വഴിയോരങ്ങളിൽ പടർന്നു പന്തലിച്ച
ഗാഫ് മരങ്ങൾക്കും
ഇളംമഞ്ഞ
പൂക്കൾനിറഞ്ഞ ഈന്തപ്പനകൾക്കുമൊരു ചാരുതയുണ്ട്.
കണ്ണെത്തുംദൂരെ മഞ്ഞവെയിലിൽ കുളിച്ചു കിടക്കുന്ന ചെറിയ
മണൽക്കൂനകൾക്ക് കനകവർണ്ണം.
ഓരോതരി മണ്ണും വെയിലേറ്റു തിളങ്ങുമ്പോൾ സ്വർണ്ണത്തരികൾ മിന്നും പോലെ തോന്നി.
ഈ പൊന്നെല്ലാം വാരിയെടുക്കാനാണോ പ്രവാസികൾ ഇങ്ങോട്ടൊഴുകിയെത്തിയത് .
നാടുംവീടും മറന്ന് കനൽത്തരി പോലെ പൊള്ളുന്ന മണ്ണിനെ കാഞ്ചനമായി കരുതി ഗൃഹാതുരതയെ നെഞ്ചിലൊളിപ്പിച്ച് ജീവിക്കുന്നത്.
ചിന്തകൾക്ക് വേഗത കുറയ്ക്കാനെന്നവണ്ണം പ്രധാനറോഡിനെ വെടിഞ്ഞ് മറ്റൊരു മൺപാതയിലേക്ക് കുലുക്കത്തോടെ വാഹനം പ്രവേശിച്ച് വീണ്ടും ഭാവഭേദമില്ലാതെ പഴയപടി
സഞ്ചരിച്ചുകൊണ്ടിരുന്നു.
മരുപ്പച്ചയില്ലാത്ത, മരീചിക പോലുമില്ലാത്ത വിജനവീഥി കടന്ന് ഉദ്ദേശിച്ച സ്ഥലത്ത് ശകടം ചെന്നു നിന്നു.
നടപ്പാതയ്ക്കിരുവശവും ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്ന മൈലാഞ്ചിച്ചെടി.
ചുവന്ന ചെമ്പരത്തിക്കാടു
കഴിഞ്ഞ് പൂത്തുലഞ്ഞുല്ലസിച്ച് അങ്കണവാതിൽക്കൽ കാവൽക്കാരെപ്പോലെ സ്വാഗതം ചെയ്തു നിൽക്കുന്ന പീതവർണമാർന്ന കോളാമ്പിപ്പൂക്കൾ .
മുൻപോട്ടു നടക്കുന്തോറും ഹരിതാഭയുടെ ആശ്ലേഷത്താൽ കൺപീലികൾ മെല്ലെ തുറന്നടച്ചു.
തുളസിയും പനിക്കൂർക്കയും കറ്റാർവാഴയും
മരതകവർണമേന്തി തിങ്ങിനിറഞ്ഞു നിൽക്കുന്നതു കണ്ടാൽ ഇതിൽ ഏതു
പച്ചനിറമാണ് നിങ്ങൾക്കിഷ്ടം ?എന്നു ചോദിക്കുന്ന കുപ്പി വളക്കട പോലുണ്ട്.
കേരളത്തിലെ ഒരു ഗ്രാമത്തിലല്ല ഗൾഫിലെ ഒരു ഭവനത്തിലേയ്ക്കാണ് ചെന്നുകയറിയത് എന്നു പോലും മറന്നു പോയി.
വൃക്ഷലതാദികൾ
ക്കിടയിൽ ആകെ വ്യത്യസ്തത പുലർത്തുന്നത് വീടു മാത്രമാണ്.
അറബിരീതിയിൽ പണിത പഴയ വീട്.
പച്ചക്കറിത്തോട്ടവും വിദേശിയും നാടനുമായ പഴവർഗങ്ങളും കിഴങ്ങുകളും കായിച്ചു നിൽക്കുന്ന ഒരു
മരുഭൂപ്രദേശം.
കൂടുവിട്ട് കുണുങ്ങി നടക്കുന്ന താറാവുകൾ ചിരട്ടയിൽ നിറച്ചു വെച്ചിരിക്കുന്ന വെള്ളം നടന്നുപോകുന്ന വഴി തലയിട്ടുതൊട്ടു നോക്കിയാണ് സംഘ യാത്ര.
