കരളിന് വരുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫാറ്റി ലിവര്‍ രോഗം. കരളില്‍ അമിതമായി കൊഴുപ്പടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഈ രോഗം മോശം ഭക്ഷണക്രമം, അമിതഭാരം, വ്യായാമക്കുറവ് എന്നിവ മൂലം സംഭവിക്കാം.
ആദ്യ ഘട്ടങ്ങളില്‍ ഇത് കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ലെങ്കിലും കണ്ടു പിടിക്കാതെയും ചികിത്സിക്കാതെയും ഇരുന്നാല്‍ സ്ഥിരമായ കരള്‍ നാശത്തിലേക്കും കരള്‍ വീക്കത്തിലേക്കും ഫാറ്റി ലിവര്‍ രോഗം നയിക്കാം.
അമേരിക്കയിലെ മയോ ക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫാറ്റി ലിവര്‍ രോഗം കരള്‍വീക്കമായി മാറുമ്പോള്‍ ശരീരത്തില്‍ ഇനി പറയുന്ന ഇടങ്ങളില്‍ നീര്‍ക്കെട്ട് ദൃശ്യമാകാം.
കാലുകള്‍, കണങ്കാല്‍, കാല്‍പാദങ്ങള്‍, വയര്‍, വിരലുകളുടെ അറ്റം. കരള്‍ വീക്കം മൂലം വയറില്‍ ദ്രാവകം അടിയുന്ന രോഗാവസ്ഥയെ അസ്‌കൈറ്റസ് എന്ന് വിളിക്കുന്നു. ഇത് മൂലം ഒരാള്‍ക്ക് ഒരു ഗര്‍ഭിണിയുടേതിന് സമാനമായ വലിയ വയര്‍ രൂപപ്പെടാം. ക്ഷീണം, പെട്ടെന്നുള്ള രക്തസ്രാവം, വിശപ്പില്ലായ്മ, ഓക്കാനം, ഭാരനഷ്ടം, ചൊറിച്ചില്‍, മഞ്ഞപ്പിത്തം, തൊലിപ്പുറത്ത് എട്ടുകാലിയുടെ രൂപത്തില്‍ രക്തകോശങ്ങള്‍ കാണപ്പെടല്‍, കൈവെള്ളയില്‍ ചുവപ്പ്, നിറം മങ്ങിയ കൈവിരലുകള്‍, ആര്‍ത്തവപ്രശ്നങ്ങള്‍, ലൈംഗിക ഉത്തേജനമില്ലായ്മ, ആശയക്കുഴപ്പം, കുഴഞ്ഞ സംഭാഷണം എന്നിവയെല്ലാം കരള്‍ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും, വ്യായാമം ഉള്‍പ്പെടുന്ന സജീവജീവിതശൈലിയും, ഭാരനിയന്ത്രണവും പുകവലി ഉപേക്ഷിക്കലുമെല്ലാം കരളിന്റെ ആരോഗ്യത്തിന് സഹായകമാണ്.