ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിളക്കമാർന്ന സന്ദേശങ്ങളുമായി വീണ്ടുമൊരു ക്രിസ്തുമസ് എത്തിയിരിക്കുന്നു. പരസ്പരസ്‌നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച് ജനങ്ങൾ മുന്നോട്ടു പോകണം.
ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും എല്ലാ രൂപങ്ങളിൽ നിന്നും മുക്തമായ, സമത്വസുന്ദരമായ ഒരു ലോകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്. മനുഷ്യരെ ഭിന്നിപ്പിക്കാനും, അപരവിദ്വേഷം പ്രചരിപ്പിച്ച് തമ്മിലടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ ക്രിസ്തു മുന്നോട്ടുവച്ച പുരോഗമന ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. അവ ഉൾക്കൊണ്ട് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.
പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതിയ വാതിലുകൾ തുറന്നുകൊണ്ടാണ് ഓരോ പുതുവർഷവും കടന്നുവരുന്നത്. സാമൂഹ്യനീതി, സമത്വം, പുരോഗതി എന്നിവയിൽ അധിഷ്ഠിതമായ നവകേരളസൃഷ്ടിക്ക് ഈ പുതുവർഷം ഊർജ്ജം പകരും. ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല നാളേക്കുവേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.



