Friday, April 3, 2026
Homeഅമേരിക്ക"മണവാളൻകുന്നിലെ മഞ്ചാടിമണികൾ" (നോവൽ - ഭാഗം - 18) ✍ രവി കൊമ്മേരി, UAE

“മണവാളൻകുന്നിലെ മഞ്ചാടിമണികൾ” (നോവൽ – ഭാഗം – 18) ✍ രവി കൊമ്മേരി, UAE

ജയിംസ്… വേണ്ട. മതി.
അവൻ പറയാൻ വന്നത് എന്താണെന്ന് മനസ്സിലായതുപോലെ രാമഭദ്രൻ അവനെ തടഞ്ഞു. ഞാൻ പോയിട്ട് തിരിച്ചു വരാം എന്നും പറഞ്ഞ് അവൻ ഇറങ്ങി.

തുടർന്ന് വായിക്കുക….
👇👇👇👇👇👇

അദ്ധ്യായം 18

പോകുന്ന പോക്കിൽ അവൻ കോഴി മാധവിയുടെ വീട്ടിലൊന്ന് കയറി. കാരണം മാധവിയേടത്തി രണ്ട് മൂന്ന് ദിവസമായി സുഖമില്ലാഞ്ഞിട്ട് ചന്തയിൽ വരുന്നില്ല. വീട്ട് മുറ്റത്തെത്തിയതും അകത്തുനിന്ന് ചെറിയൊരു വഴക്ക് നടക്കുന്നു.

“ദേ… തള്ളേ… അടങ്ങി ഒതുങ്ങി ഇവിടെ ക്കഴിഞ്ഞോണം. ഇല്ലങ്കിൽ ഇപ്പോൾ ഈ കിടക്കുന്നതായിരിക്കില്ല കിടപ്പ്, കോടി പുതപ്പിച്ച്‌ കിടത്തും ഞാൻ. പറഞ്ഞേക്കാം. ”

അതേടാ… നീ അതും ചെയ്യും. അതെനിക്കറിയാം.
നീ ഈ രാത്രിയും, പുലർച്ചയും മഴക്കോട്ടുമെടുത്തോണ്ട് എവിടെയാണ് പോകുന്നതെന്ന് നോക്കാൻ ഞാൻ ആ രാമഭദ്ര നോട് പറഞ്ഞാലുണ്ടല്ലോ.. അതോടെ നിൽക്കും നിന്റെ നടത്തം.

ഫു…. അവളുടെ ഒരു രാമഭദ്രൻ. നീ നോക്കിക്കോ തള്ളേ.. അവന്റെ ചങ്കിലെ ച്ചോര അധികം വൈകാതെ ഈ മണവാളൻകുന്നിലെ കുറുക്കൻമാര് കുടിക്കും. അതെന്റെ ഒരു നേർച്ചയാ.!

രാമഭദ്രന്റെ കാതുകളിൽ വന്നലച്ച ആ വാക്കുകൾക്ക് പാറമടയിലെ വെടിമരുന്നിന്റെ പ്രകംബനമായിരുന്നു. അവൻ ഒന്ന് നടുങ്ങി. അവന്റെ കൈകളിൽ ചോര ഇരച്ചു കയറി. മുഷ്ടികൾ ചുരുണ്ടു. അവൻ നാലുപാടും നോക്കി. പെട്ടന്ന് വരാന്തയുടെ മൂലയിൽ അഴയിൽ തൂക്കിയിട്ട ഒരു കറുത്ത മഴക്കോട്ട് അവന്റെ കണ്ണിൽപ്പെട്ടു. അവൻ ആ കോട്ട് കണ്ണുകൊണ്ട് ആകെ ഒന്ന് ഉഴിഞ്ഞു.

അപ്പോൾ അവന്റെ മനസ്സിലൂടെ ഹസ്സൻ ഹാജിക്ക പറഞ്ഞ കാര്യം ഒരു നിമിഷം ഒന്ന് പ്രകാശിച്ചു. നല്ല മഴയത്ത് മാർക്കോസു ചേട്ടന്റെ കടയിൽ മഴക്കോട്ടുമിട്ടുകണ്ട നിഴൽ രൂപം.

ചോദ്യങ്ങളും ഉത്തരങ്ങളും ഒരുപാടുണ്ടായി അവന്റെ മനസ്സിൽ. ചെന്നെത്തുന്ന ഉത്തരങ്ങളൊക്കെയും മറ്റൊരു ചോദ്യത്തിന്റെ വഴികളാകുന്നു.
അകത്ത് അപ്പോഴും വഴക്ക് നടക്കുകയായിരുന്നു.

” അതേടാ നായെ.. നീയും നിന്റെ തന്തയെപ്പോലെ കണ്ടവന്റെ അടികൊണ്ട് ചാകും.” എന്റെ ദൈവമേ.. അതു കാണാൻ നീ എന്നെ ജീവനോടെ വച്ചേക്കല്ലേ…!

ഞൻ വിചാരിച്ചാൽ ഇരുപത്തിനാലമണിക്കൂറിനുള്ളിൽ ആ ചന്ത അവിടെ നിന്നു കത്തും. പക്ഷേ വേണ്ട. ഇപ്പോൾ എനിക്കതവിടെ വേണം. അതൊരാവശ്യമാ…

ഉം… നീ ഞൊട്ടും. ആഴ്ച്ചയിൽ ഒരിക്കൽ വളമിറക്കുന്ന ലോറി വരും അവിടെ. തിരിച്ചു പോകുമ്പോ.. പഴം ഉരിഞ്ഞ വേണ്ടാത്ത കാലിക്കുലകളും, ജീർണ്ണിക്കാത്ത മറ്റ് കച്ചറയും കൊണ്ടാണ് പോകുന്നത്. എന്തിനാന്നോ … വീണ്ടും വളമാക്കാൻ. കത്തിക്കും എന്നും പറഞ്ഞോണ്ട് അങ്ങോട്ട് ചെന്നാൽ എപ്പഴെങ്കിലും വരുന്ന ലോറിയിൽ നീയും വന്നിറങ്ങും. ജീവനോടല്ല. വളമായിട്ട്.

ദേ.. തള്ളേ.. മകൻ തുടർന്ന് പറയാൻ തുടങ്ങുന്നതിനു മുൻപേ..

മാധവിച്ചേച്ചീ… ഞാനാണ് രാമഭദ്രൻ. അകത്തു നടക്കുന്ന സംസാരം നീട്ടിക്കൊണ്ടു പോകണ്ട എന്ന ഉദ്ദേശത്തോടെ രാമഭദ്രൻ വിളിച്ചു.

പെട്ടന്ന് അകത്തെ സംസാരം നിന്നു. മാധവിച്ചേച്ചി പതുക്കെ വന്ന് വാതിൽ തുറന്നു. മകൻ മെല്ലെ അകത്തോട്ട് വലിഞ്ഞു.

എന്തു പറ്റിചേച്ചീ.. രണ്ടു മൂന്ന് ദിവസമായിട്ട് ചന്തയിലോട്ട് കാണുന്നില്ലല്ലോ..? സുഖചികിത്സയിലാണെന്ന് കേട്ടു. മകൻ ജോലിക്കൊക്കെ പോകുന്നതു കൊണ്ട് ചേച്ചി ഇനി എന്തിനാ കഷ്ടപ്പെടുന്നേ…? കുറച്ച് വിശ്രമിച്ചു കൂടെ. അവൻ ഒന്ന് അർത്ഥം വച്ച് സംസാരിച്ചതാണ്.

മലയിടിച്ച് മണ്ണെടുക്കുന്നിടത്ത് മല താനേ ഇടിഞ്ഞു വീണാൽ പിന്നെ ഇടിക്കേണ്ട ആവശ്യമില്ല. മണ്ണ് എടുക്കാൻ എളുപ്പമാണ്. അതുപോലെ അവൻ വെറുതേ ഒന്ന് ഇടിച്ചു കൊടുത്തു.

ഉം… ആ തലതെറിച്ചോന്റെ കാര്യം പറയാത്തതാ നല്ലത്. വീട്ടുകാർക്കും നാട്ടുകാർക്കും ഉപകാരമില്ലാത്തത്.

അതൊക്കെപ്പോട്ടെ എന്താ പറ്റിയേ..?

അത് ഞാൻ? അടുക്കളയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒന്ന് കാല് തെറ്റിയതാ.. കുഴപ്പമൊന്നുമില്ല. നാളെ ചന്തേല് വരും.

