Monday, December 23, 2024
HomeUS Newsഓർമ്മയിലെ മുഖങ്ങൾ: രാജലക്ഷ്മി ✍അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: രാജലക്ഷ്മി ✍അവതരണം: അജി സുരേന്ദ്രൻ

അവതരണം: അജി സുരേന്ദ്രൻ✍

മലയാളത്തിൻ്റെ അനുഗൃഹീതയായ എഴുത്തുകാരി രാജലക്ഷമിയുടെ ഓർമ്മകളിലൂടെ….

പൂർത്തീകരിക്കാനാവാത്ത കവിത പോലെ. കടന്നുപോയിട്ട് വർഷങ്ങളായെങ്കിലും അക്ഷരങ്ങളുടെ ലോകത്തിലൂടെ വായനക്കാരുമായി സംവദിച്ച് രാജലക്ഷ്മി ഇന്നും നമുക്കിടയിലുണ്ട്. എന്നും ഒരു നിത്യവിസ്മയമായ് ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു പ്രിയ എഴുത്തുകാരി. സങ്കീർണ്ണതകളില്ലാത്ത എഴുത്തും സംശയമോ ആശങ്കയോ ബാക്കി വെക്കാതെയുള്ള നിശബ്ദമായ ഒഴുക്കും രചനകളെ വ്യത്യസ്തമാക്കിയിരുന്നു.

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ 1930 ജൂൺ 2ന് തേക്കത്ത്‌ അമയങ്കോട്ട്‌ തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി.എ. കുട്ടിമാളു അമ്മയുടെയും മകളായാണ് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദംനേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീട് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജുകളിൽ അദ്ധ്യാപികയായി.

അമ്പത് വർഷങ്ങൾക്ക് മുമ്പൊരാൾ ഇത്രയും വ്യത്യസ്തമായ് ചിന്തിക്കുകയും, ലളിതമായ ഭാഷയിൽ ജീവിതാനുഭവങ്ങൾ കോറിയിട്ടു എന്നത് അത്ഭുതം തന്നെയാണ്. ഒറ്റ ശ്വാസത്തിൽ വായിച്ചു തീർക്കാൻ തോന്നിപ്പിക്കുന്ന ശൈലിയാണ് കഥാകാരിയുടേത്. വിഷാദാത്മകതയും മരണത്തിലേക്കൊഴുകുന്ന ജീവിതങ്ങളും കഥകളിലുടനീളം കാണാൻ കഴിയും. വരികൾക്കിടയിൽ കണ്ണീരിൻ്റെ ഉപ്പുരസം കട്ട പിടിച്ചിരന്നു.

മാതൃഭൂമി ആഴ്ച്പ്പതിപ്പ് പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ടകഥയിലൂടെയാണ്‌ രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. 1958-ൽ ഒരു വഴിയും കുറേ നിഴലുകളും എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി.’ഞാനെന്ന ഭാവം’ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു രചന. കാലിക പ്രസക്തിയുള്ള കുറച്ചു ചെറു കഥകളും രചിച്ചു.മലയാള സാഹിത്യ ലോകത്തിൽ ഏകാന്തപഥികയായ എഴുത്തുകാരി എന്ന് രാജലക്ഷ്മി അറിയപ്പെട്ടു. അവരുടെ കഥകൾ മനസ്സിൻ്റെ വിശകലനവും സമൂഹത്തിൻ്റെ സ്ത്രീ വീക്ഷണപരമായ അവതരണവുമായിരുന്നു. ആത്മഹത്യ എന്ന കഥയിൽ കുടുംബവും സാഹചര്യങ്ങളും സ്ത്രീയിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ അവർ തുറന്നു കാട്ടി.

കേ­ര­ള സാ­ഹി­ത്യ അ­ക്കാദ­മി പു­ര­സ്­ക്കാ­രം നേടി­യ ‘ഒ­രു വ­ഴിയും കു­റേ നി­ഴ­ലു­കളും’ എന്ന നോ­വല്‍ സ്‌­നേ­ഹ­ത്തി­ന് വേ­ണ്ടി­യു­ള്ള ഒ­രു സ്­ത്രീ­യു­ടെ അ­ന്വേ­ഷ­ണ­ങ്ങ­ളെ കു­റി­ച്ചാ­ണ് സം­സാ­രി­ക്കു­ന്നത്.’

സ്‌­നേ­ഹ­ത്തിനും നീരസത്തിനും ഇ­ട­യില്‍­പെ­ട്ട­വ­രാ­ണ് രാ­ജ­ല­ക്ഷ്­മി­യു­ടെ ക­ഥാ­പാ­ത്രങ്ങള്‍. ജീ­വിത­ത്തെ മര­ണം കൊ­ണ്ട് പൂര്‍­ത്തി­യാ­ക്കാന്‍ ആ­ഗ്ര­ഹി­ക്കു­ന്നവര്‍. വാക്യം പൂർണ്ണമാകാൻ വി­രാ­മ­ചി­ഹ്നം വേ­ണ­മെന്ന­ത് പോ­ലെ രാ­ജ­ല­ക്ഷ്­മി­യു­ടെ ക­ഥാ­പാ­ത്ര­ങ്ങള്‍ പൂര്‍­ണ­രാ­വുന്ന­ത് മ­ര­ണ­ത്തി­ലൂ­ടെ­യാണ്. നിഗൂഢതകൾ ബാക്കി വച്ച് 1965 ജനുവരി 18 ന് ജീവിതത്തിൽ നിന്ന് അവർ നിശബ്ദമായ് ഇറങ്ങി പോയി .എഴുതി തീർന്ന കഥകളിലൂടെ അവർ ഓരോ മനസ്സിലും നിറഞ്ഞു നിൽക്കും. ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം…..

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments