-പാവയ്ക്കാ പോലെ കേരളവും പാവത്താനായ മാവേലിയും-
എല്ലാ വർഷവും മുടങ്ങാതെ ഓണം കൂടാൻ കേരളമണ്ണിലെത്തുന്നു നമ്മുടെ മാവേലിതമ്പുരാൻ.
എന്നിട്ടിവിടെ എന്തു ചെയ്യുന്നു? തിരിച്ചു പോയിട്ട് അവിടെ എന്ത് ചെയ്യുന്നു?
ഇവിടന്ന് പോയത് മുതലുള്ള മാവേലിയെ എന്റെ ഭാവനയിലൂടെ നമുക്ക് ഒന്ന് വീക്ഷിക്കാം.
ഒറ്റ ചവിട്ടിനു പാതാളത്തിൽ എത്തപ്പെട്ടിട്ടും മഹാബലി തമ്പുരാൻ അവിടെ വെറുതെ ഇരുന്നില്ല.
അങ്ങു താഴെ, ഭൂമിക്കടിയിലെ പാതാളത്തിൽ പാവയ്ക്കാ രൂപാകൃതിയിൽ ഒരു തത്തുല്യ കേരളം നിർമ്മിച്ചു.
തമ്മിലടിച്ചും കൊന്നും കൊലവിളിച്ചും പരസ്പരം പോരടിച്ച് കണ്ടതിനെയെല്ലാം കൊന്നുതിന്ന് ജീവിച്ചിരുന്ന മുതലാളിക്കൂട്ടങ്ങൾക്കൊപ്പം പട്ടിണികോലങ്ങളായ ദരിദ്രനാരായണന്മാരും കൂട്ടം കൂടി ജീവിച്ചിരുന്ന പാതാളപ്രദേശത്താണ് മഹാബലി ചക്രവർത്തി തലയും താഴ്ത്തി കുത്തനെ ചെന്ന് ലാൻഡ് ചെയ്യുന്നത്.
ചെന്നിറങ്ങിയപാടെ ചുറ്റുപാടും കണ്ണോടിച്ചു. അവിടെയുള്ളവരുടെ കണ്ണിൽ വ്യത്യസ്തനായ ഒരു മനുഷ്യരൂപം പതിഞ്ഞതിനാലാവാം മഹാബലിക്ക് ചുറ്റും പൊടുന്നനെ പുരുഷാരം പൊതിഞ്ഞു.
അവരിൽ ചിലർ അദ്ദേഹത്തിന്റെ ആടയാഭരണങ്ങളിൽ കൈ വെച്ചു.
ചവിട്ടേറ്റിട്ടും ഉലയാത്ത തന്റെ കിരീടം ഒന്നുറപ്പിച്ച് വെച്ച് അദ്ദേഹം പതിയെ മുരടനക്കി.
ആളുകൾ ഒരിഞ്ചിനു അകന്നു മാറി കണ്ണുകളിൽ അപരിചിതത്വം കുത്തിനിറച്ച് മഹാബലിയെ നിരീക്ഷിച്ചു.
വള്ളിപ്പടർപ്പുകൾ ഇഴഞ്ഞു കയറി തൂങ്ങിയാടുന്ന ആൽമരത്തിന്റെ ചാഞ്ഞ കൊമ്പിൽ ഒരു സിംഹസനത്തിലെന്ന പോലെ ചക്രവർത്തി ഉപവിഷ്ടനായി.
ചുറ്റും കൂടിയ ആൾക്കൂട്ടം എന്തോ കാതോർക്കാനുണ്ട് എന്നവണ്ണം നിശബ്ദരായി.
ചക്രവർത്തി സംസാരിച്ചു തുടങ്ങി. “പ്രജകളേ…”
അപ്പറഞ്ഞത് എന്തെന്നറിയാതെ ജനങ്ങൾ തുറിച്ചു നോക്കി.
മഹാബലി വീണ്ടും വിളിച്ചു..
“പ്രജകളേ.. നോം ഭൂമിക്കു മേലെ പാവയ്ക്കാ പോലൊരു കൊച്ചു കേരളം ഭരിച്ചിരുന്ന മഹാബലി ചക്രവർത്തി. നോം കേരളഭരണകാലാവധിയായ പഞ്ചവത്സരങ്ങൾ പൂർത്തിയാക്കി, അവിടുത്തെ ജനങ്ങളെ മൊത്തം നന്മയുള്ളവരാക്കുക എന്ന നോമിന്റെ ദൗത്യം നിറവേറ്റി, ആവശ്യത്തിൽ കൂടുതലും അല്പം അനാവശ്യമായും ഉണ്ടായിരുന്ന ദാനശീലത്തിനു പണിഷ്മെന്റ് ട്രാൻസ്ഫറും കിട്ടി ഈ പാതാളത്തിലേക്ക് ഇറക്കപ്പെട്ടിരിക്കുന്നു.
