Wednesday, March 25, 2026
Homeഅമേരിക്കകനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി

കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി

നടപ്പാതയിൽ വീണുകിടക്കു വാകപ്പൂക്കളെ തട്ടി മാറ്റാതെ സൂക്ഷിച്ചു നടക്കുമ്പോൾ വെറുതെ ചിന്തകൾ കായൽക്കാറ്റു പോലെ പിടിച്ചാൽ കിട്ടാത്തവണ്ണം വീശിക്കൊണ്ടിരുന്നു.

കടും ചോരയുടെ നിറമുള്ള വാക പൂക്കൾക്ക് കാൽവരിപ്പൂക്കൾ എന്ന മറ്റൊരു പേരു കൂടിയുണ്ടത്രെ.

രാഗ വർണ്ണാങ്കിത സൂനങ്ങൾ കൊഴിഞ്ഞിട്ടും കിടന്നയിടത്തു തന്നെ വിടർന്ന പോൽ പരിലസിക്കുന്നുണ്ട്.

കാൽവരി മലയിൽ കുരിശിൽ വിടർന്ന രക്തപുഷ്പമായ യേശുദേവന്റെ സ്മരണയുണർത്തുന്നതുകൊണ്ടായിരിക്കുമോ ഇങ്ങനെയൊരു പേരു വന്നത്.

വീണാലും കത്തുന്ന ചുവന്ന തീ നാളങ്ങൾ പോലെ നിൽക്കുന്നിടമെവിടെയായാലും അതു മണ്ണിലോ വിണ്ണിലോ ആകട്ടെ ആരെയും മയക്കുന്ന വർണ്ണ പ്രകൃതി.

പൂവിനു പേരിട്ടയാൾ എന്തായാലും അരുണ വർണത്തിന്റെ ആരാധകനായിരിക്കാം

അരുണിമയുടെ കടയിലേയ്ക്കു പോകാൻ ഇറങ്ങിയതാണ്.

തയിക്കാൻ കൊടുക്കാൻ പോകുന്നതിനപ്പുറം അവളുടെ വിശേഷങ്ങൾ കേട്ടിരിക്കുമ്പോൾ തന്റേതായ ആകുലതകൾക്കർത്ഥമില്ലാതായിപ്പോകും.

ഒരു മനുഷ്യായുസ്സിൽ തന്നെ പല ജന്മങ്ങളുടെ ഭാരമേന്തിയ യാത്ര തുടരുന്നവൾ .

ഓരോ വീഴ്ചയിലും ഫീനിക്സ് പക്ഷിയെപ്പോലവൾ ഉയർത്തെഴുന്നേൽക്കും. ചിറകു വിടർത്തി പറന്നുയരാൻ ശ്രമിക്കും. തൂവലുകൾ പറക്കാനുതകാത്ത വിധം ആരോ അടർത്തി മാറ്റും. ക്ഷമയോടവൾ വീണ്ടും ജീവിതച്ചിറക് തുന്നിച്ചേർക്കും.

തന്റെ ഭർത്താവു വിദേശത്തായതും , മകൻ കോളേജു ഹോസ്റ്റലിൽ നിൽക്കുന്നതും ,അമ്മായി അമ്മയും താനും മാത്രമായ ഫ്ലാറ്റിലെ ജീവിതത്തിലെ മടുപ്പും തന്നെ വല്ലാതലട്ടുന്നുണ്ട്.

ജോലിയുടെ യാന്ത്രികതയിൽ ദിവസങ്ങൾ കൊഴിയുന്നുവെങ്കിലും ഇതൊന്നുമൊരു ഭാരമേയല്ല ഭാഗ്യമാണെന്നു തോന്നുന്നത് അരുണിമയുടെ അടുത്തിരിക്കുമ്പോൾ മാത്രമാണ്.

ആത്മ വിശ്വാസത്തിന്റെ കത്രികയാൽ വെട്ടിയെറിയുന്ന അനാവശ്യ തുണിക്കഷ്ണങ്ങളാണവൾക്ക് ജീവിത പ്രശ്നങ്ങൾ .

ഒരു തയ്യൽക്കട സ്വന്തമായി തുടങ്ങാൻ വാടകയ്ക്ക് എടുത്തു കൊടുക്കുവാൻ താനുമവളെ സഹായിച്ചു.

ഓരോ പ്രാവശ്യവും തയ്ക്കാൻ കൊടുക്കാൻ പോകുന്നതിനു മുമ്പു താൻ വിളിച്ചു ചോദിക്കും. തിരക്കുണ്ടോയെന്ന് .?

ഇല്ലെന്നു കേട്ടാൽ അവധിദിനത്തിൽ കടയിലേക്ക് ചെല്ലും.

തയ്യലിനിടയിലും തന്നോടവൾ സംസാരിച്ചു കൊണ്ടിരിക്കും. ഹൃദയം തുറക്കാനൊരാളെ കിട്ടിയതുപോലെ.

അവളുടെ അമ്മ ശാരദ മരിച്ചിട്ടു രണ്ടു കൊല്ലമായി. മകൻ അനൂപ് സ്കൂളിൽ ഒൻപതാം തരത്തിൽ തന്റെ ക്ലാസിൽ വന്നു ചേർന്നതു മുതൽ തുടങ്ങിയ അടുപ്പമാണ് താനുമായവൾക്ക്.

അവനിപ്പോൾ ബി.കോം ഡിഗ്രിക്കു പഠിക്കുന്നു. ഭർത്താവു രാജൻ ഡ്രൈവറായി ജോലിയെടുക്കുന്നുണ്ട്.

അമ്മയുടെ അനുജത്തിയെയും സംരക്ഷിക്കുന്നതും അരുണിമ തന്നെയാണ്. അവരുടെ ചികിത്സയ്ക്കു നല്ല പണച്ചിലവാണ്.

ഓർമകളുടെ ജനലുകൾ അവൾ തുറക്കുമ്പോൾ വരുന്ന സങ്കടങ്ങളുടെ ചുടുകാറ്റ് തന്നെയും പൊള്ളിക്കാറുണ്ട്.

“ടീച്ചറിനറിയാമോ? എന്റെ അമ്മ എത്ര സഹിച്ച സ്ത്രീയാണെന്ന്.”

അവൾ പെട്ടെന്നു നിർത്തി . സങ്കടം വന്നതുപോലെ.

“ഞാൻ ജനിച്ച് ഇരുപത്തിയെട്ടിന്റെയന്ന് ഒരു സ്വർണ്ണനൂൽ അരയിൽക്കെട്ടണമെന്നൊരാശ എന്റെയമ്മയ്ക്കുണ്ടായിരുന്നു.

ഗർഭകാലത്തിന്റെ ഒൻപതുമാസം വരെ അയൽ വീടുകളിൽ പണിക്കു പോയി ഇതിനായി അമ്മ പണം സ്വരുക്കൂട്ടിവെച്ചിരുന്നു.

പ്രസവിച്ചു കിടന്നിരുന്ന അമ്മ പണം അച്ഛനെ ഏൽപ്പിച്ച് അരഞ്ഞാണം വാങ്ങിക്കാൻ പറഞ്ഞയച്ചു. ”

അവൾ സംസാരം നിറുത്തി വീണ്ടും തയ്യലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

എന്നിട്ട് വാങ്ങിച്ചോ ?

