Friday, April 3, 2026
Homeഅമേരിക്ക'ജാനകി രക്ഷിക്കപ്പെട്ടു' (രാജൂ മൈലപ്രാ)

‘ജാനകി രക്ഷിക്കപ്പെട്ടു’ (രാജൂ മൈലപ്രാ)

പൊടിയൻ പുലയൻ്റെ മൂന്നാമത്തെ കെട്ടിയോളാണ് ജാനകി. ആദ്യ ഭാര്യ ഗൗരി പ്രസവത്തോടെ മരിച്ചു. ആ പ്രസവത്തിലുണ്ടായ മകനാണ് സുകമാരൻ. സുകുമാരനും ഞാനും സമപ്രായക്കാരാണ്. പൊടിയൻ പുലയൻ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം.

തള്ളിയില്ലാത്ത പൊടിക്കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തിയെടുക്കുവാൻ ഒരു പുരുഷന് പറ്റില്ലല്ലോ! അപ്പോഴാണ് ബന്ധുവായ നാണിത്തള്ള ഒരു നിർദേശം മുന്നോട്ടുവെച്ചത്.

‘എടാ പൊടിയാ- നീയൊരു കാര്യം ചെയ്യ്. നിനക്കൊരു പെണ്ണുവേണം. ഇവിടെ എന്റെ പെൺകൊച്ച് ജാനകി വെറുതെ നിൽക്കുകയല്ലിയോ! അവക്കും ഒരു പൊടിക്കിടാവുണ്ട്. അവടെ കെട്ടിയോനാണെങ്കിൽ, കള്ളും കുടിച്ച്, കഞ്ചാവുമടിച്ച് കൂത്താടി, ഒരു തേവിടിശ്ശിയോടൊപ്പം തണ്ണിത്തോട്ടിലെങ്ങാണ്ടാ പൊറുതി. നിൻ്റെ പൊടിക്കൊച്ചിന് മുല കൊടുക്കുവാൻ ഒരാളു വേണ്ടേ? തൽക്കാലം നീയാ പെണ്ണിനെ വിളിച്ചോണ്ടു പോ.

നാണിത്തള്ളയുടെ ഇടപെടൽ പൊടിയൻ പുലയനു പിടിച്ചു. അങ്ങിനെ അയാളേക്കാൾ പത്തിരുപത് വയസ് പ്രായക്കുറവുള്ള ജാനകി, അയാൾക്കും പൊടിക്കുഞ്ഞിനും ഒരു തുണയായി, ഇണയായി കൂടെക്കൂടി.

ഒരു ചെറിയ ചെറ്റക്കുടിലിലായിരുന്നു അവരുടെ താമസം. ചെറ്റക്കുടിലിൽ താമസിക്കുന്നവരെ ‘ചെറ്റകൾ’ എന്നു വിളിക്കുന്ന ഒരു ‘സംസ്‌കാരം’ അന്നു തുടങ്ങിയിട്ടില്ലായിരുന്നു.

വലിയ ‘പ്രൈവസി’ ഒന്നു മില്ലെങ്കിൽതന്നെയും ചെറ്റക്കുടിലുകൾ സന്താനോല്‌പാദനത്തിന് ഒരിക്കലും ഒരു തടസമായിരുന്നില്ല. ഒരു കൂരക്കീഴിൽ തട്ടിയും മുട്ടിയും കഴിഞ്ഞ അവരുടെ ദാമ്പത്യവല്ലരിയിൽ മുന്നു കുസുമങ്ങൾകൂടി വിരിഞ്ഞു.

ആ ഒരു കാലഘട്ടത്തിൻ്റെ പ്രത്യേക സാമൂഹ്യ സാഹചര്യത്തിൽ, മൂന്നാം ക്ലാസിൽ വെച്ചുതന്നെ സുകുമാരൻ പഠനം നിർത്തി. എന്നാൽ ഒരേ ക്ലാസിൽ തന്നെ രണ്ടും മൂന്നും വർഷം പഠിക്കേണ്ടി വന്നതിനാൽ, മലയാള അക്ഷരമാലയൊക്കെ സുകുമാരന് ഹൃദിസ്ഥമായിരുന്നു.

പൊടിയൻ പുലയൻ്റെ പെങ്ങളൂട്ടി തങ്കയുടെ മകൾ തങ്കമണി, വകയിൽ സുകുമാരന്റെ മുറപ്പെണ്ണാണ്.

സുകുമാരൻ തന്റെ മനസ്സിൽ, തങ്കമണിക്കുവേണ്ടി സ്വപ്‌നംകൊണ്ടൊരു തങ്കക്കൊട്ടാരം തീർത്തിരുന്നു. എന്നാൽ പത്താം ക്ലാസിൽ തോറ്റെങ്കിലും, പാടത്ത് പണിയെടുക്കുവാൻ പോകാത്ത പരിഷ്കാരിയായ തങ്കമണി, പത്തനംതിട്ട’ പയനിയറിൽ’ ട്യൂട്ടോറിയൽ കോളജിൽ തന്റെ പഠനം തുടർന്നു.

തങ്കമണിയുടെ തിളങ്ങുന്ന സ്വപ്‌നങ്ങളിലെ നിഴലുകളിൽ പോലും സുകുമാരൻ്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

സുകുമാരന്റെ വേദനിക്കുന്ന മനസ്സിനുള്ളിൽ ഒരു കവി ഹൃദയമുണ്ടായിരുന്നു. തങ്കമണിയുടെ മുഖത്ത് ആസിഡ് ഒഴിക്കുവാനോ, കരിക്കിൻ വെള്ളത്തിൽ എലിവിഷം ചേർത്ത് അപായപ്പെടുത്താനോ ഉള്ള ആധുനിക കാമുക പ്രതികാര വിദ്യകളൊന്നും ആ ശുദ്ധ മനസ്സിൽ ഇടംതേടിയില്ല.

പകരം തന്റെ മനസ്സിൻ്റെ വിങ്ങലുകൾ അയാൾ കവിതകളിലൂടെ കടലാസിൽ പകർത്തി.

‘ആട്ടിടയനും കോളേജ് കുമാരി’യും എന്ന പേരിൽ ഒരു കവിത എഴുതി; അതിൽ തെറ്റുവല്ലതുമുണ്ടെങ്കിൽ തിരുത്തിക്കൊടുക്കണമെന്നു പറഞ്ഞ് എന്നെയേൽപിച്ചു. ഞാനൊരു പണ്ഡിതനാണെന്ന് ആ പാവം തെറ്റിദ്ധരിച്ച് കാണും. അന്നും ഇന്നും കവിതയുമായി എനിക്കൊരു ബന്ധവുമില്ല.

എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരേ ചൊവ്വേ അങ്ങു പറഞ്ഞാൽ പോരേ എന്ന പിന്തിരിപ്പൻ ചിന്താഗതിക്കാരനാണ് ഞാൻ. എന്തിന് കടിച്ചാൽ പൊട്ടാത്ത വാക്കുകൾ അവിടെയുമിവിടെയും അടുക്കിവെച്ച് വായനാക്കാരെ ബുദ്ധിമുട്ടിക്കണം?

നേഴ്സിംഗ് പഠനത്തിനായി തങ്കമണി ബോംബെയ്ക്ക് പോയെന്നും, അവിടെവെച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടുവെന്നുമുള്ള ഒരു വാർത്ത പിൽക്കാലത്ത് കേട്ടിരുന്നു.
***                     ***                    ***                 ***

ഒരു അവധിക്കാലത്ത് ഞാൻ നാട്ടിലുള്ളപ്പോൾ ജാനകി എന്നെ കാണാൻ വന്നിരുന്നു.

‘എന്തുണ്ട് ജാനകി വിശേഷം?’

‘ഒന്നുമില്ല കുഞ്ഞേ! വന്നിട്ടുണ്ടെന്ന് മൂലേക്കോണിലെ ജോയിച്ചായൻ പറഞ്ഞു. എന്നാൽ ഒന്നു കണ്ടേച്ചു പോകാമെന്ന് കരുതി’.

