ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും മുല്ലപ്പൂവിന്റെ മണം വന്നപ്പോൾ പ്രിയ ചൂട് കോഫിയുമായി അവിടേക്ക് പോയി. വൈകുന്നേരങ്ങളിൽ അവളുടെ പ്രിയപ്പെട്ട ഇടം അവിടെയാണ്. അവളുടേത് മാത്രമായ ഇടം. അവിടെ അവൾ ചെറിയൊരു പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. മണ്ണ് കിട്ടാത്തത് കാരണം ചട്ടികളിൽ ചകിരിച്ചോറും മറ്റും നിറച്ചു ചെടികൾ നട്ടിട്ടുണ്ട്. തുളസി, മുല്ല, പിച്ചി, റോസ് അങ്ങനെ നാട്ടിൽ പോയി വരുമ്പോൾ ചെടികളുടെ കമ്പ് കൊണ്ടുവന്ന് നട്ടു പിടിപ്പിച്ചതാണ് എല്ലാം. ഫ്ലാറ്റിൽ അവളുടെ ബാൽക്കണി മാത്രമാണ് പച്ചപ്പിന്റെ കുളിർമ്മയും സുഗന്ധവും ഉള്ളയിടം. അവിടെയാണ് അവളുടെ സ്വപ്നങ്ങളും ഓർമ്മകളും ചിറകു വിരിക്കുന്നത്. ചെടികളെയും പൂക്കളെയും തഴുകി തലോടി പ്രിയ അവരോട് സംസാരിക്കും. താഴെ കുട്ടികൾ കളിക്കുന്നതിന്റെ ബഹളം കേൾക്കാം. അവളെ ബാൽക്കണിയിൽ കണ്ട് സെക്യൂരിറ്റി പവൻ കൈ വീശി കാണിച്ചു. മോന്റെ പ്രായമേ കാണു അവനും. നല്ല പയ്യനാണ്. ഈയിടെ നാട്ടിൽ പോയി വിവാഹിതനായി. ആ കുട്ടിയും കൂടെ ഉണ്ട്. 18 വയസ് കാണും. സ്കൂൾ കുട്ടിയുടെ അത്രേ ഉള്ളു.പല്ലവി മിടുക്കിയാണ്. മോൻ ഓഫീസിൽ പോയി കഴിയുമ്പോൾ ചിലപ്പോൾ സഹായിക്കാൻ വരും. റൂം ക്ലീൻ ചെയ്യാനും മറ്റും. മുല്ലയും പിച്ചിയും പൂക്കുമ്പോൾ മാല കെട്ടി പ്രിയ അവൾക്ക് കൊടുക്കും. അവളുടെ മുഖത്തെ സന്തോഷം കാണണം. തുള്ളിച്ചാടും. പിന്നെ അതും കൊണ്ട് ഒരോട്ടമാണ് പവന്റെ അരികിലേക്ക്. അതും മുടിയിൽ ചൂടി അവൾ ഒരു പൂമ്പാറ്റയെ പോലെ ഓടിച്ചാടി നടക്കും. ആ ഫ്ലാറ്റിൽ പല്ലവിക്ക് പ്രിയയോടാണ് ഏറ്റവും അടുപ്പം. മറ്റുള്ളവർ പ്രിയയെ വഴക്ക് പറയും അവരെ അടുപ്പിക്കരുത്. വിശ്വസിക്കാൻ കൊള്ളില്ല. എന്നൊക്കെ. എന്നാലും പ്രിയയ്ക്ക് പല്ലവിയെ ഇഷ്ടമാണ്.. തിരിച്ചും അതുപോലെ തന്നെ.
പ്രിയയുടെ കൈയിൽ മഞ്ഞയും വെള്ളയും കളറുള്ള പൂമ്പാറ്റകൾ വന്നിരുന്നപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്. പട്ടണത്തിൽ വന്നതിൽ പിന്നെ ആദ്യമായാണ് പൂമ്പാറ്റകളെ കാണുന്നത്. പ്രിയയ്ക്ക് ഒരുപാട് സന്തോഷമായി. ഓണപക്കി എന്ന് നാട്ടിൽ പറയുമായിരുന്നു. ഓണം അടുക്കുമ്പോഴാണ് അവ വരുന്നത്. ഇപ്രാവശ്യം ഓണത്തിന് നാട്ടിൽ പോകണം.
