മ്യാൻമറിലെ സൈബർ കുറ്റകൃത്യ സംഘത്തിലേക്കു കേരളത്തിൽ നിന്നുൾപ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ മുംബൈ മലയാളി സുനിൽ നെല്ലത്തു രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു.
ഐടി മേഖലയിലും ഡേറ്റ സെന്റർ, കോൾ സെന്റർ എന്നിവിടങ്ങളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു റിക്രൂട്മെന്റ്. തായ്ലൻഡിലെ ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്തും ഇയാൾ തട്ടിപ്പു നടത്തുന്നതായി സിബിഐ അധികൃതർ പറഞ്ഞു. മുംബൈയിൽ വിമാനം ഇറങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. ഇയാളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
റിക്രൂട്ട് ചെയ്യുന്നവരെ ആദ്യം ഡൽഹി വഴി ബാങ്കോക്കിൽ എത്തിക്കും. വീസ ഓൺ അറൈവൽ വാഗ്ദാനം നൽകി കൊണ്ടുപോകുന്ന ഉദ്യോഗാർഥികളെ ബാങ്കോക്കിൽ നിന്ന് റോഡ് മാർഗമോ, ഫെറിയിലോ മ്യാൻമറിൽ എത്തിച്ച് അവിടെ രാജ്യാന്തര സൈബർ തട്ടിപ്പു സംഘത്തിനു കൈമാറുകയാണു ചെയ്തിരുന്നത്.



