വിധിയെഴുത്തു നടത്താതെയിരിക്കാം
—————————————————
ഒരു വ്യക്തിയുടെ പുതിയ അയൽവാസിയൊരു നിരന്തര ശല്യക്കാരനും പ്രശ്നക്കാരനുമായിരുന്നു. അയാൾ ദൈവത്തോടു പരാതിപ്പെട്ടു: “എൻ്റെ അയൽക്കാരൻ ദുഷ്ടനാണ്,അയാളുടെ ശല്യം കൊണ്ടു മടുത്തു. ഇങ്ങനെയുള്ള സാമൂഹ്യ വിരുദ്ധരെ, നീയെന്തിനാണു ഭൂമിയിൽ വച്ചുപുലർത്തുന്നത് ”
ആദ്യ ദിവസങ്ങളിൽ ഒന്നും മിണ്ടാതിരുന്ന ദൈവം, പിന്നീടു പ്രതികരിച്ചു: “നീയവനെ നാലു ദിവസം മാത്രമേ സഹിച്ചുള്ളൂ. ഞാൻ അറുപതു വർഷമായി സഹിക്കുന്നു. ഇത്രയും നാൾ ഞാൻ ഒരാളെ സഹിച്ചെങ്കിൽ അതിനൊരു കാരണമുണ്ടാകില്ലെ. ദൈവം അംഗീകരിച്ച ഒരാളുടെ നാശത്തിനായി പ്രാർത്ഥിക്കുവാൻ നിനക്കെന്താണ് അവകാശം” അന്നു മുതൽ അയാൾ,ദൈവമേ എൻ്റെ സ്വഭാവം മാറ്റണെയെന്നാക്കി പ്രാർത്ഥന.
നമുക്ക് ഇഷ്ടമില്ലാത്തവരെല്ലാം ഇല്ലാതാകണമെന്ന ചിന്ത ഒരു മനോവൈകല്യമാണ്. നമ്മുടെ ശരികളെല്ലാം എല്ലാവരുടെയും ശരികൾ ആകണമെന്നില്ല. നമ്മുടെ തെറ്റുകളെല്ലാം എല്ലാവരുടെയും തെറ്റുകളുമാകണമെന്നില്ല കാരണം നമ്മുടെ ജീവിതമല്ല അവരുടെ ജീവിതം. അപരന്റെ ജീവിതത്തെക്കുറിച്ചൊന്നുമറിയാതെ അവരെക്കുറിച്ചു വിധിയെഴുതാൻ നമുക്കെന്താണ് അവകാശം.
മറ്റുള്ളവരിലെ ഇഷ്ടങ്ങളോട് ഇണങ്ങാൻ, നമുക്കു എളുപ്പമാണ്, എന്നാൽ ഇഷ്ടക്കേടുകളോടു പൊരുത്തപ്പെടാൻ പ്രയാസവും. അപ്രിയം ആയവരെയും അംഗീകരിക്കാൻ നമുക്കാകണം, അവരും ഈശ്വര സൃഷ്ടികളാണ്. സൃഷ്ടിയെ വിധിക്കാനുള്ള അവകാശം സൃഷ്ടാവിനു മാത്രമേയുള്ളൂ മറ്റൊരു സൃഷ്ടിക്കുമില്ല. സദ്ഗുണങ്ങൾ ഉള്ളവരോടു മാത്രം സമ്പർക്കം പുലർത്തുന്നതിൽ എന്താണു വിശേഷത. അല്ലാത്തവരോടും സമരസപ്പെടാൻ നമുക്കാകണം.
സർവ്വേശ്വരൻ സഹായിക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര



