എറണാകുളം ജില്ലയിലെ പള്ളിക്കര ദേവാലയം, ചിത്രപുഴ – പോഞ്ഞാശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്നു.
🌻പള്ളിക്കര ദേശം

പള്ളിക്കര ദേശം എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. പഴയ കൊച്ചിയുടെ ഭാഗമായിരുന്നു കുന്നത്തുനാട്. കാക്കനാടിനോട് ചേർന്ന് കിടക്കുന്ന സ്ഥലം എന്ന നിലക്ക് വ്യവസായ വാണിജ്യ പ്രാധാന്യമുണ്ട്. ഫാക്റ്റിന്റെ (ഫെർട്ടിലൈസേർസ് ആന്റ് കെമിക്കൽസ് ട്രാവങ്കൂർ ലിമിറ്റഡ്) അമ്പലമേട് കൊച്ചിൻ ഡിവിഷൻ, കൊച്ചി റിഫൈനറീസ്, എച്ച്.ഓ.സി (ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്), ഐ.ഓ.സി (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ), ഫിലിപ്സ് കാർബൺ ബ്ലാക്ക് കമ്പനി, വീഗാലാന്റ്, നിർദ്ദിഷ്ട സ്മാർട്ട് സിറ്റി, ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം എന്നീ വ്യവസായങ്ങൾ നിലകൊള്ളുന്നത് കുന്നത്തുനാട്ടിലാണ്.
🌻പള്ളിക്കര പള്ളി സ്ഥാപന ചരിത്രം

പള്ളിക്കര സെ. മേരീസ് സുറിയാനി പള്ളി അഥവാ വിശുദ്ധ മർത്ത മറിയം കത്തീദ്രൽ പള്ളിയുടെ വടക്കേ വളപ്പിൽ കണ്ടെത്തിയ കരിങ്കൽ സ്ലാബിലെ ‘കോൽ-തമിഴ്’ ലിഖിതം എ ഡി 905 ൽ പള്ളി സ്ഥാപിതമായി എന്ന് തെളിയിക്കുന്നു.
എ.ഡി 905ൽ സ്ഥാപിതമായ പൗരാണികമായ ഈ ക്രൈസ്തവ ദേവാലയം ഇടപ്പള്ളി പള്ളിയിൽ നിന്ന് പിരിഞ്ഞുണ്ടായതാണ്. ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ, ഈ സ്ഥലങ്ങളിൽ താമസിക്കുന്ന ക്രിസ്ത്യാനികൾ അവരുടെ ആത്മീയ ആവശ്യങ്ങൾക്കായി ഇടപ്പള്ളി പള്ളിയെ ആശ്രയിച്ചിരുന്നു. ഈ പ്രദേശങ്ങൾ ഇടപ്പള്ളി രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. രാജാക്കന്മാർ നിയന്ത്രിക്കുന്ന അന്തർ പ്രഭുക്കന്മാരുടെ സമാന്തര ഭരണമുണ്ടായിരുന്നു.ആ കാലഘട്ടത്തിൽ ഈ സ്ഥലത്ത് ഒരു കുട്ടി മരണപ്പെട്ടു.
ഇവിടെ നിന്ന് ഇടപ്പള്ളിയിലേക്ക് ബോട്ടിൽ കൊണ്ടുപോയ കുട്ടിയെ സംസ്കരിക്കുന്ന കാര്യത്തിൽ നാട്ടുകാർ സഹകരിച്ചില്ല.ആ കാലത്ത് ഇടപ്പള്ളി പള്ളിയുടെ സെമിത്തേരി ചെറുതായിരുന്നതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരെ സംസ്കരിക്കാൻ അവർ എതിർക്കുകയും കുട്ടിയുടെ മൃതദേഹം കുഴിച്ചിടാതെ തിരികെ പോരികയും ചെയ്തു. അന്തർ പ്രഭുക്കളായ അറയ്ക്കൽ കുടുംബമാണ് ഇവിടെ ഭരണം നടത്തിയിരുന്നത്, കുട്ടിയുടെ മാതാപിതാക്കൾ അറക്കൽ കുഞ്ഞമ്മയുടെ മുന്നിൽ അവരുടെ ദയനീയ സാഹചര്യം അറിയിച്ചു, കുട്ടിയെ സ്വന്തം മണ്ണിൽ കുഴിച്ചിടാൻ അറയ്ക്കൽ കുഞ്ഞമ്മ അനുമതി നൽകി. സംസ്കാരത്തിന് ശേഷം ഒരു കുരിശ് സ്ഥാപിച്ചു, അതിനാൽ ആരാധന നടപടികൾക്കായി ഒരു പള്ളി സ്ഥാപിക്കാൻ അവരോട് അനുവാദം ചോദിച്ചു. ഏറെ സന്തോഷത്തോടെ അറയ്ക്കൽ കുഞ്ഞമ്മ പള്ളി പണിയാൻ ആവശ്യമായ ഭൂമി (നികുതി ഒഴിവാക്കി) അനുവദിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു.അങ്ങനെ എ.ഡി 905 കുംഭം 2ന് പ്രിസിദ്ധമായ പള്ളിക്കരപള്ളി സ്ഥാപിതമായി.
🌻പള്ളി പുനരുദ്ധാരണം
മലങ്കര മഹാഇടവകയുടെ ചുമതലകളും മെത്രാപോലീത്തക്കടുത്ത കാര്യങ്ങളും നിർവ്വഹിച്ചുപോന്നിരുന്ന തോമാ അർക്കദിയാക്കോൻ കൊല്ലവർഷം 822(എ.ഡി1647) ധനു മാസം 21ന് പരി.കന്യകമറിയത്തിന്റെ നാമത്തിൽ പുതുക്കി പണിത പള്ളിക്കര പള്ളിയുടെ വി.മൂറോൻ അഭിഷേകം നടത്തി.1813ൽ ഇന്ന് കാണുന്ന രീതിയിൽ ജനാലകളും വാതിലുകളും സ്ഥാപിക്കപ്പെട്ടു.1924ൽ പള്ളിയുടെ ക്ദോസ്കുദിശിൽ(മദ്ബഹാ) പോർച്ചുഗീസ് കലാവൈഭവം നിറഞ്ഞ കൊത്തുപണികളോട് കൂടി പണി കഴിപ്പിച് പെയിന്റ് ചെയ്ത് മനോഹരമാക്കി.
🌻പള്ളിയുടെ ശില്പ ചാരുത

