തിരുവനന്തപുരം: അറുപത്തിയെട്ടാം വയസില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ നടന് ഇന്ദ്രന്‍സ്. പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് ഇന്ദ്രന്‍സ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ദ്രന്‍സ് സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെ വിദ്യാർഥിയായത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളാണ് പഠനകേന്ദ്രം.
കേരളത്തില്‍ ഇന്ന് (മാര്‍ച്ച് നാല്) മുതലാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. കളിച്ചു ചിരിച്ച് നടക്കുന്നതിനിടയ്ക്ക് കുറച്ച് പഠിച്ചാല്‍ മതി, എല്ലാം ശരിയായിക്കോളുമെന്ന് ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. പാഠങ്ങൾ നന്നായി പഠിക്കുന്നുണ്ട്. എന്റെ പ്രായത്തിലുള്ള ഒരുപാടുപേര് പഠിക്കുന്ന കഥകളൊക്കെ ഉത്സാഹം വർദ്ധിപ്പിച്ചു. അപ്പോ ഞാനും പഠിച്ചേക്കാമെന്ന് വിചാരിച്ചു. അത്രയുള്ളു. പുതുതായി പഠിച്ചുവരുന്ന ഒരറിവൊന്നും കിട്ടാനൊന്നും പോണില്ല’, ഇന്ദ്രന്‍സിന്റെ വാക്കുകള്‍.
നടന് ഇഷ്ടമുള്ള വിഷയം മലയാളവും കഷ്ടപ്പാടുള്ള വിഷയം ഹിന്ദിയും ഇംഗീഷുമാണ്. മലയാളം വിട്ടുള്ള എല്ലാ വിഷയങ്ങളും കഷ്ടപ്പാടാണെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.പഠിക്കണമെന്ന് പറഞ്ഞു തരാനൊന്നും പണ്ട് ആളുണ്ടായിരുന്നില്ല. ഇപ്പോൾ പഠിക്കാൻ കൊതിയുണ്ട്, സിനിമയിൽ വന്ന് വലിയ ആളുകളുമായി ഇടപെട്ടപ്പോഴാണ് പഠിക്കാത്തതിന്റെ കുറവ് അനുഭവപ്പെട്ടതെന്നും ഇന്ദ്രൻസ് മുന്‍പ് പറഞ്ഞിട്ടുണ്ട്. സ്കൂൾപഠനം പൂർത്തിയാക്കാത്തതിന്റെ ദുഃഖമകറ്റാനാണ് അറുപത്തിയേഴാം വയസ്സിൽ അദ്ദേഹം തുടർപഠനത്തിന് ഒരുങ്ങുന്നത്. കൂടുതൽ പഠിക്കാനാകാത്തതിന്റെ സങ്കടം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
നാലാം ക്ലാസ്സിൽ ഭക്ഷണവും പുസ്തകമില്ലാത്തതിനാലാണ് പഠനം നിർത്തിയത്. നേരത്തേ എട്ടാംക്ലാസിൽ ചേർന്നിരുന്നെങ്കിലും പൂർത്തിയാക്കുവാൻ സാധിച്ചില്ല.