മൗനത്തിന്റെ അസഹ്യതയിൽ ഞാൻ ചോദിച്ചു പോയി.

“ഇല്ല. അച്ഛൻ വന്നില്ല.
അമ്മയുടെ വിയർപ്പിന്റെ കൂലിയും കൊണ്ട് അയാൾ മറ്റൊരു സ്ത്രീയുമായി നാടുവിട്ടു.”

ചുരിദാറിൽ ഷോ ബട്ടൻസ് പിടിപ്പിക്കാൻ കൈയ്യിലെടുത്തു തയിച്ചു കൊണ്ടവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

“കുറ്റം പറയരുതല്ലോ തിരിച്ചു വന്നു. എനിക്ക് ഇരുപത്തിയെട്ടു വയസായപ്പോൾ. അന്നു എന്റെ കുഞ്ഞിന് രണ്ടു വയസായി.”

അവൾ മുഖമുയർത്താതെ ചിരിച്ചു.

“നമ്പറൊക്കെ നല്ല സാമ്യമാണ് ടീച്ചറെ. പക്ഷേ ഇരുപത്തിയെട്ടു ദിവസത്തിൽ നിന്ന് ഇരുപത്തിയെട്ടു വർഷത്തിലേയ്ക്കുള്ള ദൂരത്തിന് ഒരു കണ്ണീർ കടലോളം വീതിയും ആഴവും മാത്രമല്ല യാത്രാ ദൈർഘ്യവുമുണ്ട് .”

അമ്മയെന്തു പറഞ്ഞു? എന്ന എന്റെ ചോദ്യത്തിനു പൊട്ടിച്ചിരിച്ചായിരുന്നവളുടെ മറുപടി .

“മുറ്റമടിക്കുന്ന ചൂലെടുത്ത് അയാളെ ഓടിച്ചു. പിന്നെ പോയ വഴി പുല്ലു മുളച്ചിട്ടില്ല. ”

വിളറിയാണെങ്കിലും ഞാനവളുടെ ചിരിയിൽ പങ്കു ചേർന്നു.

കൂടെ കൊണ്ടു പോയ പെണ്ണിനാൽ ഉപേക്ഷിക്കപ്പെട്ട ആ മനുഷ്യൻ വികാരധീനനായി വന്നു നിന്നപ്പോൾ അമ്മയും മകളും ആലിംഗനവും സന്തോഷാശ്രുക്കളുമേകുമെന്നു വൃഥാ കരുതിക്കാണും.

അച്ഛനെന്ന വാക്ക് അവൾ ഉച്ഛരിച്ചില്ല. താനതു ശ്രദ്ധിച്ചു.

“ജന്മം നൽകിയവനാണെങ്കിൽ തന്നെയും കർമ്മം ചെയ്തില്ലെങ്കിൽ ഇങ്ങനെ പറന്നോടേണ്ടിവരും. ”

അയാളുടെ തിരിച്ചു പോക്കിന്റെ വേഗതയെ കുറിച്ച് പറഞ്ഞവൾ വീണ്ടും ചിരിച്ചു.

ഞൊടിയിട കൊണ്ടു തന്നെ ചിരി മാഞ്ഞ മുഖത്തു വിഷാദ ഭാവമാർന്നു.

“ഒരു സ്ത്രീ അവളുടെ പതിനെട്ടു വയസിലേറ്റിയ കുടുംബഭാരം മരണക്കിടക്ക വരെ ചുമന്നവളാണെന്റെയമ്മ.

എനിക്കേറ്റവും അഭിമാനമുള്ള കാര്യം നാട്ടിൽ അമ്മയ്ക്കുള്ള നല്ല പേരാണ്.

ശാരദേടത്തിയെന്നു പറഞ്ഞാൽ എല്ലാവർക്കും എപ്പോഴും ബഹുമാനമാണ്.

വിദ്യാഭ്യാസമധികമില്ലാത്ത കൂലിപ്പണിക്കാരി, പക്ഷേ അന്നാട്ടിൽ അമ്മയുടെ മകളെന്ന പേരിലും വാത്സല്യത്തിലുമാണ് ഞാൻ വളർന്നത്.

തെറ്റിലേയ്ക്കു പോകാവുന്ന ചെറുപ്രായത്തിൽ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് ഒറ്റയാൾ പോരാട്ടം നടത്തിയ ധീരവനിതയാണന്റെയമ്മ”

കടയിലാരോ വന്നു കയറിയപ്പോൾ അവൾ സംസാരം നിറുത്തി.

ഞാനെഴുന്നേറ്റു.തയിച്ചു കഴിയുമ്പോൾ വിളിക്കാൻ പറഞ്ഞ് അവിടെ നിന്നിറങ്ങി.

ഫ്ലാറ്റിലെത്തിയപ്പോൾ അമ്മ ചോദിച്ചു .

“അരുണിമ എന്തു പറഞ്ഞു”

അച്ഛൻ മരിച്ച ശേഷം അമ്മയ്ക്ക് നാട്ടു വിശേഷങ്ങളറിയാൻ
ഒരു മാർഗ്ഗവുമില്ലാതായി.

നാട്ടിലെ വീട് അടച്ചിട്ട് തന്റെ സ്കൂളിനരികിലെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്നതിന്റെ അസഹ്യത അമ്മയ്ക്കുണ്ട്.

ഗ്രാമത്തിലെ വീട്ടിൽ ചെയ്ത ജീവിത ശൈലിയാകെ മാറി മറിഞ്ഞുള്ള അവസ്ഥയാണല്ലോയിവിടെ.

എന്നും രാവിലെ മാർക്കറ്റിലേയ്ക്കു പോയി വരുന്ന അച്ഛൻ അന്നാട്ടിലെ എല്ലാ വിശേഷവും പങ്കിട്ട് ,അവരൊരുമിച്ച് ഭക്ഷണമുണ്ടാക്കി പറമ്പിലൊക്കെ നടന്ന് ,ആസ്വദിച്ച ജീവിതമപ്പാടെ മാറി കൂട്ടിലടച്ചപോലെയാണിതെന്നു തനിക്കുമറിയാം.

പക്ഷേ എന്തു ചെയ്യാനൊക്കും.അവിടെ ഇത്ര വലിയ പറമ്പിനുള്ളിലെ പഴയ വീട്ടിൽ ഒറ്റയ്ക്കു അമ്മയെ നിർത്താനാകുമോ !

അരുണിമയുടെ ജീവിതമൊക്കെ താൻ പറഞ്ഞ് അമ്മയ്ക്കറിയാം അതാണ് വന്നയുടൻ വിശേഷം ചോദിച്ചത്.

ഓരോ തവണയും പോയി വരുമ്പോൾ അമ്മ അവളുടെ ജീവിതകഥ കാത്തിരിക്കുമ്പോലെയാണ്.

ഒരു പക്ഷേ അമ്മ വിശേഷങ്ങൾ കേൾക്കാനാഗ്രഹിക്കുന്നത് തന്നേക്കാൾ ദുഃഖമുള്ളവരും ഇവിടെ ജീവിക്കുന്നു എന്നു സ്വയം സമാധാനിച്ചാശ്വസിക്കാൻ വേണ്ടിയായിരിക്കും.

അരുണിമയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും താൻ വളരെ ഞെട്ടലോടെയാണ് കേട്ടിട്ടുള്ളത്.

അവളുടെ അമ്മയുടെ രോഗിണിയായ അനുജത്തി വിധവയായപ്പോൾ കുഞ്ഞുമായി വന്നു ചേക്കേറിയതും ഇവരുടെ വീട്ടിൽ തന്നെയാണ്. ആ കുഞ്ഞിനെയും ശാരദേടത്തി വളർത്തി വലുതാക്കി വിവാഹം ചെയ്യിപ്പിച്ചു വിട്ടു.

ഇപ്പോഴും ചിറ്റയെ സംരക്ഷിക്കുന്നതും ചികിത്സിക്കുന്നതും അരുണിമ അധ്വാനിച്ചു തന്നെയാണ്.

അത്താഴം കഴിക്കാനിരുന്നപ്പോൾ അമ്മയോടു ഞാൻ പറഞ്ഞു

അമ്മയ്ക്കറിയാമോ അരുണിമയുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് ഞാൻ പഠിപ്പിച്ച അനൂപ്.

അമ്മ കഴിക്കാനെടുത്തത് വായിൽ വെയ്ക്കാതെ എന്നെ മിഴിച്ചു നോക്കി.

“എനിക്കറിയില്ലായിരുന്നു. അനൂപ് നിന്റെ ക്ലാസിൽ വന്നതിനു ശേഷമാണ് ഇവരുമായി നമുക്കു പരിചയമായത്. പക്ഷേ ഇക്കാര്യമെനിക്കറിയില്ലായിരുന്നൂട്ടോ”

ഇതു പറഞ്ഞിട്ട്
ബാക്കി വിശേഷമറിയാൻ അമ്മ എന്നെ നോക്കി.

ശാരദേടത്തി മകളെ നല്ല അടുക്കും ചിട്ടയിലും വളർത്തി. നല്ല സ്വഭാവമാണെന്നു കേൾപ്പിക്കാനാണു ബുദ്ധിമുട്ട് എന്നുപദേശിച്ചു. സ്വാതന്ത്യമൊന്നുമനുവദിച്ചുകിട്ടാതെയാണവൾ വളർന്നത്.

പ്രീഡിഗ്രി തോറ്റതോടെ തയ്യൽ പഠിപ്പിക്കാൻ വിട്ടു. കല്യാണാലോചനകൾ പലതു വന്നെങ്കിലും ഓരോന്നും ചികഞ്ഞന്വേഷിച്ച് എന്തെങ്കിലുമൊരു കുറ്റമുണ്ടെങ്കിൽ വേണ്ടെന്നു വെച്ച് ഒടുവിൽ ശാരദാമ്മയുടെ മനസിനു പിടിച്ച ഒരു കാര്യം മകൾക്കു വന്നു ചേർന്നു.

ചെറുക്കന് സ്വന്തമായി തയ്യൽക്കടയുണ്ട്. നല്ല വരുമാനവുമുണ്ട്. രണ്ടു പെങ്ങമ്മാരുള്ളത് വിവാഹം കഴിഞ്ഞു പോയി. വീട്ടിൽ അച്ഛനും അമ്മയും മകനും മാത്രം.

ശാരദാമ്മയുടെ ജീവിത കഥയും, നല്ല പേരുമൊക്കെ കേട്ടാണ് ചെറുക്കന്റെ വീട്ടുകാർ നേരിട്ടു വന്ന് കല്യാണമാലോചിച്ചത്.

ചെറുക്കനും സൽസ്വഭാവിയെന്നറിഞ്ഞ് കല്യാണമുറപ്പിച്ചു. എല്ലാവരുടെയും സഹകരണത്തോടെ ഭംഗിയായി വിവാഹവും കഴിഞ്ഞു.

അമ്മയുടെ ഗുണദോഷവിചാരങ്ങളും, ഉപദേശവും മുഴുവൻ തലയിലേറ്റി അങ്ങേയറ്റം എളിമയോടെ അവിടെ ചെന്ന അരുണിമയ്ക്ക് ആ വീട് സ്വർഗം പോലെയായിരുന്നു.

എല്ലാറ്റിനും സ്വാതന്ത്ര്യം. ഭർത്താവിനും മാതാപിതാക്കൾക്കും അവളെ വളരെ സ്നേഹം.

“പിന്നെന്തു പറ്റി? അമ്മയ്ക്ക് ഉത്കണ്ഠയായി.

അതു പിന്നെ. അയാൾ പുരുഷനല്ലായിരുന്നു എന്നു മാത്രം. ഞാൻ നിറുത്തി.

ഇതിൽ കൂടുതൽ വ്യക്തമാക്കാൻ തനിക്കു ഒരു പതർച്ച തോന്നി.

“എന്താ ! ” അമ്മയ്ക്കു കാര്യം പിടി കിട്ടിയില്ല.ശബ്ദമുയർത്തി ചോദിച്ചു

അതമ്മേ അയാൾക്കു പുരുഷന്റെതായ കടമകൾ നിർവഹിക്കാനുള്ള കഴിവോ ശരീരഘടനയോ ആയിരുന്നില്ല.

ഞാൻ ഒരു കണക്കിന് പറഞ്ഞു നിറുത്തി.

“അതവന്റെ മാതാപിതാക്കൾക്കു അറിയാൻ പാടില്ലായിരുന്നോ ?”

അമ്മ ചോദിച്ചു.

അതറിയില്ല. നാട്ടിലാർക്കുമെന്നല്ല വീട്ടുകാർക്കു പോലും തിരിച്ചറിയാൻ പറ്റിക്കാണില്ലായിരിക്കും. ഞാൻ ദീർഘനിശ്വാസമുതിർത്തിപ്പറഞ്ഞു.

കല്യാണം കഴിഞ്ഞ് മാസങ്ങൾക്കു ശേഷമാണ് അരുണിമയ്ക്ക് കാര്യങ്ങൾ പൂർണ്ണമായും ബോധ്യമായതത്രെ.

ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്

“വിവാഹ ജീവിതമെന്തെന്നു പരീക്ഷിക്കാനാണ് നിന്നെ കെട്ടിയത്. പക്ഷേ ഇപ്പോൾ നിന്റെ ജീവിതം കളഞ്ഞതിൽ സഹതാപവും കുറ്റബോധവും തോന്നുന്നുവെന്ന്.”

ഇത്രയും പറഞ്ഞു നിറുത്തി പാത്രം കഴുകാനായി അടുക്കളയിലേയ്ക്കു ഞാൻ പോയി.

അമ്മ ടി.വി. കണ്ടിരിക്കുന്ന സോഫയിൽ വന്നിരുന്നു തുടർന്നു.

അവൾ പക്ഷേ ഇക്കാര്യം ആരോടും പറയുകയോ, വിഷമം ഭാവിക്കുകയോ ചെയ്തില്ല.

ഉല്ലാസവതിയായി വീട്ടിലെഎല്ലാ പണിയുമെടുത്ത് അയാളൊടൊപ്പം കടയിൽ പോയി തയിക്കാനും സഹായിച്ചു പോന്നു.