ആയതിനാൽ പാതാളപ്രജകളായ നിങ്ങൾ നോമിന് ഭരിക്കാൻ ഇവിടെ പാവയ്ക്കാ ഷെയ്പ്പിൽ കുറച്ചധികം സ്ഥലം തന്നാലും…”
ജനങ്ങൾക്ക് രാജാവിന്റെ സത്യസന്ധതയും തുറന്നു പറയലും അങ്ങു ബോധിച്ചു.
നിലത്ത് കാല് വെച്ച് പാവയ്ക്കാ പടം വരക്കുന്നതിന്നിടയിൽ പാതാളമൂപ്പൻ പറഞ്ഞു… “രായാവിനെ ഞങ്ങക്ക് ബോധിച്ചു.. സ്ഥലം ദാ പിടിച്ചോ.. ഞാനീ വരക്കുന്നതാണ് അതൃത്തി”
രായാവ് എന്ന അഭിസംബോധന ചക്രവർത്തിക്ക് ഒട്ടും പിടിച്ചില്ല. അദ്ദേഹം പറഞ്ഞു.. “നോം രായാവ് അല്ല. ചക്രവർത്തിയാണ്.. മഹാചക്രവർത്തി. നിങ്ങൾക്ക് നോമിനെ തിരുമേനി എന്നോ തിരുമനസ്സ് എന്നോ പ്രഭോ എന്നോ തമ്പുരാൻ എന്നോ വിളിക്കാം. രായാവ് എന്ന് വിളിക്കരുത്”
“ഇല്ല പ്രഭോ..”
അവർ ഉള്ളവനും ഇല്ലാത്തവനും കൂട്ടത്തോടെ മഹാബലിയെ ഏറ്റെടുത്തു.
തമ്പുരാൻ ആദ്യം കല്പിച്ചു.. “തട്ടിപ്പറിച്ചതും വെട്ടിപ്പിടിച്ചതും യഥാർത്ഥ അവകാശികൾക്ക് തിരിച്ചു നൽകുവിൻ”
എല്ലാവരും അത് അനുസരിച്ചു.
പാതാളകേരളത്തിന്നധിപൻ അടുത്ത ഉത്തരവിറക്കി, “ഉള്ളവന്മാരെല്ലാം അൽപാല്പമായി ഇല്ലാത്തവന് വീതിച്ചു നൽകുവിൻ”
അവർ അതും അനുസരിച്ചു.
തന്റെ ഭൂമികേരളപ്രജകളെ പോലെ പാതാളകേരളപ്രജകളും തന്നെ അനുസരിക്കുന്നതിൽ മഹാബലി അതിയായി സന്തോഷിച്ചു.
“ഇനി ഞങ്ങൾ എന്തു വേണം പ്രഭോ?”
ജനങ്ങൾ ഒന്നടങ്കം ചോദിച്ചു.
“നിങ്ങൾ നോമിന്റെ പ്രജകളായി ഈ പാവയ്ക്കാകൃതിക്ക് ഉള്ളിൽ ജീവിക്കണം. നിങ്ങൾ സന്തുഷ്ടരായിരിക്കും എന്ന് നോം ഉറപ്പു തരുന്നു”
ജനങ്ങൾ തിരുമേനിയെ കുമ്പിട്ടു വണങ്ങി, പാവയ്ക്കക്കുള്ളിലായി അവനവന്റെ പാർപ്പിടം നിർമ്മിക്കുന്നതിൽ മുഴുകി.
പരസ്പരം സഹായിക്കാൻ അവർ മുൻപില്ലാത്ത വിധം വ്യഗ്രത കാണിച്ചു. അധ്വാനിച്ചു ശീലമില്ലാത്തവർ പോലും അവരറിയാതെ ജോലിയിൽ വ്യാപൃതരാകുന്നത് കണ്ട് അത്ഭുതപെടാൻ മറ്റുള്ളവർക്ക് പക്ഷേ സമയമുണ്ടായിരുന്നില്ല.
തിരുമേനിയുടെ വാക്കുകൾ ശ്രവിച്ച് ജനങ്ങൾ സദാ കർമ്മനിരതരായി.
