Wednesday, March 25, 2026
Homeഅമേരിക്കയുദ്ധം പ്രകൃതി, സമാധാനം വികൃതി. (ലേഖനം) ✍രാജന്‍ പടുതോള്‍

യുദ്ധം പ്രകൃതി, സമാധാനം വികൃതി. (ലേഖനം) ✍രാജന്‍ പടുതോള്‍

ഇവിടെ മലയാളികള്‍ മാമ്പഴക്കാലവും കവിതദിനവും ആഘോഷിക്കുമ്പോള്‍ ലോകത്തിന്റെ മറ്റൊരു പ്രദേശത്ത് യുദ്ധം കൊടുമ്പിരികൊള്ളുകയാണ്.വാസ്തവത്തില്‍ വികസിതരാജ്യങ്ങള്‍ അവരുടെ സാമ്രാജ്യവും അധിനിവേശത്വവും ഉറപ്പിക്കാന്‍ ചെയ്യുന്ന യുദ്ധങ്ങള്‍ മാത്രമേ നാം യുദ്ധമായി കണക്കാക്കുന്നുള്ളു. അതിന് കാരണവുമുണ്ട്. അണുവായുധശേഖരങ്ങളുടെ കുത്തകമുതലാളിമാരെ രസംരക്ഷിക്കുന്ന അമേരിക്കപോലെയുള്ള രാജ്യങ്ങള്‍ കൊണ്ടാടുന്ന യുദ്ധം ഏതെങ്കിലും രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഒതുങ്ങുന്നില്ല.അതിന്റെ ആണവ പ്രസരണത്തിന് അതിര്‍ത്തിയില്ല.അവരുടെ യുദ്ധഭൂമി (war theatre) ഭൂമിയും ആകാശവും കവിഞ്ഞു പകരുന്നു.എവിടെയോ നടക്കുന്ന യുദ്ധം നമ്മുടെ അടുക്കളവരെ വ്യാപിക്കുന്നുണ്ടല്ലോ! അതിജീവനമല്ല (survival) അധികാരമോഹമാണ് ഈ യുദ്ധത്തിന്റെ മനഃശാസ്ത്രം

മിക്കവാറും എല്ലാ രാജ്യങ്ങളുടെ അതിര്‍ത്തികളിലും ചെറിയ ചെറിയ യുദ്ധങ്ങള്‍ ഏതുകാലത്തും നടക്കുന്നുണ്ട്. ഇന്ത്യയും ചെെനയും പകിസ്ഥാനും ഇന്ത്യയും നമ്മുടെ അനുഭവത്തിലുണ്ട്. ആഭ്യന്തരകലാപങ്ങള്‍ അടിച്ചമര്‍ത്താനും ഏകാധിപത്യപ്രവണതളെ ചെറുക്കാനും യുദ്ധം എന്ന പേരിലല്ലെങ്കിലും സായുധപോരാട്ടങ്ങളും സംഘടിതമായ കൊലപാതകങ്ങളും എന്നും എവിടെയും നടക്കുന്നുണ്ട്. ചിലത് ദേശീയമാവാം;മറ്റു ചിലത് പ്രാദേശികമാവാം; ഇനിയും ചിലത് അന്താരാഷ്ട്രശ്രദ്ധ ആകര്‍ഷിക്കുന്നതും ആവാം. എല്ലാം യുദ്ധത്തിന്റെ രൂപഭേദങ്ങള്‍തന്നെ.അവിടെയെല്ലാം യുദ്ധം വിതയ്ക്കുന്ന വിനാശത്തോടൊപ്പം പുതിയൊരു തലത്തിലേക്ക് പരിണമിക്കുന്ന മാനവസമൂഹം പശ്ചാത്തലമാണ്.

ഇത് ഒരു ആധുനികപ്രവണതയല്ല.അണുജീവിയില്‍നിന്ന് തുടങ്ങിയ പരിണാമപ്രക്രിയയുടെ തുടര്‍ച്ചമാത്രമാണിത്. നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരത്തിലൂടെ (struggle for existence)ആണല്ലോ മനുഷ്യവംശമടക്കം എല്ലാ ജീവജാലങ്ങളും പരിണമിച്ച് പുരോഗമിക്കുന്നത്. നാം പോരാടുന്ന യുദ്ധങ്ങളെല്ലാം ഇതിന്റെ തുടര്‍ച്ചമാത്രമാണെന്ന എന്റെ അനുമാനം ഒരു എടുത്തുചാട്ടമാണെങ്കില്‍ ക്ഷമിക്കുക .