മാധവിച്ചേച്ചിക്ക് ഒരു ഇരുനൂറ് രൂപയും കൊടുത്ത് രാമഭദ്രൻ ഇറങ്ങി. കാർ ഡ്രൈവർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ മുഴുവൻ അവന്റെ മനസ്സിൽ മാധവിച്ചേച്ചീടെ മകന്റെ ഡയലോഗും, ആ മഴക്കോട്ടുമായിരുന്നു.

ശക്തമായ മഴയിൽ കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ നടക്കുമ്പോൾ മുന്നിൽ റോഡാണോ കുഴിയാണോ എന്ന് മനസ്സിലാകാത്ത അവസ്ഥ.

നേരെ വീട്ടിലെത്തി ഭാര്യയേയും മകളേയും കൂട്ടി ജയിംസിന്റെ വീട്ടിലേക്ക് തിരിച്ചു. ജയിംസ് ഉറക്കമായിരുന്നു. രാമഭദ്രൻ നേരെ പറമ്പിലോട്ട് ഇറങ്ങി. പുതുതായി പിടിപ്പിച്ച നനയ്ക്കുവാനുള്ള സംവിധാനമെല്ലാം ഒന്നു നോക്കി തൃപ്തി വരുത്തി.

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും ജയിംസ് ഉണർന്നിരുന്നു. വീടിന്റെ മുൻവശത്തെ പുൽത്തകിടിയിൽ ഒരുക്കിയിരിക്കുന്ന ടേമ്പിളിനു ഇരുവശവുമിരുന്ന് രണ്ടു പേരും ഒരുപാട് നേരം സംസാരിച്ചു.

രാമഭദ്രനെ ഏൽപ്പിച്ചതിനു ശേഷം ജയിംസിന്റെ കൃഷിയിടത്തിലുണ്ടായ മാറ്റം വളരെ വലുതായിരുന്നു. പച്ചക്കറി കൃഷി വളരെ വിപുലപ്പെടുത്തി. കൊക്കോ, പേരക്ക, കുരുമുളക്, അടക്ക, മുതലായവ എല്ലാം വളരെയധികം ഫലഭൂയിഷ്ടമായി വളരുന്നു. ജയിംസിന്റെ പറമ്പിലെ നാടൻ പച്ചക്കറികൾ വിൽക്കാൻ അവൻ അടുത്തുള്ളൊരു കവലയിൽ ഒരു പ്രത്യേക ഷോപ്പും ഏർപ്പാടാക്കിയിരുന്നു. എന്നാൽ അവിടെ മിക്കപ്പോഴും സാധനങ്ങൾ തികയാത്ത അവസ്ഥയാണ്.

ജയിംസിന് വളരെയധികം മതിപ്പു തോന്നുന്നു രാമഭദ്രന്റെ പ്രവർത്തനത്തിൽ. രാമഭദ്രാ.. ഇപ്പഴാടോ എനിക്ക് തന്നെക്കുറിച്ച് അഭിമാനം തോന്നുന്നത്. സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് നീ പഠിക്കാൻ മിടുക്കനായിരുന്നു. എന്നാൽ കൃഷി എന്താണെന്ന് അറിയില്ല. എന്റെ കുടുംബത്തിൽ ഒത്തിരി മണ്ണും കൃഷിയും ഉണ്ടായിട്ടും എനിക്ക് കൃഷി ഇഷ്ടമല്ലായിരുന്നു. അങ്ങനത്തെ എനിക്ക് കൃഷിഭൂമി കിട്ടി. നിനക്ക് ചന്തയും. ഇന്ന് എന്റെ കൃഷിഭൂമിയിൽ നീ കൊയ്ത വിളയുടെ പങ്ക് ഞാൻ പറ്റുന്നു. ഇതാടോ കർത്താവിന്റെ തീരുമാനം. അവൻ ദൈവത്തിന് നന്ദി പറഞ്ഞു.

രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രിയിലെ ടെസ്റ്റിംഗും, സ്കാനിംഗും ഒക്കെക്കഴിഞ്ഞ് റിസൽട്ടു വന്നു. ഓപ്പറേഷനല്ലാതെ വേറെ വഴിയില്ല. അതും ചാൻസ് ഒരു എൺപത് ശതമാനം മാത്രം. വിവരമറിഞ്ഞതും ജയിംസ് തികച്ചും തകർന്നു പോയി.

