മദ്രരാജ്യത്തിന്റെ അധിപതിയായ “അശ്വപതി” എന്ന ഭൂപതി തിലകൻ, മലർ മാതിനു തുല്യയായാ “മാലതി” എന്ന രാജ കന്യകയെ പാണി ഗ്രഹണം ചെയ്തു. അവർക്ക് വിവാഹ ശേഷം കാലം കുറേ കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാകാത്തതിൽ ആ ദമ്പതികൾ ദുഖിച്ചു.
അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം സൂര്യവംശാചാര്യനായ വസിഷ്ഠമഹർഷി ആ കൊട്ടാരത്തിൽ വന്നു. പുത്രശോകത്താൽ ദുഖിതരായിരിക്കുന്ന ആ ദമ്പതികളെ നോക്കി അദ്ദേഹം ഉപദേശിച്ചു.
ഹേ രാജരത്നമേ സാക്ഷാൽ പരാശക്തിയായ ദേവിയുടെ ഒരു അംശാവതാരമാണ് സാവിത്രി ദേവി, ആ ദേവിയെ പ്രാർത്ഥിച്ച് വ്രതമനുഷ്ഠിച്ചാൽ നിങ്ങൾക്ക് സന്താനമുണ്ടാകും. സംശയിക്കയെ വേണ്ട, സാവിത്രി ദേവി പുത്രദായിനിയാണ്.
അന്നുമുതൽ രാജാവും രാഞ്ജിയും ഭക്തിപൂർവ്വം സാവിത്രീ ദേവിയെ ഭജിച്ചുകൊണ്ട് സാവിത്രീ വ്രതം അനുഷ്ഠിക്കാൻ തുടങ്ങി.
ആ കാലത്ത് രാജാവ് പരാശരമുനിയുടെ ഉപദേശപ്രകാരം രാജാവ് പത്തുവർഷം മുടങ്ങാതെ ഗായത്രീ മന്ത്രവും ജപിച്ചുകൊണ്ടിരുന്നു. ഒരു ദിവസം രാജാവ് ധ്യാനനിരതമായിരിക്കുംമ്പോൾ സാവിത്രീ ദേവി പ്രത്യക്ഷപ്പെട്ട് അരുളി ചെയ്തു.
പുണ്യവാനായ രാജാവേ അങ്ങ് വിഷമിക്കേണ്ട അങ്ങേയ്ക്ക് ഒരു പുത്രിയും രണ്ടു പുത്രന്മാരും ഉണ്ടാകും.
ദേവി ഇങ്ങനെ അനുഗ്രഹിച്ചുകൊണ്ട് മറഞ്ഞു. ആ അനുഗ്രഹം ഫലിച്ചു. അധികം താമസിയാതെ നിസ്സീമ സൗന്ദര്യവതിയും ഗുണവതിയുമായ ഒരു പുത്രി ജനിച്ചു. സാവിത്രി ദേവിയുടെ അനുഗ്രഹം കൊണ്ടു ജനിച്ച തന്റെ പുത്രിക്ക് അവർ സാവിത്രി എന്ന പേരിട്ടു. സീതപക്ഷപൂന്തിങ്കൾക്കലപോലെ കുമാരി അനുദിനം വളർന്നുവന്നു. അതിരറ്റ അഴകോട് കൂടിയ ഒരു മനോഹര തരുണിയായിത്തീർന്നു.
അവളുടെ രൂപശീലാദി ഗുണങ്ങളെ കേട്ടറിഞ്ഞ് പല രാജാക്കന്മാരും അവളെ വിവാഹം കഴിക്കാനായി ആഗ്രഹിച്ചു. രാജാവിന് അവരെ ആരേയും ഇഷ്ടപ്പെട്ടില്ല. ഒടുവിൽ ദ്യുമസേനൻ എന്ന രാജാവിന്റെ പുത്രനായ “സത്യവാൻ”എന്ന സുന്ദരമായ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു.
വിവാഹനന്തരം നവദമ്പതികൾ സത്യവാന്റെ കൊട്ടാരത്തിൽ താമസമാക്കി. ആനന്ദ പൂർവ്വം മധുവിധു ആഘോഷിച്ചു സുഖിച്ചു വാഴുന്ന കാലത്ത് (വിവാഹം കഴിഞ്ഞ് ഒരു സംവത്സരമേ കഴിഞ്ഞിട്ടുള്ളു) ഒരു ദിവസം കാനനത്തിൽ നിന്നും പ്രത്യേകമൊരു മരക്കഷണം വെട്ടിക്കൊണ്ടു വരാനായി ഏതാനും വേലക്കാരെ രാജാവ് കാട്ടിലേയ്ക്കയച്ചു. അതിന്റെ മേൽനോട്ടം വഹിക്കാനായി സത്യവാനും അവരുടെ കൂടെ പോകാൻ തീരുമാനിച്ചു.
പത്നിയുമായി അടവിയിൽ പോയി പ്രകൃതിഭംഗി കണ്ടാനന്ദിക്കാം എന്ന ഉദ്ദേശത്തോടെയാണ് സത്യവാൻ അതിനു തയ്യാറായത്.
സത്യവാൻ പറഞ്ഞു മര കഷ്ണം ഞാൻ പോയി കൊണ്ടുവരാം. നിങ്ങൾ ആരും വരണമെന്നില്ല. എനിക്ക് വെട്ടാനുമറിയാം. ആ കോടാലി ഒന്നിങ്ങു തന്നാൽ മതി എന്നു പറഞ്ഞു കോടാലിയും വാങ്ങി കിങ്കരന്മാരെ തിരിച്ചയച്ചതിനുശേഷം സാവിത്രിയോടുകൂടി സത്യവാൻ ഉല്ലാസപൂർവ്വം ആരണ്യ ത്തിലേക്ക് ഗമിച്ചു. കുറേനേരം ചുറ്റി നടന്ന് കാനനഭംഗിയൊക്കെ ആസ്വദിച്ചതിന്റെ ശേഷം സത്യവാൻ പ്രിയതമയോട് പറഞ്ഞു:-
ഓമനേ! ഇനി നീ നടക്കണമെന്നില്ല. നിന്റെ തളിരുപോലെ മൃദുലമായ പാദങ്ങൾ, ഈ ചരൽക്കല്ലുകളിൽ ചവിട്ടിയാൽ വേദനിക്കും. നീ ഈ വൃക്ഷതണലിൽ സുഖമായി ഇരുന്ന് ആശ്വസിക്കു. നല്ല കാറ്റുണ്ട്. ഞാൻ പോയി മരക്കഷ്ണവും വെട്ടി കൊണ്ടുടനെ വരാം, എന്നു പറഞ്ഞു സത്യവാൻ മരക്കഷ്ണം വെട്ടുവാനായി പോകുന്നു.
(തുടരും)




🙏