Saturday, February 14, 2026
Homeഅമേരിക്കഇതളറ്റു പോകാത്ത സൗഹൃദ സുമങ്ങൾ (പ്രവാസ കഥകൾ - 4) ✍...

ഇതളറ്റു പോകാത്ത സൗഹൃദ സുമങ്ങൾ (പ്രവാസ കഥകൾ – 4) ✍ റോമി ബെന്നി.

ചിന്തകൾ കടലോളങ്ങൾ പോലെയാണ് ഒന്നു വന്നു പോകുമ്പോൾ അടുത്ത തിര വന്നടുക്കും.

ഇതൊരിക്കലും നിലയ്ക്കുകയുമില്ല . തിരകളില്ലെങ്കിൽ സാഗരമില്ലാത്തതു പോലെ നിൽക്കാത്ത വികാരവിചാരങ്ങളുടെ തരംഗങ്ങൾ ഇല്ലാതായായാൽ മനസെന്ന അമൂർത്ത സങ്കല്പം പോലും നഷ്ടമാകും.

പിറന്നതു മുതൽ കൗമാരാദ്യം വരെ ജീവിച്ചു വളർന്ന മരുഭൂമിയിലേയ്ക്കു വീണ്ടുമൊരു തിരിച്ചു വരവ്. ഗൾഫു ജീവിതം തനിക്കൊരുപുതുമയല്ല
യൂറോപ്പിലെവിടെയെങ്കിലും പോയി പഠിച്ച് ജോലിചെയ്യണമെന്ന സ്വപ്നം കാലത്തിന്റെ ഒഴുക്കിൽ എങ്ങും തടഞ്ഞു നിൽക്കാതെ അപ്രത്യക്ഷമായി .

ഉന്നത വിദ്യാഭ്യാസത്തിനായി മക്കൾ ഇന്ത്യയിൽ തന്നെ പോയി പഠിച്ചാൽ മതിയെന്ന നിർബന്ധം ചാച്ചനായിരുന്നു.

നാടിനെയും, വീടിനെയും അടുത്തറിഞ്ഞു അവർ വളരട്ടെ എന്ന ആഗ്രഹ മാണ് നടന്നത്.

താൻ ഇപ്പോൾ ജോലി തേടി ഗൾഫിൽ തന്നെ എത്തിയിരിക്കുകയാണ്.

നാട്ടിലെ വേരുമുറിക്കാതെ എപ്പോഴും വന്നും പോയുമിരിക്കാൻ ഇവിടമാണു നല്ലതെന്നു മമ്മയും പിന്താങ്ങി.

പണത്തിന്റെ പിൻബലമില്ലാത്തതാണു ആഗ്രഹങ്ങൾ പലതും ചിന്നിചിതറിക്കപ്പെടുന്നതെന്ന യാഥാർഥ്യം ചെറുപ്പത്തിലേ മനസിലാക്കി വെച്ചിട്ടുണ്ടായിരുന്നതു കൊണ്ട് നിശബ്ദമായി ആശകൾ പലതും മൂടിവെച്ചു.

ചാച്ചനെ കുറിച്ചോർക്കുമ്പോഴൊക്കെ മനസൊന്നു പിടയും. പാവം എത്ര വർഷമായി ഈ മരുഭൂമിയിൽ,കഴിയുന്നത്. ജന്മനാട്ടിൽ ജീവിച്ചതിലേറെ ഇവിടെ കഴിഞ്ഞിട്ടുണ്ടാകും.

തിരിച്ചു പോരാൻ പറയുമ്പോഴൊക്കെ

“ഒന്നുമായിട്ടില്ല. ഫാമിലിയായി ജീവിക്കുന്നവർക്ക് ഒരു പാടു,സമ്പാദിക്കാനൊന്നും പറ്റില്ല. അല്ലെങ്കിൽ അതുപോലെ കനത്ത ശമ്പളം,വാങ്ങുന്നവരായിരിക്കണം. ”

ഇടയ്ക്കിടെ ചാച്ചൻ ആത്മഗതം എല്ലാവരും കേൾക്കേ പറയാറുണ്ട്.

വിവാഹത്തിനു മുൻപു പത്തു വർഷം പ്രവാസിയായി ജീവിച്ച് സ്വന്തം വീടു പച്ചപിടിപ്പിച്ചെടുത്ത ശേഷമായിരുന്നു ചാച്ചൻ സ്വന്തം ജീവിതത്തെക്കുറിച്ചാലോചിച്ചതു പോലും.

കുടുംബ വീട്ടിലെ പഴയ ആൽബത്തിലെ ബ്ലാക്കാന്റ് വൈറ്റ് ഫോട്ടോയിൽ യുവാവായ ചാച്ചൻ എത്ര സുന്ദരനാണ്.

പള്ളികളിലും, ഗാനമേളകളിലും പാടിയാർത്തു നടന്നിരുന്ന ഉല്ലാസകാലം എന്നന്നേയ്ക്കുമായി ഉപേക്ഷിച്ച് നാടുവിട്ട ത്യാഗി തന്നെയല്ലേ ആ സാധു മനുഷ്യൻ.

പരുന്താണോ, കഴുകനാണോ വല്ലാത്ത ശബ്ദം തുടർച്ചയായി പുറപ്പെടുവിച്ച് പുറത്തെങ്ങോയിരുട്ടിൽ കരയുന്നുണ്ട്.

വല്ലാത്തൊരു അസ്വസ്ഥത മനസിനു തോന്നി. ഇതിനുമുറക്കമില്ലേ? പകലൊന്നും ഈ പക്ഷിയെ ഒരിടത്തും കണ്ടിട്ടില്ല. രാത്രി മറഞ്ഞിരുന്നു സ്വന്തം അസ്വസ്ഥതകൾ ആർക്കാണു വീതിച്ചു കൊടുക്കുന്നത്.

പണ്ടും ഇതിന്റെ ശബ്ദം ഇഷ്ടമല്ലായിരുന്നു. ഇണയെ ആകർഷിക്കാൻ ശ്രമിക്കുന്നതാണ് കരയുന്നതല്ല എന്നു കൂട്ടുകാരി ഷീന
സ്കൂളിൽ വെച്ചു പറഞ്ഞതോർത്തു.

പെട്ടെന്ന് ഓർമ്മക്കാറ്റ് വീശിയെത്തി. ഷീനയോടൊപ്പമുള്ള ചെറുപ്പകാലമെന്ന തീർത്ഥക്കരയിൽ അടുക്കുകയും അകലുകയും ചെയ്യുന്ന ചിറ്റോളങ്ങളായി അവ മാറി.

എത്രയടുപ്പമായിരുന്നു തമ്മിൽ . ഒരുമിച്ചു നടക്കും,ഒരുമിച്ച് ഇരിക്കും.
കലാകായികപരിപാടിയിലെപ്പോഴും ഒപ്പമുണ്ടാകും. തനിക്ക് സാഹിത്യവാസന തൊട്ടു,തീണ്ടിയിട്ടില്ലെങ്കിലും അവൾക്കു കൂട്ടിനായി അതിലും പങ്കെടുക്കും.

“നിങ്ങളെ ഒരുമിച്ചു
കണ്ടു കണ്ട് രണ്ടാൾക്കും മുഖസാദൃശ്യം വരെ വന്നെന്നു”
അധ്യാപകർ തമാശ പറയും.

അതുകൊണ്ട് ഷീനയെന്നു തന്നെയും റീനി എന്ന തന്റെ പേര് അവളെയും ടീച്ചേഴ്സ് മാറ്റി പറഞ്ഞു വിളിച്ചു പോകും.

റിസൾട്ടു വരുമ്പോൾ മാർക്കുപോലും ഏകദേശം ഒരു പോലെ ലഭിക്കും.

കാണാൻ പറ്റാത്തതുകൊണ്ട് സ്കൂളവധികൾ തങ്ങൾക്കു ഇഷ്ടമല്ലായിരുന്നു.

ഷീനയോടു സംസാരിച്ചിട്ട് തന്നെ എത്ര വർഷമായി. അവളുടെ കല്യാണക്കുറി വാട്സാപ്പിൽ വന്നതല്ലാതെ ഒന്നു ഫോൺ ചെയ്യാൻ പോലും പരസ്പരം കഴിഞ്ഞില്ല.

പണ്ടൊക്കെ വീട്ടിലെ ലാൻഡ് ഫോണിൽ മണിക്കൂറുകളോളം അവധി ദിവസങ്ങളിൽ ഷീനയുമായി സംസാരിക്കുമ്പോൾ മമ്മ വന്നു വഴക്കു പറയുമായിരുന്നു.

അതിനിവിടെ ലാൻഡ്ഫോൺ ഫ്രീയല്ലേ മമ്മയ്ക്കെന്താ പ്രശ്നം ? കാശു കൊടുക്കണ്ടല്ലോ

എന്നു താൻ കയർക്കുമായിരുന്നു.

“വർത്തമാനം നിറുത്തി കുറച്ചു നേരം പഠിക്കെന്റെ മോളെ”

തന്റെ മമ്മ അമർഷത്തോടെ പറയും .

ഇന്നവൾ അമേരിക്കയിലാണ്. എപ്പോഴാണ് അകന്നകന്ന് പോയത്? താൻ കേരളത്തിലും അവൾ ബാംഗ്ലൂരും പഠിക്കാൻ പോയശേഷം പതിയെ പതിയെ വിളികൾ കുറഞ്ഞു.. തീരെ മിണ്ടാതായി. ഇപ്പോൾ നമ്പർ പോലും കൈവശമില്ല.

മൊബൈലുകൾ പഴയതാകുമ്പോൾ പല ബന്ധങ്ങളും അക്കൂട്ടത്തിൽ മറഞ്ഞു പോകും . നമുക്കാവശ്യമുള്ളതെല്ലാം പുതിയ മൊബൈലിൽ ചേർക്കും. അല്ലാത്തത് ഡിലീറ്റാക്കും,മനസിൽനിന്നും, കോൺടാക്ട് ലിസ്റ്റിൽ നിന്നും.

ഷീനയെ ഇതുവരെ ഹൃദയത്തിൽ നിന്നു മാറ്റിയിട്ടില്ല. അവൾ ഏതോ അപിരിചിത ലോകത്താണു ജീവിക്കുന്നതെങ്കിലും മറന്നു കളയാനാകില്ല.

താൻ പഠിച്ച ഗൾഫിലെ സ്കൂളിൽ തന്നെ ഒരു ജോലിയൊഴിവു വന്നിട്ടുണ്ടെന്നറിഞ്ഞത് മമ്മയുടെ കൂട്ടുകാരി തങ്കാന്റി ഫോൺ ചെയ്തപ്പോഴാണ് .

ഇപ്പോൾ ചാച്ചന്റെ ഫാമിലി വിസയിലാണ് താൻ വന്നിരിക്കുന്നത്.

വിവാഹം വരെ പെൺകുട്ടികൾക്കു മാത്രം മാതാപിതാക്കളുടെ വിസയിൽ നിൽക്കാം.

പ്രായപൂർത്തി ആയാൽ ഈ ആനുകൂല്യം ആൺമക്കൾക്കു കിട്ടില്ല.

വിസ വേറെ എടുക്കേണ്ടാത്തതു കൊണ്ട് ജോലി വേഗം സ്കൂൾ അധികൃതർ തനിക്കു തന്നേക്കാം.

പക്ഷേ അതു പോര വിസയോടെ ജോലി വേണം. ചാച്ചനും മമ്മയും സ്വസ്ഥമായി ഇനി നാട്ടിൽപ്പോയി ജീവിക്കട്ടെ.

ചേച്ചിമാരുടെകല്യാണം, പ്രസവം എന്നിങ്ങനെ ഓരോ ആവശ്യങ്ങൾക്കായി അങ്ങോട്ടുമിങ്ങോട്ടും ഓടി മമ്മ തളർന്നിരിക്കയാണ്.

ഒന്നു നോക്കിയാൽ മമ്മ ജോലിക്കു പോകാതിരുന്നത് ഭാഗ്യം.

“മൂന്നു പേരും പെൺമക്കളാണ് . അവർ സ്കൂളിൽ നിന്നു വീട്ടിൽ എത്തുമ്പോൾ ആരെങ്കിലും വീട്ടിൽ വേണ്ടേ”

എന്നതായിരുന്നു ജോലിക്കു പോകാത്തതിന് മമ്മ പറഞ്ഞ ന്യായം.

പണത്തിനു ബുദ്ധിമുട്ടു വരുന്ന സമയങ്ങളിൽ

“എന്റെ ജോലി കളയരുതായിരുന്നു ”

എന്നു മമ്മ
വിലപിക്കുകയും ചെയ്യും.

അവർ കുറവുക
ളേതുമില്ലാതെ മക്കളെ വളർത്തി.മൂത്ത രണ്ടു മക്കളും നാട്ടിൽ തന്നെ വിവാഹിതരായി സ്വസ്ഥമായി കഴിയുന്നു.