ഓണമായാലും ഉത്സവമായാലും പ്രിയയ്ക്ക് മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു കുട്ടിക്കാലം ഉണ്ട്. അവിടെ അവളുടെ ഏറ്റവും ഇഷ്ടമുള്ള വീടും തൊടിയും. ഈ പ്രായത്തിനിടയ്ക്ക് ഒരുപാട് വീടുകൾ മാറി താമസിച്ചെങ്കിലും സ്വന്തമായി വീട് ആയെങ്കിലും ഏറ്റവും ഇഷ്ടം ഏതു വീട് എന്ന് ചോദിച്ചാൽ പ്രിയയ്ക്ക് കുട്ടിക്കാലത്തെ വീട് എന്നാണ് ഉത്തരം.
ആരോടെങ്കിലും സംസാരിച്ചാൽ അതിൽ കൂടുതൽ സമയവും കുട്ടിക്കാലത്തെ വീടിനെ കുറിച്ചാവും അവൾ പറയുക. എന്തിനെക്കുറിച്ച് സംസാരിക്കാൻ ആരംഭിച്ചാലും അവസാനം ചെന്നെത്തുക ആ വീടിന്റെ ഓർമ്മയിലാവും. മറക്കാൻ ശ്രമിക്കുന്തോറും ഒരു വിങ്ങൽ ആണ്. എന്തെന്നാൽ ഇപ്പോൾ ആ വീട് പ്രിയയുടെ ഓർമ്മയിൽ മാത്രമേ ഉള്ളു.
മറന്നുവച്ച വീട് എന്ന് പറയാൻ പറ്റില്ല. നഷ്ടമാകും വരെയും ആ വീട് അത്രയും സന്തോഷം നിറഞ്ഞതാണെന്നു കരുതിയില്ല. ഓരോ മൺതരിയും അവൾക്ക് അത്രയും പ്രിയപ്പെട്ടതാണ്. പ്രിയയ്ക്ക് ഒരു വയസായപ്പോൾ ആണ് കുടുംബ വീട്ടിൽ നിന്നും ഈ പുതിയ വീട്ടിലേക്ക് മാറി താമസിച്ചത്.
എന്തെല്ലാം ഓർമ്മകൾ.. ഈ ജന്മത്തിൽ പറഞ്ഞാൽ തീരില്ല. റോഡിൽ നിന്നും ഇരുവശവും പുളിയില ചെടി ഒരു പോലെ വെട്ടി നിർത്തിയ വഴി. മുറ്റം നിറയെ ചെടികൾ. പല തരത്തിലുള്ള ചെമ്പരത്തികൾ, തെറ്റികൾ, മുല്ലകൾ, ബന്ദി, ജമന്തി, കനകാംബരം, അശോകം, റോസകൾ അങ്ങനെ മുറ്റം നിറയെ പൂക്കൾ ആയിരുന്നു. കാപ്പി പൂക്കുമ്പോൾ എന്തൊരു മണമാണെന്നോ. ഇരുട്ടത്ത് യക്ഷികൾ പല്ല് കാണിച്ചു ചിരിക്കും പോലെ. കാപ്പിക്കുരു വിളയുമ്പോൾ പറിച്ചെടുക്കാൻ മടിയായിരുന്നു. എന്നാലും അച്ഛന്റെ വഴക്ക് പേടിച്ചു ഞങ്ങൾ അത് പറിച്ചു വട്ടിയിലാക്കാനും ഉണക്കാനും സഹായിക്കും.
റബ്ബർ, കശുമാവ്, മാവ്, ജാതി, തെങ്ങ്, പ്ലാവ്, പേര, ചാമ്പ വിവിധങ്ങളായ വൃക്ഷങ്ങൾ നിറഞ്ഞ ഒരിടം.
