2015 ല്‍ ചെന്നൈയിലെ ഇഡ്ഡലി പാചകക്കാരനും വിതരണക്കാരനുമായ എനിയവന്‍ എന്ന വ്യക്തി 2015 മാർച്ച് 30ന് 1,328 ഇനം ഇഡ്ഡലികള്‍ ഉണ്ടാക്കിയതിന്റെ ഓർമ്മ പുതുക്കലാണ് ലോക ഇഡ്ഡലി ദിനത്തിന് നിദാനം. അന്ന് അദ്ദേഹം തയ്യാറാക്കിയ 44 കിലോ തൂക്കമുള്ള ഭീമൻ ഇഡ്ഡലി ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ 124.8 കിലോ തൂക്കമുള്ള ഇഡ്ഡലി ഗിന്നസ് ബുക്കിൽ കയറിയിട്ടുമുണ്ട് .
ഇന്തോനേഷ്യയിൽ നിന്നാണ് ഇഡ്ഡലിയെത്തിയതെന്നു പറയപ്പെടുന്നു . ‘കെട്‌ലി’ എന്നറിയപ്പെടുന്ന വിഭവം ഇഡ്ഡലിയായി പരിണമിച്ചു എന്ന് കരുതുന്നു .എന്നാൽ എഡി 920 ൽ കന്നഡ ഭാഷയിൽ ശിവകോടി ആചാര്യൻ എഴുതിയ വദ്ദാരാധന എന്ന പുസ്തകത്തിൽ പരാമര്‍ശിക്കുന്ന വിഭവമായ ‘ഇഡ്ഡലിഗെ’ എന്ന പേരില്‍ നിന്നാണ് ‘ഇഡ്ഡലി’ എന്ന പേര് വന്നതെന്നും ഒരു പക്ഷമുണ്ട്.ഇഡഡ എന്ന പേരിൽ ഉഴുന്നും അരിയും അരച്ചു ചേർത്ത് ആവിയിൽ പുഴുങ്ങിയെടുത്ത ആഹാരം ഗുജറാത്തിലാണു രൂപം കൊണ്ടതെന്നും വാദമുണ്ട്.എഡി 1130 ൽ സംസ്കൃത കൃതി മാനസോല്ലാസയിലും ഇഡ്ഡരികയെക്കുറിച്ചു പരാമർശിക്കുന്നുണ്ട് . പതിനേഴാം നൂറ്റാണ്ടിൽ മാത്രമാണ് തമിഴ് കൃതികളിൽ ഇഡ്ഡലിയെ കുറിച്ചുള്ള വിവരണം വന്നത്. തമിഴില്‍ ആളുകള്‍ ‘ഇറ്റലി’ എന്നാണ് ഇഡ്ഡലിയെ വിളിച്ചിരുന്നതെന്നും പറയപ്പെടുന്നു. പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ ദക്ഷിണേന്ത്യയിലേക്കു വന്ന സൗരാഷ്‌ട്രൻ പട്ടു കച്ചവടക്കാരാണ് ഇഡ്ഡലി ദക്ഷിണേന്ത്യയിലെത്തിച്ചതെന്നും മറ്റൊരു പക്ഷം.
പുഴുങ്ങലരിയും ഉഴുന്നും 4:1 എന്ന അനുപാതത്തിലോ പച്ചരി 2:1 എന്ന അനുപാതത്തിലോ 4 മണിക്കൂർ കുതിർത് ആട്ടുകല്ലോ മിക്സിയോ ഉപയോഗിച്ച് അരച്ച് ഉപ്പ് ചേർത്ത് പുളിക്കാനായി ആറു മണിക്കൂർ വെച്ചാൽ ഇഡ്ഡലി മാവ് തയാറാക്കാം. പുളിച്ച് കഴിയുമ്പോൾ ഏകദേശം ഇരട്ടിയോളം അളവുണ്ടാകും. ഇഡലി ഉണ്ടാക്കാനുപയോഗിക്കുന്ന തട്ടുകളിൽ നെയ്യോ എണ്ണയോ പുരട്ടി അതിലേക്ക് മാവൊഴിച്ച്, ഇഡലിച്ചെമ്പിൽ വച്ച് വേവിച്ചെടുക്കുന്നു. റവ ഇഡലി, സാമ്പാർ ഇഡലി രസ ഇഡലി, നെയ്യ് ഇഡ്ഡലി (ആഡ്രാ), ഉലുവ ചേർത്തുള്ള ഇഡ്ഡലി തുടങ്ങി തമിഴ് നാട്ടിൽ മുട്ട ഇഡ്ഡലി ,ഇറച്ചി ഇഡലി ,മട്ടൺ ഇഡ്ഡലി അങ്ങനെ വിവിധ രൂപത്തിലും ഭാവത്തിലും രുചി ഭേദങ്ങളിൽ ലഭിക്കുന്ന ഇഡലി കടകൾ ഉണ്ട് .