ജയിംസ് തളരരുത്. ഞാൻ ഡോക്ടറോട് സംസാരിക്കാം. നമക്ക് വേറെ എന്തെങ്കിലും വഴികൾ എവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കാം.

രാമഭദ്രൻ ഡോക്ടേഴ്സുമായി സംസാരിച്ചു. എവിടെ കൊണ്ടു പോയാലും ഇതുതന്നെയാണ് ചികിത്സ എന്ന് അവർ വിലയിരുത്തി. കഴിവതും വേഗം ചെയ്താൽ അത്രയും നന്ന് എന്നവർ പറഞ്ഞു.

താൽക്കാലികമായി അത്യാവശ്യത്തിനുള്ള മരുന്നുകൾ വാങ്ങി ജയിംസും രാമഭദ്രനും തിരിച്ചു.. വീട്ടിലെത്തുന്നതുവരെ അവർ അധികമൊന്നും സംസാരിച്ചില്ല.

ജയിംസ് പേടിക്കേണ്ടടോ.. തനിക്ക് ആവശ്യമുള്ള ബ്ലഡും കാര്യങ്ങളും ഒക്കെ ഞാൻ ഏർപ്പാടാക്കാം. നമുക്ക് ഇവിടെത്തന്നെ എത്രയും വേഗം ഓപ്പറേഷന്‍ ചെയ്യാം. എല്ലാത്തിനും കൂടെ ഞാനുണ്ടടോ.

ജയിംസ് പിറ്റേന്ന് കാലത്ത് എന്തൊക്കെയോ മനസ്സിലുറപ്പിച്ചതു പോലെ അവന്റെ സുഹൃത്തായ ഒരു വക്കീലിന്റെ അടുത്ത് ചെന്ന് കുറേകാര്യങ്ങൾ സംസാരിച്ച് കാര്യമായ എന്തൊക്കെയോ പേപ്പേഴ്സ് ശരിയാക്കി തിരിച്ചു വന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും പറമ്പിൽ ജോലിക്കാരോടൊപ്പം ആയിരുന്ന രാമഭദ്രനും വന്നു.

രാമഭദ്രാ… ഞാൻ രണ്ട് ദിവസത്തിനകം തിരികെപ്പോകും. കുറച്ച് പേപ്പറുകൾ ശരിയാക്കാൻ വേണ്ടി ഞാൻ ആ മഹേഷ് വക്കീലിനെ ഏൽപ്പിച്ചിട്ടുണ്ട്. ഒരാഴ്ച്ചകഴിഞ്ഞ് നി ആ പേപ്പറുകൾ വാങ്ങി സൂക്ഷിക്കണം. ഒരു രണ്ട് മാസത്തേക്കുള്ള മരുന്ന് ഞാൻ ഡോക്ടറോഡ് പറഞ്ഞ് വാങ്ങിയിട്ടുണ്ട്. പിന്നെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഓപ്പറേഷൻ അവിടെ നടത്താം. അതല്ലങ്കിൽ ഞാൻ രണ്ടു മാസം കഴിഞ്ഞ് വരും. അപ്പോൾ ഇവിടെ നടത്താം.

അവൻ അനാഥാലയത്തിൽപ്പോയി ഫാദറിനെക്കണ്ട് പ്രാർത്ഥിച്ചു. കുട്ടികളോടൊത്ത് കുറേ സമയം ചിലവഴിച്ചു. അന്ന് അവർക്ക് മുഴുവനും അവൻ ബിരിയാണി വാങ്ങിച്ചു കൊടുത്തു. സന്തോഷം കൊണ്ട് കുട്ടികൾ തുള്ളിച്ചാടി. ആ സന്തോഷത്തിൽ ജയിംസിന്റെ വിങ്ങുന്ന മനസ്സിലെ പൊള്ളുന്ന വേദന കണ്ണുകളെ ഈറനണിയിച്ചു. അവരുടെ ചിലവിലേക്കുള്ള കാശ് ഫാദറിനെ ഏൽപ്പിച്ച് ഒരിക്കൽക്കൂടി സർവ്വശക്തനായ യേശുദേവന്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് അവൻ യാത്ര തിരിച്ചു.