ചിക്കിച്ചികഞ്ഞു നടക്കുന്ന കോഴികൾ ഞങ്ങളെ ശ്രദ്ധിച്ചതേയില്ല.
വീടിന്റെ വാതിൽക്കൽ നിറചിരിയോടെ നിൽക്കുന്ന ആതിഥേയരെ ഗൗനിക്കാതെ
പരിസരഭംഗിയിൽ ആമഗ്നയായി സ്വയം മറന്നു നിന്നു.
ഒരാൾപ്പൊക്കം മാത്രമുള്ള പൂത്തുലഞ്ഞു നിൽക്കുന്ന മാവുകളും മാതളങ്ങളുംകായ്ച്ചു നിൽക്കുന്ന ഓറഞ്ചും പേരയും ചെറിയുമൊക്കെ മരുഭൂമിയിലും
ഏദൻതോട്ടമെന്ന പ്രതീതിയാണ് നൽകിയത്.
ഇതെല്ലാമൊരുക്കി
വെച്ച ,അങ്കണത്തിലെ നനഞ്ഞമണ്ണിലൂടെ നടന്നപ്പോൾ ചെരുപ്പുകൾ ഊരിമാറ്റി നാട്ടിലെ വീട്ടുമുറ്റത്തു ഓടി നടന്നിരുന്ന കുട്ടികളെപ്പോലെയായി മനം. നഗ്‌നപാദരായി ഓടിക്കളിക്കാൻ വൃഥാ കൊതിച്ചു.
കേരളനാടിന്റെ ഹരിതവർണവും പുഴകളുടെ സൗന്ദര്യവും പൂക്കളുടെ ഭംഗിയും വൃക്ഷലതാദികൾ നൽകുന്ന വൈധ്യമാർന്ന രുചിയുള്ള കനികളെക്കുറിച്ചും ക്ലാസ് റൂമിൽ വാചാലയായി ക്കൊണ്ടിരുന്ന ഒരു ദിനം.
നെല്ലിക്ക കടിച്ചുതിന്നിട്ട് വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന മധുരിമയും മൂത്തവരുടെ വാക്കും മുതുനെല്ലിക്കയുമെന്ന പഴഞ്ചൊല്ലുമൊക്കെ വിവരിക്കുന്ന നേരം .
” ഇതിൽ പുഴയൊഴിച്ച് വേറെല്ലാമുള്ള വീട് ഇവിടെയുണ്ട്. മിസ് കണ്ടിട്ടുണ്ടോ? നമ്മുടെ അഖിലിന്റെ വീട്.”
ക്ലാസിലാരോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
ശരിയാണോ ? ഞാൻ അഖിലിനെ നോക്കി.
“അതെ. മിസ് വീട്ടിൽ വരുമോ ഒരു ദിവസം അവൻ ചോദിച്ചു. ”
തീർച്ചയായും, എനിക്കു ചട്ടിയിൽ നടാൻ പറ്റിയ നാടൻചെടികളും, ഔഷധസസ്യങ്ങളും തരുമോ ഞാൻ തിരിച്ചു ചോദിച്ചു.
“തരാം, ആരു ചോദിച്ചാലും അമ്മ കൊമ്പ് ഒടിച്ചു കൊടുക്കാറുണ്ട്. ”
അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു
അങ്ങനെ അവധി ദിനങ്ങൾ അടുപ്പിച്ചു കിട്ടിയപ്പോൾ ഞങ്ങൾ അഖിലിന്റെ വീടുകാണാൻ എത്തിയതാണ്.
യു.എ.ഇ.യുടെ ആരാമമെന്നു വിളിക്കുന്ന അലൈനിലെ ഒരു ഉൾപ്രദേശത്തേയ്ക്ക് പുറപ്പെടുമ്പോൾ ഞാൻ കരുതിയില്ല , കണ്ണിൽ ഇരുട്ടുകയറുന്ന കത്തുന്ന വെയിലിൽ ഒരു വീടിനു ചുറ്റുംമാത്രം കേരളത്തിലെ കാവുകളിൽ കാണുന്ന ശീതളതയും ഇരുളിമയും കലർന്ന വന്യമായ ഒരു ഭംഗിയുടെ ആകർഷണീയതയിൽ മുഴുകിയിറങ്ങാനാകുമെന്ന്.
