🔹പശ്ചിമേഷ്യയിലെ യുദ്ധം ആശങ്കാജനകമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഇന്ധനവിതരണത്തെ കാര്യമായി ബാധിക്കാതിരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണു സർക്കാരിന്റെ മുൻഗണനയെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കാനും വളം ലഭ്യമാക്കാനും നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.“യുദ്ധത്തിൽനിന്ന് ഉടലെടുക്കുന്ന സാഹചര്യം വളരെക്കാലത്തേക്ക് അനുഭവപ്പെടും. നമ്മൾ തയാറായിരിക്കണം. ഐക്യത്തോടെ തുടരേണ്ടതുണ്ട്. നമ്മൾ ഒരേ സ്വരത്തിൽ സംസാരിക്കണം.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ദീർഘകാല ആഘാതം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾക്കായി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്” – പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും സംഭാഷണവും നയതന്ത്രവുമാണ് ഏക മാർഗമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം ആരംഭിച്ചശേഷം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര വെല്ലുവിളി നിറഞ്ഞതായി. എങ്കിലും പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, പാചകവാതകം എന്നിവയുടെ വിതരണത്തെ സാരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.ഹോർമുസ് കടലിടുക്കു വഴി വലിയ അളവിൽ അസംസ്കൃത എണ്ണ, വാതകം, വളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇന്ത്യയിലേക്കു വരുന്നുണ്ടെന്നു പ്രധാനമന്ത്രി പാർലമെന്റിനെ അറിയിച്ചു. വാണിജ്യ ഷിപ്പിംഗിലെ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കു തടസപ്പെടുത്തലും സ്വീകാര്യമല്ലെന്ന് പാർലമെന്റിൽ നടത്തിയ 20 മിനിറ്റ് നീണ്ട പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ എൽപിജി ആവശ്യകതയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. വിതരണത്തിലെ അനിശ്ചിതത്വം കാരണം, ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കു മുൻഗണന നൽകിയിട്ടുണ്ട്. എൽപിജിയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചിട്ടുമുണ്ട്.രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും വിതരണം സുഗമമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. – മോദി പറഞ്ഞു.രാജ്യത്തിന് 53 ലക്ഷം മെട്രിക് ടണ്‍ പെട്രോൾ ശേഖരം ഉണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. എത്തനോൾ മിശ്രിതം കാരണം മുന്പത്തേക്കാൾ 4.5 കോടി ബാരൽ കുറവാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി. ഊർജസ്രോതസുകൾ വിപുലപ്പെടുത്തിയതു നേട്ടമായി.
ഇന്ത്യ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇപ്പോൾ ഇറക്കുമതി ചെയ്യുന്നുണ്ട്. നേരത്തേയിത് 27 രാജ്യങ്ങളിൽനിന്നായിരുന്നു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ ആവശ്യമായ കൽക്കരി ശേഖരമുണ്ട്.
🔹വനിതാ പ്രാതിനിധ്യത്തില്‍ നാളിതുവരെയായിട്ടും പത്തു ശതമാനം പോലും തികയ്ക്കാന്‍ കേരളത്തിലെ ഒരു നിയമസഭയ്ക്കും കഴിഞ്ഞിട്ടില്ലെങ്കിലും എംഎല്‍എമാരായി ദമ്പതികള്‍ ഒന്നിച്ചെത്തിയതും ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ വിജയിച്ചെത്തിയതുമായ ചരിത്രം സാക്ഷ്യമായുണ്ട്.ദമ്പതിമാര്‍ ആദ്യമായി സഭയിലെത്തിയ റിക്കാര്‍ഡ് കെ.ആര്. ഗൗരിയമ്മയ്ക്കാണ്. കെ.ആര്. ഗൗരിയമ്മയും ഭര്‍ത്താവ് ടി.വി. തോമസുമായിരുന്നു ആ ദമ്പതിമാര്‍. ഇഎംഎസിന്റെ രണ്ട് മന്ത്രിസഭകളിലും ഇവര്‍ അംഗങ്ങളായിരുന്നു.
1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കെ.ആര്. ഗൗരിയമ്മ ചേര്‍ത്തലയില്‍ നിന്നും ടി.വി. തോമസ് ആലപ്പുഴയില്‍നിന്നുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്. 1960ലും ഗൗരിയമ്മ ചേര്‍ത്തലയില്‍ മത്സരിച്ചു. 1965 മുതലാണ് അരൂരിലേക്ക് മാറിയത്.
