Sunday, March 22, 2026
Homeഅമേരിക്കലോക ജനസംഖ്യാ ദിനം... ✍️അഫ്സൽ ബഷീര്‍ തൃക്കോമല

ലോക ജനസംഖ്യാ ദിനം… ✍️അഫ്സൽ ബഷീര്‍ തൃക്കോമല

1987 ജൂലൈ11നു ലോക ജനസംഖ്യ 500 കോടിയിലെത്തിയതിന്റെ പശ്ചാത്തലത്തിൽ 1989 മുതൽ ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഭരണ സമിതിയാണ് ലോക ജനസംഖ്യാ ദിനം ആചരിച്ചു തുടങ്ങുന്നത്.മലയാളി ജനസംഖ്യാ ശാസ്ത്രജ്ഞനായിരുന്ന ഡോ.കെ.സി.സക്കറിയ ആണ് ലോക ജനസംഖ്യാ ദിനം ജൂലൈ 11ന് ആചരിക്കാൻ നിർദ്ദേശിച്ചത് എന്നത് ഏറെ അഭിമാനകരമാണ് .

അദ്ദേഹം ലോകബാങ്കിൽ വാഷിങ്ടണിലെ സീനിയർ ഡെമോഗ്രഫർ ആയിരുന്നു . ഇക്കാലയളവിൽ ജനസംഖ്യാ ദിനാചരണ ചർച്ചകൾ മുൻപോട്ടു വെച്ചു .1957 ൽ മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ ഡപ്യൂട്ടി ഡയറക്ടർ, 1966 ൽ കെയറോ ഡെമോഗ്രഫിക് സെന്ററിൽ യുഎന്നിന്റെ ജനസംഖ്യാ വിദഗ്ധനൻ തുടങ്ങി പിന്നീട് ലോക ബാങ്കിൽ 1989 ൽ സീനിയർ ഡെമോഗ്രഫർ ആയി വിരമിച്ചു. തിരുവനന്തപുരത്തെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റിന്റെ സ്ഥാപക പ്രസിഡന്റാണ്. സെന്റർ ഫോർ ഡവലപ്മെന്റ് സ്‌റ്റഡീസിൽ ഓണററി ഫെലോ ആയിരുന്നു. ആഗോള കുടിയേറ്റം സംബന്ധിച്ച പഠനം നടത്തി.5 വർഷത്തിൽ ഒരിക്കൽ കേരളത്തിലെ 15000 വീടുകളെ കേന്ദ്രീകരിച്ച് സിഡിഎസിന്റെ നേതൃത്വത്തിൽ പ്രവാസി സർവേയ്ക്കു നേതൃത്വം നൽകിയ അദ്ദേഹം കണ്ടെത്തിയ വിവരങ്ങൾ ഭാവിയിൽ
സംസ്ഥാനത്തിനും രാജ്യത്തിനും സാമ്പത്തിക രംഗത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ സർക്കാരുകൾ ശ്രദ്ധിച്ചു പോലുമില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .

വർത്തമാന കാല കേരളം വിദേശത്തേക്കു കുടിയേറുന്നവരുടെ കേന്ദ്രമായി മാറിയതും അതിന്റെ കാരണവും മുൻപേ തന്നെ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ എഴുതി വെച്ചിട്ടുണ്ട് .നെഗറ്റീവ് ജനസംഖ്യാ പ്രവണത ആദ്യമായ രേഖപ്പെടുത്തിയ 318 പേജുള്ള “ദി സിറിയൻ ക്രിസ്ത്യൻസ് ഓഫ് കേരള” എന്ന പുസ്തകം അദ്ദേഹത്തിന്റെതാണ് . “ഇമിഗ്രേഷൻ ഫ്രം കേരള” എന്ന ഗവേഷണ ഗ്രന്ഥവും “ചേഞ്ചിങ് കേരള: പോപ്പുലേ‍ഷൻ ഗ്രോത്ത് ആൻഡ് ഇക്കണോമിക് ഡവലപ്മെന്റ് ഓഫ് റിലിജിയസ് ഡിനോമിനേഷൻസ്” എന്ന പുസ്തകത്തിൽ കേരളത്തിലെ 7 ഹിന്ദു വിഭാഗങ്ങളിലും 9 ക്രിസ്ത്യൻ വിഭാഗളിലും 2 മുസ്സിം വിഭാഗങ്ങളിലുമുള്ള ജനസംഖ്യാ വിവരങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് .പത്തനംതിട്ട ജില്ലയിലെ നിരണം, എടത്വ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചങ്ങനാശേരി എസ്ബി കോളേജ് ആലുവ യു സി കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി. കേരള സർവകലാശാലയിൽനിന്ന് സ്ഥിതിവിവര ശാസ്ത്രത്തിൽ (സ്റ്റാറ്റിസ്റ്റിക്സ്) ബിരുദാനന്തര ബിരുദം. യുഎസിലെ പെൻസിൽവേനിയ സർവകലാശാലയിൽനിന്ന് സോഷ്യോളജിയിലും ഡെമോഗ്രഫിയിലും ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇന്ത്യയിലും
വിദേശത്തും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. 2023 ജനുവരി 17 ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞുവെങ്കിലും മലയാളിയുടെ സ്വകാര്യ അഹങ്കാരമായി ആഗോള തലത്തിൽ തലയെടുപ്പോടെ ആ പേരുണ്ട്.

ജനസംഖ്യാ വർധനവിന്റെ ദോഷങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യമെങ്കിലും ഭൂലോകം മുഴുവനായി ഇതുമൂലം ഉണ്ടായി കൊണ്ടിരിക്കുന്ന സാംസ്കാരിക അപചയങ്ങളും വികസനമുരടിപ്പും വ്യക്തിഗത അ സൗകര്യങ്ങളും എങ്ങനെ എന്നതിനെക്കുറിച്ച് പൊതു സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ജനസംഖ്യാ ദിനം മുൻപോട്ടു വെക്കുന്നത് .

1990 ജൂലൈ 11ന് ലോകത്തെ 90 ൽ അധികം രാജ്യങ്ങളിൽ ജനസംഖ്യാ ദിനം ആചരിച്ചു തുടങ്ങി.ദീർഘകാലം ജനസംഖ്യയിൽ മുൻപിൽ നിന്ന ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി നിൽക്കുന്നു. മഹാമാരിയുടെ നാളിൽ രാജ്യത്തിന്റെ മരണനിരക്ക് ഉയർന്നതിന് പ്രധാന കാരണം ജനപ്പെരുപ്പം തന്നെയായിരുന്നു. മാത്രമല്ല മികച്ച ജീവിത സാഹചര്യങ്ങളോ പോഷകാഹാരങ്ങളോ വിദ്യാഭ്യാസമോ ബോധവൽക്കരണമോ ഉൾപ്പടെ എല്ലാവരിലേക്കും എത്തിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം ജനപ്പെരുപ്പം തന്നെ. ലോക രാജ്യങ്ങളിൽ ഏറ്റവും വലിയ മാനവ വിഭവ ശേഷിയുള്ള നമ്മുടെ രാജ്യം അത് കൃത്യമായി ഉപയോഗിക്കാനോ അതിന്റെ പ്രയോജങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാനോ കഴിയാതെ നട്ടം തിരിയുന്നത് ഭരണാധികാരികളുടെ പിടിപ്പുകേടാണെന്ന വിമർശനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് .

മനുഷ്യോല്പത്തി മുതൽ ലോകജനസംഖ്യ 100 കോടിയില്‍ എത്താന്‍ ദശ ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്തെങ്കിൽ കഴിഞ്ഞ 200 വര്‍ഷത്തിനുള്ളില്‍ ഇത് ഏഴിരട്ടിയായി വര്‍ദ്ധിച്ചതിന്റെ ഉത്തരവാദിത്വം ആർക്കാണ്? ലോകജനസംഖ്യ 2011ല്‍ 700 കോടി കടന്നു. ഇപ്പോള്‍ ഇത് ഏകദേശം 800 കോടിയോളമായി .2030 ല്‍ ഏകദേശം 850 കോടി, 2050 ല്‍ 970 കോടി, 2100ല്‍ 1090 കോടി അങ്ങനെ ജനസംഖ്യ വർദ്ധനവ് ലോകത്തെ ആഗോള ഭീഷണിയായി മാറിയിരിക്കുന്നു .ശുദ്ധ ജലവും, പാർപ്പിടവും, അടിസ്ഥാന സൗകര്യങ്ങളും മാത്രമല്ല ശുദ്ധവായു പോലും ലഭിക്കാതെ ലോകം വീർപ്പുമുട്ടും എന്നതിൽ സംശയമില്ല