തന്റെ വിവാഹം നടത്താനുണ്ട്, കടബാധ്യതയൊന്നും വരാൻ പാടില്ലയെന്നു പറഞ്ഞ് ചാച്ചനും മമ്മയും ഗൾഫിൽത്തന്നെ കൂടിയിരിക്കുകയാണ്.

ഇന്റർവ്യൂ കഴിഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയപ്പോൾ ചാച്ചനെ വിളിച്ചു.

ജോലി കിട്ടി. വിസ ഇപ്പോൾ തരില്ല. ചാച്ചൻ ജോലി,മതിയാക്കിപ്പോകുമ്പോൾ സ്കൂൾ വിസയാക്കി തരാമെന്നാണ് പറയുന്നത്. താൻ പറഞ്ഞു നിറുത്തി.

ശരി മോളെ. ഓഫർ സ്വീകരിച്ച് ജോലിക്ക് കയറ്. ചാച്ചൻ സന്തോഷത്തോടെ പറഞ്ഞു.

പന്ത്രണ്ടാം ക്ലാസിലെ കുട്ടികളെയാണ് പഠിപ്പിക്കാൻ കിട്ടിയത്. അതു കൊണ്ട് ക്ലാസുകളൊക്കെ സൗഹൃദാന്തരീക്ഷത്തിലാണ് നീങ്ങുന്നത്.

തന്നെ പഠിപ്പിച്ച പഴയ അധ്യാപകരിൽ ചിലരെ കാണുമ്പോൾ ബഹുമാനത്തിന്റേതായ ഒരു പതർച്ച അനുഭവപ്പെട്ടു എന്നു മാത്രം.

ഇടയ്ക്കിടെ ഷീനയെ ഓർമിക്കും. തങ്ങൾ നടന്ന വഴികൾ.

ബയോളജി റെക്കോർഡ് മുഴുവനായി എഴുതാതിരുന്നതിന് രണ്ടാളെയും ടീച്ചർ ലാബിൽ നിന്നു പുറത്താക്കിയ ദിനം മറ്റധ്യാപകർ കാണാതെ മറഞ്ഞിരുന്ന സ്ഥലം.

എല്ലാമെല്ലാം മാറ്റങ്ങളേതുമില്ലാതെ അതുപോലെ തന്നെയുണ്ട്.

ചെറു പുഞ്ചിരിയോടെ മുന്നോട്ടു നടക്കുമ്പോൾ ചിരപരിചിതനെ പോലെ ഒരാൾ പേരു വിളിച്ചു.

“എന്നെ ഓർമയുണ്ടോ? നിങ്ങളുടെ സീനിയറായിരുന്ന അമൽ .
ഒത്തിരി മാറിപ്പോയല്ലോ കണ്ടിട്ടു മനസിലായില്ല. !”

താൻ ചിരിച്ചു.

“എപ്പോഴും ഒരു കൂട്ടുകാരിയെ കൂടെ കാണുമായിരുന്നല്ലോ? അവർ ഇപ്പോൾ
എവിടെയാണ്.? ”

കുശലാന്വേഷണത്തിനിടയിൽ മനസിലായി. അമൽ സ്കൂളിലെ എച്ച്. ആർ. ഡിപ്പാർട്ടുമെന്റിലാണ്. എം.ബി.എ. കഴിഞ്ഞു രണ്ടു കൊല്ലം മുമ്പ് ജോയിൻ,ചെയ്തതാണ്.

സ്കൂളടയ്ക്കാൻ ഒരാഴ്ച ബാക്കിയുള്ളപ്പോൾ ഓഫീസിൽ നിന്നു വിളിക്കുന്നു എന്ന് പ്യൂൺ വന്നു പറഞ്ഞു.ചെന്നപ്പോൾ സീറ്റിൽ അമൽ മാത്രമേയുള്ളു.

“ഇന്നു വൈകുന്നേരം എന്റെ മമ്മി നാട്ടിൽ നിന്നു വീഡിയോ കോൾ വിളിക്കും. സംസാരിക്കണമെന്നു പറഞ്ഞിട്ടുണ്ട്. ” അമൽ പറഞ്ഞു.

എന്തിന്? തനിക്കത്ഭുതം തോന്നി

“തന്നെ എനിക്ക് കല്യാണം ആലോചിക്കാൻ ”

അമൽ ചിരിച്ചു.

അതിന് ഞാനിപ്പോഴൊന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ല.
മാത്രമല്ല പാരന്റ്സിനോടും പറയണം. പതർച്ചയോടെ ഞാൻ പറഞ്ഞു.

‘അതൊക്കെ പറയാം . ആദ്യം തന്നെ അവരൊക്കെ ഒന്നു കാണട്ടെ. ”
അമലിന്,കുസൃതിഭാവം

അപ്പോൾ എനിക്കിഷ്ടമായോയെന്ന് അമൽ സാർ ചോദിച്ചില്ലല്ലോ ?

താൻ പുഞ്ചിരിച്ചു.

അതെങ്ങനെ തന്നെ ഇഷ്ടമാകാതെ വരുമെന്ന മട്ടിലുള്ള അമലിന്റെ ആശ്ചര്യഭാവം വകവെയ്ക്കാതെ എഴുന്നേറ്റു നടന്നു.

അവധിക്ക് നാട്ടിലേയ്ക്കു മടങ്ങാനുള്ള തയ്യാറെടുപ്പുകളും, പർച്ചേയ്സുകളും ആരംഭിച്ചു. ചാച്ചനും തൻ്റെ സ്കൂൾ അവധി കാലത്തു തന്നെ ലീവ് ശരിയാക്കി.

കല്യാണലോചന അമൽ തന്നോട് നേരിട്ടു പറഞ്ഞ കാര്യം താൻ വീട്ടിലറിയിച്ചു. അമലിൻ്റെ മമ്മിയുടെ ഫോൺ വന്നില്ല.

ചാച്ചനും മമ്മയ്ക്കുമൊപ്പമാണ് നാട്ടിലെത്തിയത്.

സ്വീകരിക്കാൻ ചേച്ചിമാരും,കുടുംബവും,എയർപോർട്ടിലുണ്ടായിരുന്നു.

വീട്ടിലെത്തിയ ശേഷം രാത്രിയിലാണ് മൂത്ത ചേച്ചി തന്റെ കല്യാണാലോചന വിഷയം കുടുംബ സദസിൽ എടുത്തിട്ടത്.

അമൽ എല്ലാം പപ്പയോടു സംസാരിച്ചെന്നും രണ്ടു ദിവസത്തിനകം വീട്ടുകാരോടൊപ്പം അമലും ഇവിടെ വരുമെന്നും അറിയിച്ചിട്ടുണ്ട്.

