Sunday, March 22, 2026
Homeഅമേരിക്ക"മണവാളൻകുന്നിലെ മഞ്ചാടിമണികൾ" (നോവൽ - അവസാന ഭാഗം - 30) ✍ രവി കൊമ്മേരി, UAE

“മണവാളൻകുന്നിലെ മഞ്ചാടിമണികൾ” (നോവൽ – അവസാന ഭാഗം – 30) ✍ രവി കൊമ്മേരി, UAE

മുഖത്ത് വെള്ളം തളിച്ചപ്പോൾ കണ്ണു തുറന്നു. അവൻ പിടഞ്ഞെണീറ്റു. പകച്ചു കൊണ്ടവൻ ചുറ്റും നോക്കി.

തുടർന്ന് വായിക്കുക.
👇👇👇👇👇👇

അദ്ധ്യായം 30

ഇല്ല. ഇല്ല ഞാൻ കേട്ടത് സത്യമല്ല. കാർത്തീ ഞാൻ ഉറക്കത്തിലാണോ..?

എന്താ ചേട്ടാ…. എന്താ… എന്താ നിങ്ങൾക്ക് പറ്റിയത്.
അവൾ കരയാൻ തുടങ്ങി.

കാർത്തീ….. നമ്മുടെ ജയിംസ്.

എന്തു പറ്റി. എന്തു പറ്റി ജയിംസിന്.. ?

” ജയിംസ് നമ്മളെ വിട്ട് പോയി കാർത്തീ ”

അവൻ പൊട്ടിക്കരഞ്ഞു. ഉടനെ സമനില വീണ്ടെടുത്ത് ഫോണിൽ വന്ന നമ്പർ പരിശോധിച്ചു. അതെ. അമേരിക്കൻ നമ്പർ തന്നെ. അതിലോട്ട് തിരിച്ചുവിളിക്കാൻ തുടങ്ങവേ… വീണ്ടും കോൾ വന്നു.

ബോഡി നാട്ടിലോട്ട് കൊണ്ടു വരുന്നു. ഇവിടുത്തെ പേപ്പർ ജോലികൾ ഒക്കെ തീർത്തിട്ട് മിക്കവാറും നാളെ വൈകീട്ട് ബോഡി അയക്കാൻ കഴിയും എന്നാണ് കരുതുന്നത് എന്ന അറിയിപ്പു കിട്ടി.
എന്തു ചെയ്യണമെന്നറിയാതെ അവൻ പകച്ചിരുന്നു.

ഉടനെ അവൻ വക്കീലിനെ വിളിച്ചു കാര്യം പറഞ്ഞു. എന്നിട്ട് DYSP ജയേഷിന്‍റെ വീട്ടിലേക്കോടി. അദ്ദേഹത്തെ വിവരം ധരിപ്പിച്ചു. അദ്ദേഹം അവന്‍റെ ഫോണിൽ നിന്ന് കോൾ വന്ന നമ്പറിൽ തിരിച്ച് വിളിച്ച് കാര്യം തിരക്കി.

രാത്രി ഓഫീസിൽ തലകറങ്ങി വീണ് ആശുപത്രിയിൽ എത്തിച്ചു. ഉടനെ ഓപ്പറേഷനുള്ള ഒരുക്കങ്ങൾ ചെയ്തെങ്കിലും അതിനു മുൻപേ ആദ്ദേഹം പോയിരുന്നു. എന്നാണ് അറിയാന്‍ കഴിഞ്ഞത്.

തുടർന്ന് വക്കീലും, രാമഭദ്രനും, DYSP ജയേഷും കൂടിയാലോചിച്ച് ജയിംസിന്‍റെ വീട്ടിലെത്തി. അവർ എല്ലാ ബന്ധുക്കളേയും വിളിച്ചു വരുത്തി.

പിന്നീട് ഉദ്വേഗത്തിന്‍റെ നിമിഷങ്ങളായിരുന്നു. നീറിപ്പുകയുന്ന മനസ്സുമായി കാത്തിരിപ്പിന്‍റെ ദൈർഘ്യമേറിയ നിമിഷങ്ങൾ ഇഴഞ്ഞിഴഞ്ഞ് പോയിക്കൊണ്ടിരുന്നു.

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജയിംസിന്‍റെ ബോഡി എത്തി. എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടും കൂടെ പ്രൗഢഗംഭീരമായ ഒരു യാത്രയയപ്പോടെ അടിയന്തിര ചടങ്ങുകൾ അവസാനിച്ചു.

