ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പാചകവാതക വിതരണത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ രാജ്യത്തെ എൽപിജി ഇറക്കുമതി പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യം നേരിടാൻ ഗാർഹിക സിലിണ്ടറുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നീക്കം.
നിലവിലുള്ള 14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോ ഗ്യാസ് മാത്രം നിറച്ച് വിതരണം ചെയ്യാനാണ് പ്രധാനമായും ആലോചിക്കുന്നത്. ലഭ്യമായ ഇന്ധനം കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ റേഷനിംഗ് രീതി നടപ്പിലാക്കുന്നത്. ഗ്യാസിന്റെ അളവ് കുറയുന്നതിന് അനുസരിച്ച് സിലിണ്ടർ വിലയിലും മാറ്റം വരും. പുതിയ അളവ് രേഖപ്പെടുത്തിയ ലേബലുകൾ സിലിണ്ടറുകളിൽ പതിപ്പിച്ചായിരിക്കും വിതരണം ചെയ്യുക.
ഇന്ത്യയുടെ ആകെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പേർഷ്യൻ ഗൾഫിൽ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നത് ആഭ്യന്തര വിപണിയെ വരും ആഴ്ചകളിൽ സാരമായി ബാധിച്ചേക്കാം. സാധാരണയായി ഒരു സിലിണ്ടർ 40 ദിവസം വരെ ഉപയോഗിക്കാമെങ്കിൽ, 10 കിലോ സിലിണ്ടർ ഏകദേശം ഒരു മാസത്തോളം ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
പ്രതിസന്ധി സമയത്ത് ഇന്ധനം എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കാൻ ഇത് സഹായിക്കും. പെട്രോളിയം മന്ത്രാലയത്തിന്റെ അംഗീകാരവും സാങ്കേതിക മാറ്റങ്ങളും പൂർത്തിയായാൽ ഈ പുതിയ വിതരണ രീതി നിലവിൽ വരും.