“നിനക്ക് ഇക്കാര്യത്തിൽ എതിർപ്പൊന്നും ഇല്ലല്ലോ? ”

രണ്ടാമത്തെ ചേച്ചിയുടെ ചോദ്യം.

ചേട്ടന്മാർ ആ വീട്ടുകാരെ കുറിച്ചന്വേഷിച്ചു. ഇവിടന്ന് കുറച്ചു ദൂരെയാണന്നേയുള്ളു വേറെ കുഴപ്പ
മൊന്നുമില്ല കേട്ടിട്ട്.

അല്ലെങ്കിൽ തന്നെ ഞങ്ങളും വ്യത്യസ്ത ഡിസ്ട്രിക്ടിലാ കല്യാണം കഴിഞ്ഞു പോയത്. നിനക്ക് ഗൾഫിൽ തന്നെ താമസിക്കാമല്ലോ?
അവന്റെ വിസയിലേയ്ക്കു നിനക്ക് മാറാം. ചേച്ചി പറഞ്ഞു നിറുത്തി.

രണ്ടു കൊല്ലം ജോലിയെടുത്ത് ചാച്ചനെ സഹായിക്കണമെന്ന സ്വപ്നമൊക്കെ തന്റെ മൗനത്തിൽ തന്നെ പൊടിഞ്ഞു വീണു.

എതിർത്തു പറഞ്ഞാൽ ഉടൻ ചേച്ചി പറയും ഇപ്പോഴും നിന്റെ മനസിൽ ഷീനയുടെ ആങ്ങളയുണ്ടോ?

ചേട്ടന്മാരുടെ മുൻപിൽ പിന്നെ വിഡ്ഢിച്ചിരി കാട്ടിയിരിക്കേണ്ടിവരും.

ഷീനയോടുള്ള അടുപ്പം മൂത്ത് രണ്ടാളും കൂടി ഒരിക്കൽ തമാശ പറഞ്ഞതാണ്.

“നീ എന്റെ ആങ്ങളയെ കല്യാണം കഴിച്ചാൽ നമുക്ക് ഒരു വീട്ടിൽ താമസിക്കാമായിരുന്നു. ”
എന്ന ഷീനയുടെ വാക്കുകൾക്ക് തന്റെ ചെറുപുഞ്ചിരി മൗനാനുവാദമായി.

അന്നത് എങ്ങനെയോ ക്ലാസിൽ പാട്ടായി. സംഭവം വീട്ടിൽ വരെയെത്തി.

പഠിക്കാൻ തന്നെയാണോ സ്കൂളിൽ പോകുന്നതെന്ന് മമ്മ കണ്ണുരുട്ടി ചോദിച്ചു.

എട്ടാം ക്ലാസുകാരായ കൂട്ടുകാരുടെ അവിവേകസംഭാഷണം ഷീനയുടെ പന്ത്രണ്ടാം ക്ലാസുകാരനായ സഹോദരൻ ഷിജുവിനു വരെ ബുദ്ധിമുട്ടുണ്ടാക്കി എന്നു പറയാം.

തന്നെ കാണുമ്പോൾ ആൺകുട്ടികൾ ഷിജുവെന്നു വിളിക്കാൻ തുടങ്ങി.

പെൺകുട്ടികൾ ഷീനയെ നാത്തൂൻ എന്നും കളിയായി വിളിച്ചു.

അതൊരു തമാശയായി എടുക്കാൻ ഷീന തന്നെ ധൈര്യം തന്നു.

ഷിജു നാട്ടിൽ പോയ ശേഷം ആ പ്രശ്നം താനടക്കം എല്ലാവരും മറന്നതാണ്.

വല്യേച്ചി ഇപ്പോഴും അതോർത്തിരിക്കുന്നു എപ്പോഴും തമ്മിൽ വഴക്കു കൂടിയാലും, തനിക്കിപ്പോൾ കല്യാണം വേണ്ടെന്നു പറഞ്ഞാലും അതു പറഞ്ഞു തന്നെ പരിഹസിക്കും! ഞാൻ മനസിൽ ചിരിച്ചു.

പോക്കുവരവുകൾ പെട്ടെന്ന് കഴിഞ്ഞു. നിശ്ചയം ഇപ്പോൾ
നടത്തി കല്യാണം അടുത്ത അവധിക്കു മതിയെന്ന തന്റെ ആവശ്യം എല്ലാവരും അംഗീകരിച്ചു.

അമലിന്റെ നാട്ടിലുള്ള ചാച്ചന്റെ ഒരു കസിൻവഴി ഒരിക്കൽ കൂടി അമലിൻ്റെ വീട്ടുകാരെ കുറിച്ചു അന്വേഷണം,നടത്തി. തൃപ്തികരമെന്നു ഉറപ്പു വരുത്തി.

അമൽ അങ്ങനെ ഫോൺ ഒന്നും വിളിക്കാറില്ല. വാട്സാപ്പിൽ ഒരു ഗുഡ് മോർണിംഗ് അങ്ങോട്ടുമിങ്ങോട്ടും അയയ്ക്കും.

ചേച്ചിമാരുടെ കുഞ്ഞുങ്ങളുമൊപ്പം ആഹ്ലാദിച്ചുല്ലസിച്ച് സമയം വേഗം കടന്നു പോയി.

നിശ്ചത്തിന്റെ നാലു ദിവസം മുമ്പ് ചാച്ചന് അമലിന്റെ വീട്ടിൽ നിന്ന് ഒരു ഫോൺ വന്നു.

അമലിന്റെ ഡാഡിയാണ് , അളിയനു കൊടുക്കട്ടെ എന്നു പറഞ്ഞു ഫോൺ കൈമാറി.

“നിങ്ങൾ ഇത്രയും ദിവസമായിട്ടും പെണ്ണിന് എന്തു കൊടുക്കുമെന്നു പറഞ്ഞില്ലല്ലോ. ആ മര്യാദയൊന്നും അറിയില്ലേ?”

ഫോണിൻ്റെ സ്പീക്കറിലൂടെ പുറത്തേയ്ക്കു വന്ന ശബ്ദം കേട്ടു താനും മമ്മയും സ്തബ്ധരായി.
ചാച്ചന്റെ മുഖം വിളറി.

അതു പിന്നെ എന്റെ രണ്ടു പെൺമക്കളെ കെട്ടിച്ചതും സ്ത്രീധനം ചോദിച്ചവർക്കല്ല. എനിക്കുള്ളത് അവർ മൂന്നാൾക്കും കൂടിയുള്ളതാണ്.

പറയുമ്പോൾ ചാച്ചൻ്റെ സ്വരം വിറച്ചു.

