കവിയും ഗാനരചയിതാവുമായി മലയാള സാഹിത്യ – സിനിമാ ലോകത്ത് നിറഞ്ഞു നിന്ന മലയാളികളുടെ ഗന്ധർവ്വ കവി വയലാര്‍ രാമവർമ്മ ജനിച്ചിട്ട് ഇന്നേക്ക് 98 വയസ്സ് തികയുകയാണ്. കേവലം 47 വര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച മലയാളികളുടെ ആദരവ് നേടിയ അപൂര്‍വം പ്രതിഭയായിരുന്നു വയലാര്‍ രാമവര്‍മ്മ.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപ്പള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ച് 25 ന് ജനിച്ചു. ചേര്‍ത്തല ഹൈസ്‌കൂളിലെ ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹത്തിന്റെ അമ്മയുടെയും അമ്മാവന്റെയും മേല്‍നോട്ടത്തില്‍ ഗുരുകുല രീതിയില്‍ സംസ്‌കൃത പഠനം നടത്തുകയുണ്ടായി.
ആദ്യ കവിത ‘സ്വരാട്ട് ‘ എന്ന വാരികയിൽ പ്രസിദ്ധീകരിച്ചു. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. ചെറുകഥകളും നാടകങ്ങളും രചിച്ചു. 1951ൽ ‘ജനാധിപത്യം’ വാരിക ആരംഭിച്ചു. അന്വേഷണം വാരികയുടെ പത്രാധിപരായി പ്രവർത്തിക്കുകയും ചെയ്തു. 1948 ഓഗസ്റ്റിലാണ് ആദ്യ കവിതാസമാഹാരമായ ‘പാദമുദ്രകൾ’ പ്രസിദ്ധീകരിച്ചു. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത. 1961ല്‍ ‘സര്‍ഗ്ഗസംഗീതം’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1974 ല്‍ ‘നെല്ല്’, ‘അതിഥി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാന രചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ പതക്കവും ലഭിച്ചു
1956ൽ മുതുകുളം രാഘവൻ പിള്ളയുടെ കഥയിൽ പോഞ്ഞിക്കര റാഫി തിരക്കഥ രചിച്ചു ജെ ഡി തോട്ടാൻ സംവിധാനം ചെയ്ത ‘കൂടപ്പിറപ്പ്’ എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനം രചിച്ചത്. തുമ്പീ തുമ്പീ വാ വാ, ആയിരം കൈകൾ ആയിരം കൈകൾ, എന്തിനു പൊൻ കനികൾ, മാനസറാണീ, മണിവർണ്ണനെ ഇന്നു ഞാൻ, മായല്ലേ മാരിവില്ലേ മലർവാടിയിൽ, പൂമുല്ല പൂത്തല്ലൊ പൂമാല കോർത്തല്ലൊ എന്നീ ഗാനങ്ങൾ രചിച്ചുകൊണ്ട് സിനിമാ ജീവിതം ആരംഭിച്ച വയലാർ കവിയെന്ന നിലയിലുപരി സിനിമാ ഗാനരചയിതാവ് എന്ന നിലയിലാണ് കൂടുതല്‍ പ്രസിദ്ധനായത്.
1957-ൽ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച ബലികുടീരങ്ങളേ സ്മരണകളിരമ്പും രണ സ്മാരകങ്ങളേ എന്ന വിപ്ലവഗാനം ഏറെ പ്രസിദ്ധമായി. പാമ്പുകൾക്കു മാളമുണ്ട്, തലയ്ക്കുമീതേ ശൂന്യാകാശം, ശര്‍ക്കരപന്തലിൽ തേന്മഴ ചൊരിയും, പറന്നു പറന്നു പറന്നു ചെല്ലാൻ, പറ്റാത്ത കാടുകളിൽ, പൂവനങ്ങൾക്കറിയാമോ ഒരുപൂവിൻ വേദന എന്നീ നാടകഗാനങ്ങളും അദ്ദേഹം എഴുതി.
ആലപ്പി രംഗനാഥ് സംഗീതം നൽകി യേശുദാസ് പാടിയ എനിക്ക് മരണമില്ല (1986) എന്ന ആൽബത്തിലെ കേരളമുല്ല മലർക്കാവിൽ, മാനത്തെത്തിയ മഴവിൽക്കൊടിയേ, കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും… ഉൾപ്പെടെ എം എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ, സലിൽ ചൗധരി തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം 250 ലധികം ചിത്രങ്ങളിലായി 1300 ലേറെ ഗാനങ്ങൾ എഴുതി. വയലാർ – ദേവരാജൻ കൂട്ടുകെട്ടിൽ 135 ചിത്രങ്ങളിൽ നിന്ന് 755 ഗാനങ്ങൾ സൃഷ്ടിച്ചു ചരിത്രം കുറിച്ചു. ഈ ചരിത്രം പിന്നീട് വന്ന ആർക്കും തിരുത്തിക്കുറിക്കാനായില്ല.
പ്രശസ്ത ഗാനരചയിതാവായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവര്‍ മക്കളാണ്. 1975 ഒക്‌ടോബര്‍ 27ന് വയലാര്‍ രാമവർമ്മ അന്തരിച്ചു.