പള്ളിയിലെ സീലിംഗിലും ഭിത്തിയിലുമുള്ള പെയിന്റിംഗ്സ് അതി മനോഹരമാണ്. ജലപ്രളയം,ആദ്യപാപം,ക്രൂശാരോഹണം,ഉയിർപ്പ്,അബ്രാഹാമിന്റെബലി,കായീനും ഹാബേലും,സ്വർഗ്ഗാരോഹണം,പരിശുദ്ധാല്മ നിറവ് തുടങ്ങിയ അനേകം ചിത്രങ്ങളുണ്ട്.
കേരളത്തിലെ മറ്റൊരു ദേവാലയത്തിലും കാണാത്ത ക്ദോസ്കുദിശിലെ പരി.കന്യകമറിയത്തിന്റെ രൂപം അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.
ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് പള്ളി ആക്രമിക്കപ്പെടുമോയെന്ന് ഭയന്ന് പൂർവ്വീകർ പള്ളിയുടെ താഴെ കാണുന്ന പാടത്ത് ഒളിപ്പിച്ചുകൊണ്ടുപോയി സൂക്ഷിച്ചിരുന്നുവെന്ന്ന് പറയപ്പെടുന്നു
🌻പിതാക്കന്മാരുടെ വിശ്രമ സ്ഥലം
മലങ്കര സഭയിലെ പ്രമുഖ സ്ഥാനം വഹിക്കുന്ന പള്ളിക്കര ദേവാലയത്തിൽ പരി.അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് മലങ്കരയിൽ എഴുന്നള്ളിയ എല്ലാ പിതാക്കന്മാരും സന്ദർശിക്കുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്.
ലഭ്യമായ ചരിത്രം അനുസരിച്ച് അഞ്ചാം മാർതോമായാണ് ഈ പള്ളിയിൽ താമസമാക്കിയിട്ടുള്ള ആദ്യ മെത്രാൻ.അന്ന് ഈ പള്ളിയിൽ താമസിച്ചാണ് അദ്ദേഹം ദീർഘകാലം മലങ്കര മഹാഇടവകയെ ഭരിച്ചത് .മലങ്കര സഭ ഭരിച്ചിരുന്ന വിശുദ്ധ പിതാക്കന്മാരിൽ ഭൂരിഭാഗവും കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഈ പള്ളി വഴിയിൽ ഒരു വിശ്രമ സ്ഥലമായി കണ്ടു. അന്ത്യോഖ്യായിൽ നിന്നും ഈ പള്ളി സന്ദർശിച്ച മോർ ഈവാനിയോസ് മെത്രാപ്പോലീത്താ ഈ പള്ളിയിലെ രൂപങ്ങളും ആനവാതിലിലെ കൊത്തുപണികളും നശിപ്പിച്ചതായി പള്ളി രേഖകളിൽ കാണുന്നു. 1843ൽ ഈ പള്ളിയിൽ താമസമാക്കിയ മാത്യൂസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത സത്യവിശ്വാസികളെ നവീകരണ സ്വഭാവത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച വ്യക്തിയായിരുന്നു.
🌻മകരം 3 അഹത്തുള്ള ബാവയുടെ ഓർമ്മ
1653 മകരം 3ന് പരിശുദ്ധ അഹത്തുള്ള ബാവയെ കടലിൽ കെട്ടിതാഴ്ത്തിയ വിവരം അറിഞ്ഞു ഇവിടെനിന്ന് മട്ടാഞ്ചേരിയിൽ എത്തിയ ഇടവകയിലെ പൂർവ്വികർ കൂനൻ കുരിശ് സത്യത്തിനു ശേഷം പള്ളിയിൽ തിരികെയെത്തി പള്ളിമണി അടിച്ച് ഇടവകയെ ഒരുമിച്ചുകൂട്ടി അഹത്തുള്ള ബാവയുടെ ഓർമ്മ നടത്തി.പിന്നീട് എല്ലാ വർഷം മകരം 3ന് ബാവായുടെ ഓർമ്മപെരുന്നാളായി കൊണ്ടാടി
🌻മലേക്കുരിശ് ചാപ്പൽ
പള്ളിയുടെ കീഴിൽ എ.ഡി 1205ൽ സ്ഥാപിക്കപ്പെട്ട മലേക്കുരിശു ചാപ്പൽ ഇപ്പോൾ ഒരു തീർത്ഥാടന കേന്ദ്രമാണ്.വി.മാർത്തോമ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിച്ച ഈ ചാപ്പൽ നാനാജാതിമതസ്ഥർക്ക് അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവിടമായി നിലനിൽക്കുന്നു.പരിശുദ്ധനായ പരുമല തിരുമേനി രോഗിയായിരുന്നപ്പോൾ വിശ്രമത്തിനും ധ്യാനത്തിനുമായി ഒരിടം തേടി.പരുമലയിലും വെട്ടിക്കൽ ദയറായിലും മറ്റും വിശുദ്ധനെ തേടി ധാരാളം ഭക്തജനങ്ങൾ വന്നിരുന്നതുകൊണ്ട് പ്രാർത്ഥനക്കും ഏകാന്തവാസത്തിനും തടസം ഉണ്ടാകാതിരിക്കാനാണ് തിരുമേനി പുതിയൊരു സ്ഥലം തേടിയത് .അന്വേഷണങ്ങൾക്കൊടുവിൽ മലേക്കുരിശുപള്ളിയിൽ വിശുദ്ധൻ ഏകാന്തധ്യാനത്തിനിരുന്നു.ഈ കൊച്ചുപള്ളിയിൽ നിന്ന് വിശുദ്ധൻ തിരിച്ചെഴുന്നള്ളുന്ന അവസരത്തിൽ ഇവിടെ നിന്ന് വിശ്വാസികളിലേക്ക് അനുഗ്രഹങ്ങൾ ഒഴുകിയെത്തുന്നത് ദിവ്യദൃഷ്ടിയിൽ കണ്ട അദ്ദേഹം”ഇത് ഒരു വിശുദ്ധ സ്ഥലമാണ്;നാനാ ജാതികൾ ഇവിടെ വന്ന് അനുഗ്രഹം പ്രാപിക്കും”എന്ന് പ്രഖ്യാപിച്ചു.
🌻പള്ളിക്കര പള്ളിയുടെ സവിശേഷതകൾ

