വിജയശ്രീലാളിതനായ രാജാവ് അശ്വാരൂഢനായാണ് തന്റെ ജൈത്രയാത്ര നടത്തുന്നത്.
എന്നാൽ സകലത്തിനും അധിപനയായ ദൈവപുത്രൻ എളിമയോടെ കഴുതപ്പുറത്തേറി ഒലിവിലകളാൽ വെഞ്ചാമരം വീശുന്ന ജനങ്ങൾക്കിടയിലൂടെ കടന്നുവരുന്നു.
പഴയ നിയമത്തിൽ പ്രവാചകൻ പറഞ്ഞ വചന പൂർത്തീകരണം.
“ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു.”
ഇന്ന് ഹോസാന ഞായർ.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഓശാന ഞായർ (palm Sunday) ആഘോഷിക്കുന്ന ദിനം.
പീഡാസഹന വാരത്തിന്റെ തുടക്കം.
പെസഹയും ദു:ഖവെള്ളിയും പിന്നെ ഉയിർപ്പു ഞായറിന്റെയും വരവിനായി കാത്തിരിപ്പ്.
കുട്ടികളായിരുന്നപ്പോൾ ഓശാന ഞായറിന്റെ തലേന്ന് വലിയ സന്തോഷമാണ്.
അന്നാണ് കൊഴുക്കട്ട ശനി . ശർക്കരനീരിൽ വിളയിച്ചതേങ്ങ നിറച്ച അരിപ്പൊടി ഉണ്ടകൾ വേകുന്നത് വേറിട്ട ഗന്ധം പടർത്തിയാണ്.
പാവന പരിമളം വരുത്താനാണോയെന്നറിയില്ല വീട്ടിലെ കറുവപ്പട്ട മരത്തിലെ ഇലകളും കൊഴുക്കട്ടകളുടെ ഒപ്പം വെച്ചതു കൊണ്ട് വെന്തു വരുമ്പോൾ കറുവ ഇലകൾ പൊഴിക്കുന്ന ഔഷധസുഗന്ധ
തരംഗങ്ങൾ പരിസരമാകെ പടരും.
മലയാളി ക്രൈസ്തവർ മാത്രമാണോ കൊഴുക്കട്ട പെരുന്നാൾ ആഘോഷിക്കുന്നതെന്നറിയില്ല.
ഈ പലഹാരം ഉണ്ടാക്കുന്നതിനെക്കുറിച്ച് പല കഥകൾ പ്രചരിക്കുന്നുണ്ട്. എല്ലാം വിവരിക്കാൻ സ്ഥല പരിമിതിയുണ്ട്.
ലാസറിന്റെ സഹോദരിമാരായ മാർത്തായും മറിയവും തങ്ങളുടെ വീട്ടിലെത്തിയ യേശുവിന് പെട്ടെന്നു തയ്യാറാക്കിക്കൊടുത്ത വിഭവമെന്നു ചിലർ. അതല്ല മരിച്ച ലാസറിനെ ഉയർപ്പിച്ച സംഭവവുമായി ബന്ധമുണ്ടെന്നു മറ്റുചിലർ.
എന്തായാലും “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്നു പറഞ്ഞതുപോലെ കഥയൊന്നുമറിയേണ്ട ശർക്കര വിളയിച്ചുണ്ടാക്കിയ മധുരപലഹാരം എന്നും ഉണ്ടാക്കികിട്ടുന്നതല്ല.
പക്ഷേ ഓശാനത്തലേന്ന് അത് സുലഭമായി കഴിക്കാം. അതിൽ മാത്രമാണന്നത്തെ ശ്രദ്ധ.
വി. ബൈബിളിലെ പുതിയ നിയമത്തിലെ നാലു സുവിശേഷ കാരന്മാരും ഒരുപോലെ പ്രഘോഷിക്കുന്ന സംഭവമാണ് യേശുവിന്റെ ജെറുസലമിലേയ്ക്കുള്ള രാജകീയ പ്രവേശം.
വിവിധ സ്ഥലങ്ങളിലിരുന്ന് ശ്ലീഹന്മാർ എഴുതിയ വർണ്ണനകൾക്ക് വളരെയധികം സമാനതകളുണ്ട് . അവർ സംഭവസാക്ഷികളാണ്.
“യേശു തന്റെ രണ്ടു ശിഷ്യന്മാരെ ഇപ്രകാരം നിർദേശിച്ചയച്ചു.