ശാരാദമ്മയെപ്പോലും അവളിക്കാര്യമറിയിച്ചില്ല.പക്ഷേ ഇവളുടെ സ്നേഹ പരിചരണങ്ങൾ ഏറ്റുവാങ്ങിയ അയാൾ കുറ്റബോധത്തിന്റെ നീർച്ചുഴിയിലായി.

തന്നെ കൊന്നാലും തന്റെ വീട്ടിലേയ്ക്കു തിരിച്ചു പോകില്ലയെന്നും, മരണം വരെ ഇങ്ങനെ ജീവിച്ചാൽ മതിയെന്നുമവൾ അയാളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

എങ്കിലും അവളുടെ ഓരോ സ്നേഹനിശ്വാസങ്ങളും അവനിലെ കുറ്റബോധക്കനലിനെ ആളിക്കത്തിച്ചു.

ഒരു പുലർച്ചെ അരുണിമ ഉണർന്നു വന്നപ്പോൾ വീട്ടുമുറ്റം നിറയെ ആൾക്കാരാണ്.

അവളുടെ ഭർത്താവ് തീവണ്ടിക്കു തലവെച്ചു മരിച്ച വിവരമറിഞ്ഞു കൂടിയവരാണ്.

ബോധം മറഞ്ഞു വീണ അവളെ എഴുന്നേൽപ്പിച്ചയുടൻ അവളുടെ കാതിൽ ആശ്വസിപ്പിച്ചത് ദുഃഖം കടിച്ചൊതുക്കിയ അമ്മായിഅമ്മ തന്നെയാണ്.

“മോളു രക്ഷപ്പെടണമെന്നവൻ കരുതി. വിഷമിക്കേണ്ട. എനിക്കു ഹൃദയം പൊട്ടുന്നുണ്ട്.
പക്ഷേ അവനോടു ഞാൻ പറഞ്ഞതാണ് ഒരു വിവാഹപരീക്ഷണം വേണ്ടയെന്ന്. അവൻ വാശിപിടിച്ചു. കൂട്ടു നിന്നതിന്റെ ശിക്ഷയാണ് ഈ കഠിന വേദന”

കെട്ടിപ്പിടിച്ചു രണ്ടാളും കരഞ്ഞു.

“നീയിവിടന്നു പോകുമല്ലോയെന്ന വേദനയാണ് എനിക്കതിലും സഹിക്കാനാവാത്തത്”

അവർ കണ്ണീർ തൂകി പറഞ്ഞത്രെ.

പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ കണ്ണിലും കേട്ടിരുന്ന അമ്മയുടെ കണ്ണിലും നീർ പൊടിഞ്ഞു.

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണിങ്ങനെയൊക്കെ സംഭവിച്ചത്.

താൻ ആ വീടു വിട്ടു വരുന്നില്ല മാതാപിതാക്കളോടൊപ്പം താമസിച്ചു കൊള്ളാമെന്ന അരുണിമയുടെ വാശി ആരും അനുവദിച്ചില്ല.

ശാരദാമ്മയോടൊപ്പം വീട്ടിലേയ്ക്കു മടങ്ങിയ അവൾ ആറുമാസത്തോളം സ്വയം പീഢനമെന്നപോലെ പുറത്തേയ്ക്കിറങ്ങിയില്ല.

എല്ലാവരുടെയും സ്നേഹപൂർണമായ നിർബന്ധ പ്രകാരം ഒടുവിൽ വീട്ടിൽ തന്നെ തയ്യൽ ജോലി ആരംഭിച്ചു.

ഇനിയൊരു വിവാഹം വേണ്ടെന്ന അവളുടെ തീരുമാനത്തിൽ കൈ കടത്താൻ അമ്മയെപ്പോലുമവൾ അനുവദിച്ചതുമില്ല.

“അനൂപിന്റെ അച്ഛൻ പിന്നെങ്ങനെ അവളുടെ ജീവിതത്തിൽ വന്നു. ”

അമ്മ സ്വൽപ്പം തളർച്ചയോടെ തന്നോടു ചോദിച്ചു.

ഇരുപത്തിമൂന്നു വയസിൽ വിധവയായതാണ്. മൂന്നു വർഷം അവൾ സ്വന്തം വീട്ടിൽ എന്തോ കുറ്റം ചെയ്തവളെപ്പോലെ ഒളിച്ചു പാർത്തു.

ഗ്രാമത്തിലെ കോൺവെന്റിനോടു ചേർന്ന് കന്യാസ്ത്രീമാർ പെൺകുട്ടികൾക്കായി തയ്യൽകേന്ദ്രമാരംഭിച്ചപ്പോൾ നാട്ടുകാർ പറഞ്ഞറിഞ്ഞ് സിസ്റ്റർമാർ വീട്ടിൽ വന്ന് അവളെ വിളിച്ചു.

ആദ്യമതിനു തയ്യാറായില്ലെങ്കിലും അവരുടെ സ്നേഹ പൂർണമായ ഉപദേശത്തിനവൾ വഴങ്ങി.

പകൽമുഴുവൻ അവിടെ ആത്മാർത്ഥമായി പണിയെടുത്തു.
ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുന്ന അവളെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു.

തയ്യലുകൾ ധാരാളമായി കിട്ടിത്തുടങ്ങി. കടകളിൽ കോൺവെന്റിലെ വണ്ടിയിലാണ് തയിച്ച സാധനങ്ങൾ എത്തിക്കുന്നത്.

ആ വണ്ടിയുടെ ഡ്രൈവറായിരുന്നു രാജൻ.
അരുണിമയുടെ കഥ കേട്ടറിഞ്ഞ് അവളെ വിവാഹം കഴിക്കാനയാൾ ആഗ്രഹം പ്രകടിപ്പിച്ചു.

സഹതാപം കൊണ്ടല്ല, നിന്റെ സ്വഭാവശുദ്ധിയാണ് എനിക്കിഷ്ടമായതെന്ന് അയാൾ നേരിട്ടു പറഞ്ഞിട്ടും അവൾ തയ്യാറായില്ല.

ഒടുവിൽ ശാരദാമ്മ കടുത്ത തീരുമാനമെടുത്തു.

” നീ ഇനി വിവാഹം കഴിക്കുന്നില്ലെങ്കിൽ നമുക്കൊരുമിച്ചു മരിക്കാം. ചിറ്റയെയും കൊണ്ടു പോകാം. നമ്മൾ പോയാൽ അവളെ ആരു നോക്കും ? ഞാൻ മരിച്ചാൽ നീ എന്തുചെയ്യും? എന്നെപ്പോലെ ലോകത്തെ പടവെട്ടി പിടിച്ചു നിൽക്കാനൊന്നും നിനക്കു കഴിവില്ല. നാളെ ഞാൻ ഒതളങ്ങ അരയ്ക്കും. എല്ലാവർക്കും കൂടി കഴിച്ചു മരിക്കാം”

ദൃഢനിശ്ചയത്തോടെ പറഞ്ഞ് ശാരദാമ്മ നിറുത്തിയത്രെ.

വീടിരിക്കുന്ന പറമ്പിലെ തോട്ടിലേയ്ക്കു ചാഞ്ഞു കിടക്കുന്ന ഒതളങ്ങ മരത്തിലെ വിഷക്കായകൾ അവളുടെ മറുപടിക്കായി കാതോർത്തു കാണണം..

അമ്മയെ കെട്ടിപ്പിടച്ചവൾ കരഞ്ഞു.തലോടിക്കൊണ്ട് ശാരദാമ്മ പറഞ്ഞു

“എത്ര തവണ കഴിക്കണമെന്നു കരുതിയ കായ്കളാണവ. നിനക്കു വേണ്ടി ജീവിച്ചതാണ് ഞാൻ. ആ നിനക്ക് ഒരു ജീവിതമില്ലെങ്കിൽ ഞാനതു പറിച്ചെടുക്കും.

ഞങ്ങൾ കുറച്ചു നേരം മൗനമാർന്ന് ടി.വി.യിൽ ശബ്ദം കുറച്ചു വെച്ചിരിക്കുന്ന വാർത്തയിലേയ്ക്കു വെറുതെ നോക്കിയിരുന്നു.

രാജനുമായുള്ള വിവാഹം കഴിഞ്ഞ് പത്താം മാസം അരുണിമ അനൂപിന് ജന്മം നൽകി. പിന്നെ മകനെ വളർത്തലും തയ്യൽ ജോലിയുമൊക്കെയായി കഠിനാധ്വാന കാലമായി.

ഞാൻ തുടർന്നു പറഞ്ഞു കൊണ്ടിരുന്നു.

കുഞ്ഞായ അനൂപിനെ നോക്കാൻ രാജന്റെ അമ്മയെ ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ കയ്യൊഴിഞ്ഞു.

ശാരദാമ്മ അപ്പോഴും വീട്ടു പണിക്കു പോകുമായിരുന്നു.

മകനെ അയൽ വീട്ടിലേല്പ്പിച്ചു അവൾ ജോലിക്കു പോയി.

അരുണിമ ഭർതൃഗൃഹത്തിൽ നിന്നധികമകലെയല്ലാത്ത സ്വന്തം വീട്ടിലാണ് നിന്നിരുന്നത്.

ഉത്തരവാദിത്തവും ജോലിഭാരവും വർദ്ധിച്ചു വന്നു . ശാരദാമ്മയ്ക്കു വയ്യാതായി. ഇതിനിടെ ചിറ്റയ്ക്ക് ഡയാലിസിസിനും പണം കണ്ടത്തേണ്ടതായി വന്നു.

രാവും പകലും തയ്യൽ മിഷ്യനിൽ തന്നെയായി ജീവിതം . സ്വന്തമായി തയ്യൽക്കട തുടങ്ങാനായി വാടകയ്ക്കു മുറിയെടുത്തു.

ശാരദാമ്മയുടെ മരണത്തോടെ രണ്ടു വീട്ടിലെയും കുടുംബ ഭാരം അരുണിമയേറ്റെടു ക്കേണ്ടി വന്നു. രാജന് സ്ഥിര വരുമാനം കിട്ടുന്ന ജോലി ഉണ്ടായിരുന്നുമില്ല.

ഇപ്പോൾ അമ്മായിയമ്മ കിടപ്പു രോഗിയായി. അവിടത്തെ കാര്യവും നോക്കിയിട്ടേ കട തുറക്കാൻ വരാൻ അവൾക്കു സാധിക്കു.

ഞാൻ പറഞ്ഞു നിറുത്തി. ഉറക്കം വന്നതു കൊണ്ടു എഴുന്നേറ്റ് മുറിയിലേക്കുപോയി.

കഴിഞ്ഞതവണ ചെന്നപ്പോൾ അരുണിമ തന്നോടു പറഞ്ഞതോർത്തു “ഇനിയൊരു പ്രതീക്ഷയുള്ളതു അനൂപു പഠിച്ച് വലുതായി എവിടെയെങ്കിലും എത്തണം. അല്ലാതെ എന്റെ കൈകൾക്കു വിശ്രമമില്ല ടീച്ചർ. ”

കുറച്ചു നാൾ കഴിഞ്ഞ് രാജന് ഒരു കമ്പിനിയിൽ ഡ്രൈവർ ജോലി കിട്ടിയപ്പോൾ അവൾ സന്തോഷിച്ചു. ഇനി സ്ഥിര വരുമാനമായല്ലോ!

താമസിക്കുന്ന പഴയ പെരയോടു ചേർന്നുള്ള രണ്ടു സെൻ്റു ഭൂമി കൂടി വാങ്ങി വീടു പുതുക്കാൻ അവൾ കുറച്ചധികം കഷ്ടപ്പെട്ടു.

രാജന്റെ വീടാകട്ടെ ജേഷ്ഠന്റെ പേരിലാണ്. എങ്കിലും അവരവിടെ താമസമില്ല . അതു കൊണ്ട് കിടപ്പിലായ അമ്മയെ നോക്കലും അരുണിമ ഏറ്റെടുത്തു.

ഒരു ദിവസത്തേയ്ക്കു വേണ്ട ഭക്ഷണമെല്ലാം ഉണ്ടാക്കി അവിടെ കൊണ്ടു പോയി കൊടുക്കണം. അടുത്ത വീട്ടിലെ ചേച്ചി അമ്മയെ നോക്കി കൊള്ളും. അവർക്കുള്ള ഭക്ഷണവും, കാശും വേറെ കൊടുക്കണം.

എന്നാൽ നിങ്ങൾ ചിറ്റയുമായി അവിടെ പോയി താമസിക്ക്. നിന്റെ അങ്ങോട്ടുമിങ്ങോടുമുള്ള ഓട്ടം കുറച്ചു കുറയുമല്ലോ ഞാൻ പറഞ്ഞു.

“അതു ചേട്ടനും ചേട്ടത്തിയും സമ്മതിക്കുന്നില്ല. നിങ്ങൾ പിന്നെ ആ വീട്ടിൽ നിന്ന് ഇറങ്ങാതാകും. ഞങ്ങൾ തിരിച്ചു വരുമ്പോൾ വീടു കിട്ടാൻ തമ്മിൽ വഴക്കാകും എന്നാണവരുടെ ന്യായം. ഇപ്പോഴവർ ആന്ധ്രയിലാണ് ജോലി ചെയ്യുന്നത്. എന്നു വേണമെങ്കിലും തിരിച്ചു വരാം.”

അമ്മയ്ക്ക് വയ്യാതായപ്പോൾ മുതൽ രാജനാണ് രാത്രി പോയി അവിടെ കൂട്ടു കിടക്കുന്നത്.

ഒരാഴ്ച കഴിഞ്ഞ് അരുണിമയെ കാണാൻ ചെന്നപ്പോൾ പഴയ മുഖപ്രസാദമാക്കെ കുറഞ്ഞിരിക്കുന്നു.

രാവിലെ തുടങ്ങി അർദ്ധരാത്രി വരെ നീളുന്ന അവളുടെ പണിത്തിരക്ക് രൂപത്തെയും ഭാവത്തെയും അപ്പാടെ മാറ്റിത്തുടങ്ങി.

അടുത്തു കിടന്ന കസേര വലിച്ചിട്ട് ഞാനിരുന്നു. ജോലി ഭാരം തന്നെയാകാം അവളുടെ വിവശതയ്ക്കു കാരണമെന്നു കരുതി.