പാലക്കാട് നഗരത്തില്‍ നിന്ന് കോയമ്പത്തൂര്‍ ദേശീയപാതയിലൂടെ ചന്ദ്രനഗര്‍, കൂട്ടുപാത, പുതുശ്ശേരി വഴി രാമശ്ശേരിയിലെത്തിയാൽ ഇഡ്ഡലി ഗ്രാമത്തിൽ എത്താം അവിടെയുള്ള പന്ത്രണ്ടോളം മുതലിയാര്‍ കുടുംബങ്ങളാണ് ഈ പ്രത്യേക ഇഡ്ഡലിയുടെ ഉല്‍പാദകര്‍. സാധാരണക്കാരുടെ തീന്‍മേശ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെ ഒളിമങ്ങാതെ ഒരു നൂറ്റാണ്ടു പിന്നിടുന്ന രാമശ്ശേരി ഇഡ്ഡലി ചിറ്റൂരി അമ്മയെന്ന ഗ്രാമീണ സ്ത്രീയുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞതാണ് പാചക നൈപുണ്യം കൈവിടാതെ നാലാം തലമുറയിലെത്തി നില്കുന്ന രാമശ്ശേരി ഇഡ്ഡലി. അരി, ഉഴുന്ന് ഉലുവ എന്നിവ ചേര്‍ത്ത് അരച്ചുണ്ടാക്കിയ മാവ് മണ്‍കലത്തില്‍ പ്രത്യേക തട്ടുപയോഗിച്ചാണ് വേവിച്ചെടുക്കുന്നത്. പാചകത്തിന് പുളി വിറക് മാത്രമാണ് ഉപയോഗിക്കുന്നത്. മൺപാത്രത്തില്‍ ആണ് ഈ ഇഡ്ഡലി തയാറാക്കുന്നത് . മണ്‍പാത്രത്തിന് മുകളില്‍ തുണിവിരിച്ചു തുണി പാത്രത്തിലേക്ക് പോകാതിരിക്കാന്‍ തലങ്ങും വിലങ്ങും നൂലു വലിച്ച് കെട്ടി. ഈ തുണിയുടെ മുകളില്‍ മാവ് ഒഴിച്ച് ആവിയില്‍ വേവിച്ച് എടുക്കുന്നതാണ് .ഈ ഇഡ്ലി.സാധാരണ ഇഡ്ഡലിയിൽ നിന്നും വത്യസ്തമായ രൂപമാണ് ഇതിനുള്ളത് .രാമശ്ശേരി ഇഡ്ലി കേടുകൂടാതെ ഒരാഴ്ച വരെ സൂക്ഷിക്കാം എന്നാണ് പറയപ്പെടുന്നത്. .ഇതിനു പുറമെ ഖുശ്ബു ഇഡ്ഡലി,കാഞ്ചീപുരം ഇഡ്ഡലി തുടങ്ങി തെക്കേ ഇന്ത്യയിൽ കേരളത്തിലടക്കം
നൂറ്റാണ്ടുകൾ പിന്നിട്ട ഇഡ്ഡലി കടകൾ
നൂറു കണക്കിനാണ് .
ഇഡ്ഡലി കഴിക്കാന്‍ വേണ്ടി മാത്രം രാമശേരിയിലേക്കു എത്തുന്ന സഞ്ചാരികള്‍ പോലും ഉണ്ട് എന്നുള്ളത് പുതിയ ഭക്ഷണ സംസ്കാരത്തിന്റെ വർത്തമാനകാലത്തു അതിശയമായി തോന്നാം. നൂഡിൽസും ബർഗറും ഷവർമ്മയും നൽകി അടക്കിയിരുത്തുന്ന ബാല്യങ്ങൾക്കു വിഷം വിളമ്പാതെ പ്രാതലിനു ഇഡ്ഡലിയും ദോശയും പാലപ്പവും ഇടിയപ്പവും വീട്ടിൽ തയാറാക്കി നൽകാൻ കഴിയണം. ഇതിൽ ഏറ്റവും പോഷക ഗുണമുള്ള ഇഡ്ഡലിയെ മറക്കാതിരിക്കുകയും ചെയ്യാം .
നാരങ്ങാനം ഗവണ്മെന്റ് ഹൈ സ്കൂളിൽ പഠിക്കാനെത്തുന്നതിനു മുൻപ് എന്റെ പിതാവ് അധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന കാലത്തു വല്ലപ്പോഴും അവിടേക്കു പോകുമ്പോൾ സ്കൂളിനടുത്തുള്ള ഇച്ഛയിയുടെ ഇഢലിക്കടയിലെ ഇഡ്ഡലിയും ചമ്മന്തിയും വാങ്ങി കഴിക്കാൻ നിര്ബന്ധിതനായ ആ കുറഞ്ഞ ദിവസങ്ങൾ ഇന്നും നാവിലെ കൊതിയൂറുന്ന രുചിയാണ് ..
ചെന്നൈയിലെ പ്രശസ്തമായ ‘മല്ലിപ്പൂ ഇഡ്ഡലി’ എന്ന സ്ഥാപനത്തിന്റെ ഉടമയും ‘ഇഡ്ഡലി കിങ്’ എന്ന് അറിയപ്പെടുകയും ചെയ്യുന്ന എം. ഇനിയവനെ ഈ ദിനം കടന്നു പോകുമ്പോൾ പ്രത്യേകം സ്മരിക്കാം .ഈ ദിനാഘോഷം ഈ വര്ഷം കാര്യമായി ആഘോഷിച്ചില്ല .കാരണം അടുക്കളകളെ നിഷ്പ്രഭമാക്കി ജങ്ക് ഫുഡ് പ്രാതലുകൾ ആയി മാറിയോ ?
നൂഡിൽസും, ഷവർമ്മയും, സിങ്കർ ബർഗറും നമ്മുടെ കുട്ടികളുടെ നാവിന്റെ രുചി തട്ടിയെടുത്തോ ?വലിയ ചർച്ചകൾ ഉണ്ടാകട്ടെ .
ലോക ഇഡ്ഡലി ദിനാശംസകൾ…




👌
നല്ലറിവ് 👏👍