ആഗോള ജനസംഖ്യയുടെ 49.7 ശതമാനമാണ് സ്ത്രീകളും പെൺ കുട്ടികളും. അന്താരാഷ്‌ട്ര തലത്തിൽ ലോകത്തെ ജനസംഖ്യാ ശാസ്‌ത്രത്തിലോ ജനസംഖ്യാ നയങ്ങളിലോ അവരെ പരാമർശിക്കുന്നു പോലുമില്ലെന്ന് മാത്രമല്ല സകല അവകാശങ്ങളും ഹനിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. ഭൂമിയിലെ ജനസംഖ്യയുടെ പകുതിയെ തൃണവല്ഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്യുന്ന ഒരു വർത്തമാന കാലത്തിലൂടെ നാം കടന്നു പോകുന്നത് . ഇത് അടിസ്ഥാനപരമായി ലിംഗ വിവേചനമാണ് .

ഇന്നും സ്ത്രീകളെയും പെൺകുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും മറ്റു നേതൃത്വ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി നിര്ത്തുന്നു. ആരോഗ്യം, പ്രത്യുൽപാദന ജീവിതം, സമാധാനമായ ജീവിത സാഹചര്യങ്ങൾ, വ്യക്തിത്വ വികാസത്തിനുള്ള പദ്ധതികൾ തുടങ്ങി ഒന്നിലും സ്വതന്ത്രമായി ചിന്തിക്കാനോ തീരുമാനമെടുക്കാനോ ഉള്ള അവകാശങ്ങൾ ഇല്ലാത്തവരായി ഈ കൂട്ടർ മാറുന്നതിന്റെ ഫലമാണ് ഗർഭധാരണം മൂലമോ പ്രസവം മൂലമോ ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നത് മാത്രമല്ല ലോകത്തു സ്ത്രീ വിരുദ്ധത എല്ലായിടത്തും പടർന്നു പന്തലിച്ചു നിൽക്കുന്നു.

UNFPA (The United Nations Population Fund) 2023 ലെ ലോക ജനസംഖ്യാ റിപ്പോർട്ട് “സ്ത്രീകളും പെൺകുട്ടികളും അവരുടെ ജീവിതത്തിലും ശരീരത്തിലും സ്വയം ഭരണാധികാരം ചെലുത്താൻ സമൂഹങ്ങളാൽ ശാക്തീകരിക്കപ്പെടുമ്പോൾ, അവരും അവരുടെ കുടുംബവും അഭിവൃദ്ധി പ്രാപിക്കുന്നു. നോക്ക്-ഓൺ ഇഫക്റ്റ് ഒരു മെച്ചപ്പെട്ട, കൂടുതൽ ഉൾക്കൊള്ളുന്ന ലോകമാണ്, ഭാവിയിൽ നേരിടുന്ന ഏത് ജനസംഖ്യാപരമായ മാറ്റങ്ങളും വെല്ലുവിളികളും നേരിടാൻ സജ്ജമാണ്.”എന്ന് പറയുന്നത് ലിംഗ സമത്വത്തിനു അപ്പുറത്തു ലിംഗ നീതിയിലേക്കു പോകേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടാനുള്ള അവസരവും ലോക ജനസംഖ്യാ ദിനം നൽകുന്നു.

വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്തു പോലും വികസനകളോ പുത്തൻ അറിവുകളോ എല്ലാവരിലേക്കും എത്തിക്കാന്‍ കഴിയുന്നില്ല എന്നത് വലിയ കുറവായി തന്നെ കാണണം .ലോകത്ത് ഒരു തരത്തിലുളള കുടുംബ ക്ഷേമ മാര്‍ഗ്ഗവും ലഭിക്കാത്ത ദമ്പതിമാരുടെ എണ്ണം ഏകദേശം 40 കോടിയോളമാണ് . ഇത് ജനസംഖ്യാ വിസ്ഫോടനത്തിന് കാരണമാകുമ്പോള്‍ ചൈന പോലുള്ള രാജ്യങ്ങളില്‍ നില നിൽക്കുന്ന താരതമ്യേന കർക്കശമായ നിയമങ്ങള്‍ പെണ്‍ഭ്രൂണഹത്യ ക്കുള്ള മികച്ച അവസരമായി കാണുന്നു. ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് എന്ന നിയമം പലപ്പോഴും ആണ്‍കുഞ്ഞിനെ കിട്ടാനായി മാത്രം ഉപയോഗപ്പെടുത്തുന്നു. അത് കൊണ്ടാണ് സമത്വത്തിലൂടെ ശാക്തീകരണം എന്ന മുദ്രാവാക്യം ജനസംഖ്യാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ സന്ദേശമാകുന്നത് .

2024 ലെ ലോക ജനസംഖ്യാ ദിനത്തിൻ്റെ പ്രമേയം “അസമത്വം അവസാനിപ്പിക്കുക, പ്രത്യുൽപാദന ആരോഗ്യ സേവനങ്ങളിലേക്ക് എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുക” എന്നതായിരുന്നു.2025 ൽ “ന്യായവും പ്രതീക്ഷയുമുള്ള ഒരു ലോകത്ത് അവർ ആഗ്രഹിക്കുന്ന കുടുംബങ്ങൾ സൃഷ്ടിക്കാൻ യുവാക്കളെ ശാക്തീകരിക്കുക” എന്നതാണ്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ 1100 കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഇത് രണ്ടും കൂടി ഒത്തു ചേരുന്നില്ല .ലോകത്തുള്ള
വിവിധ രാജ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ രണ്ടര ഇരട്ടി വലിപ്പമുള്ള ചൈനയെ പിന്നിലാക്കി ജന സംഖ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് കേരളത്തിലെ ഒരു ജില്ലയിലെ ന്യൂന പക്ഷ വിഭാഗങ്ങളിൽ ഒന്ന് ജനസംഖ്യ നിയന്ത്രണത്തിന് തയാറാകാത്തതുകൊണ്ടാണെന്ന ആക്ഷേപം പോലും നമ്മുടെ രാജ്യത്തു വ്യാപകമായി ചർച്ച ചെയ്യുന്നുണ്ട്. മാനവ വിഭവശേഷി എന്നത് വളർച്ചയ്ക്കും വികസനത്തിനും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.മാനവ വിഭവ ശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു രാജ്യത്തിനോ ഒരു സ്ഥാപനത്തിനോ ഉള്ള മനുഷ്യ വിഭവങ്ങളെയാണ്.അതായത്അവിടുത്തെ ജനങ്ങളുടെ കഴിവുകൾ, അറിവ്, വൈദഗ്ധ്യം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.അതിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചായിരിക്കും രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുക.വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായ വളര്‍ച്ചക്കനുസരിച്ചു വിദ്യാഭ്യാസപരമായി നേടിയെടുത്ത ഉന്നമനം മാനവ വിഭവ ശേഷിയെ വലിയ നിലയിൽ സ്വാധീനിക്കും .അങ്ങനെയൊക്കെ ആണെങ്കിലും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ രാജ്യ വിസ്തൃതിക്കനുസരിച്ചു ജനസംഖ്യ ഇല്ലാത്തതും സാമ്പത്തിക അഭിവൃദ്ധിയും ഈ രാജ്യങ്ങളെ ലോകത്തിന്റെ സമ്പന്നതയുടെ ഉച്ചകോടിയിലെത്തിച്ചത് ഓരോ ജനസംഖ്യ ദിനത്തിലും എടുത്തു പറയേണ്ട വസ്തുതയാണ്.

ജനസംഖ്യ വളർച്ചക്കൊപ്പം ദാരിദ്ര്യവും ഇല്ലായ്മ ചെയ്യണമെന്നും രാജ്യത്തെ പൗരന്മാരെ സമന്മാരായി കാണണമെന്നുമുള്ള ഭരണകൂടത്തിന്റെ തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാകട്ടെ ജനസംഖ്യ ദിനം ….

✍️അഫ്സൽ ബഷീര്‍ തൃക്കോമല

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com