“ടീച്ചറെ കഷ്ടപ്പെടുന്നവർക്ക് അന്ത്യത്തോളം കഷ്ടപ്പാടു തന്നെയായിരിക്കുമല്ലേ? ” തയിച്ചു കൊണ്ടു തന്നെ അവൾ ചോദിച്ചു.

എന്തു പറ്റി പെട്ടെന്നൊരു നിരാശ . ഞാൻ ചിരിച്ചു

“രണ്ടറ്റവും കൂട്ടിമുട്ടുന്നില്ല. ലോൺ എടുത്തത് മുടങ്ങി. സ്ഥലം വാങ്ങി വീടു പുതുക്കി കഴിഞ്ഞപ്പോൾ കാശൊക്കെ തീർന്നു.

ടീച്ചറുടെ ഭർത്താവു വന്നപ്പോൾ ഞങ്ങളെ ടീച്ചർ സഹായിച്ചതൊന്നും മറന്നട്ടില്ല. പക്ഷേ തിരിച്ചു തരേണ്ടയെന്നു പറഞ്ഞിട്ടുണ്ടല്ലോ. അതു വലിയ സഹായ മാണ് ചെയ്തു തന്നത്.

ബാങ്ക് ലോൺ തീർത്തില്ലയെങ്കിൽ അവർ സമ്മതിക്കുമോ?”

അവളെന്നെ നോക്കി.

അതെന്താണ്? നിനക്ക് നല്ല തയ്യലുണ്ടല്ലോ! രാജന് സ്ഥിര ജോലിയും കിട്ടി. പിന്നെന്താ പ്രശ്നം. ? ഞാൻ ചോദിച്ചു

“അതുപിന്നെ. ശമ്പളം കിട്ടുന്നതൊക്കെ എവിടെ പോകുന്നെന്നറിയില്ല. ആളിപ്പോൾ സ്വന്തം വീട്ടിൽ പോയി അമ്മയ്ക്കു രാത്രി കൂട്ടിന് നിൽക്കാൻ തുടങ്ങിയപ്പോൾ മുതൽ നന്നായി മദ്യസേവ നടത്തുന്നുണ്ട്. ലോണിലേയ്ക്ക് പണമടക്കാൻ നിർബന്ധിച്ചു കൊണ്ടിരിക്കണം. ചിലപ്പോൾ അടക്കും. അതു തന്നെ വലിയ കാര്യം”

പരിഭവമില്ലാതെയവൾ ചിരിച്ചു.

താൻ വീട്ടിലെത്തിയപ്പോൾ മോന്റെയും, ഭർത്താവിന്റെയും ഫോൺ അടുപ്പിച്ചടുപ്പിച്ചു വന്നു.രണ്ടാൾക്കും അവരവരുടെ കഷ്ടപ്പാടും പരാതികളും മാത്രമേ പറയാനുള്ളു.

എൻജിനിയറിംഗിന് എൻ.ഐ. ടി.യിൽ പഠിക്കുന്ന മോൻ ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നു.

തന്റേത് ഗവൺമെന്റ് എയ്ഡഡ് സ്കൂളായതിനാൽ അങ്ങോട്ടൊന്നും ട്രാൻസ്ഫർ കിട്ടുകയു മില്ല.

ഒരു വീട്ടിൽ താമസിക്കേണ്ടവർ മൂന്നിടത്താണ്. അതെല്ലാം മറ്റുള്ളവർക്കു നിസാരം.

ഓരോരുത്തർ ജനിച്ചു വളർന്ന സാഹചര്യങ്ങൾ വ്യത്യസ്തമാണ്. മറ്റൊരാളുടെ അവസ്ഥയുമായി തുലനം ചെയ്ത് നമുക്ക് ആശ്വസിക്കാനാവില്ല. മനസിലങ്ങനെയാണപ്പോൾ തോന്നിയത്.

ആരോടിതൊക്കെ പറയാനാണ്. സന്തോഷകരമായ കുടുംബ പശ്ചാത്തലത്തിൽ നിന്നു ചിന്നിച്ചിതറി ജീവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയൊക്കെ സ്വയം അനുഭവിച്ചറിയണം. ആരോടും പങ്കു വെച്ചിട്ടു കാര്യമില്ല.
കാശുണ്ടാക്കുന്നില്ലേയെന്ന പരിഹാസം കേൾക്കേണ്ടിവരും.

മാത്രമല്ല മർത്യജന്മത്തിൽ ഇതിലും കഷ്ടപ്പാടനുഭവിക്കുന്നവരുടെ നൂറുദാഹരണങ്ങൾ കേട്ട് മൗനം പാലിക്കേണ്ടിയും വരാം.

അച്ഛനും, മോനും അവരവരിടങ്ങളിലെ ബുദ്ധിമുട്ടുകൾ തന്നോടു പറയുന്നു. ഞാനാകട്ടെ സന്തോഷവതിയാണെന്നു നാട്ടുകാരെയും വീട്ടുകാരെയും ബോധ്യപ്പെടുത്തി അഭിനയിച്ചു ജീവിക്കുന്നു. അതുകൊണ്ട് അപമാനമെങ്കിലും ഏൽക്കാതിരിക്കാം.

തന്റെ ചിന്തകൾ ആകുലതകളിലേയ്ക്ക് വഴിമാറുന്ന വേളയിൽ അമ്മ വന്നു വിളിച്ചു.

“ഫോൺ ബെല്ലടിക്കുന്നുണ്ടല്ലോ”

എന്നു പറഞ്ഞു.

നോക്കിയപ്പോൾ മിസ് കോൾ അരുണിമയുടേതാണ്. പകൽ താനിന്നവിടെ കടയിൽ ചെന്നതാണല്ലോ എന്തു പറ്റിയാവോ? രാത്രി അങ്ങനെ അവൾ വിളിക്കാറുമില്ല.

“ടീച്ചറെ രാജൻ ചേട്ടന്റെ അമ്മ മരിച്ചു. കുറച്ചു കാശ് ഗൂഗിൾ പേ ചെയ്യണേ. എന്റെ കൈയ്യിലൊന്നുമില്ല ”

എന്ന വോയ്സ് മെസേജ് വാട്ട്സാപ്പിൽ ഇട്ടിട്ടുണ്ട്.

അവൾക്ക് പണം എപ്പോൾ കടം കൊടുത്താലും വേഗം തിരിച്ചു തരും. ഒരിക്കലും തിരിച്ചു ചോദിക്കേണ്ടി വന്നിട്ടില്ല. ഇത്ര പെട്ടെന്ന് തന്നതെന്തെന്നു ചോദിച്ചാൽ അവളുടെ മറുപടിയിതാണ്.

“ടീച്ചറുടെ ഭർത്താവ് അടുത്തില്ലാത്തതാണ്. കാശൊക്കെ സൂക്ഷിച്ചു പയോഗിച്ചില്ലെങ്കിൽ അതിനു ടീച്ചറു പഴി കേൾക്കേണ്ടി വരും.”

വിദ്യാഭ്യാസത്തിനപ്പുറം ലോക പരിചയമാണ് മനുഷ്യനെ മുന്നോട്ടു നയിക്കേണ്ടതെന്നതിന് പലപ്പോഴുമൊരു പാഠമാണവൾ.