പാതാളത്തിലെ പാവയ്ക്കാ പ്രദേശത്ത് മഹാബലിയുടെ പ്രജകൾ കൃഷി ആരംഭിച്ചു. അന്നാട്ടിൽ പൊന്നു വിളഞ്ഞു. ജനങ്ങൾ പുഞ്ചിരി തൂകി. പകയും വിദ്വേഷവും അവരിൽ നിന്നും എവിടെയോ പോയി മറഞ്ഞു.
“മഹാബലി തിരുമനസ്സ് നീണാൾ വാഴട്ടെ!” അവർ ആർത്തു വിളിച്ചു.
ആ നാട്ടിൽ നിന്നും പട്ടിണിയും ദാരിദ്ര്യവും കപ്പൽ കയറി. സമ്പൽസമൃദ്ധിയും സന്തോഷവും അതേ കപ്പലിൽ തിരികെ വന്നിറങ്ങി.
ജനങ്ങൾ ആടിയും പാടിയും ജീവിതം ആനന്ദനിർഭരമാക്കി. അവർ പാടി,
“മാവേലി ഈ നാടു വാഴും കാലം,
ഞങ്ങളെല്ലാം ഇന്ന് ഒന്നുപോലെ..
കള്ളം മറന്നു ചതി മറന്നു..
രോഗവും വ്യാധിയും ഒന്നുമില്ല..
പൊളിവചനം എള്ളോളോം ഞങ്ങൾക്കിന്ന്
ഓർമ്മിക്കാനൊട്ടും സമയമില്ല…”
അങ്ങനെ പ്രഭുവും പ്രജകളും പാതാളനാട്ടിൽ അത്യന്തം ആനന്ദത്തോടെ ജീവിച്ചു പോവുന്നതിനിടെ ദൈവങ്ങൾക്ക് വീണ്ടും അസൂയ മൂത്തു.
പാതാളകേരളത്തിലെ കുണ്ടും കുഴിയുമില്ലാത്ത റോഡുകളും പേരിനൊരു തെരുവുപട്ടി പോലുമില്ലാത്ത വഴിയോരങ്ങളും ആദ്യമഴ പോയിട്ട് എത്രയെത്ര മഴ പെയ്താലും നാട്ടിൽ വെള്ളപ്പൊക്കം വരാത്ത രീതിയിൽ മുൻപേ കൂട്ടി ബുദ്ധിപൂർവ്വം സംവിധാനം ചെയ്തിരിക്കുന്ന പാതാളനാട്ടിലെ ഡാമുകളും ജലാശയങ്ങളും ആരെയാണ് അസൂയപ്പെടുത്താത്തത്?
ഇനിയൊരിക്കൽ കൂടെ ദാനധർമ്മത്തിന്റെ കണക്ക് പറഞ്ഞ് മഹാബലിയെ കുടുക്കാൻ കഴിയില്ലെന്നറിഞ്ഞ ദൈവങ്ങൾ പുതിയ തന്ത്രം പ്രയോഗിച്ചു.
അതിലൊരു ദൈവം ദൈവമായി തന്നെ ഒരു രാവിൽ മഹാബലിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട് അറിയിച്ചു.
“എടോ മഹാബലിയേ.. കേരളഭൂവിൽ ജനങ്ങൾ തന്നെ കാണാതെ കണ്ണീരിലാണ്. താനൊന്ന് അവിടം വരെ പോണം. അന്നവർക്ക് ആഘോഷമായിരിക്കും. ഓണാഘോഷം. ഈ വരുന്ന ചിങ്ങമാസത്തിലെ അത്തം പത്താം നാൾ താനങ്ങട് എഴുന്നള്ളിയേക്ക്. തനിക്കവിടെ ബോധിച്ചെങ്കിൽ സ്ഥിരം താമസമാക്കിയേക്ക്”
“അവിടുന്ന് അരുളും പോലെ..” മഹാബലി ദൈവത്തിനു മുന്നിൽ കൈകൾ കൂപ്പി.
അങ്ങനെ ആ ദിനം വന്നെത്തി. പാതാളപ്രജകളോട് യാത്രാമൊഴി ചൊല്ലി “കാത്തിരിക്കണം” എന്ന് കൽപ്പിച്ച് തമ്പുരാൻ മുഷ്ടി ചുരുട്ടി മേലോട്ട് ഒരിടി.