‘കൈയിലെന്താ ഒരു പുസ്തകമിരിക്കുന്നത്?’

‘ഓ, അതോ- വേദപുസ്തകമാണ്. ഞാനിവിടെ രക്ഷിക്കപ്പെട്ടപ്പോൾ തേവുപാറേ മറിയക്കുട്ടിയമ്മാമ്മ തന്നതാണ്. ഇത് എപ്പോഴും കൈയിൽ കൊണ്ടു നടക്കണമെന്നു പറഞ്ഞു’ ജാനകി എന്റെറെ മുന്നിൽ തറയിലിരുന്നു.

‘ എങ്ങിനെയാണ് ജാനകി രക്ഷിക്കപ്പെട്ടത് ?’

‘എന്റെ പൊന്നു കുഞ്ഞേ ! പറഞ്ഞാൽ വിശ്വസിക്കില്ല. ഞാനൊരു വെള്ളിയാഴ്‌ച ദിവസം മൈലപ്രാ പഞ്ചായത്ത് പടിക്കൽ വരെ പോകാൻ ഇറങ്ങിയതാണ്. മണിയാറ്റു പടിക്കൽ ഒരു പാലമരം നിൽപ്പുണ്ടല്ലോ. ആ മരച്ചുവട്ടിൽ എത്തിയപ്പോൾ പെട്ടെന്ന് എന്റെ കണ്ണിന്റെ കാഴ്‌ച പോയി. പെട്ടെന്ന് ഇടി മുഴങ്ങുന്നതുപോലെ ഒരു ശബ്ദം. ഞാനാകെ പേടിച്ചുപോയി. അന്നു തുടങ്ങിയതാ ഈ വിറയൽ.’

‘ ജാനകീ, നീ പഞ്ചായത്ത് പടിക്കൽ പോകണ്ടാ, ആ വളവിനു തേവുപാറാ മറിയക്കുട്ടിയുടെ വീട്ടിൽ പ്രാർത്ഥന നടക്കുന്നുണ്ട്. ബാക്കി കാര്യം മറിയക്കുട്ടി സഹോദരി പറയും.’

പെട്ടെന്ന് എനിക്ക് കാഴ്‌ച തിര്യേ കിട്ടി. ആരോ എന്നെ പിടിച്ചുവലിച്ച് തേവുപാറ എത്തിച്ചു. അവിടെ കുറെ സഹോദരിമാർ പാട്ടുപാടി പ്രാർത്ഥിക്കുന്നുണ്ട്. സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ഞാൻ രക്ഷിക്കപ്പെടണമെന്നു പറഞ്ഞു. മറിയക്കുട്ടിയമ്മാമ്മ പറഞ്ഞതൊക്കെ ഞാൻ ഏറ്റുപറഞ്ഞു. കർത്താവ് നിന്റെ പാപമെല്ലാം ക്ഷമിച്ചുവെന്നും, ഇനി നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയായെന്നും പറഞ്ഞു. എന്നിട്ട് തന്നതാണ് ഈ വേദപുസ്തകം……

“ജാനകി എന്തു പാപമാണ് ചെയ്‌തത്‌?” ചില പുരോഹിതന്മാർ കുമ്പസാരത്തിനിടയിൽ കിഴിഞ്ഞ് ചോദിക്കുന്നതുപോലെ ഞാൻ ചോദിച്ചു.

‘ അതു പിന്നെ, നമ്മളെല്ലാം പാപികളായിട്ടാണ് ജനിച്ചതെന്നാണ് മറിയക്കുട്ടിയമ്മാമ്മ പറഞ്ഞത്.’

ജാനകി വേദപുസ്തകം വായിക്കാറുണ്ടോ?’

‘എന്റെ കുഞ്ഞേ! എനിക്ക് എഴുത്തും വായനയുമൊന്നും അറിയില്ല. പിന്നെ ഞാൻ എങ്ങനെ വായിക്കാനാണ്.’