രാജന്റെ അമ്മ മരിച്ചതിന്റെ അടിയന്തിരമൊക്കെ കഴിഞ്ഞാണ് പിന്നെ അരുണിമയെ കണ്ടത്.

ഭർത്താവിന്റെ ചേട്ടനും, ഭാര്യയും അമ്മയുടെ മരണത്തിന് ഒരാഴ്ച മുമ്പേ വീട്ടിലെത്തിയിരുന്നു.

അതുകൊണ്ട് അവൾക്ക് അമ്മയുടെ അവസാന ദിനങ്ങൾ വീട്ടിലേയ്ക്ക് പോകാൻ പറ്റിയില്ല എന്ന വിഷമം പറഞ്ഞപ്പോഴവളുടെ
കണ്ണു നിറഞ്ഞു.

“മരിച്ചതറിഞ്ഞയുടൻ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച അമ്മയെ മാറ്റിയുടുപ്പിക്കാൻ ഒരു വസ്ത്രം പോലുമവിടെയില്ല യെന്നതാണ്.

ഒരു അലമാരി നിറയെ പുത്തനായ ഉടുക്കാത്ത മുണ്ടും നേര്യതും ആരെങ്കിലുമൊക്കെ കൊടുക്കുന്നത് അമ്മ സൂക്ഷിച്ചു വെക്കുമായിരുന്നു.

ഓണത്തിനും വിഷുവിനുമായിട്ട് ഞാൻ തന്നെ എത്രയെണ്ണം കൊടുത്തത് ഉപയോഗിക്കാത്തത് അവിടെ ഉണ്ടായിരുന്നു.

ബന്ധത്തിൽപ്പെട്ട ആരുവന്നാലും അമ്മയ്ക്ക് ഇഷ്ടമുള്ള ശേഖരണ വസ്തുവായതു കൊണ്ട് ഇതു തന്നെയാണു സമ്മാനം കൊടുത്തിരുന്നത്.

പക്ഷേ ടീച്ചറെ ! അമ്മ മരിച്ചു കഴിഞ്ഞിട്ട് വസ്ത്രം മാറ്റിയുടുപ്പിക്കാൻ ഒരൊറ്റമുണ്ടും നേര്യതും അലമാരിയിലില്ല.
അവരത് എങ്ങോട്ടു മാറ്റിയെന്നറിയില്ല. ”

അവൾ വിഷാദഭാവത്തോടെ പറഞ്ഞു.

എന്നിട്ട് എന്തു ചെയ്തു. ?

എന്റെ ചോദ്യം മുഴുവനാക്കും മുമ്പവൾ പറഞ്ഞു.

” ടീച്ചർ അയച്ച പണം വന്നയുടൻ ഞങ്ങൾ കടയിൽ പോയി . അപ്പോഴേക്കും കടയെല്ലാം അടച്ചു കഴിഞ്ഞിരുന്നു. ഫോൺ ചെയ്തു വരുത്തി കട തുറപ്പിച്ചാണ് തുണിയെടുത്തത്. അതിനും ഞാനും മോനും തന്നെ പോയി.

എവിടെ പണച്ചിലവു വരുമെന്നു കണ്ടാൽ അവിടെ എന്നെയാണ് രാജൻചേട്ടനും പിന്നെ ചേട്ടനും ഭാര്യയും വിളിക്കുന്നത്.

അടിയന്തിരം വരെ ഞാൻ അവിടന്നും, ഇവിടന്നും മേടിച്ചാണ് നടത്തിയത്. നാട്ടുകാർ കുറ്റം പറയരുതല്ലോ! ഇത്തവണ കുറച്ചു വൈകൂട്ടോ ടീച്ചറുടെ കാശു തിരിച്ചു തരാൻ.”

അവധി ദിനങ്ങളിൽ ചെയ്യാൻ പറ്റാതെപോയ തയ്യൽ ജോലികൾ കുമിഞ്ഞുകൂടിയത് ജീവിത ഭാരക്കൂന പോലെകിടക്കുന്നതു കണ്ട് ഞാനന്നു വേഗം അവിടെ നിന്നിറങ്ങി.

മോനു പഠിക്കാൻ കുറച്ചു മടിയുണ്ട്. ഞാനിപ്പോൾ എല്ലാ ദിവസവും അമ്പലത്തിൽ പോയി വന്നിട്ടാണ് തയ്യൽക്കട തുറക്കുന്നതെന്നും, ചൊവ്വാഴ്ച അന്തോനീസു പുണ്യവാന്റെ പള്ളിയിൽ പോയി ഭജനമിരിക്കുന്നതു
കൊണ്ട് കട അന്നേ ദിനം തുറക്കില്ലയെന്നും അരുണിമ ഫോൺ ചെയ്തപ്പോൾ പറഞ്ഞു.

ടീച്ചർ അവനെ ഒന്നുപദേശിക്കണേ യെന്നും കൂട്ടിചേർത്തു.

പുതുതലമുറയ്ക്ക് ഇഷ്ടമല്ലാത്ത ഒരേ ഒരുകാര്യം മുതിർന്നവരുടെ ഉപദേശം കേൾക്കലാണ്. അവർക്കത് അരോചകമാണ്. അതു കൊടുക്കുന്നവർ ആരാകട്ടെ അന്നുമുതൽ അവരുടെ ശത്രുക്കളായി മാറുന്നു. നമ്മുടെ ചെറുപ്പകാലത്ത് ഉപദേശങ്ങൾ നിറകണ്ണോടെ ശ്രവിച്ചതും, ഉൾക്കൊണ്ടതും പഴഞ്ചനായിപ്പോയെ
ന്നിവർ കരുതുന്നു . ഞാൻചിരിച്ചു കൊണ്ടവളോടു പറഞ്ഞു.

പള്ളിയിൽ നിന്നു ലഭിക്കുന്ന നേർച്ച ഭക്ഷണം ഉച്ചയ്ക്ക് കഴിച്ചിട്ട് മോനു കൊണ്ടു വന്നു കൊടുത്താൽ അവൻ കഴിക്കില്ല. അവന് ഒരു ദൈവത്തിലും വിശ്വാസമില്ലെന്നു പറയും.
ദൈവമുണ്ടായിരുന്നെങ്കിൽ അമ്മൂമ്മയും, അമ്മയുമൊക്കെ ഇത്ര കഷ്ടപ്പെടേണ്ടി വരുമോയെന്നവൻ ദേഷ്യപ്പെടും. അരുണിമ വിഷാദത്തോടെ ഒരിക്കൽ പറഞ്ഞു.

സ്കൂളിലെ പരിപാടിക്ക് ടീച്ചേഴ്സിന് യൂണിഫോം സാരിയെടുത്തതിന്റ ബ്ലൗസ് തയിപ്പിക്കാൻ താൻ ചെന്ന ദിനം കടയിൽ അരുണിമ മാത്രമേയുണ്ടായിരുന്നുള്ളു.

തന്നെ കണ്ട ആശ്വാസ
ഭാവത്തിലവൾ ചിരിച്ചു.

“മോന്റെ കാര്യമോർത്തു വിഷമിച്ചിരിക്കയായിരുന്നു. ടീച്ചറിനെ മാത്രമേ അവന് ഇത്രയും നാളും പഠിപ്പിച്ചവരിൽ ആകെ ഇഷ്ടമായിട്ടുള്ളത്. അതുകൊണ്ടാണ് ഇടയ്ക്ക് വിളിച്ച് ഉപദേശിക്കാൻ ഞാൻ പറയുന്നത്.