യാക്കോബായ സുറിയാനി സഭയുടെ കീഴിലാണ് ദേവാലയം.
എ.ഡി 1599ൽ നടന്ന ഉദയംപേരൂർ സുന്നഹദോസ് ബഹിഷ്കരിച്ച കേരളത്തിലെ രണ്ട് പള്ളികളിൽ ഒന്ന് ഈ ദേവാലയമാണ്.
മലങ്കരയിലെ കക്ഷി വഴക്കിൽ ഈ ദേവാലയവും ഉൾപ്പെട്ടിരുന്നു .വ്യവഹാരങ്ങളുടെ ആരംഭ കാലത്തു എല്ലാ പള്ളികളിലെയും പോലെ പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്.പിന്നീട് ഒന്നായ മലങ്കരയിലെ പല പിതാക്കന്മാരും ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ട്.
കത്തീഡ്രലിലെ അഞ്ച് ത്രോണോസുകൾ സെ. മേരി, സെ. തോമസ്, സെ.ജോർജ്, കോതമംഗലം സെ. ബസേലിയോസ് യെൽദോ, പരുമലയിലെ സെ. ഗ്രിഗോറിയോസ് എന്നിവർക്കായി സമർപ്പിച്ചിരിക്കുന്നു.
പള്ളിക്കര പള്ളിയിൽ നിന്ന് വേർപിരിഞ്ഞ പള്ളികൾ പവെങ്ങോല സെന്റ് മേരീസ് പള്ളി; സെന്റ് മേരീസ് പള്ളി താമരച്ചാൽ; സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ചർച്ച്, കിഴക്കമ്പലം; വടവുകോട് സെന്റ് തോമസ് ചർച്ച്; സെന്റ് മേരീസ് പള്ളി ,പഴത്തോട്ടം; സെന്റ് ജോർജ്ജ് പള്ളി, കുട്ട ; സെന്റ് ജോർജ് പള്ളി, ചെറുതോട്ടുകുന്നേൽ; തെങ്ങോട് സെന്റ് മേരീസ് ചർച്ച്; കാക്കനാട് സെന്റ് തോമസ് പള്ളി എന്നിവ മുമ്പ് പള്ളിക്കര പള്ളിയിലെ അംഗങ്ങളായിരുന്നു.
മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന യൂയാക്കീം മോർ കൂറിലോസ് മെത്രാപ്പോലീത്തയും, മാത്യൂസ് മാർ അത്താനാസിയോസും ഈ ദേവാലയത്തിൽ വളരെക്കാലം താമസിച്ചിരുന്നു. കാലാകാലങ്ങളിൽ മലങ്കര സന്ദർശിച്ച എല്ലാ പാത്രിയർക്കീസുമാരും ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ട്.