അര്‍ഹതയുള്ളവമാത്രം അവശേഷിക്കുന്ന അതിജീവനസമരങ്ങളുടെ അനന്തശൃംഖലയാണ് മാനവചരിത്രം .രാമായണവും മഹാഭാരതവും ഗ്രീക് ഇതിഹാസങ്ങളും യുദ്ധത്തിന്റെ അനിവാര്യതയുടെ കഥകളാണ്. ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ വീണ്ടും വീണ്ടും അവതരിക്കുമെന്ന ദേവദേവന്റെ അരുളപ്പാടില്‍ ഉണ്ട് എത്രയെത്ര അവതാരമെടുത്താലും ഒരിക്കലും ഒടുങ്ങാത്ത യുദ്ധങ്ങളുടെ പ്രവചനം. പരിണാമത്തിന്റെ ഓരോ കണ്ണിയിലും തലയിലെഴുത്തുപോലെ ലിഖിതമാണ് പോരാടാനും അതിജീവിക്കാനുമുള്ള ജെെവചോദന. ഓരോ ജീവകണത്തിലും അതെഴുതപ്പെട്ടിട്ടുണ്ട്.ഒരു ഹിറ്റ്ലറെ ഇല്ലാതാക്കിയതുകൊണ്ടോ ജപ്പാനില്‍ ബോംബിട്ടതുകൊണ്ടോ നാസിസം ഇല്ലാതാവുന്നില്ല. കോളനികള്‍ക്കെല്ലാം സ്വാതന്ത്ര്യം കൊടുത്ത് പിന്‍വാങ്ങിയിട്ടും തീരുന്നില്ല ബ്രിട്ടന്റെ കയ്യേറ്റമോഹം. വിയറ്റ്നാമിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിസ്ഥാനിലും അടിയറവു പറഞ്ഞിട്ടും തീരുന്നില്ല അമേരിക്കയുടെ സമ്രാജ്യാഭിനിവേശം.

വ്യക്തികളും ഇതിന് അപവാദമല്ല.ആരുടെ അതൃത്തിയും കയ്യേറാന്‍ പോകാത്ത നിങ്ങളും ഞാനും സ്വന്തം അതൃത്തി കാത്തുസൂക്ഷിക്കാന്‍ അതീവ ജാഗ്രതപുലര്‍ത്തുന്നവരാണ്‌. അതിനുവേണ്ടി ജീവന്‍കളയാനും നമ്മള്‍ തയ്യാറായേക്കാം.ഓരോ പുരയിടത്തിന്റെ അതൃത്തിയും വെടിമരുന്നുകൊണ്ടാണ് നാം അടയാളപ്പെടുത്തിയിരിക്കുന്നത്. തൊട്ടാല്‍ കെെമുറിയുന്ന മുള്ളുവേലികളും കൂര്‍ത്തകുപ്പിച്ചില്ല് ഉറപ്പിച്ചുനിര്‍ത്തിയ മതില്‍പ്പുറങ്ങളും നമ്മുടെ യുദ്ധസന്നാഹം വിളംബരം ചെയ്യുന്നു. നിലനില്‍പ്പിനുവേണ്ടിയുള്ള സമരം ഓരോ വൃക്തിയും അങ്ങനെ തുടരുന്നു.

”ഇതോ വേദന ആദ്യത്തെ കൊലയാളിയെയാദ്യനാം
ഹതനെ പെറ്റു പാലൂട്ടി വളര്‍ത്തേണ്ടും ഹൃദന്തമേ !” എന്ന് സുഗതകുമാരി ആദ്യമാതാവായ ഹവ്വയുടെ പിന്‍ഗാമികളോട് ചോദിക്കുന്നുണ്ട്. ആദ്യസഹോദരന്മാര്‍ കെെകോര്‍ത്തു നടക്കുകയല്ല പോരടിക്കുകയാണ് ചെയ്തത് എന്നത് കഥയാണെങ്കിലും ചരിത്രത്തോട് സാമ്യമുള്ളതാണ്.