“റീനി ഇളയമകളല്ലേ വീടും പറമ്പുമൊക്കെ അവളുടെ പേരിൽ കല്യാണത്തിനു മുമ്പ് രജിസ്ട്രർ ചെയ്യണം. ”

ഘനഗംഭീരമായ സ്വരത്തിൽ അങ്ങേത്തലയ്ക്കൽ നിന്ന് അമ്മാവൻ്റെ ആജ്ഞ.

“വീട് എന്റെ പേരിലാണ് ഞങ്ങൾ,രണ്ടാളുടെയുംകാലശേഷം,ആർക്കെന്നു ഇതുവരെ തീരുമാനിച്ചില്ല. ഇപ്പോൾ കുറച്ച് ആഭരണവും, അവൾക്ക് പോക്കറ്റ് മണിയും കൊടുക്കും. ”

അപ്രതീക്ഷിത ഫോണിൽ വിയർത്തു പറയുന്ന ചാച്ചനോട് തനിക്കു സഹതാപം ഒപ്പംസങ്കടവും തോന്നി.

അവിടെ ഫോൺ വെച്ചയുടൻ ഞാൻ പറഞ്ഞു എനിക്ക് ഇക്കാര്യം വേണ്ട ചാച്ച .

നീ മിണ്ടാതിരിക്ക് മമ്മ പെട്ടെന്ന് ദേഷ്യപ്പെട്ടു. എല്ലാവരെയും നിശ്ചത്തിനു പോകാൻ വിളിച്ചു കഴിഞ്ഞു. അപ്പോഴാ അവളുടെ …. മമ്മ നിറുത്തി.

ചാച്ചന് അൽപ്പം വെള്ളം വേണമെന്നു പറഞ്ഞപ്പോൾ താൻ അടുക്കളയിലേയ്ക്കു പോയി.

ഒരു മണിക്കൂറിനകം അമലിന്റെ വീടിനടുത്തുള്ള ചാച്ചന്റെ കസിന്റെ ഫോൺ വന്നു.

” അവർക്ക് ഈ കാര്യത്തിൽ താൽപര്യമില്ല. നിശ്ചത്തിൽ നിന്നു പിന്മാറി എന്നറിയിക്കാൻ പറഞ്ഞു.

എന്തു പറയാനാണ് നല്ലൊരു സുന്ദരി കൊച്ചും,വിദ്യാഭ്യാസവും ജോലിയുമൊക്കെയുണ്ട് . അവർക്കു കാശും, വീടുമൊക്കെ കിട്ടിയാൽ മതി.”

സഹതാപവും വിഷമവും ചേർത്ത സ്വരത്തിൽ പറഞ്ഞിട്ട് അദ്ദേഹം ഫോൺ കട്ടാക്കി.

നിശബ്ദനായി നിൽക്കുന്ന ചാച്ചനെ നോക്കി മമ്മ പറഞ്ഞു

വിഷമിക്കേണ്ട . നേരത്തേ ഇവരുടെയൊക്കെ സ്വഭാവം മനസിലായല്ലോ! എല്ലാവരെയും വിളിച്ച് നിശ്ചയം മാറ്റിയ കാര്യം പറയാം.

പറഞ്ഞു കഴിഞ്ഞ് നിറകണ്ണുകളോടെ അമ്മ അകത്തേയ്ക്കു പോയി.

എന്താണിവിടെ സംഭവിക്കുന്നത്.? ആവശ്യപ്പെടാതെ ഓരോ കാര്യങ്ങൾ നല്ലനുഭവമെന്നു തോന്നും വിധം വന്നു കൂടുക. പെട്ടെന്ന് ആകെ തകർത്തു മറിച്ച് അപമാനിച്ച് മടങ്ങി പോകുക.

കല്യാണം മുടങ്ങിയതിൽ ഒട്ടും വിഷമം തോന്നിയില്ല .പക്ഷേ ഒരേ സ്കൂളിൽ വല്ലപ്പോഴെങ്കിലും അയാളെ നേർക്കുനേർ കണ്ടുമുട്ടണ്ടേ?

ചാച്ചൻ വിദേശത്തു ജോലി ചെയ്യുന്നതു കൊണ്ട് അയാളും സ്വത്ത് പ്രതീക്ഷിച്ചു കാണും.

ഞങ്ങൾ
പെൺമക്കൾ ജനിച്ചതിൽ ഏറ്റവും സന്തോഷിച്ചു പറയുന്ന ത് ചാച്ചനാണ്. ഇപ്പോൾ ആദ്യമായി ചാച്ചന് അക്കാര്യത്തിൽ പ്രയാസം വന്നു കാണും. താൻ മനസറിയാത്ത കാര്യത്തിന് തന്നെ പ്രതി എല്ലാവരും വിഷമിക്കുന്നു.

സ്റ്റാഫ് പലരും അറിഞ്ഞിട്ടുണ്ട് കല്യാണാലോചനയുടെ കാര്യം. ചെറിയൊരു തളർച്ച തോന്നിയെങ്കിലും ഭാവിക്കാതെ കുട്ടികളോടൊപ്പം സമയം ചെലവഴിച്ചു.

നിശ്ചയം മാറ്റിയ കാര്യം മറ്റാരെയും അറിയിക്കുന്നതിനു മുമ്പു തന്നെ ചാച്ചന് വല്ലാത്ത ഒരു അസ്വസ്ഥത.

നെഞ്ചത്ത് കെട്ടി നിൽക്കുന്നതു പോലെ യെന്നു പറഞ്ഞു കിടക്കാൻ പോയി.

മമ്മ കിടക്കാൻ സമ്മതിക്കാതെ ചേച്ചിമാരെയും കൂട്ടി ഹോസ്പിറ്റലിലേയ്ക്കു നിർബന്ധിച്ചു കൊണ്ടു പോയി. കുട്ടികൾക്കു കാവലായി വീട്ടിൽ താനിരുന്നു.

കൊച്ചേച്ചിയുടെ ഫോൺ വന്നപ്പോൾ ആകുലതയോടെ താൻ ഫോണെടുത്തു.

നമ്മുടെ ചാച്ചന് അറ്റാക്ക് ആയിരുന്നെടീ.

കരഞ്ഞുകൊണ്ട് ചേച്ചി തുടർന്നു

ഇപ്പോൾ ഐ.സി.യു.ൽ കയറ്റി. നീ പ്രാർത്ഥിക്ക്. ഓപ്പറേഷന് ഒപ്പിട്ടു കൊടുത്തിട്ടുണ്ട്.

