കാലം ഞൊറിയിട്ട
യവനികയ്ക്കുള്ളിലായി
ഓർമ്മകൾ ചിതൽ തിന്നു
പോയോരമ്മ!
നെഞ്ചിലെക്കനലൂതിത്തെളിച്ചങ്ങു
നോവിന്റെ നീരാഴി നീന്തിക്കടന്നു..
കതിരൊളി വീശിക്കടന്നുപോയി കാലം.
വടവൃക്ഷങ്ങളായി മക്കളെട്ടും പടർന്നു.
നിദ്രാ വിഹീനമീ രാവുകൾ വിരസമാം
പകലുകളൊന്നായ്ക്കടന്നു പോകെ
ആ വലിയ ബംഗ്ലാവിലെ മുറിയിലെ-
യൊറ്റക്കട്ടിലിൽ,
വെള്ളെഴുത്തിൻ ഗരിമയേറും മിഴി
ചിമ്മിത്തുറന്നു
പരതുമമ്മയങ്ങുമിങ്ങും.
പട്ടിണിയേറെ ഭുജിച്ചു ശീലിച്ചതാം
വായ് പാതി തുറന്നൊരു ഗഹ്വരം
പോലതിൽ
ഉപ്പില്ലാക്കഞ്ഞി
കോരിയൊഴിക്കുന്നായ
ദാക്ഷിണ്യമൊട്ടുമില്ലാതെ ചൊല്ലുന്നു.
‘ഇല്ല തള്ളേ നിങ്ങളെയവർക്കു വേണ്ട’.
കരണ്ടിതന്നഗ്രം കൊണ്ടിട്ടോ നെഞ്ചു,
വിങ്ങിയിട്ടോ ഒന്നു ഞരങ്ങിയമ്മ.
പശിമയേറുമാ ദ്രവം
ശുഷ്കിച്ച കവിളിലൂടൊഴുകി വീഴുന്നു.
‘എന്റെ കൂരയിൽ നാലു മക്കളുണ്ട്.
അവരുടെയഷ്ടിക്കു തേടുവാൻ
‘മുടങ്ങാതെ കിട്ടുന്നു നാലു കാശ്.
അതിനാലെ ഞാൻ നിങ്ങടെയപ്പി
കോരുന്നു’വെന്നു ചൊന്നു ആയ .
കുഴിഞ്ഞ കൺതടങ്ങളിൽ
നീർ തിളങ്ങി.
സ്വന്തബന്ധങ്ങളറ്റുപോയെന്നാലും
കരിവണ്ടിയേറി മലനാട്ടിലെത്തി.
കാട്ടുമൃഗങ്ങൾ, മലമ്പനി, പട്ടിണി-
യൊന്നുമേയമ്മയിലന്നേശിയില്ല.
ഇന്നീയേകാന്ത ദുഃഖത്തിലുരുകുന്നു
ഇടനെഞ്ചിൽ തുടിക്കുന്നയിത്തിരി
പ്രാണൻ.
‘വീതത്തിലര സെന്റ് കുറഞ്ഞെന്ന’
പേരിൽ
മുഖം കറുപ്പിച്ചു
കടിഞ്ഞൂലിറങ്ങിപ്പോകെ
‘അരുതെന്റെ കുഞ്ഞേ’
യെന്നുൾത്തടം വിങ്ങിയ നിലവിളി
തൊണ്ടയിൽക്കുരുങ്ങി.
ശ്വാസം തടഞ്ഞുപോയി.
നടുവിലാൻ തിരിഞ്ഞങ്ങു നടന്നു
‘എനിക്കൊന്നുമറിയേണ്ട കേൾക്കേണ്ട
മൂത്തോനുമിളയോനുമില്ലേ?’
പെണ്മക്കളെല്ലാമുത്തരവാദിത്ത-
ബാഹുല്യമേറി നട്ടം തിരിയുന്നു പോൽ
കമ്പനിയേഡായ ഇളയവനൊന്നിന്നു
മൊട്ടുനേരമില്ലെന്ന പരാതി മാത്രം..
ഏറെ സ്നേഹം നടിച്ചമ്മയോടൊട്ടി-
ത്തീറെഴുതി വാങ്ങിയ വീടവൻ വിറ്റു.
മുലപ്പാല് വറ്റിയ
അമ്മിഞ്ഞക്കണ്ണിന്മേൽ
കുഞ്ഞരിപ്പല്ലുകളാഴ്ന്നതുപോൽ
മാറിടം വിങ്ങിയമ്മയുറക്കെ
വിളിക്കുന്നു
നിരന്തരം തന്റെ പൊന്നോമനയെ.
‘പൊന്നുമോനേ ദൂരേയ്ക്ക് പോയിടല്ലേ,
തട്ടി മറിഞ്ഞെങ്ങും വീണുപോകല്ലേ’
യെന്നമ്മ
കാലത്തിൻ പിന്നിലേയ്ക്കൂളിയിട്ടു.
അപ്പിയും മൂത്രവും കഴുകിമാറ്റി
ആ ദേഹം നന്നായിത്തുടച്ചൊരുക്കി
ഡയപ്പർ മാറ്റുന്ന ആയയുടെ
വിരലൊട്ടു നേരം നിശ്ചലമായി.
ഝടുതിയിലങ്ങു ലോഡിങ്ങുകാർ
വന്നു.
ഇളകുന്ന സ്ഥാവരജംഗമ വസ്തുക്കൾ
ഓരോ ലോഡായി കയറ്റിവിട്ടു.
ഒടുവിലാ മുറിയിലെ പഴയ കട്ടിലിൽ
ചരുണ്ടു കൂടിക്കിടക്കുന്ന
സ്ഥാവരജംഗമമല്ലാത്ത വസ്തുവേ
മുച്ചക്ര ശകടത്തിൽ കൊണ്ടുവച്ചു.
കെട്ടും ഭാണ്ഡവുമരികിലിട്ടു
ആയയും യാത്ര പറഞ്ഞിറങ്ങി.
വലിയൊരു വൃദ്ധസദനത്തിൻ
മുന്നിലായി ആ ശകടം മെല്ലെച്ചെന്നു
നിന്നു.
ലോഡിറക്കാനായകത്തു നിന്നും
രണ്ടു വെള്ളക്കുപ്പായക്കാരോടി വന്നു.
വാരിയെടുത്തവർ ആ പഴയ
വസ്തുവേ
പച്ച വിരിച്ചു കാലിളകിയാടുന്ന
ഇരുമ്പു കട്ടിലിലൊന്നിൽക്കിടത്തി.
പീളയടിഞ്ഞ കണ്ണുകൾ പാതി
തുറന്നമ്മ
അസ്പഷ്ടമായവരോടാരാഞ്ഞു;
‘എന്റെ മക്കളേ
നിങ്ങളെന്നെയെങ്ങു
കൊണ്ടുപോണു.?’
മറുപടിയേകാതെ തിരിഞ്ഞു നടന്നവർ
മറ്റൊരു ലോഡുമായി വണ്ടി വന്നു.
തിരക്കാണവർക്കും ലോഡുകളിനിയു-
മെത്താനുണ്ടാ വൃദ്ധസദനത്തിൻ
മുന്നിൽ.




നന്നായിട്ടുണ്ട്
മനോഹരം 👏🙏