പടർന്നുകയറിയ
പാഷൻഫ്രൂട്ടിൽ നിന്ന് പഴുത്തകായ്കൾ പറിച്ചെടുത്ത് ജ്യൂസുണ്ടാക്കി തരുമ്പോൾ അഖിലിന്റെ അമ്മ വളരെ സന്തോഷത്തോടെ പറഞ്ഞു
“അവൻ രാവിലെമുതൽ ടീച്ചറെ,കാത്തിരിക്കുകയാണ്. അവന്റെ പപ്പ പുറത്തേയ്ക്ക് പോയതാണ്. അങ്ങേരിപ്പോൾ തിരിച്ചു വരും. വന്നിട്ടു മടങ്ങിയാൽ മതിയെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. ”
ചെടികളും മരങ്ങളും കണ്ടു നടന്നാസ്വദിച്ചപ്പോൾ കേരളത്തെ മുറിച്ചു കൊണ്ടു പോന്നോ എന്നു ഞാൻ ചോദിച്ചു.
“ഞങ്ങൾക്കു രണ്ടാൾക്കും ഇതൊരു ഹോബിയാണ്. കോഴി മുട്ടയും താറാവിന്റെ മുട്ടയൊന്നും കാശു കൊടുത്തു വാങ്ങേണ്ട.
നമ്മുടേതല്ലാത്ത ഫലവർഗങ്ങൾക്കു കുറച്ചു പുളി കൂടുതലാണ്. ”
ഓറഞ്ചും, മുന്തിരിപ്പന്തലും ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.
” വേറെല്ലാം നാട്ടിലെ അതേ രസത്തിൽ കഴിക്കാം.”
അൽപ്പനേരം കൊണ്ട് സുഹൃത്തായി മാറിയ അഖിലിന്റെ അമ്മ പറഞ്ഞു.
“ഇവിടം വിട്ടുപോകാൻ ഒട്ടും താൽപര്യമില്ല. ഞങ്ങൾ വയസായാൽ ഇതെല്ലാം മക്കൾ പരിപാലിക്കണമെന്നു പറഞ്ഞിട്ടുണ്ട്.
അറബി വാടകയ്ക്കു തന്നതാണെങ്കിലും ഇതെല്ലാം കാണുമ്പോൾ പുള്ളിപറയും നിങ്ങൾ ഇവിടെനിന്ന് പോകരുതെന്ന്. ”
അപ്പോൾ അഖിലും, നയനയും പഠനം കഴിഞ്ഞാലും ഈ നാട്ടിൽ തന്നെ ജോലിചെയ്യുമോ? ഞാൻ ചോദിച്ചു.
“അതെ, മിസ് ഞങ്ങൾക്കിവിടെയാ ഇഷ്ടം. ” കുട്ടികൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
“മിസേ ഇവിടെ എത്തിസ്ലാത്തിൽ നിന്ന് പിരിച്ചു വിടൽ തുടങ്ങിയിട്ടുണ്ട്. എനിക്കാണെങ്കിൽ
ജോലിയുമില്ല. വല്ലാത്ത ആകുലതയിലാണി
പ്പോൾ ഞങ്ങൾ.
എത്ര നാൾ കൊണ്ട് പണിതുണ്ടാക്കിയ സ്വർഗമാണിത്.
ടാക്സി ഓടിച്ചെങ്കിലും എത്തിസ്ലാത്തിലെ ജോലിനഷ്ടമായാൽ ഇവിടെത്തന്നെ കഴിയാമെന്നാണ് പുള്ളി പറയുന്നത്. ”
വെളളംനിറച്ച
ടർപ്പോളയിട്ടു
ണ്ടാക്കിയ കുളത്തിൽ വിരിഞ്ഞ ആമ്പലുകളെ നോക്കി വിഷാദത്തോടെ അവർ പറഞ്ഞു.
എല്ലാവരെയും
ഞങ്ങളുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു മടങ്ങുമ്പോൾ കവറുകളിലാക്കിയ പച്ചക്കറികളും പഴവർഗങ്ങളും അഖിലിന്റെ അച്ഛൻ കാറിൽ കൊണ്ടു പോയി വെച്ചിരുന്നു.