ഓണത്തിന് നാട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോഴേ പല്ലവിയുടെ മുഖം വാടി. വീടിനെ കുറിച്ചും ഓണത്തെ കുറിച്ചും പല്ലവിയോട് പറഞ്ഞപ്പോൾ അവൾക്കും കൂടെ വരണമെന്നായി. പവനോട് വഴക്കിട്ട് അവൾ അവനെക്കൊണ്ടും അവധി എടുപ്പിച്ചു. നാട്ടിൽ ഞങ്ങൾ ഒരുമിച്ചാണ് പോയത്. പല്ലവി ഉള്ളതുകൊണ്ട് യാത്ര വിരസ്സമായില്ല. അവൾക്ക് എല്ലാം കൗതുകം ആയിരുന്നു. കേരളം അവൾ ആദ്യമായാണ് കാണുന്നത്. നാട്ടിൽ എത്തിയപ്പോൾ കടയിൽ നിന്നും പൂക്കൾ വാങ്ങിയാണ് അത്തപ്പൂക്കളം ഇട്ടത്. പല്ലവിയെ ഒന്നിനും മാറ്റി നിർത്തേണ്ട. ഒന്ന് കാണിച്ചു കൊടുത്താൽ പിന്നെ എല്ലാം തനിയെ ചെയ്തു കൊള്ളും. നല്ല ഭംഗിയായി അത്തപ്പൂക്കളം ഇട്ടു. സെറ്റും മുണ്ടും ഉടുത്ത് മുല്ലപ്പൂവ് ചൂടി വന്നപ്പോൾ അവളൊരു മലയാളി കുട്ടിയെപ്പോലെ തോന്നിച്ചു. സദ്യ ഒരുക്കി. മാവേലിയുടെ വരവ് കണ്ട് അവൾ രാജാവ് വരുന്നെന്നു പറഞ്ഞു അകത്തേക്ക് ഓടി. അടുത്തുള്ള ക്ലബിലെ പിരിവ് ആണെന്ന് പറഞ്ഞു മനസ്സിലാക്കാൻ പ്രിയ നന്നേ പാട് പെട്ടു.. വാഴയിലയിൽ സദ്യ കഴിക്കുന്നതും അവൾ ആദ്യമായി കാണുകയും അനുഭവിക്കുകയുമായിരുന്നു. സദ്യ കഴിക്കേണ്ട രീതിയൊക്കെ പല്ലവിക്ക് അത്ഭുതം തന്നെയായിരുന്നു. ചിലപ്പോൾ വടി എടുക്കേണ്ടി വരും അവളെ ഊഞ്ഞാലിൽ നിന്നും ഇറക്കാൻ. ക്ലബ് കാരുടെ പരിപാടി യിൽ പല്ലവി ആയിരുന്നു മുൻപന്തിയിൽ. മിഠായിപെറുക്കൽ, സ്പൂണിൽ നാരങ്ങാ വെച്ച് ഓട്ടം, ചാക്കിൽ കയറി ഓട്ടം, സുന്ദരിക്ക് പൊട്ട് തൊടീൽ, വടംവലി എന്നുവേണ്ട രസകരമായിരുന്നു കുറച്ചു ദിവസം. മോനും നവീനും അവധി ഇല്ലാത്തതിനാൽ അവർ ഓണം കഴിഞ്ഞു ഉടനെ പോയി. കുറച്ചു ദിവസം കഴിഞ്ഞ് ഞാനും പല്ലവിയും എത്തിക്കോളാം എന്ന് പറഞ്ഞു. പല്ലവി ഉള്ളതുകൊണ്ടാണ് അവൻ എന്നെ നാട്ടിൽ നിർത്തി പോയത്.
പനിയായി കിടപ്പിലായപ്പോഴും പല്ലവിയാണ് ഒരു മകളെപ്പോലെ എന്നെ പരിചരിച്ചത്. മകളെപ്പോലെ എന്നല്ല അവൾ എനിക്ക് മകൾ തന്നെയാവുകയായിരുന്നു ഓരോ നിമിഷവും.
തിരിച്ചു പോകേണ്ട ദിവസം ആയപ്പോൾ പല്ലവിക്കായിരുന്നു സങ്കടം. അവൾക്ക് ഫ്ലാറ്റ് ജീവിതത്തേക്കാളും ഇവിടെയാണ് ഇഷ്ടം ആയത്. ഇവിടെ ജീവിച്ചിട്ട് എങ്ങനെയാണ് ആ ഫ്ലാറ്റിൽ ജീവിക്കുന്നത് അവളുടെ ചോദ്യം. പ്രിയാമ്മ ഇവിടെ താമസിക്കാം. നമുക്ക് പട്ടണത്തിൽ പോകേണ്ട. പോയല്ലേ പറ്റു.. പക്ഷെ യാത്രയിലും അവൾ മൗനം ആയിരുന്നു.. അവൾക്ക് നാട്ടിൽ ആവുമ്പോൾ കളിച്ചു നടക്കാം. പട്ടണത്തിലെ തിക്കിലും തിരക്കിലും അടച്ചിട്ട ഫ്ലാറ്റ് ജീവിതവും അവളിലെ കുട്ടിത്തത്തെ നശിപ്പിക്കുന്നു. ജീവിതത്തിന്റെ തിരക്കിലേക്ക് അങ്ങനെ ഞങ്ങൾ വീണ്ടും എത്തിച്ചേർന്നു. അടുത്ത ഓണത്തിന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ട് ദിനങ്ങൾ ഓടി മറയുന്നു.




നല്ല കഥ
നന്നായി എഴുതി