തുടർന്ന് ഒരാഴ്ച്ചത്തെ ദു:ഖാചരണം വളരെ സമാധാനപരമായി അവസാനിച്ചു.

കോടമഞ്ഞിറങ്ങി കാടും മേടും മൂടപ്പെട്ടു. കാട്ടാറുകൾ തണുത്തു വിറച്ചു നിശ്ചലമായി. മുന്നിലുള്ളതൊന്നും കാണാനാവുന്നില്ല. ഇനി എങ്ങോട്ടേക്കാണ്. എന്താണ്, എങ്ങിനെയാണ് എന്ന ചിന്തയിൽ രാമഭദ്രൻ ജയിംസിൻ്റെ സ്വർഗ്ഗ കവാടത്തിൽ തനിച്ചായി. അപ്പോഴക്കും ദാ.. വരുന്നു അടുത്ത മാരണം.

ഇനിയെന്ത് എന്ന കാര്യത്തെക്കുറിച്ച് ബന്ധുക്കൾ ചർച്ച ആരംഭിച്ചു. രാമഭദ്രനോട് കണക്കുകൾ ചോദിച്ചു കൊണ്ട് ബന്ധുക്കളും കാര്യപ്പെട്ടവരും രംഗത്തെത്തി. സ്വത്തു വീതം വയ്ക്കലിനെക്കുറിച്ചും ചോദ്യങ്ങളായി, ചർച്ചകളായി. രാമഭദ്രനെ പുറത്താക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ തകൃതിയായി നടക്കുന്നു.

രാമഭദ്രന്റെ സ്വഭാവംവച്ച് എല്ലാത്തിനേയും അവിടുന്ന് ചവിട്ടി ഇറക്കേണ്ടതാണ്. യാതൊരു പിടിവള്ളിയും ഇല്ലാത്തതിനാൽ അവൻ ആ സാഹസത്തിനു മുതിരില്ലന്ന് അവർക്കറിയാമായിരുന്നു.

സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന് മനസ്സിലാക്കിയ രാമഭദ്രൻ, വക്കീലിനേയും, DYSP ജയേഷിനേയും ചെന്നുകണ്ടു.

ഇരുവരും എത്തി, എല്ലാ ബന്ധുക്കളേയും വിളിപ്പിച്ച് കാര്യങ്ങൾ തിരക്കി.

വെറുമൊരു കാര്യസ്ഥന്‍റെ സ്ഥാനത്തിരുന്നു കൊണ്ട് കാര്യങ്ങൾ നോക്കി നടത്താൻ ഏൽപ്പിച്ചവൻ ഞങ്ങളെയൊക്കെ ഭരിക്കുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നു.

നല്ലവണ്ണമാണെങ്കിൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഇതു പോലെ ഇനിയും ഇവന് തന്നെ നോക്കി നടത്താമെന്നും അതിനുള്ള ശംബളം കൃത്യമായി കൊടുത്തുകൊള്ളാമെന്നും അവർ.

അങ്ങിനെ ചർച്ചകൾ പുരോഗമിക്കവേ… വക്കീലു പറഞ്ഞു, നിങ്ങൾ എല്ലാവരും കരുതുന്നതു പോലെയല്ല കാര്യങ്ങൾ. കഴിഞ്ഞ പ്രാവശ്യം ജയിംസ് നാട്ടിൽ വന്നപ്പോൾ എന്‍റെ അടുത്ത് വന്ന് അവന്‍റെ എല്ലാ സ്വത്തുവകകളുടേയും, സാമ്പത്തിക ഇടപാടുകളുടേയും പങ്കാളിയാണ് രാമഭദ്രനെന്നും, എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എല്ലാറ്റിന്റേയും അവകാശിയായി രാമഭദ്രനേയും അവന്‍റെ മകളേയും ചുമതലപ്പെടുത്തിക്കൊണ്ട് എല്ലാം അവരുടെ പേർക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മാത്രമല്ല കാർഷിക വരുമാനത്തിന്‍റെ മുപ്പത് ശതമാനം ടൗണില ഒരനഥാലയത്തിലേക്ക് കൊടുക്കാനും എഴുതിയിട്ടുണ്ട്.

അനാഥാലയത്തിന്‍റെ പേരും വിവരങ്ങളും വെക്തമാക്കിയിട്ടുണ്ട്. അത് ഇപ്പോഴും ഇവൻ കൃത്യമായി കൊടുത്തു കൊണ്ടിരിക്കുന്നുണ്ടെന്നും വക്കീല്‍ വ്യക്തമാക്കി.

