ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷം തുടരവെ രാജ്യത്ത് ക്രൂഡോയിലിന്റെ കരുതൽ ശേഖരം അഞ്ച് ദിവസത്തേക്ക് മാത്രമാണ് ശേഷിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. രാജ്യസഭയിൽ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി നൽകിയ കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. 33.72 ലക്ഷം ടൺ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നാണ് മന്ത്രി ചോദ്യത്തിന് മറുപടിയായി അറിയിച്ചത്.
ശരാശരി 8 ലക്ഷം ടണ്ണാണ് രാജ്യത്തിന്റെ പ്രതിദിന ഉപയോഗം. ഇതുപ്രകാരം അഞ്ചു ദിവസത്തേക്ക് മാത്രമാണ് കരുതൽ ശേഖരം ശേഷിക്കുന്നത്. പശ്‌ചിമേഷ്യൻ സംഘർഷം നീളുകയും റിഫൈനറികളുടെ പക്കലുള്ള ശേഖരത്തിൽ ഇടിവുണ്ടാകുകയും ചെയ്‌താൽ രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ മറുപടി. ആവശ്യത്തിന് ക്രൂഡ് ഓയിൽ കരുതൽ ശേഖരമുണ്ടെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് സഹമന്ത്രിയുടെ ഇൗ വെളിപ്പെടുത്തൽ. എന്നാൽ പ്രധാനമന്ത്രിയും മന്ത്രിമാരും മന്ത്രിമാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് രാജ്യസഭയിലെ മറുപടി. ക്രൂഡോയിൽ ശേഖരവും പെട്രോൾ– ഡീസൽ ശേഖരവുമെല്ലാമായി 74 ദിവസത്തെ ഉപയോഗത്തിനുള്ള ഇന്ധനശേഖരം രാജ്യത്തുണ്ടെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു. ക്രൂഡോയിലുമായി ആവശ്യത്തിന് കപ്പലുകൾ അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലേക്ക് എത്തിയില്ലെങ്കിൽ ഉൗർജപ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
“കോവിഡ് സമയത്തെന്ന പോലെ രാജ്യം ദീർഘകാല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും പൗരർ അത് നേരിടാൻ പൂർണസജ്ജരാകണമെന്നും പ്രധാനമന്ത്രി. ഉൗർജവിതരണ ശൃംഖലകളിലെ സ്‌തംഭനവും വിലക്കയറ്റവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കും. പശ്ചിമേഷ്യൻ സംഘര്‍ഷത്തെക്കുറിച്ച് രാജ്യസഭയിൽ നടത്തിയ പ്രസ്‌താവനയിലാണ് നരേന്ദ്ര മോദിയുടെ കുറ്റസമ്മതം.
‘യുദ്ധമുണ്ടാക്കുന്ന പ്രതിസന്ധി ദീർഘകാലമുണ്ടാകും. കോവിഡ് കാലത്തേതുപോലെ രൂപീകരിക്കുന്ന ഉന്നതതല സംഘങ്ങൾ ഇന്ധനം, വിതരണശൃംഖലകൾ, വളം വിതരണം, വിലക്കയറ്റം പിടിച്ചുനിർത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട തന്ത്രങ്ങൾക്ക് രൂപം നൽകും. തൊഴിലാളികൾക്കും അവശജനവിഭാഗങ്ങളുമാണ് ക്ലേശങ്ങളുണ്ടാകുക. അവരെ സംസ്ഥാനങ്ങൾ സംരക്ഷിക്കണം. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‍പ്പും തടയണം’– മോദി പറഞ്ഞു. അതിനിടെ ബുധനാഴ്ച സർവകക്ഷിയോഗം ഡൽഹിയിൽ വിളിച്ചുചേർത്തിട്ടുണ്ട്.