ആദിപിതാക്കളുടെ മക്കള്‍ പരസ്പരം ച്ചതിലെ വ്യക്തിവെെരാഗ്യം പില്‍ക്കാലത്ത് നാട്ടുരാജ്യങ്ങള്‍ തമരമിലുള്ള പോരായി പരിണമിച്ചു.പണ്ടുകാലത്തെ യുദ്ധങ്ങള്‍ പടയോട്ടം എന്നാണ് അറിയപ്പെട്ടിരുന്നത്.അന്നൊന്നും നാട്ടുരാജാക്കന്മാരുടെ പടയാളികള്‍ക്ക് ശമ്പളം ഇല്ലായിരുന്നു. പടയോട്ടക്കാലത്ത് കിട്ടുന്ന കവര്‍ച്ചമുതല്‍കൊണ്ടായിരുന്നു പടയണിയുടെ നിത്യവൃത്തി. അതുകൊണ്ടുതന്നെ നാട്ടുപ്രഭുക്കള്‍ പടയോട്ടം പ്രോത്സാഹിപ്പിച്ചിരുന്നു. രാജ്യങ്ങളുടെ നിലനില്‍പ്പിന് പടയോട്ടം അനിവാര്യമായിരുന്നു.

പ്രാണിപ്രപഞ്ചം മുഴുവന്‍ ഇങ്ങനെയൊരു യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. പരിണാമത്തിന്റെ മാര്‍ഗ്ഗമാണത്. മനുഷ്യരുടെ പോരാട്ടത്തിന് പക്ഷേ ഒരു പ്രത്യേകതയുണ്ട്. കീരി പാമ്പിനെ കൊല്ലുന്നത് പ്രകൃതിനിയമമാണ്.പക്ഷേ, റഷ്യ യുക്രേയിനെ ആക്രമിക്കുന്നത് മനുഷ്യവംശത്തോട് ചെയ്യുന്ന അപരാധമാണ്, പ്രകൃതിനിയമമല്ല.അത് പ്രക്തിയല്ല, വികൃതിയാണ്.ജീവന്റെ പരിണമമല്ല, വിനാശമാണ് അത് കുറിക്കുന്നത്‌.ആനകളെ കൊല്ലുന്നതിന്റെ പേരില്‍ സിംഹത്തെ പഴിചാരാത്ത നാം ഇറാന്റെ പേരില്‍ അമേരിക്കയെയും യുക്രെയിനിന്റെ കാര്യത്തില്‍ റഷ്യയെയും അപലപിക്കുന്നത് അതുകൊണ്ടാണ്. മനുഷ്യരുടെ പോരാട്ടത്തില്‍ ”ധാര്‍മ്മികത ” എന്നൊരു മാനം ഉണ്ട്. ഏത് യുദ്ധവും ”ധര്‍മ്മ സംസ്ഥാപാനാര്‍ത്ഥ ”മാവണമെന്ന് നമുക്ക് നിര്‍ബന്ധമുണ്ട്. ഒടുവില്‍ ധര്‍മ്മം ജയിക്കുമെന്ന് നാം ആശിക്കുന്നു. ഒരു വശത്ത് പീഡനം തുടരുമ്പോള്‍ പരപീഡനം പാപമാണ് എന്ന് ചിലരെങ്കിലും നമ്മളെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

ധാര്‍മ്മികത എന്നൊന്നുണ്ടോ എന്നും ഉണ്ടെങ്കില്‍തന്നെ അതിന്റെ അന്തിമ വിജയം സാധ്യമാണോ എന്നും നമുക്ക് സംശയമുണ്ട്. ‘ എന്നാലും Love one another ‘ എന്ന യേശുവിന്റെ മുറവിളിയില്‍ നാം പ്രത്യാശയുടെ മുഴക്കം കേള്‍ക്കുന്നു. ഹിംസയെ അതിജീവിക്കുന്ന അതിജീവനസമരം ആസന്നമാണെന്ന വിശ്വാസമാണ് മനുഷ്യരുടെ മുക്തിമാര്‍ഗം. മറ്റു മൃഗങ്ങള്‍ക്ക് ഇല്ലാത്തതും അതാണ്.

രാജന്‍ പടുതോള്‍✍

RELATED ARTICLES

3 COMMENTS

  1. മനുഷ്യൻ്റെ അടങ്ങാത്ത ആരഹങ്ങളാന്ന് ഈ ലോകത്തിലെ എല്ലാ ദുഃഖങ്ങളുടെയും കാരണം ‘ശ്രീബുദ്ധൻ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com