അഴകേറുംവർണ്ണമതേറെയുണ്ടെങ്കിലും
സൗന്ദര്യമേറ്റമീ കറുപ്പഴക്
കല്പിച്ചതാരൊരാൾ, ദുഃഖപ്രതീകമായ്
ഏഴഴകുള്ളൊരീ നിറത്തിനെന്നും
കാക്കക്കറുപ്പെന്നു ചൊല്ലിപ്പരിഹസി-
ച്ചീടുന്ന കൂട്ടരുമിന്നേറെയുണ്ട്.
എണ്ണക്കറുപ്പേറുംപൂങ്കുയിലുമെത്ര-
യീണത്തിൽ മധുരമായ് പാടിടുന്നു
നിലാവിന്റെ ശോഭയിൽ മുങ്ങിത്തുടി-
ക്കുമാ രജനിക്കുമുണ്ടിന്നേഴഴക്
രാത്രിതൻസൗന്ദര്യമാസ്വദിച്ചീടുന്നു
വെള്ളക്കസവിട്ട ശലഭജാലം.
ചന്തം തികയുന്നു
കണ്മണിതൻകൈയിൽ
കൊഞ്ചുംകരിവള ചാർത്തിടുമ്പോൾ
നീൾമിഴിയിണയതിലെഴുതുന്നോരഞ്ജ
നം
അഴകേകുമെന്നുമാപ്പെൺകൊടിയിൽ
നീണ്ടുചുരുണ്ടൊരാ
കാർകൂന്തലെപ്പൊളും
മാനിനിമാർക്കഴകായിടുന്നു
വാനിലിരുണ്ടൊരാ മാരിക്കാറൊന്നതും
കവികൾതൻ സൗന്ദര്യഭാഷയായി
തിടമ്പേറ്റിനിൽക്കുമാ
ഗജരാജനെന്തൊരു
ഭംഗിയാണുത്സവമേളങ്ങളിൽ
കറുപ്പുവസനമണിഞ്ഞല്ലോ വക്കീലും
ന്യായങ്ങൾ ചെയ് വതു കോടതിയിൽ.