എന്താണ് വിഡ്ഢി ദിനം ?
മറ്റുള്ളവരെ വിഡ്ഢിയാക്കി സ്വയം ചിരിക്കുക എന്നതല്ല ,നമുക്ക് ഒരു വർഷത്തിൽ സംഭവിച്ച അബദ്ധങ്ങളോ വിഡ്ഢിത്തങ്ങളോ ഓർത്തു ചിരിക്കുകയും ഇനിയത്
ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലെടുക്കുകയും ചെയ്യാനായി ഈ ദിവസത്തെ മാറ്റി വെക്കാം.പ്രശസ്ത എഴുത്തുകാരന് മാര്‍ക്ക് ട്വയിന് പറഞ്ഞത് പോലെ “വര്‍ഷത്തിലെ 364 ദിവസവും നമ്മള് എന്തായിരുന്നു എന്ന് ചിന്തിക്കുന്ന ദിവസമാകണം ഏപ്രില്‍ ഒന്ന് “. ചരിത്രത്തിന്റെ അത്ര പിന്‍ബലമില്ലാത്ത ഒരു കഥ ഏപ്രിൽ ഒന്നിനെ കുറിച്ച് പ്രചാരത്തിലുണ്ട്.
ഫ്രാൻസിൽ ജൂലിയർ സീസറിന്റെ കാലം മുതൽ പിന്തുടരുന്ന കലണ്ടർ മാർപാപ്പയായിരുന്ന പോപ്പ് ഗ്രിഗറി 1582 ൽ പരിഷ്കരിച്ചു .അന്ന് വരെ ഏപ്രിൽ ഒന്നിനായിരുന്ന പുതു വത്സരം ജനുവരി ഒന്നിലേക്ക് മാറ്റി. ഈ കലണ്ടറാണ് “ഗ്രിഗറി കലണ്ടർ” എന്നറിയപ്പെടുന്നത് .അന്ന് വാർത്താ മാധ്യമങ്ങളുടെ അപര്യാപ്തതയും ജനങ്ങളുടെ അജ്ഞതയും കാരണം അധികമാളുകളും ഈ വിവരമറിഞ്ഞില്ല .അതറിയാതിരുന്നവർ ഏപ്രിൽ ഒന്ന് പുതു വത്സരമാഘോഷിച്ചു കൊണ്ടേയിരുന്നു അവരെ പിന്നീട്” മണ്ടന്മാർ “എന്ന് ലോകം വിളിച്ചു .അവർക്കു വേണ്ടി “വിഡ്ഢി ദിനം “എന്ന പേര് നൽകി .യഥാർത്ഥത്തിൽ ജനങ്ങളെ അറിയിക്കാതെ കലണ്ടർ തന്നെ മാറ്റിയ ഭരണ കൂടത്തിനാണ് “മണ്ടന്മാർ ” എന്ന പേര് നൽകേണ്ടതെന്നും ഒരു പക്ഷമുണ്ട്.
1381 ൽ ചോസറിന്റെ ‘കാന്റർബറി ടെയിൽസി’ലെ ‘ദി നൺസ് പ്രീസ്റ്റ്സ് ടെയിൽ’ എന്ന കഥയോടെയാണ് ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചതെന്നൊരു വാദമുണ്ട് . ഇംഗ്ലണ്ടിലെ രാജാവ് റിച്ചാർഡ് രണ്ടാമന്റെയും ബൊഹീമിയയിലെ രാജ്ഞി ആനിന്റെയും വിവാഹനിശ്ചയം പ്രഖ്യാപിച്ചു. തന്റെയും ആനി രാജ്ഞിയുടെയും വിവാഹനിശ്ചയ തീയതി മാർച്ച് 32നാണെന്ന് രാജാവ് തന്റെ പ്രജകളോട് പറഞ്ഞു വിശ്വസിപ്പിച്ചു .രാജാവിന്റെ വിവാഹനിശ്ചയം ആഘോഷിക്കാൻ ജനം ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു . മാർച്ച് 32 കലണ്ടറിലെ ഒരു തീയതിയല്ലെന്ന് മനസിലായിട്ടും ആഘോഷത്തിനിറങ്ങിയവർ വഞ്ചിതരായി എന്ന് എല്ലാവർക്കും മനസിലായി. അതോടെ ഏപ്രിൽ ഫൂൾ ദിനം ബ്രിട്ടനിലുടനീളം വ്യാപിച്ചതാണ് മറ്റൊരു ചരിത്രം .