കണ്ണിൽ നിന്ന് ഒരു തുള്ളി നീർപൊടിയാതെ സോഫയിൽ താൻ മരവിച്ചിരുന്നു. കുട്ടികൾ കളിച്ചോടി വന്ന് തന്റെ മടിയിൽ ചവിട്ടിയോടിയിട്ടും ജഢം പോലെ താൻ അനങ്ങാതിരുന്നു.

ഹോസ്പിറ്റലിന്റെ കോറിഡോറിൽ നടക്കുമ്പോൾ വാച്ചിൽ നോക്കി സമയം രാത്രി രണ്ടു മണി. മമ്മയ്ക്ക് കിടക്കാൻ മുറി ചോദിച്ചിട്ട് കിട്ടിയില്ല.

പാവം കസേരയിൽ ഒറ്റയിരിപ്പാണ്. എന്നും ഭംഗിയായ ഒരുങ്ങി മാത്രം കണ്ടിട്ടുള്ള മമ്മയുടെ പറന്നാർത്ത മുടിയും കരുവാളിച്ച മുഖവും കണ്ടപ്പോൾ നോട്ടം പുറത്തേയ്ക്കാക്കി .

“ഒരു ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞു. മറ്റൊന്നു കൂടിയുണ്ട്. ഒരു ദിവസം കഴിഞ്ഞു ചെയ്യാം. ആളൊന്നു സ്റ്റേബിൾ ആകട്ടെ. ”

ഡോക്ടർ തന്നോടു പറഞ്ഞതോർത്തു.

മമ്മ ചാഞ്ഞിരുന്ന് മയങ്ങുന്നുണ്ട്. സ്റ്റെപ്പുകൾ ഇറങ്ങി താഴേയ്ക്കു വന്ന് എന്തിനെന്നറിയാതെ കുറച്ചു നേരം അവിടമാകെ വെറുതെ അലഞ്ഞു നടന്നു.

കല്യാണ നിശ്ചയം മുടങ്ങിയത് ചാച്ചന് ഇത്ര ,ആഘാതമാകേണ്ട കാര്യമെന്താണ്?

അല്ലെങ്കിലും രണ്ടാൾക്കും, മറ്റുള്ളവരുടെ നാവിനെ പേടിയാണ്.

അവരു ബോധമില്ലാതെ പറയുന്നതിന് നിങ്ങളെന്തിനിത്ര വിഷമിക്കുന്നുവെന്നു പല തവണ താൻ തന്നെ അവരെ
ഉപദേശിച്ചിട്ടുണ്ട്. എന്നാലും ആ സ്വഭാവം മാറില്ല. ആരെങ്കിലും എന്തെങ്കിലും കാര്യത്തിന് കുറ്റം പറഞ്ഞെന്നറിഞ്ഞാൽ പിന്നെ വീട്ടിൽ ശ്മശാന മൂകതയാണ്.

ചാച്ചനെ ഐ.സി. യു യിൽ കയറി കാണാൻ അനുവാദം കിട്ടിയപ്പോൾ മമ്മ തന്റെ കൈയ്യിൽ മുറുകെപ്പിടിച്ചു നടന്നു.

മമ്മ ചാച്ചനെ കരഞ്ഞു കാണിക്കരുത്. ചിരിച്ചോണ്ടു തമാശ പറയണം എന്നാൽ എന്റെ കൂടെ അകത്തേയ്ക്കു വന്നാൽ മതി. അല്ലെങ്കിൽ ചാച്ചന് കൂടുതൽ പ്രഷർ ആകും.

ഭീഷണിയുടെ ഭാവത്തിൽ താൻ മമ്മയെ ഉപദേശിച്ചു.

തന്റെ കൈയ്യിലെ പിടുത്തം മുറുകുന്നതനുസരിച്ച് മനസിലായി മമ്മയുടെ ആകുലത .

ആദ്യമായാണ് ഐ.സി.യു. വിൽ കയറുന്നത് .താടി കൂട്ടിമുട്ടാൻ തുടങ്ങി. എ.സിയുടെ തണുപ്പാണോ ? പേടിയുടെ വിറയലാണോ എന്നു മനസിലായില്ല. മമ്മയും അതേ അവസ്ഥയിൽ തന്നെ.

ചാച്ചൻ ഞങ്ങളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. അവിടന്നും, ഇവിടന്നുമൊക്കെ കുഴലുകളാൽ പൊതിഞ്ഞ ശരീരവും, പരിക്ഷീണമായ മുഖവും കണ്ട് താൻ പൊട്ടിക്കരഞ്ഞു പോയേക്കുമോയെന്നു ഭയപ്പെട്ടു.

പക്ഷേ മമ്മ തന്നെയും ചാച്ചനെയും ഞെട്ടിച്ചു കൊണ്ടു ഒരു വലിയ
തമാശ ചാച്ചനെ കളിയാക്കി പറഞ്ഞു. മൂന്നാളും ചിരിച്ചു.

രണ്ടാമത്തെ
ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ് റൂമിൽ ചാച്ചൻ വന്നപ്പോഴേയ്ക്കും മമ്മ വല്ലാതെ തളർന്നു കഴിഞ്ഞിരുന്നു.

പുറത്തുകാട്ടാതെ വിഷമം കടിച്ചു പിടിച്ചു നടന്നതും ,ഉറക്കമൊഴിച്ചിലും കൂടിയായപ്പോൾ മൈഗ്രേൻ ശക്തി യോടെ വന്നു.മരുന്നു വാങ്ങിച്ചു കൊടുത്ത് ചേച്ചിയും ചേട്ടനും വീട്ടിലേയ്ക്ക് മമ്മയെ കൊണ്ടുപോയി.

മുറിയിൽ ഒരാൾ മാത്രം ബൈസ്റ്റാൻഡറായി മതിയെന്ന ആശുപത്രി നിയമം മുതലെടുത്ത് താൻ തന്നെ ചാച്ചനു കൂട്ടു നിന്നു.

രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ചാച്ചനെ നോക്കി. ഉറങ്ങിയിട്ടില്ല. താടിയും,രോമവുമൊക്കെ ,നരച്ചുവളർന്നിരുന്നു .ആദ്യമായാണ് ഈ രൂപത്തിൽ ചാച്ചനെ കാണുന്നതു തന്നെ. എന്നും പുഞ്ചിരിതൂകി ഷർട്ട് ഇൻസൈഡ് ചെയ്ത് ജോലിക്കു പോകുന്ന ചാച്ചനെ ഓർമ വന്നു.

“മോളെ! ഇമെയിൽ വിട്ടോ ലീവ് എക്സ്റ്റൻഡ് ചെയ്യാൻ?’