എതിരേ കാണുന്ന ഗ്രാമത്തിലേയ്ക്കു പോകുവിൻ. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക”
കഴുതയും കഴുതക്കുട്ടിയെയും കൊണ്ടുവന്ന് വസ്ത്രങ്ങൾ വിരിച്ചും വൃക്ഷച്ചില്ലകൾ മുറിച്ചു നിരത്തിയും യേശുവിന്റെ മുമ്പിലും പിമ്പിലും ഹോസാന എന്ന് ആർത്തുവിളിച്ച് നഗരം മുഴുവൻ ഇളകിവശായി എന്നു എഴുതപ്പെട്ടിട്ടുണ്ട്.
ഭാരം ചുമക്കാൻ വിധിക്കപ്പെട്ട് പരിശീലിപ്പിക്കപ്പെട്ട കഴുതകളിൽ തള്ളക്കഴുതയോടൊപ്പം കുട്ടിയെയും അഴിച്ചു കൊണ്ടുവരാൻ പറയുന്നതെന്തുകൊണ്ട്?
നിയമങ്ങളുടെ നുകങ്ങൾ പേറിയ യഹൂദജനത്തിന്റെ പ്രതീകമാണ് ഭാരം വഹിക്കാൻ പരിശീലിക്കപ്പെട്ട അമ്മക്കഴുത.
വിജാതീയരായി മാറ്റി നിർത്തപ്പെട്ട , അജ്ഞതയുള്ള മറ്റു ജനവിഭാഗങ്ങളെയും യേശു വിളിച്ചതിന്റെ സൂചനയാണ് പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്തതും ആൾക്കൂട്ടത്തിൽ അപരിചിതത്വതിന്റെ അസ്വസ്ഥത കാണിക്കുന്നതുമായ കുഞ്ഞുകഴുത.
മിശിഹായുടെ രാജകീയ യാത്രയിൽ ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ അസഹിഷ്ണുതയോടെ ദൈവസ്തുതി നിർത്താൻ ആവശ്യപ്പെടുന്നുണ്ട്.
യുദ്ധം ചെയ്ത് ലോകം പിടിച്ചെടുക്കുന്നവനും തങ്ങളുടെ നികുതിയുടെ ഇരട്ടഭാരം കുറച്ച് ഇഹലോക സുഖങ്ങൾ നേടിത്തരാൻ മാത്രം വന്നവനുമായ ഒരു രാജാവിനെയാണ് മിശിഹായിലവർ ദർശിച്ചതും
പ്രതീക്ഷിച്ചതും.
മനുഷ്യഹൃദയത്തിൽ വസിക്കാനും ദൈവജ്ഞാനത്തി
ലേയ്ക്ക് സ്നേഹം പകർന്ന് അടുപ്പിക്കാനും നല്ല വാർത്തയുമായി വന്ന സമാധാന രാജനായി മിശിഹായെ സ്വീകരിക്കാനവർ മടിച്ചു.
പട്ടണം കണ്ടപ്പോൾ യേശു വിലപിച്ചു എന്നു അടുത്ത വരിയിൽ എഴുതിയിട്ടുണ്ട്.
വരാനിരിക്കുന്ന ഞെരുക്കത്തിന്റെ കാലം മുൻകൂട്ടി കണ്ടുള്ള വിലാപം. കല്ലിന്മേൽ കല്ലു ശേഷിക്കാതെ ഭാവിയിൽ നശിപ്പിക്കപ്പെടാൻ പോകുന്ന നഗരത്തെക്കുറിച്ച് യേശുവിന്റെ പ്രവചനം.
ലോകത്തെ സ്നേഹത്താൽ കീഴടക്കാൻ വന്ന യേശുവിനെ മനസിലാക്കാൻ അവർക്കു കഴിഞ്ഞില്ല.
ഇന്ന് വാഴ്ത്തിപ്പാടുന്നവർ നാളെ മരണത്തിനു വിധിച്ചേക്കാം .എന്നാലും സത്യത്തിന് ഉയർത്തെഴുന്നേൽപ്പുണ്ടെന്നറിയുന്ന ദൈവപുത്രൻ ഹോസാനയുടെ ആരവത്തെയും ക്രൂശിക്കാൻ വിളിച്ചു പറയുന്ന അലർച്ചയെയും ഒരേ മനമോടെ നിശബ്ദമായി സ്വീകരിക്കുന്നു.
ഒലിവിലകളേന്തിയ ഓശാന ഞായറാഘോഷം ഞങ്ങൾ ഗൾഫിലെ പള്ളിയിൽ വെച്ച് കൂടിയിട്ടുണ്ട്.