അപ്പോൾ പിന്നെ നിങ്ങളുടെ മനക്കോട്ടകൾ ഒക്കെ വെറുതെയാണെന്നും, നിങ്ങൾക്കെല്ലാവർക്കും അവരവരുടെ താവളങ്ങളിലേക്ക് ചേക്കേറാമെന്നും DYSP പറഞ്ഞു,

ഇത് നിങ്ങൾ ഒക്കെക്കൂടിയുള്ള കളിയാണെന്നും , സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ചതിയാണെന്നും അഭിപ്രായം ഉയർന്നു.

കണ്ണിന്‍റെ മുന്നിൽ മനോഹരമായ ഒരു പൂന്തോട്ടം അണിഞ്ഞൊരുങ്ങുകയും അതിൽ നിറയെ മാരിവില്ലഴകിൽ പൂക്കൾ നിറഞ്ഞു നിൽക്കുന്നതും കാണാൻ നല്ല രസമായിരിക്കും. അതിൽ നിന്നൊരു പൂവിറുത്തെടുക്കാൻ ആർക്കും തോന്നുകയും ചെയ്യും. എന്നാൽ അത് ഉണ്ടാക്കിയവനെക്കുറിച്ചോ, ഉണ്ടാക്കിയെടുക്കാനുള്ള കഷ്ടപ്പാടുകളെക്കുറിച്ചോ ആരെങ്കിലും ചിന്തിക്കാറുണ്ടോ… നിങ്ങൾ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ, എന്ന് ജയേഷ് ചോദിച്ചു ?

മാവിൽ മാമ്പഴം പഴുത്തു കിടക്കുമ്പോൾ കല്ലെറിയാൻ തോന്നും, അത് നമ്മുടെ സ്വന്തം മാവിലല്ലങ്കിൽ വളരെ ഉത്സാഹത്തോടെ എറിയും. സ്വന്തമാണെങ്കിൽ എറിയില്ല. കഷ്ടപ്പെട്ടിട്ടായാലും കയറിപ്പറിക്കും അല്ലെ. അതുകൊണ്ട് ഇവിടെ നിങ്ങൾ കല്ലെറിയണ്ട. വളരെ സന്തോഷത്തോടെ പിരിയാം.

എല്ലാവരും മനസ്സില്ലാ മനസ്സോടെ പുറത്തു കേൾക്കാതെ ഒത്തിരി ചീത്ത വിളിച്ചു കൊണ്ട് ഇറങ്ങിപ്പോയി.

പോലീസിന്റേയും, വക്കീലിന്റേയും സാന്നിദ്ധ്യത്തിലായിരുന്നതുകൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കഴിഞ്ഞു.

അതെ, ഇവിടെ രാമഭദ്രൻ സൗഹൃദത്തിൻ്റെ പുത്തനുഷസ്സിൽ ജ്വലിച്ച കനക കിരീടം ചൂടിയ നിമിഷമായിരുന്നു. സൗഹൃദം അതിലുപരി വിശ്വാസം, ഒന്നാണെന്ന ബോധം, കൂടെ ഉണ്ടാകുമെന്ന അഹങ്കാരം, സ്വന്തം ഭാര്യയും സ്വന്തക്കാരും വരെ വഞ്ചിച്ചപ്പോൾ തന്നെ ച്ചേർത്തുപിടിച്ച, തന്നെ ജീവനുതുല്യം സ്നേഹിച്ച, തനിക്കു വേണ്ടി സ്വന്തം ജീവിത രീതികൾ പോലും മാറ്റിവച്ച ജെയിംസിൻ്റെ കൂട്ടുകാരൻ, അവരുടെ കൂട്ടുകെട്ട് എല്ലാ വിശ്വാങ്ങൾൾക്കുമപ്പുറം കാലത്തിൻ്റെ പുത്തൻ വിപ്ലവമായ് ഇന്ന് ജ്വലിക്കുന്നു.

മേഘങ്ങൾ നീങ്ങി. മാനം തെളിഞ്ഞു. നക്ഷത്രങ്ങൾ മണവാളൻ കുന്നിന്റെ നെറുകയിൽ പുഞ്ചിരിപ്പൂക്കൾ വിതറി. പുത്തൻ മലയോരക്കാറ്റ് മൂളിപ്പാട്ടും പാടി മണവാളൻ കുന്നിനെ തഴുകിക്കടന്നു പോയി. വാനംമ്പാടിക്കിളികൾ കൂട്ടത്തോടെ വിരുന്നു വന്നു. കാടു പൂത്തുലഞ്ഞു. കാട്ടാറും, കാട്ടരുവികളും കാനന ഛായയ്ക്ക് കൂടുതൽ ചാരുതയേകി.