അമ്പലത്തിലെ പൂജിച്ചവ കൊടുത്താലും കഴിക്കില്ല. എന്തു പറയാനാണ്. ഇവൻ തലതിരിഞ്ഞു പോയാൽ പിന്നെ ജീവിച്ചിട്ടു കാര്യമില്ല. ”

നൈരാശ്യത്തിന്റെ ശോണിമ കണ്ണിൽ പടർന്നപോലവൾ പറഞ്ഞു.

ഒന്നുമില്ലന്നേയ് ഞാനവനെ വിളിച്ചിരുന്നു. പഠനമൊക്കെ നന്നായി പോകുന്നെന്നാണവൻ പറഞ്ഞത്. അരുണിമയെ ആശ്വസിപ്പിച്ചു ഞാൻ പറഞ്ഞു. നീ പറയാതെ തന്നെ ഞാനവനെ ഇടയ്ക്കിടെ വിളിക്കാറുണ്ട്.

“ടീച്ചറെ ഞാനൊരു പണി ചെയ്യാറുണ്ട്.. പള്ളിയിലെ വെഞ്ചരിച്ച നേർച്ചക്കഞ്ഞി ഞാൻ അവിടെ ഇരുന്നു കഴിച്ച ശേഷം കുറച്ചു ചോറ്റുപാത്രത്തിൽ എടുത്തു കൊണ്ടുവന്ന് അരച്ച് ഇഡ്ഡലിമാവിൽ കുഴച്ചുവെയ്ക്കും. ഇഡ്ഡലി അവനിഷ്ടമാണ്. അവൻ രാവിലെ അറിയാതെ കഴിച്ചോളും.

പുണ്യവസ്തുക്കൾ ഉള്ളിൽ ചെന്നാൽ അവിശ്വാസവും,
മടിച്ചെകുത്താനും വിട്ടുപോയി സ്വഭാവം നന്നായി കൊള്ളും.”

ഭക്തി നിറഞ്ഞ മുഖത്തോടവൾ പറഞ്ഞു.

വിശ്വാസത്തിന്റെ അങ്ങേയറ്റത്തെ ആത്മാർത്ഥതയിൽ ദൈവമനങ്ങാതിരിക്കുമോ?

ചിന്തകളിൽ നൈരാശ്യമേശാതിരിക്കാൻ ഞാൻ അവൾ തയിക്കുന്നതു നോക്കി മിണ്ടാതിരുന്നു.

മാസങ്ങൾക്കുശേഷം ഒരവധി ദിനം കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അമ്മയും ഞാനുമൊരുമിച്ച് വാതിലിനരികിലേയ്ക്ക് ചെന്നു.

അരുണിമയും മോനുമാണ് വന്നിരിക്കുന്നത്.

ഇതുവരെ കാണാത്ത പ്രസന്നതയും അസാധാരണ കൺ തിളക്കവുമാർന്ന അരുണിമ തന്നെ കണ്ടയുടൻ കരഞ്ഞു.

ഞങ്ങൾ എന്താണന്നറിയാതെ സ്തബ്ധരായി നിൽക്കുന്നതു കണ്ട് അനൂപ് അമ്മയെ ചേർത്തു നിറുത്തി അകത്തേയ്ക്കു കടന്നുവന്നു.

അവൻ എന്റെ കാൽ പെട്ടെന്ന് തൊട്ടു വന്ദിച്ചു.

എന്തായിത്? ഞാൻ അസ്വസ്ഥയായി.

” ടീച്ചറെ ഞാൻ പറഞ്ഞിട്ടാണ് അവനിത് ചെയ്യുന്നത്. അനൂപിന് ക്യാമ്പസ് സെലക്ഷൻ വഴി ബാങ്കിൽ ജോലി ശരിയായി. ആദ്യം കാണേണ്ടതും അനുഗ്രഹം വാങ്ങേണ്ടതും ഇവിടെ വന്നിട്ടാണ്. ”

മുഴുവനാക്കാതെ അവൾ കരഞ്ഞു.

സന്തോഷം കൊണ്ട് എന്റെയും കൺ നിറഞ്ഞു .

മിഴിനീരുമറയ്ക്കാൻ അവരിൽ നിന്നു മുഖം മാറ്റി ഞാൻ ജാലകത്തിലൂടെ പുറത്തേ യ്ക്കുനോക്കി.

വഴിവക്കിലെവിടെയോ പുഷ്പിച്ച ഗുൽമോഹർ പൂവ് കാറ്റത്തു പറന്നു വന്ന് ബാൽക്കണിയിലെ ഗ്രില്ലിൽ ഒട്ടിയിരിക്കുന്നു.

അരുണിമയാർന്ന ആ കാൽവരിപ്പുഷ്പം ഉയർത്തെഴുന്നേറ്റ പോൽ വെയിലിന്റെ പൊന്നൊളിയിൽ തിളങ്ങുന്നതായി കാണപ്പെട്ടു.

പുകഞ്ഞണയേണ്ട കനലിൽ നിന്നു പെട്ടെന്നുയർന്ന ജ്വാല പോലെ
കത്തി നിൽക്കുന്ന ഒറ്റയായ തീപ്പൂവ്.

താഴെ വീഴാതെ പിടിച്ചു നിന്നു പ്രകാശിക്കുന്നതിൽ കണ്ണുനട്ട് പരിസരം മറന്ന് ഞാൻ ഭ്രമിച്ചു നിന്നു.

റോമി ബെന്നി

 

വാൽക്കഷ്ണം :

ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് അരുണിമ . കഥയിൽ പേരുകൾക്കു മാത്രമേ വ്യത്യാസമുള്ളു . നായികയുടെ അനുവാദത്തോടെയാണ് കഥ സൃഷ്ടിച്ചത്. അതിനാൽ കഥയിൽ സത്യമല്ലാതെ അതിഭാവുകത്വമൊന്നുമില്ല. അവസാന ഭാഗത്തെ ചെറിയൊരു മാറ്റമൊഴിച്ച്.
ജനിച്ച നാൾ മുതൽ ഇന്നോളം കഷ്ടതകളെ പടവെട്ടിയ മറ്റൊരു മാടു ജീവിതം.

റോമി ബെന്നി✍

RELATED ARTICLES

7 COMMENTS

  1. പുകഞ്ഞണയേണ്ട കനലിൽ നിന്ന് ഉദിച്ചുയരുന്ന ജ്വാലപോലെ …. അറിയാതെയും അറിഞ്ഞും ഒരുപാട് കനൽപ്പൂക്കൾ.വശ്യമായ എഴുത്ത്, അഭിനന്ദനങ്ങൾ

  2. ഹൃദയസ്പർശിയായ നല്ല കഥ… ജീവിച്ചിരിക്കുന്ന കഥാപാത്രത്തിന്റ, ജീവിതാനുഭവങ്ങൾ നന്നായി അവതരിപ്പിച്ചു…. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്…. ഇനിയും എഴുതണം വായനക്കായി കാത്തിരിക്കുന്നു ❤️❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com