എത്ര ദിനങ്ങൾ കഴിഞ്ഞു പോയിട്ടും നാട്ടുവീട്ടുമുറ്റം
പോലുള്ള ഹരിതാഭയുടെ കുളിർമ കൺമുമ്പിൽ നിന്നു മായുന്നില്ലായിരുന്നു
ഒരു ദിവസം അഖിൽ പറഞ്ഞു ”
മിസ് വീട്ടിൽ വരുമോ? പഴങ്ങളും പച്ചക്കറികളും, മുട്ടയുമൊക്കെ അമ്മ വിൽക്കുന്നുണ്ട്. ”
വിളിക്കാൻ കൊതിച്ചിരുന്ന പോലെ ഒരു അവധിദിനം കുടുംബസമേതം ഞങ്ങൾ അവിടെ വീണ്ടും ചെന്നു.
പഴുത്ത തക്കാളിയും കുക്കുമ്പറും, ബ്രൊക്കോളിയുമൊക്കെ തൂക്കി തരുമ്പോൾ അഖിലിന്റെ അമ്മ ശോഭ വില പറയാൻ മടിച്ചു.
അതുപറ്റില്ല മാർക്കറ്റിൽ വാങ്ങുന്ന വില തന്നെ എടുക്കണമെന്നു പറഞ്ഞ് ഞാൻ പേഴ്സിൽ നിന്ന് ദിർഹംസ് എടുത്തു നീട്ടിയപ്പോൾ ശോഭയുടെകണ്ണു നിറഞ്ഞിരിക്കുന്നു.
എന്താണ്?
വിസ്മയത്തോടെ ഞാൻ ചോദിച്ചു.
“ഇത്രയും നാൾ ബന്ധുക്കൾക്കും, അയൽപക്കകാർക്കുംജോലി സ്ഥലത്തുള്ളവർക്കുമൊക്കെ വെറുതെ കൊടുക്കുകയായിരുന്നു.
ഞങ്ങൾ ഒരു സന്തോഷത്തിനു തുടങ്ങിയതാണ്.
നല്ലനിലാവുള്ളപ്പോൾ രാത്രി വെറുതെ മുറ്റത്ത് എത്ര നേരമാണിരിക്കുന്ന
തെന്നറിയാമോ? മടുക്കില്ല. അത്ര തെളിഞ്ഞ ആകാശവും അന്തരീക്ഷവു
മാണിവിടെ. ചൂടുകാലത്തും നല്ലകാറ്റു കിട്ടും. നമ്മുടെ നാടിനേക്കാൾ ഇവിടം ഇഷ്ടപ്പെട്ടു പോയി.ആദ്യമൊരു രസത്തിനു തുടങ്ങിയതാണ് .
മരുഭൂമി ഞങ്ങളോടിണങ്ങിയ
പ്പോൾ, പിന്നെ ഫലങ്ങൾ ലഭിച്ചു തുടങ്ങിയ സന്തോഷത്തിന്റെ ഉന്മാദാവസ്ഥയിൽ
ഞങ്ങൾക്ക് ആവേശമായി.
പക്ഷിമൃഗാദികൾ മക്കളെപ്പോലെയാണ്. ഇവയെ ആരെ ഏൽപ്പിച്ചിവിടം വിടാനാണ്.”
കരച്ചിലൊതുക്കി ശോഭ കുനിഞ്ഞ് കുറച്ചു പച്ചമുളകും വേപ്പിലയും പറിച്ച് പച്ചക്കറി സഞ്ചിയിലിട്ടു.
“അഖിലിന്റെ അച്ഛനു ജോലി പോയിട്ട് ആറുമാസമായി.
ഒരിടത്തും കിട്ടിയിട്ടില്ല. ഉള്ള പണമൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു. ടീച്ചർ ആദ്യം വന്നപ്പോൾ തന്നെ പുള്ളിക്കാരന് ജോലി നഷ്ടമായ സമയമായിരുന്നു.ഞാൻ പറയാതിരുന്നതാണ്.
ഞങ്ങൾ മക്കളോടു പോലും അന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ അവർക്കറിയാം.
സ്കൂൾ ഫീസൊന്നും കൃത്യമായി അടക്കാൻ പറ്റുന്നില്ല.”
എന്തു പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ വിഷണ്ണയായി നിന്നു.
“സ്വദേശിവൽക്കരണം വന്നപ്പോൾ ആദ്യം അഖിലിന്റെ അച്ഛന്റെയൊക്കെ ടെലിഫോൺസ് ഡിപ്പാർട്ടുമെന്റിലാണ് ജോലിപോയി ത്തുടങ്ങിയത്”
എന്തെങ്കിലുമൊരു വഴി തെളിഞ്ഞു വരും ശോഭ, സങ്കടപ്പെടാതിരിക്ക്.
