കാന്താര 2 സിനിമയിലെ ദൈവക്കോലത്തെ അപമാനിച്ചു എന്ന കേസിൽ നടൻ രൺവീർ സിങ് കോടതിയിൽ മാപ്പുപറയണമെന്നും ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തരവിട്ട് കർണാടക ഹൈക്കോടതി. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി ഈ വേളയിൽ ഊന്നിപ്പറഞ്ഞു. 2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ സമാപനച്ചടങ്ങിൽ കാന്താരയിലെ ‘ദൈവക്കോലം’ അനുകരിച്ചതാണ് രൺവീർ സിങ്ങിനെ വിവാദത്തിലും പിന്നാലെ കേസിലും എത്തിച്ചത്.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തലാണ് രൺവീർ സിങ്ങിനെതിരെ പരാതി നൽകിയത്. ബംഗളൂരു ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ (FIR) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് രൺവീറിന്റെ പ്രവൃത്തിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. രൺവീർ ചെയ്‌തത് ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി, പൊതുജനങ്ങളിൽ വലിയ സ്വാധീനമുള്ള വ്യക്തികൾ എന്ന നിലയിൽ അഭിനേതാക്കൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് വ്യക്തമാക്കി.
രൺവീർ നേരത്തെ സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരുന്നുവെങ്കിലും അത് ആത്മാർത്ഥമല്ലെന്നാണ് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. നടൻ്റെ ടീം കൈകാര്യം ചെയ്യുന്ന ട്വിറ്റർ അക്കൗണ്ട് വഴിയുള്ള മാപ്പപേക്ഷ മതിയാകില്ലെന്നും, നേരിട്ട് ഹാജരായി മാപ്പ് പറയണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കുറ്റബോധം പ്രകടിപ്പിക്കാൻ നടൻ നേരിട്ട് എത്തേണ്ടത് അത്യാവശ്യമാണെന്ന് പരാതിക്കാരന്റെ ഭാഗം വാദിച്ചു. രൺവീർ സിംഗ് ചാമുണ്ഡി ഹിൽസ് സന്ദർശിക്കണമെന്നും മാപ്പപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.