നാട്ടിൽ തെങ്ങിലെ കുരുത്തോലകളാണ് ഉപയോഗിക്കുന്നത്.
വെഞ്ചരിച്ച ഓലകൾ കൈയ്യിലേന്തി പ്രദക്ഷിണമായി പള്ളിയിലേയ്ക്ക് പ്രവേശിക്കും.
ദിവ്യബലിയിൽ ഈശന് ഹോസാന പാടുമ്പോൾ ഇളം പച്ചയും മഞ്ഞയും കലർന്ന ഓലകൾ കൈയ്യിൽ ഉയർത്തിപ്പിടിക്കും.
കുരുത്തോലകൾ ഒരുവർഷം വീട്ടിൽ സൂക്ഷിക്കും. അതൊരു സംരക്ഷണത്തിന്റെ അടയാളമായി കരുതുന്നു.
അടുത്ത വർഷം ക്ഷാരബുധൻ (Ash Wednesday) വരുന്നതിനു രണ്ടുമൂന്നുദിനം മുമ്പേ ഉണങ്ങിയ കുരുത്തോലകൾ എല്ലാവരും പള്ളിയിൽ ഏൽപ്പിക്കും.
ഇതു കരിച്ചു കിട്ടുന്ന ഭസ്മമാണ് വിഭൂതി തിരുനാളിന് പുരോഹിതൻ ഭക്തജനത്തിന് നെറ്റിയിൽ
“മനുഷ്യാ നീമണ്ണാകുന്നു. മണ്ണിലേയ്ക്കു തന്നെ മടങ്ങും ”
എന്നു പറഞ്ഞ് ചാർത്തുന്നത്.
പെസഹാ അപ്പം ഉണ്ടാക്കുമ്പോൾ ഒരു അപ്പത്തിൽ മാത്രം കുരിശിന്റെആകൃതിയിൽ ഓശനയുടെ അന്ന് വെഞ്ചരിച്ച് കിട്ടിയ കുരുത്തോല വെട്ടിയെടുത്ത് നടുവിൽ വെയ്ക്കും.
ഹോസാന ഞായറാഴ്ചയോടെ പെസഹാവാരത്തിന്റെയും
(Holy Week) ഈസ്റ്റർ ആഘോഷത്തിന്റെയും തിരക്കുകൾ തുടങ്ങും.
പരിസരം വൃത്തിയാക്കൽ മാത്രമല്ല പ്രാർത്ഥന ചൈതന്യത്തോടെ ബൈബിൾ പാരായണവും കുരിശിന്റെവഴി ചൊല്ലലും ഉപവാസവും നോമ്പും കുമ്പസാരവുമൊക്കെ തീക്ഷണതയോടെ നടത്തി മനസിനെ ശുദ്ധീകരിക്കുന്ന അൻപതു നോമ്പിന്റെ അവസാനത്തെ ആഴ്ചയാണ് കടന്നു വന്നിരിക്കുന്നത്.
ആത്മാവിനെ ദൈവത്തിലേയ്ക്കു അടുപ്പിക്കുന്ന കണ്ണടക്കത്തിന്റെയും ആശയടക്കത്തിന്റെയും പ്രാർത്ഥനയുടെയും ഉപവിയുടെയും ദിവസങ്ങൾ .
നിർബന്ധപൂർവമാരുമത്ചെയ്യാൻ സഭ നിഷ്ക്കർഷിക്കുന്നില്ല. ശാരീരിക മാനസിക ആത്മീയ വിശുദ്ധിക്കായി നമ്മെത്തന്നെ നമ്മൾ കഴുകി വെടിപ്പാക്കുന്ന നൊയമ്പിന്റെ അന്ത്യഘട്ടം.
ലോകസുഖങ്ങളെല്ലാം കടന്നുപോകുമെന്നും വാഴ്ത്തിപ്പാടലു
കൾക്കപ്പുറം പെസഹ കുഞ്ഞാടായിത്തീരേണ്ടിവരുമെന്നും ദു:ഖവെളളിക്കുശേഷം ദൈവാശ്രയമുള്ളവന് മഹിമയോടെ ഉയർത്തെഴുന്നേൽപ്പുണ്ടെന്നുമുള്ള പ്രത്യാശയുടെ കാത്തിരിപ്പ്.
” ദാവീദിന്റെ പുത്രന് ഹോസാന!
കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ അത്യുന്നതങ്ങളിൽ ഹോസാന ”
എന്നു പാടുമ്പോൾ രക്ഷിച്ച ദൈവത്തിനു നന്ദിയും സ്തുതിയുമേകലാണ് നടക്കുന്നത്.
നോമ്പിന്റെ നാൽപ്പതിലധികം ദിനങ്ങൾ കാത്തിരുന്ന് ഒടുവിലിതാ
വയലാർ എഴുതി സുശീലാമ്മ പാടിയതു പോലെ
“ഓമനക്കൈയ്യിലൊലീവിലക്കൊമ്പുമായി ഓശനപ്പെരുന്നാളു വന്നു…. ഓശാനപ്പെരുന്നാളു വന്നു.”




🙏
.🙏🙏
കനിവും, ദയയും,സ്നേഹവും,എളിമയും മഹത്വത്തിന്റെ വഴികളെന്ന് പഠിപ്പിച്ച ലോകനാഥന്റെ നാമം വാഴ്ത്തപ്പെടട്ടെ…🙏
ഹോസാന ആശംസകൾ.
Thank you God bless you
🙏🙏🙏🙏
🙏🙏🙏
Excellent read 💯
ഹോസാന എന്ന പദം : ദൈവമേ രക്ഷിക്കണേ എന്നഅർത്ഥത്തിൽ നിന്നു ദൈവത്തിനുമഹത്വവും സ്തുതിയും എന്ന അർത്ഥത്തിലേയ്ക്കു മാറിയ ദിനമായ ഹോസാനത്തിരുന്നാളിന്റെ ആശംസകൾ. God bless you
Thank you God bless you
ഓശാനയെ കുറിച്ചുള്ള അതിമനോഹരമായ വർണ്ണന വായിച്ചപ്പോൾ ഇവിടുത്തെ കുരുത്തോലകൾക്കു പകരം ഈന്തപ്പന ഓലകൾ ഉപയോഗിച്ചുകൊണ്ടുള്ള ഗൾഫിലെ ആഘോഷങ്ങളും കുറച്ചുകൂടി വിവരിക്കാമായിരുന്നു എന്നു തോന്നി . ഇല്ലെങ്കിലും ഓശാനയുടെയും പെസഹാ ആചരണത്തിന്റെയും ഈസ്റ്ററിന്റെയും എല്ലാ ഓർമ്മകളും മനസ്സിലേക്ക് ഒരു വട്ടം കൂടി ഓർമ്മപ്പെടുത്തി തന്നതിന് വളരെ നന്ദി. റോമിക്കും കുടുംബത്തിനുംഈസ്റ്റർ ആശംസകൾ🙏
അതെ . ഗൾഫിൽ ചില വർഷങ്ങളിൽ ഒലിവിലയും ചിലപ്പോൾ ഈന്തപ്പനയോലയും ഉപയോഗിക്കാറുണ്ട്. ഗൾഫിലെ ആഘോഷം ഓർമയിലുണ്ട്. വായനയ്ക്കും കമന്റിനും നന്ദി. ഓശാനത്തിരുനാൾ ആശംസകൾ
സകലത്തിന്റെയും അധിപനായ ദൈവപുത്രൻ എളിമയോടെ കഴുതപുറത്തേറി ജനങ്ങൾക്കിടയിലൂടെ വരുന്ന,പീഡാസഹന വാരത്തിന്റെ തുടക്കം കുറിക്കുന്ന ഈ ദിനത്തിൽ , യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ചു യേശുവിനെ അനുഗമിക്കുവാൻ തയാറാകാനുള്ള ഒരു ഓർമ്മ പെടുത്തലാണ് ഓശന ഞായർ….. കഴുതയും കഴുതകുട്ടിയുടെയും വിവരണം നന്നായി അവതരിപ്പിച്ചു…. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്….ഹോസന ഞായറിന്റെ ഈ ഓർമ്മപെടുത്തൽ മനോഹരമായി എഴുതി… ❤️❤️❤️
കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ടുവന്നതിന്റെ വിശകലനം ശ്രദ്ധിച്ചതിനു നന്ദി. വിശുദ്ധ വാരത്തിന്റെ പ്രാർത്ഥനാശംസകൾ
ഹോസാന എന്നാൽ കർത്താവേ ഞങ്ങളെ രക്ഷിക്കേണമേ എന്നാണ് അർത്ഥം. പഴയ നിയമത്തിലും സങ്കീർത്തനത്തിലും കർത്താവേ ഞങ്ങളെ രക്ഷിക്കേണമേ എന്ന് വിളിച്ചപേക്ഷിച്ചത് ആരോടാണ് ആ കർത്താവാണ് കഴുതപ്പുറത്ത് വിനയാന്വിതനായി വരുന്നത് എന്ന് തിരിച്ചറിഞ്ഞ ജനത്തിന്റെ പ്രാർത്ഥനയും സ്തുതിപ്പുമാണ് ഓശാന. 🙏നല്ല വിവരണം ❤️
അതെ . ഹോസാന എന്നത്പഴയ നിയമത്തിൽ കർത്താവേ രക്ഷിക്കണേ എന്ന പദാർത്ഥം വന്നിരുന്നത് ദൈവത്തിനു സ്തുതിയും മഹത്വവും പ്രഖ്യാപിക്കുന്ന പദമായിഇന്ന് മാറി. ലേഖനത്തിന്റെ അവസാനഭാഗത്ത് സൂചിപ്പിച്ചിരുന്നു.
വായനയ്ക്കും കമന്റിനും നന്ദി.
വിനയാന്വിതനായി കഴുതപ്പുറത്ത് ആഗതനായ ക്രിസ്തുനാഥനെ ജനക്കൂട്ടം ഹോസാന പാടി ആനയിച്ചതിൻ്റെ ഓർമ്മ പുതുക്കുന്ന ഇന്നേ ദിവസം റോമി ടീച്ചറിൻ്റെ രചനയുടെ വായന അനവദ്യമായ ആനന്ദം പകരുന്നതായിരുന്നു. കൊഴുക്കൊട്ട ശനി, വിശുദ്ധ വാരാഘോഷങ്ങൾ ഇവയെല്ലാം ഗൃഹാതുരത്വമുണർത്തുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ. വിശുദ്ധ നാട് തീർത്ഥാടന വേളയിൽ ഒലിവുമലയിലെ ദേവാലയത്തിൽ നിന്നും മുൻവശത്തെ ടാർ റോഡിൽക്കൂടി ഓശാന പാടി ഇടത്തേക്ക് നടന്ന് ഒലിവുമലയിറങ്ങി വലതു വശത്തുകാണുന്ന കണ്ണുനീർത്തുള്ളി ദേവാലയത്തിലെത്തിയ ഓർമ്മകളിൽ അല്പമൊന്നു മുഴുകി.
മിശിഹാ നടന്ന ഇടങ്ങൾ ഞങ്ങളെയും കാണിച്ചു തന്നതിനു നന്ദി. ഹോസാന തിരുനാൾ ആശംസകൾ
ദൈവത്തിനു സ്തുതി🙏 ഓശാനയെക്കുറിച്ചുള്ള വളരെ നല്ല വിവരണം ചേച്ചിക്കും കുടുംബത്തിനും ദൈവം ധാരാളമായി അനുഗ്രഹങ്ങൾ നൽകട്ടെ ❣
ഹോസാന, ദൈവത്തിനു മഹത്വം.
നന്ദിയും പ്രാർത്ഥനയും
ഓശാനപ്പെരുന്നാളിന്റെ ഒളിമങ്ങാത്ത ഓർമ്മകൾ, കുട്ടിക്കാലത്ത് കുരുത്തോലപ്പെരുന്നാളു കൂടി പള്ളിയിൽ നിന്നു മടങ്ങുന്ന ക്രൈസ്തവ സഹോദരങ്ങളുടെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു റോമിയുടെ ഓശാന ഓർമ്മകൾ വായിപ്പോൾ.
ഇന്നും മുടങ്ങാതെ അയൽപക്കത്തെ അമ്മച്ചിയിൽ നിന്നും കിട്ടുന്ന ഉഴുന്ന പ്പത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. കാലമെത്ര മുന്നേറിയാലും ഇത്തരം ഓർമ്മകൾ വല്ലാത്ത അനുഭൂതിയാണ്.❤️❤️
ഓശാനപ്പെരുന്നാളിന്റെ ഓർമ്മകൾ പങ്കിട്ടതിനും പെസഹാത്തിരുന്നാളിലെ അപ്പത്തെ സ്മരിച്ചതിനു നന്ദി.
വായനയ്ക്കും കമന്റിനും സാഹോദര്യത്തിനും ഒത്തിരി നന്ദി സ്നേഹം.
ഓശാനയും ഈസ്റ്റര്‍ നെയും കുറിച്ച് ഇത്ര വിശദമായി പറഞ്ഞുതന്നതിന് നന്ദിയും സ്നേഹവും അറിയിക്കുന്നു Happy Ester 😊😍
ദൈവം അനുഗ്രഹിക്കട്ടെ.
thank you
Congratulations Wishing you even more success in the future.
Congratulations Wishing you even more success in the future.Humble entry in to Jerusalem on a donkey.Super story