ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2026 മാർച്ച് മാസം അരങ്ങേറിയ കലാമേള -കലോൽസവ് 2026 അക്ഷരാർത്ഥത്തിൽ വിസ്മയമായി.രാവിലെ 7.30 ന് അസോസിയേഷൻ പ്രസിഡണ്ട് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ ,ജോയിന്റ് സെക്രട്ടറി സാറ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ, കലാമേള ചെയർ പേഴ്സൺ ഷൈനി ഹരിദാസ് ,കോ ചെയർമാന്മാരായ ജോജോ വെങ്ങാന്തറ ,മാത്യൂസ് എബ്രഹാം ,മുൻ പ്രസിഡന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ബെൽവുഡ് സിറോ മലബാർ ചർച്ച് വികാരി ഫാ .തോമസ് കടുകപ്പള്ളിലും തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കലാമേള ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി കലാമേള ഉദ്‌ഘാടനം ചെയ്തു .

തുടർന്ന് 8 മണിയോടെ ആരംഭിച്ച കലാമേളയിലേക്ക് മത്സരാർഥികളും രക്ഷിതാക്കളും കാഴ്ചക്കാരുമുൾപ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത് .സിറോ മലബാർ കത്തീഡ്രലും പരിസരവും ജനസാഗരമായി . ഓരോ വേദിയും ആവേശത്തിന്റെ സ്പന്ദനങ്ങൾ കൊണ്ട് നിറഞ്ഞു നിന്നപ്പോൾ, കലയുടെ മഹോത്സവം ഒരു ഉത്സവപ്രപഞ്ചമായി വിരിഞ്ഞു.
കത്തീഡ്രൽ കോംപ്ലെക്സിലെ അഞ്ചു വേദികളിലായി ഒരേ സമയം നടന്ന കലാമത്സരങ്ങൾ അക്ഷരാർത്ഥത്തിൽ ചിക്കാഗോ മലയാളി സമൂഹത്തിന് എന്നെന്നും ഓർമ്മിക്കാൻ മനോഹരമായ നിമിഷങ്ങളാണ് സമ്മാനിച്ചത് .

കലാമേള സുവനീർ ഫോമാ നാഷണൽ പ്രസിഡണ്ട് ശ്രീ ബേബി മണക്കുന്നേൽ പ്രകാശനം ചെയ്തു.സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു . നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേളയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീ ബേബി മണക്കുന്നേൽ പറഞ്ഞു .സുവനീർ കൺവീനർ മനോജ് അച്ചേട്ട് നന്ദി രേഖപ്പെടുത്തി.

മുപ്പതില്പരം വിവിധ ഇനങ്ങളിലായി ആയിരത്തിൽപരം മത്സരാർത്ഥികൾ മാറ്റുരച്ച കലാമേളയിൽ റെയ്‌നവ് വരുൺ രണ്ടാം തവണയും കലാപ്രതിഭാപട്ടം കരസ്ഥമാക്കി .കലാതിലകം ട്രോഫിയിൽ ശ്ലോക നമ്പ്യാർ മുത്തമിട്ടു .വിവിധ വിഭാഗങ്ങളിലായി തൊട്ടു പിന്നിലെത്തിയ ഇസബെൽ റോസ് വടകര (സബ് ജൂനിയർ ),ജിയാന ചിറയിൽ (ജൂനിയർ )എന്നിവരും ,സീനിയർ വിഭാഗത്തിൽ ദിയ സുമേഷ് ,വിസ്മയ തോമസ് എന്നിവരും റൈസിംഗ് സ്റ്റാർ കപ്പുകൾ സ്വന്തമാക്കി .

രാത്രി 9.30 യോടെ കലാമത്സരങ്ങൾ അവസാനിച്ചപ്പോൾ ,അത് അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള മേളയായി, ചിക്കാഗോ മലയാളി സമൂഹത്തിന് ഓർത്തുവെയ്ക്കാൻ മനോഹര നിമിഷങ്ങൾ സമ്മാനിച്ച് കൊണ്ടാണ് തിരശീല വീണത് .