അവിടന്ന് ഉയർന്നു പൊങ്ങിയ മഹാബലി കേരളഭൂവിൽ കുന്നംകുളം ദേശത്ത് റോഡിൽ എവിടെയോ ഒരു കുഴിയിൽ കാല് കുത്തി. ചളിവെള്ളം വീണ് നനഞ്ഞ പട്ടുടയാട മൈൻഡ് ചെയ്യാതെ തമ്പുരാൻ തന്റെ പ്രിയപ്പെട്ട നാട് കൺകുളിർക്കെ കാണുന്നതിനിടയിൽ രണ്ടു നീണ്ട നീലശകടങ്ങൾ “ഞാനാദ്യം.. ഞാനാദ്യം” എന്ന മട്ടിൽ ചീറിപ്പാഞ്ഞ് വരുന്നത് കണ്ട തമ്പുരാൻ അടുത്തു കണ്ട കടയിലേക്ക് ഓടിക്കയറി.
ഉടനെ രണ്ടുപേർ ചേർന്ന് അദ്ദേഹത്തിന്റെ രണ്ടുകാലും പിടിച്ചു പൊക്കി ഒരു ചില്ലുകൂട്ടിൽ കൊണ്ടു നിർത്തി ഒരു ബോർഡും വെച്ചു. “ഒറിജിനലിനെ വെല്ലുന്ന മാവേലിയെ വില്പനക്ക്”
അവിടന്ന് ആടയാഭരണങ്ങളും ഉടയാടകളും നഷ്ടപ്പെട്ട് കഷ്ടിച്ച് രക്ഷപ്പെട്ട മാവേലി നീണ്ടു നിവർന്നു പരന്ന് കിടക്കുന്ന കണ്ടവും വരമ്പും റോഡും താണ്ടി ഒന്ന് വിശ്രമിക്കാനായി റോഡരികിൽ കണ്ട ഒരു വലിയ കെട്ടിടത്തിലേക്ക് ഓടിക്കയറി.
അന്നേരം അവിടത്തെ ഒരു ശുഭ്രവസ്ത്രധാരി വന്ന് ഇപ്രകാരം പറഞ്ഞു, “നിങ്ങൾ നല്ലപോലെ കിതക്കുന്നുണ്ടല്ലോ. ഹൃദ്രോഗവിഭാഗത്തിൽ നിന്നാണ് ല്ലേ? സ്കാനിങ്ങിന് അടുത്തതിന്റെ പിന്നത്തെ മാസം 25ആം തീയതി വന്നാൽ മതി”
അവർ കുറിച്ചു കൊടുത്ത ചീട്ടും വാങ്ങി മഹാബലി പുറത്തേക്കിറങ്ങി ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എന്നത് ശ്രദ്ധയിൽ പെടുന്നത്.
“ഹൃദ്രോഗി കാലപുരി പൂകി രണ്ട് മാസം കഴിഞ്ഞിട്ടാണോ ഇവിടെ സ്കാനിങ് പരിശോധന?” എന്നും ഓർത്ത് നിരാശനായി അലസമായി നടന്നു നീങ്ങിയ മാവേലി അറിയാതെ ചെന്നുകയറിയത് ഏതോ ഒരു ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയിലേക്ക് ആയിരുന്നു.
ആര് മാവേലി ആകണം എന്ന കാര്യത്തിൽ തീർപ്പുകൽപ്പിക്കാൻ ആവാതെ തർക്കിച്ചിരുന്ന അവരുടെ ഇടയിലേക്ക് കയറിവന്ന ഒറിജിനൽ മാവേലിയെ ആളറിയാതെ പിടിച്ച് അവർ ആഭരണങ്ങളും വേഷവിധാനങ്ങളും അണിയിച്ചു ഓലക്കുട കയ്യിൽ കൊടുത്തു.
വീടുവീടാന്തരം കയറിയിറങ്ങാൻ അവസരം ഒത്തുകിട്ടിയ മാവേലി തന്റെ മുൻപ്രജകളുടെ ക്ഷേമം നിരീക്ഷിക്കുകയായിരുന്നു.
പിന്നീടദ്ദേഹം തന്റെ പ്രജകളുടെ ക്ഷേമം അറിയാനായി ജില്ലകൾതോറുമുള്ള ഓരോ വീടുകളിലും കയറിയിറങ്ങി.
ഐക്യത്തോടെ ജീവിക്കാൻ താൻ പഠിപ്പിച്ച തന്റെ പ്രജകളുടെ കുശുകുശു വർത്താനങ്ങൾ ഇതിനിടയിൽ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു.
“ടാ.. ദേ പോണ് ഓരെ മാവേലി”
“മാവേലി ഞമ്മളതല്ല, ഓരതാ..”
“മാവേലി നമ്മുടെത് മാത്രം. ആ തലയിലുള്ളത് കിരീടമാണ്.. അത് അവന്മാരടെ തൊപ്പിയൊന്നും അല്ല.. .”
“ഓണം ഹിന്ദുക്കളുടേതാ”
കുശുകുശുപ്പിന് ശേഷം ചിലയിടങ്ങളിൽ നിന്നും കേട്ട ചില തർക്കങ്ങൾ മാവേലിയെ ശരിക്കും അമ്പരപ്പിച്ചു.
“മഹാബലി ഹിന്ദുവാണ്.”
“അല്ല.. മുസൽമാനാണ്. മമ്മദലിയുടെ ഏട്ടൻ, സൈദാലിയുടെ മോൻ”
“അല്ല. മാവേലി ക്രിസ്ത്യനാണ്. മാത്തപ്പന്റെയും ഏലിക്കുട്ടിയുടേം മോൻ. മാത്തപ്പന്റെ “മാ” പ്ലസ് ഏലിക്കുട്ടീടെ “ഏലി” സമം മാവേലി”
മഹാബലി തമ്പുരാൻ ഇതൊക്കെ കേട്ട് മൂക്കത്ത് വിരൽ വെച്ചു. “നോം എന്താ ഈ കേൾക്കുന്നെ? നോം ഭരിച്ച കേരളത്തിൽ എല്ലാവരും സമന്മാർ ആയിരുന്നു. നോം കേരളത്തിലെ ഹിന്ദുവിന്റെയും മുസൽമാന്റെയും ക്രിസ്ത്യാനിയുടെയും ചക്രവർത്തിയായിരുന്നു. കോരനും രാമനും അബ്ദുവും വർഗീസും നോമിന്റെ പ്രജകൾ ആയിരുന്നു”
മാവേലിക്ക് ആകപ്പാടെ ഭ്രാന്ത് പിടിച്ചു. മതത്തിനെ കൂട്ടു പിടിച്ച് യഥാർത്ഥ മതസ്നേഹികൾ അല്ലാത്ത മതവിരോധികൾ എന്ന് വിളിക്കാവുന്ന കുറെപ്പേർ തന്റെ നാടിനെ നശിപ്പിച്ചിരിക്കുന്നു.
മതേതരത്വം പറഞ്ഞ് ഒപ്പനപ്പാട്ടിനും മാർഗംകളിപ്പാട്ടിനും തിരുവാതിരക്കളി കളിച്ച് നാടിന്റെ സംസ്കാരം നശിപ്പിച്ചിരിക്കുന്നു.
എനിക്കിനി ഈ നാട്ടിൽ ഓണം കൂടാൻ വരണ്ട. എന്റെ പാതാള നാട്ടിലെ പ്രജകൾ ഇത്പോലെ വഴിതെറ്റും മുൻപ് എനിക്ക് അവിടെ എത്തണം. “എവിടെ വാമനൻ. വീണ്ടുമെന്നെ ചവിട്ടിതാഴ്ത്തൂ.. വാമനാ….”
ആ വിളി കേട്ട് എവിടെനിന്നോ നാലഞ്ച് തെരുവുപട്ടികൾ പാഞ്ഞുവന്നു. തിരുമേനി തിരിഞ്ഞു നോക്കാതെ പിടഞ്ഞോടി.
ഓടുന്നതിനിടയിൽ പട്ടികളെ സ്തബ്ദരാക്കിക്കൊണ്ട് കേടുവന്ന പൈപ്പ് ശരിയാക്കാൻ റോഡിലെ വാട്ടർ അതോറിറ്റി കുഴിച്ചു പകുതി ആക്കിയിട്ട് പോയ കുഴിയിലൂടെ മഹാബലി തമ്പുരാൻ പാതാളത്തിലേക്ക് ഊർന്നിറങ്ങിപ്പോയി.
ഇനിയൊരിക്കലും കേരളത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകരുതെന്ന് ദൈവങ്ങളോട് അദ്ദേഹം പ്രാർത്ഥിച്ചു കാണുമോ?
(ഐതിഹ്യമനുസരിച്ച് വാമനൻ മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി എന്നതിന് പുറകെ മാവേലിക്ക് എന്തു സംഭവിച്ചിട്ടുണ്ടാവും എന്നതിനെ കുറിച്ച് വല്യ വിവരമില്ലാത്ത, പുരാണങ്ങളിലും ചരിത്രങ്ങളിലും ഒരു പിടിപാടും ഇല്ലാത്ത ഈയുള്ളവളുടെ വെറും ഭാവന🙏)




ആശംസകൾ
👍👍😍
Thank you മലയാളി മനസ്സ് 🙏😍❤️