മണവാളൻകുന്ന് ചന്തയ്ക്ക് ഉത്സവമായി. മാലിന്യ നിർമ്മാർജന പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

പത്തു മുപ്പത് പേർക്ക് അതുമായി ബന്ധപ്പെട്ട് ജോലി കിട്ടി. എല്ലാത്തിനും ചുക്കാൻ പിടിച്ച് രാമഭദ്രൻ ഓടിനടന്നു.

ഹാജിയാരും, കോഴിജാനുവും അവന്‍റെ കൂടെ എല്ലാ കാര്യങ്ങൾക്കും സഹകരിച്ചു നീങ്ങി.

രാമദദ്രൻ വക്കീലിന്റേയും, ജയേഷിന്റേയും നിർബന്ധപ്രകാരം ജയിംസിന്‍റെ വീട്ടിലേക്ക് താമസം മാറി. കൃഷിയും കാര്യങ്ങളും കൂടുതൽ ഉഷാറായി.

എല്ലാമാസവും അവനും കുടുംബവും പള്ളിയിൽ ചെന്ന് ഫാദർ ഗ്രിഗറി എസ്തപ്പാനോസിനെ കണ്ട് അനാഥാലയത്തിലെ കാര്യങ്ങൾ തിരക്കി വേണ്ടത് ചെയ്യുന്നു.

എന്തിനും കൂട്ടായി അവനോടൊപ്പം ഉള്ള ഹാജിയാരുടെ കൂട്ടുകെട്ടിൽ മണവാളൻ കുന്നിലെ ജനങ്ങൾ നെഞ്ചേറ്റുന്ന നല്ല നല്ല പദ്ധതികളുമായി അവൻ വീണ്ടും മുന്നോട്ട് പ്രയാണം തുടരുന്നു.

ഉത്സവം, എങ്ങും പൂക്കളുടെ ഉത്സവം. മഹനീയതയുടെ വർണ്ണ പ്രൗഢിയിൽ ആറാടുന്ന മലയോരം ഗ്രാമം. നയനങ്ങൾക്ക് മാസ്മരീകതയേകി ഈറനണിഞ്ഞ പ്രഭാതങ്ങളെ കൂടുതൽ കൂടുതൽ സുന്ദരിയാക്കി പുഞ്ചിരിച്ച് കാറ്റിനോട് കിന്നാരം പറയുന്ന മലർവാടികളുടെ ഇടയിലൂടെ സ്നേഹ സൗഹൃദത്തിന്റെ മോഹന സുന്ദര നാദത്തിലലിഞ്ഞ്, രമ്യയും ജീവനും മണവാളൻ കുന്നിന്റെ രാജകുമാരിയും രാജകുമാരനുമായ് ഒഴുകി നടന്നു.

മനസ്സുകൾ കൊണ്ട് സ്നേഹ കാവ്യങ്ങൾ രചിച്ച്, കണ്ണുകൾ കൊണ്ട് വശ്യസുന്ദര യാമങ്ങൾ നെയ്ത് , കൈകളിൽ കൈകൾ ചേത്ത് കൊക്കുരുമ്മിപ്പറക്കുന്ന ഇണപ്പറവകളായി, ജീവിതത്തിന്റെ പുത്തൻ അദ്ധ്യായങ്ങൾ രചിക്കാൻ പൂക്കളാൽതീർത്ത ജയിംസിൻ്റെ സ്വർഗ്ഗ കൊട്ടാരത്തിലേക്ക് രാജാവും റാണിയുമായി അവർ ചേക്കേറി.

……ശുഭം…..
…രവി കൊമ്മേരി…UAE

പ്രിയ വായനക്കാരേ,
നിങ്ങളുടെ വായനയും പ്രോത്സാഹനവുമാണ് ഞങ്ങളുടെ വിജയം. ഈ നോവൽ ഇവിടെ അവസാനിക്കുന്നു. രവി കൊമ്മേരിയുടെ മറ്റൊരു പുത്തൻ സൃഷ്ടിയുമായി ഞങ്ങൾ ഉടനെ നിങ്ങളുടെ മുന്നിൽ എത്തുന്നു. നിങ്ങൾ തരുന്ന ഈ സ്നേഹവും പ്രോത്സാഹനങ്ങളും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്…..

മലയാളി മനസ്സ് USA .

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com