കുംഭമാസം അവസാനിച്ചു. മലയാളം പഞ്ചാംഗത്തിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേല(പൂരുരാട്ടാതിയുടെ അവസാന കാല്‍ ഭാഗവും ഉത്രട്ടാതിയും രേവതിയും ചേര്‍ന്ന ഞാറ്റുവേല)അടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു.
മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ ഇക്കാലം കാമദേവപൂജയുടെ കാലമാണ്.മീനത്തില്‍ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെയാണ് ഈ ഉത്സവം.ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക. ഒമ്പത് ദിനങ്ങളിലായി കാമദേവനെ പൂവിട്ട് പൂജിക്കുന്നതാണ് ചടങ്ങ്. നിലവിളക്ക് കത്തിച്ച് പൂപ്പലകമേൽ പൂക്കൾ അർപ്പിക്കുമ്പോൾ കുട്ടികൾ കുരവയിടും. ഈ പൂക്കൾ ഉപയോഗിച്ച് പൂരത്തലേന്ന് കാമരൂപമുണ്ടാക്കും. ഭഗവതി കാവുകളിൽ പൂരക്കളിയും വിദ്വൽ സദസായ മറത്തു കളിയും അരങ്ങേറും. പതിനെട്ട് നിറത്തിലാണ് പൂരക്കളി. ക്ഷേത്ര തിരുവായുധങ്ങൾ പുറത്തെത്തിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രക്കുളത്തിൽ പൂരം കുളിച്ചു മാടം കയറും. ഇതോടെ പൂരാഘോഷങ്ങൾ സമാപിക്കും.ഒടുവില്‍ , ഇനിയത്തെ കൊല്ലവും ”നേരത്തെ കാലത്തേ വരണേ കാമാ” എന്ന് പറഞ്ഞ് കാമദേവനെ യാത്രയാക്കും.ഉത്തരേന്ത്യയിലെ വസന്തോത്സവത്തിന് സമാനമായ ഒരു ആഘോഷമാണ് ഇത് .
മധ്യകേരളത്തില്‍ (തൃശ്ശൂര്‍ ജില്ലയില്‍ പ്രത്യേകമായി )ഭഗവതിയമ്പലങ്ങളിലും അയ്യപ്പന്‍ കാവുകളിലും ‘പൂരം’ ആരംഭിക്കുന്നതും മീനത്തില്‍ കാര്‍ത്തികനാളാണ്. ഒമ്പതുദിവസത്തെ ഗ്രാമപ്രദക്ഷിണത്തിനുശേഷം പൂരം നാളില്‍ തൃശ്ശൂര്‍ പട്ടണത്തിനടുത്ത ആറാട്ടുപുഴ പാടത്ത് നൂറ്റെട്ട് ദേവീദേവന്മാരുടെ സംഗമത്തോടെ അത് കലാശിക്കുന്നു. ഈ ദേവീ ദേവന്മാരുടെ കൂട്ടത്തില്‍ പ്രധാനികള്‍ തൃപ്രയാര്‍ ശ്രീരാമസ്വാമിയും ആറാട്ടുപുഴ ശാസ്താവുമാണെങ്കിലും എണ്ണപ്പെട്ട പൂരങ്ങള്‍ അമ്മദെെവങ്ങളുടെതാണ്. ചേര്‍പ്പ്, ഊരകം, അന്തിക്കാട്, ചൂരക്കോട്, പൂനിലാറാവ് എന്നിങ്ങനെ ഏറെയുണ്ട് ദേവിമാരുടെ നിര. മലബാറിലെ ചടങ്ങുകളോട് സമാന്തരമായി പൂരംനാളില്‍ മധ്യകേരളത്തിലെ തറവാടുകളിലെ സ്ത്രീകള്‍ അനുഷ്ഠിക്കുന്ന ”പൂരംഗണപതി ” യും ശ്രദ്ധേയമാണ്.
മലബാറുകാര്‍ വരുംകൊല്ലവും കാണണണമെന്ന് കാമനോട് പ്രാര്‍ത്ഥിക്കുംപോലെ ആറാട്ടുപുഴയിലുമുണ്ട് ദേവീദേവന്മാരുടെ വികാരാധീനമായ യാത്രയയപ്പും അടുത്തകൊല്ലം കാണാം എന്ന യാത്രാമൊഴിയും.