‘ ആട്ടെ! സ്വർഗ്ഗത്തിൽ പോയതുകൊണ്ട് എന്താണ് ഗുണം?’

എന്നിലെ സാത്താൻ പത്തി വിടർത്തി.

‘അവിടെ നമ്മൾക്ക് എപ്പോഴും ആനന്ദമാണ്. ദൈവത്തിൻ്റെ മുന്നിൽ സർവ്വ സമയവും കൈകൊട്ടി പാട്ടു പാടിക്കൊണ്ടിരിക്കാം. പിന്നീട് നമ്മൾ ഒരിക്കലും മരിക്കില്ല. നിത്യ ജീവൻ പ്രാപിക്കും’

‘അപ്പോൾ അവിടെ തീനും, കുടിയും ഊണും, ഉറക്കവുമൊന്നുമില്ലേ?’

‘അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് മറിയക്കുട്ടിയമ്മാമ്മ പറഞ്ഞത്’.

(ഇതുപോലെ ചില മറിയക്കുട്ടിയമ്മാമ്മമാർ എല്ലാ സഭയിലുമുണ്ട്. പള്ളിയിൽ പോകും. എന്നാൽ പള്ളിലച്ചന്റെ പ്രാർത്ഥന അത്ര പോരാ എന്ന തോന്നലുകൊണ്ടാവാം, അവർ കുറച്ചു പെണ്ണുങ്ങൾ ചേർന്ന് അച്ചനറിയാതെ ഒരു ഗ്രൂപ്പുണ്ടാക്കും. ‘പ്രെയർ ലൈൻ’ എന്നൊരു ഫോൺ കൂട്ടായ്മയുണ്ട്. സ്വന്തം മക്കളുടെ കുറ്റങ്ങളും കുറവുകളുമെല്ലാം ഈ ഗ്രൂപ്പിൽ കൂടി വിളിച്ചു പറയും. എന്നിട്ട് വഴിതെറ്റിപ്പോയ ആ കുഞ്ഞാടുകൾക്കായി എല്ലാവരും കൂടി നെഞ്ചത്തടിച്ച് നിലവിളിച്ച് പ്രാർത്ഥിക്കും. അങ്ങിനെ സ്വന്തം പിള്ളാരെ സമൂഹത്തിൽ നാറ്റിക്കും.)

‘നിന്റെ ദൈവമായ കർത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത്’ എന്ന തിരുവചനം പെട്ടെന്ന് ഓർമ്മ വന്നതുകൊണ്ട് ഞാൻ പിന്നീട് ജാനകിയോട് മറ്റ് ചോദ്യങ്ങളൊന്നും ചോദിച്ചില്ല.

‘എന്നാൽ ഞാനിറങ്ങുവാ കുഞ്ഞേ! ഇനി എന്നെങ്കിലും കണ്ടാലായി’- ജാനകി എഴുന്നേറ്റു. ഞാൻ കൊടുത്ത ചെറിയ സംഭാവന രണ്ടു കണ്ണിലും മുട്ടിച്ച് മടിയിൽ തിരുകി.

‘ കുഞ്ഞിനെ ഭഗവാൻ അനുഗ്രഹിക്കും…..’

‘ദേവീ…..എന്നു നീട്ടിവിളിച്ചുകൊണ്ട് ഞാനകി യാത്രയായി. കഴിഞ്ഞ ആഴ്‌ച അവർ മരിച്ചുപോയി എന്ന വാർത്ത കേട്ടു.

പട്ടിണിയും, വിശപ്പും, ദാഹവുമൊന്നുമില്ലാത്ത ഒരു സ്വർഗ്ഗത്തിൽ അവർ ദൈവത്തിന്റെ മുന്നിൽ നാടൻ പാട്ടുകൾ പാടിക്കൊണ്ടിരിക്കുകയായിരിക്കും.

‘കുറി വരച്ചാലും – കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന്.. . ദൈവം ഒന്ന്..

എല്ലാവർക്കും ഈസ്റ്റർ – വിഷു ആശംസകൾ.!

രാജൂ മൈലപ്രാ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com