എന്നു പറഞ്ഞു മടങ്ങുമ്പോൾ വാക്കുകളുടെ നിരർത്ഥകത എന്നെത്തന്നെ പൊള്ളിച്ചു.
വർഷാവസാനപരീക്ഷ കഴിഞ്ഞസമയത്ത് ശോഭയുടെ ഫോൺ വന്നു.
“ഞങ്ങൾ മടങ്ങുകയാണ് നാട്ടിലേയ്ക്ക്. വിസയുടെ കാലാവധി കഴിയാറായി. പുതിയവിസ എടുക്കാൻ ജോലിയുമായില്ല.
താറാവും കോഴിയുമൊക്കെ ആർക്കെങ്കിലും കൊടുക്കാമെന്നു വെച്ചാൽ വളർത്താൻ പലർക്കും സ്ഥലവും നേരവുമില്ല.
ചോദിച്ചാൽ എല്ലാവരും പറയുന്നത് നിങ്ങൾക്ക് കൊന്നുകറിവെച്ചുകൂടെ എന്നാണ്. അതെങ്ങനെ സാധിക്കും? അരുമയായി വളർത്തി കൊണ്ടു വന്നതിനെ”….
ശോഭ സംസാരം നിറുത്തി.
മുറ്റത്ത് ടൈൽസിട്ട തറയിൽ
കൂടുപണിയിപ്പിച്ച് അവയെ ഇങ്ങോടു കൊണ്ടുവരാമെന്നു വെച്ചാൽ തൊട്ടടുത്തു താമസിക്കുന്ന അറബി സമ്മതിക്കുകയും ഇല്ല.
ഞാൻ കൂടുതൽ അസ്വസ്ഥയായി.
“ടീച്ചർ ഒന്നുകൂടിവരുമോ വീട്ടിലേയ്ക്ക്. അവിടെ ഉള്ളസ്ഥലത്ത് വെക്കാൻ പറ്റിയ പച്ചക്കറികളും ചെടികളും കൊണ്ടു പോകുമോ?
എല്ലാവരും വെറുതെ വന്നെടുത്തു കൊണ്ടു പോകുന്നുണ്ട്.”
പണത്തിന്റെ അത്യാവശ്യം കൊണ്ടാണ് ശോഭ എന്നെ വിളിച്ചതെന്നെനിക്കു മനസിലായി.
അങ്ങോട്പോകുമ്പോൾ ഭർത്താവ് എനിക്കു മുന്നറിയിപ്പു തന്നു.
“എല്ലാ കാടും പടലും വാങ്ങി നമ്മുടെമുറ്റത്തു വെച്ചാൽ അറബി ഓടിച്ചു വിടും കെട്ടോ.
ടൈൽസൊക്കെ മിനുങ്ങിത്തിളങ്ങി കിടക്കണം അയാൾക്ക്.
വൃത്തിയുള്ള കൂട്ടരാണ് മലയാളികൾ .അതാണ് പുതിയ വില്ല നിങ്ങൾക്ക് തന്നതെന്ന് പറഞ്ഞിട്ടാണ് വാടകയ്ക്ക് തന്നത് ചെളിയും വെള്ളവുമൊക്കെ കണ്ടാൽ അയാൾ സഹിക്കില്ല.”
ഞാൻ മിണ്ടിയില്ല.
അഖിലിന്റെ വീടിന്റെ മുൻപിലെ ആർച്ചിൽ പടർത്തിക്കയറ്റിയ കുഞ്ഞുകോളാമ്പിപ്പൂക്കൾക്ക് പതിവില്ലാത്ത വാട്ടം.
പറമ്പിലേയ്ക്കു കയറിയ ഞാൻ ഞെട്ടി. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലെ
ആകെ അലങ്കോലമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും.
ആളുകൾ വന്ന് കടയോടെ
പറിച്ചെടുത്തുകൊണ്ടു പോയ ചെടികളും വൃക്ഷത്തൈകളും നൽകിയ ആഴമുള്ള മുറിപ്പാടുകളേന്തിയ മണ്ണ്.
വിഷാദാത്മകതയോടെ പട്ടാപ്പകലും മരക്കൊമ്പിലഭയം പ്രാപിച്ചിരിക്കുന്ന തളർന്ന മിഴികളുള്ള കോഴികൾ.