സ്കോട്ട്ലൻഡിൽ ഏപ്രിൽ ഫൂൾ ദിനം രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്. അവിടെ തമാശക്കാരെ ഗൗക്കുകൾ (കുക്കൂ പക്ഷികൾ) എന്നാണ് വിളിക്കുന്നത്. ഏപ്രിൽ ഫൂൾ ദിനം എല്ലാ വിഡ്ഢികളുടെയും ദിനമാണെന്നു
പറഞ്ഞുകൊണ്ടാണ് അവർ ഈ ആഘോഷം പൂർത്തിയാക്കുന്നത് .
ഹിലാരിയ എന്ന ലാറ്റിൻ പദത്തിന്റെ അർഥം സന്തോഷം എന്നാണ്. പുരാതന റോമിൽ ഹിലാരിയ എന്നൊരു സമൂഹം ഒരു ഉത്സവം മാർച്ച് അവസാനത്തോടെ ആഘോഷിച്ചിരുന്നു. ഈ ഉത്സവത്തിൽ ആളുകൾ വേഷം മാറി മറ്റുള്ളവരെ പറ്റിക്കാൻ ശ്രമിച്ചിരുന്നവെന്നും അതിനു ഏപ്രിൽ ഫൂളുമായും ബന്ധമുണ്ടെന്നും പറയപ്പെടുന്നു .
ഏപ്രിൽ ഫൂളിന്റെ പേരിൽ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതും അതിന്റെ പേരിൽ തമ്മിൽ തല്ലുന്നതും പതിവ് കാഴ്ചയാണ് .മാത്രമല്ല പൊങ്ങച്ചം കലർന്ന നുണകൾക്ക് “തള്ളുക” എന്നൊരു ഓമന പേരും വർത്തമാന കാലത്തുണ്ട് .ഏപ്രിൽ ഫൂൾ എന്ന പേരിൽ ഇന്ന് കാട്ടികൂട്ടുന്ന കോപ്രായങ്ങൾക്കും ,തമാശക്കുള്ളിലെ കാര്യം കൊണ്ട് മനുഷ്യ ജീവന് പോലും നഷ്ടം സംഭവിക്കുമ്പോൾ ഇത്തരം ദിനങ്ങൾ കൊണ്ടാടേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ ? എന്ന അവബോധം വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും ഭരണാധികാരികളും സന്നദ്ധ പ്രവർത്തകരും അധ്യാപകരും പകർന്നു കൊടുക്കേണ്ടതുണ്ട് . നുണ , താറടിക്കൽ, ചതി, വഞ്ചന, റ്റൊരാളിന്റെ വസ്തു അന്യായമായി അപഹരിക്കൽ ,നേരല്ലാത്തകാര്യം, നെറികേട്, കൗശലം, സൂത്രം, മടിച്ചിരിക്കൽ, പ്രവൃത്തിയിൽ അലസത കാണിക്കൽ, തമാശ രൂപേണ അപഹരിക്കൽ അങ്ങനെ നീളുന്നു കള്ളങ്ങൾ. അന്താരാഷ്ട്ര മാധ്യമമായ ബിബിസി പോലും ഈ ദിവസം ചില വ്യാജ വാർത്തകൾ സംപ്രേക്ഷണം ചെയ്ത് പ്രേക്ഷകരെ വിഡ്ഢികളാക്കിയ ചരിത്രമുണ്ട്. നിരന്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർക്കിടയിൽ ജീവിക്കുന്ന മലയാളികൾക്ക് അതൊരു
പുത്തരിയല്ല .എങ്കിലും നിരന്തരം ഏറ്റവും കൂടുതൽ നുണ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരുമാണെന്ന ചീത്തപ്പേര് നില നിൽക്കുന്ന വർത്തമാന കാലത്തു ഏപ്രിൽ ഫൂളിന്റെ പേരിൽ ഒരു നുണ പറഞ്ഞവരോട് എന്ത് പറയാനാണ് ?
“വസ്തുതാപരമായി തെറ്റാണെങ്കിലും സമർത്ഥിക്കുന്നരീതിയാൽ വ്യക്തമായ സത്യത്തേക്കാൾ നന്നായി ഫലിപ്പിക്കാൻ നുണയ്ക്കുകഴിയും”
ഏപ്രിൽ ഫൂൾ ആശംസകളില്ല..
✍അഫ്സൽ ബഷീർ തൃക്കോമല