അതൊക്കെ വിട്ടു. ഇനി പോകണോ ചാച്ചാ അങ്ങോട്ട്. പരമാവധി ജോലി ചെയ്തില്ലേ? റസ്റ്റ് എടുക്ക്. താനുപദേശിച്ചു.

അയ്യോ പറ്റില്ല. കമ്പിനിയിലെ പ്രൊജക്ട് തീർന്നില്ല. നിനക്ക് സ്കൂൾ വിസയും വാങ്ങിയെടുക്കണം. കുറച്ചു കാലം കൂടി അവിടെ നിൽക്കാം.

അൽപ്പം കൂടി സമ്പാദിക്കാതെ നാട്ടിലെങ്ങനെ കഴിയാനാണ്.

ചാച്ചൻ പറഞ്ഞു നിറുത്തി.കറങ്ങുന്ന ഫാനിൽ നോക്കി കിടന്നു.

ചാച്ചാ എനിക്കിനി അവിടെ പഠിപ്പിക്കാൻ പോകാൻ താൽപര്യമില്ല. നമുക്ക് ഒരുമിച്ച് റിസൈൻ ലെറ്റർ കൊടുക്കാം.

തന്നെ മുഴുമിപ്പിക്കാനനുവദിക്കാതെ ചാച്ചൻ പറഞ്ഞു

വേണ്ട നീ ജോലി നിറുത്തിയാൽ അവിടെ നമ്മളാണ് തോൽക്കുന്നത്.

ചാച്ചനിത് രണ്ടാം ജന്മമാണ്. നമുക്കു ഒരുമിച്ചു പോരാടാം.

മുപ്പത്തിയെട്ടു വർഷം മരുഭൂമിയിൽ കിടന്നു പണിതു. ഒടുവിൽ ഇങ്ങനെ ഒന്നുമില്ലാത്തവനെ പോലെ കിടക്കുന്നു. ചാച്ചൻ മനസു തുറക്കുകയാണ്.

എല്ലാവർക്കും വാരിക്കോരി കൊടുത്തിട്ടേയുളളു . എനിക്കാവശ്യം വന്നപ്പോൾ ഒന്നുമില്ലാത്തവനെ പോലെയായി. ചാച്ചൻ ഒരു വശത്തേയ്ക്കു ചരിഞ്ഞു കിടന്നു.

“ചാച്ചന് വയ്യായ്ക വന്നതു കൊണ്ട് നിശ്ചയം മാറ്റി. ഈ വിവാഹ കാര്യം
മിക്കവാറും വേണ്ടെന്നു വെയ്ക്കും. ചെറുക്കൻ്റെ കൂട്ടർക്ക് കല്യാണം നടത്താൻ ധൃതിയാണ് . ”

ഒരേ വാക്യങ്ങൾ ആവർത്തിച്ച് ഫോണിൽ കൂടി വല്യേച്ചി എല്ലാവരെയും വിളിച്ചു പറഞ്ഞു വിശ്വസിപ്പിക്കുന്ന കള്ളം കേട്ട് അരികിൽ താൻ മിണ്ടാതിരുന്നു.

ആരുടെയും ചർച്ചയ്ക്കും
അഭിപ്രായത്തിനും വില,കൽപ്പിക്കാതെ ഫോൺവെച്ചുകളയാൻ ചേച്ചിക്കറിയാം.

നിശ്ചയം,മുടങ്ങിയതിൻ്റെ കൃത്യമായ സത്യാന്വേഷണത്തിന് നാട്ടുകാരും വീട്ടുകാരും ചാച്ചനെ കാണാനെന്ന പേരിൽ വീട്ടിൽ നേരിട്ട് വന്നും പോയുമിരുന്നു.

തന്റെ അവധി കഴിയാറായി. ചാച്ചനും മമ്മയും ഒരു മാസം കൂടി കഴിഞ്ഞിട്ടേ വരുന്നുള്ളു.

ചാച്ചൻ്റെ ലീവ് കഴിഞ്ഞു മമ്മയൊക്കെ വരുന്നതുവരെ ഗൾഫിലെ
തങ്കാൻ്റിയുടെ വീട്ടിൽ സ്റ്റേ ചെയ്യാൻ മമ്മ തന്നോടു പറഞ്ഞു.

വീടിന്റെ ഗേയ്റ്റു കടന്ന് കാർപ്പോർച്ചിൽ കാറു വന്നു നിന്ന സ്വരം താൻ കേട്ടില്ല. ടി.വി.യുടെ ശബ്ദവും, അത്ര ഏകാഗ്രതയോടെ മൊബൈലിൽ നോക്കി താനിരുന്നതും കൊണ്ടാവും.

എഴുന്നേറ്റ് മമ്മയെ വിളിച്ചു. അവരവരുടെ മുറികളിൽ നിന്ന് ചേച്ചിമാരും കുട്ടികളും , ചേട്ടന്മാരും മമ്മയും ഞൊടിയിടെ വിളിക്കാൻ കാത്തതു പോലെ ഇറങ്ങി വന്നു.

ടി.വി. കണ്ടു കൊണ്ട് സോഫയിൽ കിടന്നിരുന്ന ചാച്ചൻ എഴുന്നേറ്റിരുന്നു.

വാതിൽ തുറന്നപ്പോൾ മുന്നിൽ,നിൽക്കുന്ന
യാളെക്കണ്ട് അത്ഭുതം കൊണ്ട് ബോധം
പോകുമോയെന്നു തോന്നി.

ആത്മമിത്രമായിരുന്ന ഷീന . പിറകിൽ കുട്ടിയെ കൈയ്യിലേന്തി അവളുടെ ഭർത്താവ്.

കാറിന്റെ ഡോറടച്ചു വരുന്നയാളെക്കണ്ട് താനൽപ്പം പരുങ്ങി . അവളുടെ ചേട്ടൻ.

ഷിജു ചേട്ടനും അമേരിക്കയിലാണ് ജോലിയെന്നു കേട്ടിട്ടുണ്ട്.

അവരുടെ മാതാപിതാക്കൾ ഗൾഫ് ജീവിതം മതിയാക്കി അങ്ങോടു പോയെന്ന് ഷീന ഒരിക്കൽ ബാംഗ്ലൂരിൽ നിന്നു വിളിച്ചപ്പോൾ പറഞ്ഞതോർത്തു.

പരസ്പരം
കെട്ടിപ്പിടിച്ചപ്പോൾ രണ്ടാളുടെയും കണ്ണു നിറഞ്ഞു.