ഉത്കണ്ഠ കൊണ്ടാവണം കഴുത്തുനീട്ടി നിശബ്ദരായി കാതോർത്തു നിൽക്കുന്ന
താറാവിൻകൂട്ടം.
പൂച്ചയും പട്ടിയും ആടും മാത്രമല്ല നിസഹായരായ കുഞ്ഞുക്കിളികൾവരെ കൊടുങ്കാറ്റിനു മുൻപുള്ള ശാന്തതയിലിരിക്കും പോലെ
എനിക്കുതോന്നി.
അതിജീവനത്തിനായി കൊതിക്കുന്ന പറുദീസയിലെ അന്തേവാസികൾ.
പറ്റാവുന്നതൊക്കെ വാങ്ങി കണക്കൊന്നും പറയാതെ പണം കൈയ്യിൽ വെച്ചു കൊടുക്കുമ്പോൾ ശോഭ ഒന്നു വിതുമ്പിക്കൊണ്ടു പറഞ്ഞു.
” എല്ലാവരും വെറുതെ കൊണ്ടു പോയപ്പോൾ ടീച്ചറോട് കാശുവാങ്ങിക്കുന്നതിൽ വിഷമമുണ്ട്.
നാട്ടിൽ ചെന്നിട്ട് എന്തു ചെയ്യണമെന്നറിയില്ല. വീടു മുതൽ വാടകയ്ക്ക് കണ്ടു പിടിക്കണം.
മക്കളെ സ്കൂളിൽ ചേർക്കണം.
ഞങ്ങൾ നോക്കിയതു പോലെ ഇതെല്ലാം പരിപാലിക്കുന്ന ആരെയെങ്കിലും ഇവിടെ താമസിക്കാൻ കിട്ടിയിരുന്നെങ്കിൽ
എല്ലാം ഏൽപ്പിച്ച് സമാധാനമായി പോകാമായിരുന്നു.
ടൗണിൽനിന്ന് ഇത്രദൂരം വരാൻ ആരുംതയ്യാറല്ല. ചേട്ടനു ജോലി നഷ്ടമാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയതുമല്ല.”
ആറു മാസങ്ങൾ കഴിഞ്ഞൊരുദിനം ദുബായിൽപോയി മടങ്ങുമ്പോൾ
ഹില്ലിഏരിയയിൽ എത്തിയപ്പോൾ ഞാൻ വെറുതെ പറഞ്ഞു നമുക്ക് അഖിലിന്റെ വീടിരിക്കുന്ന സ്ഥലം വരെ ഒന്നുപോയാലോ?
എന്താണവസ്ഥ എന്നറിയാനാണ്.
“എന്തറിയാനാണ് മരങ്ങൾവരെ ഉണങ്ങിക്കാണും. നല്ല മരുഭൂമിയാണ് ആ സ്ഥലം .അവർ നോക്കിയപോലെ ആരു നോക്കാനാണ്? പോയി കണ്ടിട്ട് സങ്കടപ്പെടാനാണോ ! ”
ഭർത്താവു അനിഷ്ടത്തോടെ പറഞ്ഞു.
“ഒന്നു പോയി നോക്കാം പപ്പാ ”
എന്നു മക്കളും കോറസായി പറഞ്ഞപ്പോൾ വണ്ടി അങ്ങോട് നീങ്ങി.
മയിലാഞ്ചിക്കാടുകൾ നിന്നിടത്ത്
കരിഞ്ഞുപോയ സ്വപ്നങ്ങൾപോലെ കൊഴിഞ്ഞഇലകളും, വെട്ടിയമരങ്ങളും കൂട്ടിയിട്ടിരിക്കുന്നു.
പടർന്നുകയറുന്ന പാവലും പടവലവും പീച്ചിലും പന്തലിട്ടു വളർത്തിയിരുന്ന പൊക്കം കുറഞ്ഞ മതിലിനു ചാരെ ,
കള്ളിമുൾച്ചെടികൾ
കാടുപോലെ തഴച്ചു
വളർന്നിരിക്കുന്നു.
മൃതമായിപ്പോയ
സസ്യബാഷ്പമെല്ലാം ഉള്ളിലൊതുക്കിയ
പോലെ
കളളിമുൾച്ചെടികളുടെ നിശബ്ദമായ നിൽപ്പ്.
അവ
മുള്ളുകൾക്കുള്ളിൽ കരുതിവെച്ച നീരിൽ ഇവിടെ
ജീവിക്കാൻകൊതിച്ച മനുഷ്യരുടെ
ചുടുക്കണ്ണീർക്കണവും അലിഞ്ഞുചേർന്നു കാണും.