ജൂത ദേവാലയങ്ങളിൽ കണ്ടിരുന്നതുപോലെയുള്ള ഉയർന്ന പ്രസംഗപീഠം ഇന്നും ചരിത്ര പ്രാധന്യത്തോടെ ഈ പള്ളിയിൽ സംരെക്ഷിച്ചുവരുന്നു. ഗോഥിക് രീതിയിൽ നിർമിച്ചിരിക്കുന്ന പ്രസംഗപീഠം കാണുവാനും വളരെ ഭംഗിയാണ്.

പരിശുദ്ധ എൽദോ ബാവായുടേയും , മഞ്ഞനിക്കര ബാവായുടേയും തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
2007 നവംബർ1ന് ഈ ദേവാലയത്തെ പരി.ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ കൽപ്പന പ്രകാരം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കത്തീഡ്രലായി പ്രഖ്യാപിച്ചു.
🌻പ്രധാന പെരുന്നാൾ

പ. യൽദോ മോർ ബസേലിയോസ് ബാവായുടെ
ഓർമ്മപ്പെരുന്നാൾ തുലാം 20
വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ
ഓഗസ്റ്റ് 1 മുതൽ 15 വരെ
പരിശുദ്ധന്മാരുടെ ഓർമ്മപെരുന്നാൾ ഫെബ്രുവരി
11,12,13
ചരിത്ര പ്രസിദ്ധമായ പള്ളിക്കര പള്ളി സന്ദർശിക്കാനും അനുഗ്രഹം പ്രാപിക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.