നാടും നഗരവും താണ്ടി കടലുകൾക്കു മീതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നു പോകുന്ന ആ ആകാശ പേടകത്തിലിരുന്ന് തന്റെ ജീവിതത്തിന്റെ ചോദ്യചിഹ്നങ്ങൾക്ക് ഉത്തരം കിട്ടാതെ ഒലിച്ചിറങ്ങുന്ന കണ്ണീർച്ചാലുകൾ ആരും കാണാതെ അവൻ തുടച്ചു കൊണ്ടിരുന്നു.
തുടരും …..

രവി കൊമ്മേരി, UAE

RELATED ARTICLES

2 COMMENTS

  1. ഒരു Fb കമൻ്റ്,
    കഥയുടെ പോക്ക് ഒരു വല്ലാത്ത പോക്കാണല്ലോ. അന്നോരിക്കെ ഹാസാനാരിക്ക പറഞ്ഞത് ഓർക്കുന്നുണ്ട് മറന്നുപോയ വളക്കൾ എടുക്കാൻ കടയിൽ വരുമ്പോൾ മാർക്കോസ് ചേട്ടൻറെ കടയിൽ എന്തോ ഒരു വെട്ടം ആരോ ഒരാൾ എനിക്ക് ഇപ്പോൾ തോന്നുന്നത് ആ ഒരാൾ ഈ മാധവിയമ്മയുടെ മകനായിരിക്കുമോ അപ്പോ മാർക്കോസ് ചേട്ടൻറെ മരണത്തിൻറെ കാരണക്കാർ ഇയാൾ ആയിരിക്കുമോ എന്തായാലും ജെയിംസിന്റെ രോഗം അത് ഓപ്പറേഷനിലൂടെ സുഖമായാൽ മതിയായിരുന്നു പക്ഷെ ഡോക്ടർമാർ പറയുന്നത് 80 ശതമാനം ചാൻസ് കുറവാണ് എന്തായാലും ഭദ്രൻ കട്ടയ്ക്ക് കൂടെ ഉണ്ടല്ലോ ചിലർ അങ്ങനെയാ രോഗത്തിലാകുമ്പോൾ നല്ല കർമ്മം ചെയ്യാൻ മുന്നോട്ട് വരും കുഞ്ഞുങ്ങൾക്ക് ഭക്ഷണം എല്ലാം കൊടുത്തു ആ സന്തോഷത്തിൽ എല്ലാം മറന്നുപോയ ജയിംസ് മരണം അവിടെയും മണക്കുന്നില്ലെ മരണം അടുക്കുമ്പോൾ മനുഷ്യൻ അറിയാതെ ചെയ്തു പോകുന്ന കർമ്മങ്ങളൊക്കെയാണ് ഇത് പഴമക്കാർ പറയാറുണ്ട് ഇത് എവിടെ ചെന്ന് അവസാനിക്കുമോ ആവോ രചയിതാവ് രവിയെട്ടന് എൻ്റെ അഭിനന്ദനം ഇനിയാണ് കഥയുടെ സസ്പൻസ് നിറഞ്ഞ രംഗങ്ങൾ രചയിതാവിൻ്റെ സ്വാതന്ത്ര്യത്തിൽ ഞാൻ കൈ ഇടുന്നില്ല എല്ലാം എൻ്റെ സംശയങ്ങൾ കാത്തിരിക്കുന്നു 19-ാം ഭാഗത്തിന് സൂപ്പർ.
    സ്നേഹപൂർവ്വം,
    .കെ . കെ. കോട്ടിക്കുളം

    • കെ. കെ . എല്ലാം സംഭവാമി യുഗേ യുഗേ.
      വളരെ വിശദമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി തികച്ചും നിങ്ങളാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ശരിക്കും നിങ്ങൾ ഒരു മണവാളൻ കുന്ന് കാരൻ തന്നെയാണോ എന്നാണ് എൻ്റെ സംശയം🤔😃 എന്തായാലും ഒരുപാട് സ്നേഹം. ഒത്തിരി ഒത്തിരി സന്തോഷം’ ഒരു നല്ല വായനക്കാരനെക്കൂടി ജനങ്ങൾക്ക് കിട്ടിയല്ലോ. അഭിമാനിക്കുന്നു. താങ്കളുടെ ഈ വായനാ വൈഭവത്തെ. 🙏🙏🙏🥰💖🩷

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com