(കൂട്ടത്തില്‍ ഒരു രസകമായ കാര്യം പറയട്ടെ.
ആറാട്ടുപുഴ പാടത്ത് എഴുന്നള്ളിച്ചെത്തുന്ന ഒരു ഭഗവതിക്ക് പൂരം നാളാണത്രെ മാസമുറ. ഒഴിഞ്ഞിരിക്കുന്ന പെണ്ണിനെപോലെ, ഒരു കുട്ടിയാനപ്പുറത്ത് കൊട്ടും ആരവവുമൊന്നുമില്ലാതെ കോല്‍വിളക്ക് വെളിച്ചത്തില്‍ ഈ ഭഗവതി ഒരു മൂലയില്‍ ഒതുങ്ങിനില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തീണ്ടാരിക്ക് അമ്മദെെവവവും അപവാദമല്ലെന്ന സൂചനയോടൊപ്പം പൂരത്തിന് കാമദേവനനോടുള്ള ബന്ധവും ഈ അനുഷ്ഠാനത്തില്‍ അന്തര്‍ലീനമാവുന്നുണ്ട്.)
അമ്മദെെവങ്ങളുടെയും അമ്മ പ്രധാനമായ മരുമക്കത്തായത്തിന്റെയും നാടാണ് കേരളം. കാവിലെ അമ്മയും തറവാട്ടിലെ അമ്മയും നമുക്ക് തായയാണ്.’അമ്മേ തായേ!’ എന്ന് കാവില്‍ പ്രാര്‍ത്ഥിക്കുകയും താ(യ് )വഴിയില്‍ പരമ്പര അടയാളപ്പെടുത്തുകയും ചെയ്യുന്നവരാണ് നമ്മള്‍ . പെണ്‍മലയാളം എന്നൊരു പേര് കേരളത്തിനുണ്ടായതും അതുകൊണ്ടാവാം.മലബാറിലെ അമ്മമാരുടെ കാമദേവപൂജയോട് മധ്യകേരളത്തിലെ അമ്മദെെവങ്ങളുടെ പൂരത്തിന്റെ സമാനത നമ്മുടെ സംസ്കാരത്തിന്റെ അഖണ്ഡതതന്നെയാവണം.
ഇതെല്ലാം വായിച്ച് ‘ഇതെന്തൊരു പൂരം’ എന്ന് തലയില്‍ കെെവെയ്ക്കാന്‍ വരട്ടെ. ‘പൂരം’ ഒരു നക്ഷത്രത്തിന്റെ പേരുമാത്രമാണ്. ‘പൂര്‍വ്വം’എന്ന നക്ഷത്രത്തിന്റെ മലയാളീകരിച്ച രൂപമാണിത് . അടുത്ത നക്ഷത്രം ‘ഉത്തരം ‘ അഥവാ ഉത്രംആണ്.ഈ രണ്ടു നക്ഷത്രങ്ങള്‍ യഥാക്രമം ആദ്യപാതിയും രണ്ടാംപാതിയും (പൂര്‍വോത്തരം) ആയതെങ്ങനെ എന്നെനിക്കറിയില്ല. അറിവുള്ളവര്‍ പറയുക.
”പൊടിപൂരമായി ” എന്ന പഴയ ചൊല്ലിന് ഇന്നത്തെ ഭാഷയില്‍ ”അടിപൊളി ” എന്ന് സാമാന്യ അര്‍ത്ഥം പറയാം. ”പൊടിപൂരമായി ” എന്ന് വാക്യത്തില്‍ പ്രയോഗിച്ചു നോക്കു. മദ്ധ്യേഷ്യയിലെ യുദ്ധം പൊടിപൂരമായി എന്ന് മാത്രം പറയരുത്.അത് ജീവജാലങ്ങളുടെ നേരെയുള്ള വെല്ലുവിളിയാണ്. അത് ചെറുക്കാന്‍ നമ്മുടെ ദേവീദേവന്മാര്‍ക്ക് ആവില്ല.എന്നാലും പൂരവും ഉത്സവവും പ്രത്യാശയുടെ തീപ്പന്തങ്ങളാണ്. കേടാതിരിക്കട്ടെ ആ ദീപശിഖ!




👍