പൊളിച്ചുമാറ്റിയ വീടിനു പകരം പുതിയതു പണിയാനുള്ള ഒരുക്കത്തിൻ്റെ ഭാഗമായി യുദ്ധഭൂമിപോലെ കിടക്കുന്ന പരിസരം കണ്ട് കാറിൽ തന്നെ സ്തബ്ധയായി ഇരുന്ന ഞാൻ പതിയെപറഞ്ഞു.
പോകാം. ഇറങ്ങേണ്ട.
“അവിടത്തെ കിളികളെയും വളർത്തു മൃഗങ്ങളെയുമൊക്കെ എന്തുചെയ്തു കാണും അമ്മേ! ”
മകന്റെ ചോദ്യത്തിനു ഉത്തരം പറയാതെ, ഞാനോർത്തത് നാട്ടിലൊരിടം അവർക്കു കിട്ടിക്കാണുമോ ദൈവമേ എന്നായിരുന്നു .
അതൊന്നറിയാൻ ഫോൺനമ്പർപോലും കൈയ്യിലില്ല.
“പോയി കണ്ടപ്പോൾ തൃപ്തിയായോ ! ഉള്ള സമാധാനം പോയിക്കിട്ടി.
പ്രവാസികൾക്കു മടക്കം അനിവാര്യം. അതെപ്പോഴും ഓർമിക്കണം”
കാറോടിച്ചു കൊണ്ട് ഗൗരവത്തിൽ പറയുന്ന ഭർത്താവിനെ നോക്കി ,
വിരക്ത ഭാവത്തോടെ ഞാൻ പറഞ്ഞു
അതു പിന്നെ ലോകജീവിതം പോലും അങ്ങനെ ഒരു പ്രവാസം തന്നെയല്ലേ? എത്ര പ്രിയമുള്ളതും കളഞ്ഞിട്ടു പോകണ്ടേ
ഇവിടെനിന്ന് .
മുൻപൊക്കെ ചെല്ലുമ്പോൾ തങ്ങളോടൊപ്പം ഓടിക്കളിച്ച ആട്ടിൻകുട്ടികളുടെ വിശേഷം
ഓർമിച്ചുപറഞ്ഞ് ഉച്ചത്തിൽ സംസാരിച്ച് ബഹളമുണ്ടാക്കുന്ന മക്കളെ ശകാരിച്ച് അമർഷവും നിരാശയും ഉള്ളിലൊതുക്കി ഞാനിരുന്നു.
പ്രധാന റോഡിന്റെ ഏതിർവശത്തു മാറ്റമൊന്നുമില്ലാത്ത മരുഭൂമിക്കു
അതിരായിനിന്ന
ഗാഫ്മരങ്ങൾ തലയുയർത്തി സങ്കടത്തോടെ ഞങ്ങളെ നോക്കി.
ഇനി ഇതിലേ വരില്ലല്ലേ എന്നു ചോദിക്കും മട്ടിൽ.
കമ്പിവേലിക്കപ്പുറം ഒട്ടകക്കൂട്ടങ്ങൾ ഒരേ താളത്തിൽ നടക്കുന്നുണ്ട്.
മരുഭൂമിയിലെ
സഹനശേഷിയുടെ ചലിക്കുന്ന പ്രതീകങ്ങളായി.




വല്ലാത്തൊരു നൊമ്പരത്തോടെ വായിച്ചു തീർന്നു. നല്ലെഴുത്തിന്റെ കൂട്ടുകാരിയ്ക്ക് ആശംസകൾ….
പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു റോമി ഓരോ കഥകളും.
സങ്കടങ്ങളുടെ കണ്ണീരൊപ്പലുമായി പ്രവാസകാലം തീർത്ത കഥാകാരി
നല്ല വായനാനുഭവം സമ്മാനിച്ചു.
എഴുത്ത് തുടരുക❤️❤️❤️
ഉള്ളിലും ഒരു വിമ്മിട്ടം. റോമിക്ക് നന്നായി കഥ പറയാൻ അറിയാം. ഇനിയും എഴുതൂ.💞💞💞
പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകൾ വായനക്കാരന്റെ മനസ്സിൽ പതിഞ്ഞു..
നല്ല എഴുത്ത്…
Excellent read. Very engaging.