്ടു വളർത്തിയ ചെണ്ടുമല്ലിപ്പൂ
പാണ്ടിദേശത്തു വിലനൽകി വാങ്ങി.
പുതുതലമുറയുടെ ആലസ്യഭാവം
വളമുള്ള മണ്ണിനെ വന്ധ്യയായ് മാറ്റി
തിരികെ വരാത്തൊരാ നല്ലകാലത്തെ
സ്മരണകൾ ഭാവിപ്രതീക്ഷകളാക്കി
കള്ള ചതികളെ മണ്ണിലടക്കി
മാവേലി നാടാക്കി മാറ്റണം നമ്മൾ.