രണ്ടാം കേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന കെ.എ. ദാമോദര മേനോനും ഭാര്യ ലീലാ ദാമോദരമേനോനും ദമ്പതികളായിരുന്നു. കുന്ദമംഗലം മണ്ഡലത്തെയാണ് ലീല 1957ലും 1960ലും പ്രതിനിധീകരിച്ചത്. 1957ല്‍ ഭര്‍ത്താവ് ദാമോദരമേനോന്‍ പെരുമ്പാവൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1960ല്‍ ഇദ്ദേഹം പറവൂരില്‍ നിന്നു കേരള നിയമസഭയിലെത്തി. ഇക്കാലയളവില്‍ വ്യവസായവകുപ്പു മന്ത്രിയുമായി.ഭര്ത്താക്കന്മാരുടെ മണ്ഡലങ്ങളെ അവരുടെ വിയോഗം മൂലം നിയമസഭയില്‍ പ്രതിനിധീകരിച്ച ഭാര്യമാരുണ്ട്. റാന്നിയില്‍ 1986ലെ ഉപതെരഞ്ഞെടുപ്പില്‍ റേച്ചല്‍ സണ്ണി പനവേലില്‍ വിജയിച്ചെത്തുന്നത് ഭര്‍ത്താവും റാന്നി എംഎല്‍എയുമായിരുന്ന സണ്ണി പനവേലിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പിലാണ്.
2003ല്‍ മറ്റൊരു ഉപതെരഞ്ഞെടുപ്പില്‍ എലിസബത്ത് മാമ്മന്‍ മത്തായി തിരുവല്ലയില്‍നിന്നു നിയമസഭയിലെത്തി. തിരുവല്ല എംഎല്‍എ ആയിരുന്ന മാമ്മന്‍ മത്തായിയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ആ ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഈ വനിതാ എംഎല്‍എമാര്‍ക്ക് പിന്നീടു വന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിച്ചില്ലെന്നത് മറ്റൊരു ചരിത്രം.
1996ല്‍ നോര്‍ത്ത് വയനാട് മണ്ഡലത്തില്‍ കെ. രാഘവന് മാസ്റ്ററുടെ നിര്യാണത്തെത്തുടര്‍ന്ന് എത്തിയത് ഭാര്യ രാധാ രാഘവന്. 2001ലും രാധ ഇവിടെ വിജയിച്ചു. നിലവിലെ കേരള നിയമസഭയില്‍ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.ടി. തോമസ് 2021 ഡിസംബര്‍ 22ന് അന്തരിച്ചതോടെ 2022ലെ ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ ഉമ തോമസിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. 25016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്.
റോസമ്മ പുന്നൂസാണ് കേരള നിയമസഭയിലെ ആദ്യ അംഗം. 1957 ഏപ്രില്‍ പത്തിന് റോസമ്മ പുന്നൂസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആദ്യ പ്രോടെം സ്പീക്കറും റോസമ്മ പുന്നൂസാണ്.ദേവികുളം നിയമസഭാ മണ്ഡലത്തിലെ ദ്വയാംഗ മണ്ഡലത്തിലെ ജനറല്‍ സീറ്റില്‍നിന്നായിരുന്നു റോസമ്മയുടെ വിജയം. പിന്നീട് എട്ടാം കേരള നിയമസഭയിലും റോസമ്മ പുന്നൂസ് അംഗമായി. ആലപ്പുഴ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്.
🔹നഴ്സുമാര്‍ നടത്തുന്ന സമരം പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഇന്നലെയും തീരുമാനമായില്ല.ചൊവ്വാഴ്ച വൈകുന്നേരം നാലിന് ചര്‍ച്ച തുടരും. പ്രശ്ന പരിഹാരത്തിനുള്ള സാധ്യത സംബന്ധിച്ച് ഒട്ടേറെ നിര്ദേശങ്ങളുയര്ന്നെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ആശുപത്രി മാനേജ്മെന്റിന്റെയും നഴ്സുമാരുടെ സംഘടനയുടെയും പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സമയം അനുവദിക്കുകയായിരുന്നു.സംഘടനകള്‍ക്കകത്ത് വിഷയം അവതരിപ്പിച്ചശേഷം ചൊവാഴ്ച്ച നിലപാട് അറിയിക്കാമെന്നാണ് കക്ഷികള്‍ അറിയിച്ചിട്ടുള്ളത്.
🔹കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിൽ നിന്നുമാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താൻ മൂന്ന് മാസം ഗർഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്സിംഗ് പഠിച്ചിട്ടുള്ളതാൻ ഭ്രൂണം സ്വയം വേർപ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നൽകി.
ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
🔹മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും കവർച്ച നടത്തി പിടിയിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാൻ(46) ആണ് പിടിയിലായത്. കോവളം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതി പോലീസിന് നൽകിയ മൊഴിയാണ് കൗതുകമുണർത്തുന്നത്. വീണ്ടും ജയിലിലേക്ക് പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് മോഷണം നടത്തിയതെന്നാണ് പിടിയിലായ ദിലീപ് ഖാൻ പോലീസിന് നൽകിയ മൊഴി.ജയിലിൽ സൗജന്യ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.ഹാർബർ റോഡിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് 40,000 രൂപയും, മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിൽ നിന്ന് 4000 രൂപയും മൊബൈൽ ഫോണും കവർന്നു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇതുകൂടാതെ വിഴിഞ്ഞം-കോവളം മേഖലയിൽ നിന്നായി 21ൽ അധികം മോഷണങ്ങൾ നടത്തിയിട്ടുള്ളതായും പ്രതി മൊഴി നൽകി.
🔹വീണ്ടും ഇടുക്കിയിൽ വിനോദ സഞ്ചാരകളുടെ സാഹസിക യാത്ര. പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോറിൽ കയറിയിരുന്ന് അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് സാഹസിക യാത്രയുടെ വിവരം പുറംലോകം അറിയുന്നത്.മലപ്പുറം രജിസ്ട്രേഷനുള്ള വാഹനത്തിലാണ് യുവാവിൻ്റെ അഭ്യാസപ്രകടനം നടന്നത്. പിന്നാലെ എത്തിയ വിനോദസഞ്ചാരികൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
🔹തിരുവനന്തപുരത്ത് മദ്യലഹരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. തീരദേശ പാതയിൽ കഠിനംകുളത്തെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരനായ ജോയൽ ജോസഫിനെയാണ് (20) കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയായ വെട്ടുതുറ സ്വദേശി ജിനേഷിനെയാണ് (21) കഠിനംകുളം പൊലീസ് പിടികൂടിയത്.ഇന്നലെ രാത്രി 7.45ഓടെ പമ്പിന് മുന്നിൽ സംസാരിച്ചു നിൽക്കവേ സൈക്കിളിൽ എത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന സ്റ്റീൽ കത്തികൊണ്ട് ജോയലിന്റെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു. എന്നാൽ ചെവിക്ക് പിന്നിലായാണ് ജോയലിന് വെട്ടേറ്റത്. വെട്ടേറ്റ ജോയൽ ഓടിമാറിയെങ്കിലും കൊലവിളി നടത്തി പിന്നാലെ എത്തിയ പ്രതി വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ആളുകൂടിയതോടെ പ്രതിയായ ജിനേഷ് സൈക്കിളിൽ രക്ഷപ്പെട്ടു. രക്ഷപ്പെട്ട പ്രതിയെ പൊലീസ് രാത്രി തന്നെ പിടികൂടി.ഗുരുതരമായി മുറിവേറ്റ ജോയലിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെട്ടിയ പ്രതിയെ കണ്ട് പരിചയം മാത്രമേ ഉള്ളൂ എന്നും എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നുമാണ് ജോയൽ പൊലീസിനോട് പറഞ്ഞത്.
🔹അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുനാളിനും മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുതുഞായർ തിരുനാൾ ഏപ്രിൽ ഒമ്പതു മുതൽ 12 വരെയാണ്. എട്ടാമിടം 17 മുതൽ 19 വരെയും.
തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മലയാറ്റൂർ പള്ളി വികാരിയും കുരിശുമുടി വൈസ് റെക്ടറുമായ ഫാ. ജോസ് ഒഴലക്കാട്ടും ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു.
വരുംദിവസങ്ങളിൽ കൂടുതൽ പോലീസിന്റെ സേവനം ഉണ്ടാകും. ഗതാഗത നിയന്ത്രണം, സിസിടിവി നിരീക്ഷണം, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പുഴയോരത്തും തടാകത്തിന് സമീപവും സുരക്ഷാ ഫയർഫോഴ്സും സ്കൂബ ടീമും ഉണ്ടാകും. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും, സ്വകാര്യ ബസുകൾക്ക് സ്പെഷൽ പെർമിറ്റ് നൽകിയിട്ടുണ്ട്.തീർഥാടകർക്കായി മുഴുവൻ സമയങ്ങളിലും മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിവാരത്ത് മാർത്തോമാശ്ലീഹയുടെ രൂപത്തിന് സമീപവും ഒന്നാം സ്ഥലത്തും കുരിശുമുടിയിലും ഡോക്ടർമാരും നഴ്സും അടങ്ങുന്ന മെഡിക്കൽ സംഘമുണ്ടാകും.മലകയറുന്നതിനിടെ തീർഥാടകർക്ക് അസ്വസ്ഥത അനുഭവപ്പെട്ടാൽ സ്ട്രെച്ചറിന്റെ സഹായത്തോടെ ഉടൻ അടിവാരത്തേക്ക് എത്തിക്കാൻ കുരിശുമുടിയിലെ വിവിധ ഭാഗങ്ങളിൽ വോളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്.ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. പുതുഞായർ തിരുനാളിന്റെ എട്ടാമിടം വരെ മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാകും. പ്രാഥമിക ശുശ്രൂഷകൾക്കുള്ള മരുന്നുകളും മെഡിക്കൽ സംഘത്തിൽനിന്ന് ലഭ്യമാണ്. തീർഥാടകർക്ക് ഇൻഷ്വറൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.ഏപ്രിൽ ഒമ്പതിന് രാവിലെ ആറിന് ആഘോഷമായ പാട്ടു കുർബാനയെത്തുടർന്ന് മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് പുതുഞായർ തിരുനാളിന് കൊടിയേറ്റും. കുരിശുമുടിയിൽ വൈകിട്ട് 5.30 നാണ് കൊടി ഉയർത്തുന്നത്.
🔹മലയാറ്റൂർ തിരുനാളിനൊരുക്കമായ 43 -ാമത് ബൈബിൾ കൺവൻഷൻ ഈമാസം 26, 27, 28 തീയതികളിൽ നടക്കും.
26 ന് വൈകുന്നേരം അഞ്ചിന് എറണാകുളം – അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ.ഡോ. ജോസ് പുതിയേടത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മലയാറ്റൂർ ദർശന ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനീഷ് മാങ്കുന്നേൽ കൺവൻഷൻ നയിക്കും. ദിവസവും ജപമാല, വിശുദ്ധ കുർബാന, തിരുവചന സന്ദേശം, പരിശുദ്ധ കുർബാനയുടെ ആരാധന ആശീർവാദം എന്നിവ ഉണ്ടാകും.വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പതു വരെയാണ് കൺവൻഷൻ. കൺവൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടാകും.
🔹മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്റെ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. 11,21,000 രൂപ അഭിമുഖത്തിന് ചെലവായെന്നും സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്നും വിവരാവകാശ രേഖയിൽ പറയുന്നു.തിരുവല്ല സ്വദേശി റിജോ വള്ളംകുളമാണ് ഇതു സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത് വിട്ടത്. അതേസമയം അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. കണ്ടും മിണ്ടിയും ഇരുവരും എന്ന പേരിൽ നടത്തിയ അഭിമുഖത്തിന്റെ ചിത്രീകരണം രണ്ട് ദിവസങ്ങളിലായി ക്ലിഫ് ഹൗസിലാണ് നടത്തിയത്.
അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. അതേസമയം അഭിമുഖം പിആർ വർക്കാണെന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നാണ് സിപിഎം പറഞ്ഞത്.
🔹കുന്നമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.എ. റസാഖ് തെരഞ്ഞെടുപ്പ് പര്യടനാര്‍ത്ഥം മാവൂര്‍ ചെറൂപ്പ ഹെല്‍ത്ത് സെന്ററില്‍ എത്തിയപ്പോള്‍ പരാതിയുമായി രോഗികള്‍. സര്‍ക്കാര്‍ ആശുപത്രിയുടെ ദുരിതവസ്ഥ ആളുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നില്‍ തുറന്നു കാട്ടി.അശാസ്ത്രീയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി സംവിധാനം രോഗികളെ വലയ്ക്കുകയാണെന്നായിരുന്നു ആശുപത്രിയില്‍ എത്തിയ അബ്ബാസ്- ജമീല ദമ്പതികളുടെ പരാതി.നെഞ്ചുവേദന, സ്ട്രോക്ക് തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി എത്തുന്ന രോഗികളെ പോലും ക്യൂ നിര്‍ത്തുന്ന കെടുകാര്യസ്ഥ നിലയാണ് സെന്ററില്‍ ഉള്ളതെന്നും രോഗികള്‍ കുറ്റപ്പെടുത്തി. ചെറൂപ്പ ഹെല്‍ത്ത് സെന്ററിനോടുള്ള അവഗണന യുഡിഎഫ് സര്‍ക്കാര്‍ വരുന്നതോടെ ഇല്ലാതാകും. ചെറൂപ്പ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ ആശുപത്രിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
🔹റോഡരികിലെ ഷെഡിൽ നിർത്തിയിട്ട മൂന്നുവാഹനങ്ങൾ കത്തി നശിച്ചു. വണ്ടൂരിൽ കൂരിക്കുണ്ട് പെട്രോൾ പന്പിന് എതിർവശത്താണ് സംഭവം.കാറും ബൈക്കും ഗുഡ്സ് ഓട്ടോയും ആണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. തിരുവാലിയിൽനിന്നെത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിയണച്ചു.
🔹സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതില് തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങള്‍ രക്ഷപെട്ടത് ഭാഗ്യത്തിന്. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ കോഴിക്കോട് അഴിഞ്ഞിലം കരുമകന്‍കാവിനു സമീപത്താണ് സംഭവം. മേത്തില്തൊടി പ്രദീപന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് പരിക്കേറ്റു. കരാടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അഴിഞ്ഞിലത്ത് ഇറക്കവും വളവും കഴിഞ്ഞ് വന്ന ബസ് അമിത വേഗതയില്‍ നിയന്ത്രണം വിട്ട് വീടിന്റെ മതില് ഇടിച്ചു തകര്‍ത്ത് ഉള്ളിലേക്കു കുതിച്ചുവരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സമയം കുടുംബാംഗങ്ങള്‍ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു.
മതിലില്‍ ഇടിച്ച് ബസിന്റെ വേഗത കുറഞ്ഞതിനാല്‍ വീടിന്റെ ചുമരില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബസില്‍ മറ്റ് ആളുകളും ഇല്ലായിരുന്നു. തന്മൂലം വലിയ അപകടം ഒഴിവായി. വീടിന്റെ ബെഡ്റൂമിനോട് ചേര്‍ന്നാണ് ബസ് ഇടിച്ചുനിന്നത്. വീടിന്റെ ഗ്ലാസുകളും എസിയടക്കമുള്ള ഉപകരണങ്ങളും തകര്‍ന്നു. ഒച്ചപ്പാട് കേട്ട് വീട്ടുകാര്‍ ഓടി പുറത്തെത്തിയപ്പോഴേക്കും ഡ്രൈവര്‍ അവിടെ നിന്നു സ്ഥലം വിട്ടിരുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
🔹നഗരത്തിലെ തിരക്കേറിയ റോഡിൽ മദ്യപിച്ചുകൊണ്ട് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത ഡോക്ടർമാർ അറസ്റ്റിൽ. ഞായറാഴ്ച രാത്രി ജയദേവ ജംഗ്ഷനും ബിടിഎം ലേഔട്ടിനും ഇടയിലാണ് സംഭവം.സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. മൂന്ന് പേർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതും പുറകിൽ ഇരിക്കുന്നയാൾ ബിയർ കുടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വാഹനം വളഞ്ഞ്പുളഞ്ഞ് പോകുന്നതും കാണാം.വീഡിയോ പ്രചരിച്ചതിനെത്തുടർന്ന്, പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ധനുഷ് എസ്, അപൂർവ, അവിനാശ് എന്നിവരെ തിരിച്ചറിയുകയും ചെയ്തു. മൂന്നുപേരും ഓർത്തോപീഡിക് ഡോക്ടർമാരാണ്.
സ്കൂട്ടർ ഓടിച്ചിരുന്ന ധനുഷ് ചിക്കബനവാരയിലെ സപ്തഗിരി മെഡിക്കൽ കോളജിലാണ് ജോലി ചെയ്യുന്നത്. അപൂർവ വൈദേഹി ആശുപത്രിയിലും, അവിനാഷ് രാമനഗര ജില്ലയിലെ ചാമുണ്ഡേശ്വരി മെഡിക്കൽ കോളജിലുമാണ് ജോലി ചെയ്യുന്നത്.
തിങ്കളാഴ്ച മൂവരെയും മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ട്രിപ്പിൾ റൈഡിംഗ്, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റ് ഇല്ലാത്ത യാത്ര, പൊതുസ്ഥലത്ത് മദ്യപിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
🔹തമിഴ്നാട്ടിൽ കസ്റ്റഡി മർദനത്തെ തുടർന്ന് പിതാവും മകനും കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട ഒമ്പത് പോലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി. ശിക്ഷ മാർച്ച് 30ന് കോടതി വിധിക്കും.വ്യാപാരിയായ പി. ജയരാജിന്റെയും മകൻ ജെ. ബെനിക്സിന്റെയും മരണത്തിലാണ് കോടതി പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ഇൻസ്പെക്ടർ എസ്. ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ പി. രഘു ഗണേഷ്, കെ. ബാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾമാരായ എസ്. മുരുകൻ, എ. സാമിദുരൈ, കോൺസ്റ്റബിൾമാരായ എം. മുത്തുരാജ്, എസ്. ചെല്ലദുരൈ, എക്സ്. തോമസ് ഫ്രാൻസിസ്, എസ്. വെയിലുമുത്തു എന്നിവരാണ് കേസിലെ പ്രതികൾ.കേസിലെ പ്രതിയായ കോൺസ്റ്റബിൾ പാൽ ദുരൈ വിചാരണക്കിടെ മരിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന വനിതാ ഹെഡ് കോൺസ്റ്റബിളിന്റെ മൊഴിയാണ് പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചത്.
2020 ജൂൺ 19 നാണ് സംഭവം. കൊറോണ വൈറസിനെ തുടർന്ന് ലോക്ക്ഡൗൺ നടപ്പിലാക്കിയപ്പോൾ അനുവദനീയമായ സമയത്തിനപ്പുറം കട തുറന്നുവെന്ന് ആരോപിച്ചാണ് മൊബൈൽ ഷോപ്പ് ഉടമയായ ജയരാജിനെയും ബെനിക്സിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ക്രൂരമായ കസ്റ്റഡി മർദനത്തിന് ഇരയാക്കി.
തൂത്തുക്കുടി ജില്ലയിലെ സത്തൻകുളം പോലീസ് സ്റ്റേഷനിൽ വച്ച് രാത്രി തുടങ്ങി പുലർച്ചെ വരെ ഇവരെ ക്രൂരമായി മർദിച്ചു. തുടർന്ന്, പ്രാദേശിക മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കോവിൽപട്ടി സബ് ജയിലിലേക്കാണ് ഇവരെ മാറ്റിയത്. എന്നാൽ, ശ്വാസതടസത്തെ തുടർന്ന് ജൂൺ 22, 23 തീയതികളിലായി ഇവർ ആശുപത്രിയിൽ വച്ച് മരിച്ചു.വിധിയെ കുടുംബം സ്വാഗതം ചെയ്യുന്നുവെന്നും നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും ജയരാജിന്റെ മൂത്ത മകൾ പെഴ്സി പറഞ്ഞു. ഇതുവരെ നടന്ന എല്ലാ കസ്റ്റഡി കൊലപാതകങ്ങൾക്കുമെതിരായ മുന്നറിയിപ്പായി ഈ വിധി നിലനിൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
🔹മഹാരാഷ്ട്രയിലെ ഗോരേഗാവിൽ ഫ്ലാറ്റിന് തീപിടിച്ച് വയോധിക മരിച്ചു. 24 നിലകളുള്ള ഫ്ലാറ്റിന്റെ ആറാം നിലയിൽ താമസിച്ചിരുന്ന ഇന്ദു തർക്കേശ്വർ സിംഗ് (72) ആണ് മരിച്ചത്. വൈകുന്നേരം ഏഴരയോടെയാണ് സംഭവം.വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസും ഫയർ ഫോഴ്സും രക്ഷപ്രവർത്തനം നടത്തി. ഇന്ദുവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാത്രി 11:30 ഓടെയാണ് തീ അണച്ചതെന്നും തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടിലെന്നും പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
🔹ഉത്തർപ്രദേശിൽ സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മീററ്റിലെ മോഡിപുരം പ്രദേശത്താണ് സംഭവം.ബിഹാറിലെ ഛപ്ര ജില്ല സ്വദേശിനിയായ പ്രിയ (20) ആണ് മരിച്ചത്. മൂന്നാം വർഷ ബിസിഎ വിദ്യാർഥിനിയായിരുന്നു പ്രിയ. സ്ഥാപനത്തിലെ തന്നെ വിദ്യാർഥിയായ സഹോദരനാണ് പ്രിയയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.സഹോദരൻ ഉടൻതന്നെ പ്രിയയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. വിവരം ലഭിച്ചതിനെത്തുടർന്ന് പല്ലവ്പുരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം പ്രിയയുടെ മുറി പരിശോധിച്ചു.പ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പല്ലവ്പുരം എസ്എച്ച്ഒ മഹേഷ് കുമാർ പറഞ്ഞു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് തോന്നുന്നതെന്നും എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🔹ആസമിലെ സോണിത്പൂരിൽ രോഗിയുമായി പോയ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. തേസ്പൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.രോഗിയും കുടുംബവുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തേസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന ഉടൻ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തുകയും ഹൈവേയിൽ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
🔹ഒമാനിലുണ്ടായ പ്രളയത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദ്കുട്ടിയുടെ ഭാര്യ റംലത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കും.കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്.
ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്.
🔹സൗദി അറേബ്യയിലെ ജിസാനിൽ മലയാളി നേഴ്സ് അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്.അസുഖം ഗുരുതരമായതിനെ തുടർന്ന് ഈ മാസം അഞ്ചു മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയിലായിരിക്കെ ഹൃദയാഘാതമുണ്ടാവുകയും ആരോഗ്യനില കൂടുതൽ മോശമാവുകയും ചെയ്തതോടെ ഇന്നലെ വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു.കഴിഞ്ഞ എട്ട് വർഷത്തിലധികമായി ഷെർളി ജിസാനിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ജോബിൻ നാട്ടിലാണ്. ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി ഷൈനി അറിയിച്ചു. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.
🔹കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് നിരവധി സൈനികർ മരിച്ചു. 20 സൈനികരെ രക്ഷപ്പെടുത്തി. പെറു അതിർത്തിയോട് ചേർന്നാണ് വിമാനം തകർന്നു വീണത്.പ്യൂർട്ടോ ലെഗുയിസാമോയിൽനിന്ന് പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പ്രതിരോധമന്ത്രി പെഡ്രോ സാഞ്ചസ് സംഭവം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സുരക്ഷാ സേനയിലെ സൈനികരെ വഹിച്ചുകൊണ്ട് പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന്പറന്നുയരുന്ന
തിനിടെയാണ് വിമാനാപക
ടമുണ്ടായതെന്ന് സാഞ്ചസ് പറഞ്ഞു.
🔹ഐപിഎൽ 2026–ന് മുന്നോടിയായി ലക്നൗ സൂപ്പർ ജയന്റ്സ് മാനേജ്മന്റ് നായകൻ റിഷഭ് പന്തിനെ ടീമിൽ നിന്നും ഒഴിവാക്കാനൊരുങ്ങുന്നുവെന്ന വാർത്തയെ തള്ളിക്കളഞ്ഞ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. യുവതാരത്തിന്മേലുള്ള വിശ്വാസം തുറന്നു പറഞ്ഞു. “ഒരു താരം 100 ശതമാനം സമർപ്പണത്തോടെ കളിക്കുമ്പോൾ അതിലേറെ പ്രതീക്ഷിക്കാൻ കഴിയില്ല”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിന്റെ പരാജയത്തിന് വ്യക്തിഗത പ്രകടനം മാത്രമല്ല, പരിക്കുകൾ ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങളും കാരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇതോടെ റിഷഭ് പന്തിന്റെ ലക്നൗ ടീമിലെ ഭാവിയെ പറ്റിയുള്ള ചോദ്യങ്ങൾക്കാണ് ശമനം വന്നിരിക്കുന്നത്. നേരത്തെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ പന്ത് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതിരുന്നത് ആരാധകരിലും മാനേജ്മെന്റിലും നിരാശ പടർത്തിയിരുന്നു. 27 കോടി രൂപ മുടക്കി വാങ്ങിയ താരത്തിന് കഴിഞ്ഞ സീസണിൽ നേടാനായത് 13 ഇന്നിങ്സുകളിൽ നിന്ന് വെറും 269 റൺസ് മാത്രം ആണ്. കഴിഞ്ഞ സീസണിൽ അമ്പേ പരാജയപ്പെട്ട ഫ്രാഞ്ചൈസ് ഇക്കൊല്ലം കിരീടം നേടുക എന്ന ലക്ഷ്യവുമായാണ് കളത്തിൽ ഇറങ്ങുന്നത്.
🔹 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ബംഗളൂരുവിന് തകർപ്പൻ ജയം. ഇന്റർകാശിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ബംഗളൂരു പരാജയപ്പെടുത്തി. ആറ് മത്സരത്തിൽനിന്ന് 11 പോയിന്റുമായി നാലാം സ്ഥാനത്താണ് ബംഗളൂരു.മറ്റൊരു മത്സരത്തിൽ ചെന്നൈയ്നും ഗോവയും 1-1 സമനിലയിൽ പിരിഞ്ഞു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ മുഹമ്മദന്‍സിനെ നേരിടും.
🔹ജീത്തു ജോസഫിന്റെ ജോർജ്ജു കുട്ടിയും കുടുംബവും പ്രേക്ഷകരെ പ്രാങ്കാക്കാൻ തുടങ്ങിയിട്ട് നാള് കുറെ ആയി. ദൃശ്യം ആരാധകരെ സംബന്ധിച്ച് കാത്തിരുന്ന് കാത്തിരുന്ന് ഏതാണ്ട് കണ്ണു കഴച്ച മട്ടാണ്. ദൃശ്യം 3 നാളെ വരും മറ്റന്നാൾ വരും ഇനി ഈ ഊഹാപോഹം പറച്ചിലൊന്നും വേണ്ട. സാക്ഷാൽ ലാലേട്ടൻ തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ റിലീസിങ് ഡേറ്റ് അറിയിച്ചിരിക്കുകയാണ് ഗയ്സ്. ഏപ്രിൽ രണ്ടിന് ചിത്രമിറങ്ങും എന്നും പിന്നീടത് മെയ് മാസത്തിലോ ജൂണിലോ ഇറങ്ങുമെന്നൊക്കെ വാർത്തകൾ പുറത്ത് വന്നിരുന്നു.എന്നാലിതാ ലാലേട്ടൻ പറയുന്നു ജോർജ്ജു കുട്ടി 2026 മെയ് 21 പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാലാണ് റിലീസ് മാറ്റിവച്ചത്. ആസിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻ ലാലിനൊപ്പം, മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
🔹കർട്ടൻ റയ്സിറിന്റെ ബാനറിൽ സതീഷ് പി. കുറുപ്പ് എഴുതി സംവിധാനം ചെയ്യുന്ന ദി ഫ്ളെയിം പൂർത്തിയായി. വളരെ വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രം ഒരു പെൺകുട്ടിയുടെ ആദ്യ ആർത്തവത്തിന്റെ മൂന്ന് ദിനങ്ങളിൽ കൂടി കടന്നു പോകുന്നു.ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വളർച്ചയോട് എതിർത്തു നിൽക്കാൻ ആഗ്രഹിച്ചുപോകുന്ന അവളുടെ അവസ്ഥ ഇതിൽ ചിത്രീകരിക്കുന്നു.അനാവശ്യ കാഴ്ചപ്പാടുകളിലൂടെ സമൂഹവും നമ്മുടെ സംസ്കാരവും അവളെ മാറ്റി നിർത്തുമ്പോൾ അവൾ ജ്വലിക്കുന്നു. ഈ ചെറു ചിത്രത്തിന്റെ കഥയിൽ എലെക്ട്ര കോംപ്ലക്സ്, പൈറോഫോബിയ എന്നിവയുടെ ഘടകങ്ങൾ അലിഞ്ഞു ചേർന്നിരിക്കുന്നു.
പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കർട്ടൻ റെയ്സറിൽ നിന്ന് അഭിനയപരിശീലനം നേടിയ ശിവഗംഗ എന്ന പന്ത്രണ്ടുകാരി സിനിമാരംഗത്തേക്ക് കടന്നു വരുന്നു. ആർ. രാജേശ്വരി, ഡോ. സിന്ധു ആർ, ഡോ. കാവ്യ തമ്പി, രാജേഷ് പുത്തൻ പറമ്പിൽ, അനാമിയ അഞ്ചൽ, രജിത മേനോൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.സ്വാതി. എൽ, മീനാക്ഷി വേണുഗോപാൽ എന്നിവർ ശബ്ദം നൽകി. ഹ്യൂബർട്ട് സെബാസ്റ്റ്യൻ, പ്രസാദ് ജി. എന്നിവരാണ് സംവിധാന സഹായികൾ. പ്രസാദ് ഗോവിന്ദൻ നിശ്ചല ഛായാഗ്രഹണം.എസ്.ആർ. സൂരജ് പശ്ചാത്തല സംഗീതവും സൗണ്ട് എഫക്ടസും നിർവഹിച്ചിരിക്കുന്നു. സിനിമാറ്റോ ഗ്രഫിയും ചിത്ര സംയോജനവും നിർവഹിച്ചത് വിനിൽ വിജയ് ആണ്. നിർമാണം പുഷ്പ സതീഷ്. രചനയും സംവിധാനവും നിർവഹിച്ച സതീഷ് പി. കുറുപ്പ് കർട്ടൻ റെയ്സിറിന്റെ സാരഥി കൂടിയാണ്.ഏപ്രിൽ 19ന് തിരുവനന്തപുരം ഭാരത് ഭവനിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കും. പിആർഒ അജയ് തുണ്ടത്തിൽ.
💦 ഗുരുജിയുടെ വാക്കുകൾ
സ്വയം പര്യാപ്തത നേടേണ്ടത് നമ്മുടെ ആവശ്യമാണ്. ദൈനംദിന കാര്യങ്ങളായ പാചകം, വൃത്തിയാക്കല്‍ ഇത്യാദി കാര്യങ്ങളെല്ലാം പെണ്ണിനും ആണിനും ഒരുപോലെ വേണ്ടതാണ്. കല്യാണം കഴിച്ചു കൊണ്ട് വരുന്ന പെണ്ണ് അതൊക്കെ ചെയ്യുമെന്ന് ആണ്‍കുട്ടിയോ, കല്യാണം കഴിക്കാന്‍ വേണ്ടി ഇതൊക്കെ പഠിക്കണം എന്ന് പെണ്‍കുട്ടിയോ കരുതേണ്ട ആവശ്യമില്ല. നിലനില്‍പ്പിന്റെ കാര്യം ആയത് കൊണ്ട് രണ്ട് പേര്‍ക്കും അത് ചെയ്യാവുന്നതേയുള്ളൂ. അത് നമ്മുടെ വീട്ടില്‍ നിന്ന് തന്നെ പഠിപ്പിച്ചു കൊടുത്താല്‍, പരസ്പരം പങ്കു വെച്ച് ചെയ്യുന്ന ശീലം അവരില്‍ വന്നോളും. വളര്‍ന്നു വരുമ്പോള്‍ അവര്‍ അവരുടെ ജീവിതത്തിലും അതു പോലെ തുടര്‍ന്നോളും. കുഞ്ഞുപ്രായത്തില്‍ ഉള്ളില്‍ പതിയുന്നത് എന്നേക്കുമുള്ളതാണല്ലോ.




🙏❤️