നീയെങ്ങനെ എന്നെ മറന്നത്! കല്യാണക്കുറി അയച്ചപ്പോൾ ആശംസകൾ മാത്രമയക്കാൻ തക്കവണ്ണം നമ്മൾ അത്രയും അകന്നു പോയല്ലോ !

സങ്കടം പരിഭവമായി ഷീന ഒഴുക്കി. നിന്നെ വിളിച്ചാലും കിട്ടില്ല.

പരാതികളൊക്കെ പിന്നെ പറയാം. എല്ലാവരും ഇരിക്ക്. ചാച്ചനാണ് പറഞ്ഞത്.

ടീ ഷർട്ടൊക്കെയിട്ട് മുഖം ഷേവ് ചെയ്ത് സുന്ദരനായിരിക്കുന്നു
ചാച്ചൻ .താനപ്പോഴാണ് ശ്രദ്ധിച്ചത്.

എല്ലാവരും അതിഥികളെ പ്രതീക്ഷിച്ച പോലെ തന്നെ അമ്പരപ്പില്ലാതെ നിൽക്കുന്നുണ്ട്.

നിനക്കൊരു സർപ്രൈസ് തരണമെന്നുള്ളതു കൊണ്ട് ഇവരോട് പറഞ്ഞിരുന്നു വരുന്ന കാര്യം നിന്നോട് പറയരുതെന്ന്.

നിങ്ങളുടെ ഒരു കസിൻ വഴിയാണ് വല്യേച്ചിയുടെ നമ്പർ കിട്ടിയത്. ഷീന സന്തോഷത്തോടെ പറഞ്ഞു.

“കൊള്ളാവുന്ന ഒരു ചുരിദാർ എടുത്തിടെടീ ”

എന്നുപറഞ്ഞ് വല്യേച്ചി രാവിലെ മുതൽ തന്റെ പിറകെ നടന്നതോർത്ത് താൻ ചേച്ചിയെ തുറിച്ചു നോക്കി.

എല്ലാവരുടെയും മുഖത്ത് സന്തോഷഭാവം. മമ്മ കുടിക്കാനെടുത്തു കൊണ്ടു വന്നിട്ട് തൻ്റെ കൈയ്യിൽ തന്നു.
എല്ലാവർക്കും കൊടുക്കാൻ പറഞ്ഞു.

കൊടുത്തു കഴിഞ്ഞപ്പോൾ ചെറിയേച്ചിയുടെ ചേട്ടൻ ബോംബു പൊട്ടിക്കുമ്പോലെ പറഞ്ഞു.

“ഒരു പെണ്ണുകാണലിന്റെ മണം അടിക്കുന്നു. ”

സ്തബ്ധയായി നിന്ന തന്നോട് മൂത്ത ചേട്ടൻ പറഞ്ഞു

“ഞായറാഴ്ച പല പരിപാടികളുണ്ടായിട്ടും ഞങ്ങളിവിടെ കൂടിയതെന്തിനെന്നാണ് നീ കരുതിയത് റീനി ?”

എല്ലാവരുടെയും കൂട്ടച്ചിരിക്കിടയിൽ ഷീന പറഞ്ഞു. നിങ്ങൾ രണ്ടാളും മുകളിലെ മുറിയിൽ പോയി സംസാരിച്ചു വരു.

“ഇന്നെന്റെ സ്പെഷൽ ബിരിയാണിയാണ്. ചാച്ചനും അൽപ്പം കഴിക്കാം. ”
എന്നു പറഞ്ഞ് അടുക്കളയിൽ തന്നെയായിരുന്ന ചെറിയേച്ചിയെ നോക്കി

നിനക്ക് ഞാൻ പണി വച്ചിട്ടുണ്ടെന്ന ഭാവത്തിൽ ഞാൻ ആംഗ്യം കാട്ടി.

തൻ്റെ മുഖഭാവത്തിൻ്റെ വിവിധ ചലനങ്ങളുടെ പ്രതിഫലനം പിറകിൽ എല്ലാവരുടെയും ചിരി തരംഗങ്ങളായി
ഒഴുകിയ പശ്ചാത്തലത്തിൽ ചെറിയ വിറയലോടെ ഷിജുവിന്റെ പിറകെ മുകളിലേയ്ക്ക് താൻ പടികൾ കയറി.

റോമി ബെന്നി✍

RELATED ARTICLES

8 COMMENTS

  1. അഭിപ്രായമെഴുതി അരോചകമാക്കുന്നില്ല.
    അത്രയും,, അത്രയും ഭാഷാസ്വാധീനമുളള നല്ലെഴുത്ത്. പുരോഗമനം പറയുന്ന ഈ കാലഘട്ടത്തിലും സ്തീധനം പോലെയുള്ള ചില വിപത്തുകൾ ഇപ്പോഴും നിലനിൽക്കുന്നു എന്ന യാഥാർഥ്യം കൂടി പറഞ്ഞു പോകുന്നിടത്ത് എഴുത്തിലൂടെ ചിലതിനോടുളള പ്രതിഷേധം ശക്തമായി അവതരിപ്പിച്ചു.

  2. ഇതളറ്റു പോകാത്ത സൗഹൃദ സുമങ്ങൾ എന്ന കഥ നല്ലൊരു വായനനുഭവം നൽകി… റോമി ബെന്നിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ… ഇനിയും എഴുതു വായനക്കായി കാത്തിരിക്കുന്നു…. ❤️❤️❤️👌🏽👌🏽👌🏽👌🏽

  3. Super teacher😍 ഇനിയും ധാരാളം കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു

  4. പ്രവാസിയുടെ ഓരോ അവസ്ഥകളും ഭംഗിയായി കഥയുടെ കൂടെ പറയാതെ
    പറഞ്ഞു പോയി. മറുനാട്ടിൽ ജോലി ചെയ്തവർക്കറിയാം. അവർ കടന്നു പോയകാലം
    ഇനിയുമെഴുതുക. കണ്ടതും കേട്ടറിഞ്ഞതും.

  5. പ്രവാസ ജീവിതം പറയാൻ ഒരു പ്രവാസിയ്ക്കേ കഴിയൂ. അത് കഥയായാലും ജീവിതമായാലും.
    റോമിയുടെ ഭാഷയിൽ അത് കൂടുതൽ സുന്ദരമാകുന്നു. ഭാവുകങ്ങൾ.❤️❤️

  6. നല്ല വായനാനുഭവം

    ഞാനും നായികയായതു പോലെ😄

    അഭിനന്ദനങ്ങൾ👏👏👏

    • പ്രവാസ കഥകൾ വായിച്ച് അനുഭവിച്ചറിഞ്ഞ പ്രിയപ്പെട്ടവരുടെ പ്രോത്സാഹനത്തിന് നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com