Saturday, July 27, 2024
HomeUS Newsകർണ്ണാടകയിലെ സോൻസ് ഫാം (SOANS FARM) (ബട്ടർഫ്ളൈ പാർക്ക് യാത്ര വിശേഷങ്ങൾ) ✍ ഉഷ...

കർണ്ണാടകയിലെ സോൻസ് ഫാം (SOANS FARM) (ബട്ടർഫ്ളൈ പാർക്ക് യാത്ര വിശേഷങ്ങൾ) ✍ ഉഷ സുധാകരൻ

ഉഷ സുധാകരൻ✍

ഇന്നത്തെ യാത്രാവിവരണത്തിൽ പ്രകൃതിയിലേക്കാണ് ഞാൻ പോകുന്നത്. പ്രകൃതിയെന്ന് പറയുമ്പോൾ കടലോ, മലയോ, വനമോ ഒന്നുമല്ല. ഒരു കൃഷിസ്ഥലം. വികസനത്തെ സ്വീകരിക്കാൻ വേണ്ടി, കൃഷിയിടങ്ങളെല്ലാം നികത്തി കെട്ടിടങ്ങളും, വീടുകളും നിർമ്മിക്കുന്ന ഈ സമയത്ത് ഒരു ഫാം ഹൗസിലേക്ക് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നു.

വർഷങ്ങളോളമായി കേരളത്തിന് പുറത്ത് ഫ്ളാറ്റിൽ ജീവിക്കുന്നതു കൊണ്ടാവും നാടും , നാട്ടിലെ കൃഷിയുമെല്ലാം ഇടയ്ക്കിടക്ക് എന്റെ മനസ്സിലെത്തിനോക്കുന്നത്. എന്നെ പോലെത്തന്നെയാണ് സുധാകരനും പറമ്പ്, കൃഷി ഇവയൊക്കെ പ്രിയപ്പെട്ട സ്ഥലമാണ്. സുധാകരന്റെ സുഹൃത്തുക്കളിൽ നിന്നാണ് സോൻസ് ഫാമിനെ കുറിച്ചറിയാൻ കഴിഞ്ഞത്. 25 സെപ്റ്റംബർ 2021 ശനിയാഴ്ച രാവിലെ ഞാനും സുധാകരനും മോളും കൂടെ കാറിൽ ഫാം കാണാൻ പുറപ്പെട്ടു. അവിടെ അടുത്തു തന്നെ ഒരു ബട്ടർഫ്ളൈ പാർക്കുണ്ട് അതും കാണാം നമുക്കെന്ന് പറഞ്ഞു മോൾ.
രാവിലെയായതുകൊണ്ട് ഡ്രൈവിങ്ങ് സീറ്റ് ഞാൻ കയ്യടക്കി. താമസസ്ഥലത്ത് നിന്നും ഏകദേശം 36 കിലോമീറ്ററാണുള്ളത് സോൻസ് ഫാമിലേക്ക്.

നൂറ് ഏക്കറോളം വലുപ്പമുള്ള ഈ ഫാം കാർക്കള ഉടുപ്പി NH 13 ലാണ് സ്ഥിതി ചെയ്യുന്നത്. സ്വിസ്സ് ജർമ്മൻ മിഷനറി സംഘടന തുടങ്ങിയതാണ് ഈ ഹോർട്ടികൾച്ചറൽ ഫാം. ശ്രീ. ആൽഫ്രഡ് സോൻസിന്റെ പിൻതലമുറക്കാരായ സോൻസ് ഫാമിലിയാണ് ഫാമിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാർ. പൈനാപ്പിൾ, മാങ്ങ, പഴം, റംബൂട്ടാൻ വിളകളം, വനില, സ്റ്റെവിയ, കുരുമുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളുമാണ് ധാരാളമായി ഇവിടെ കൃഷിചെയ്യുന്നത്. വളരെ അപൂർവ്വമായ ചെടികളും മരങ്ങളും, വലിയ മുളങ്കാടുകളും നട്ടുവളർത്തിയിട്ടുണ്ട്. പണ്ടിവിടെ ഹോം സ്റ്റെ ഉണ്ടായിരുന്നു. പല തരത്തിലുള്ള ശുദ്ധമായ ജ്യൂസ്, രുചികരമായ ജാമുകൾ, ഉണക്കിയ പൈനാപ്പിൾ, മുന്തിരി എല്ലാം മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. സ്കൂളിൽ നിന്നും കോളേജിൽ നിന്നും വിദ്യാർത്ഥികളും, വിനോദ സഞ്ചാരികളും ധാരാളമായി ഇവിടം സന്ദർശിക്കാറുണ്ട്. സാധാരണ ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ 6 മണിവരെയും ഞായറാഴ്ചകളിൽ 10 മണി മുതൽ 6 മണി വരെയുമാണ് സന്ദര്‍ശന സമയം. ഒമ്പത് മണിക്കാണ് മംഗലാപുരത്ത് നിന്നും ഞങ്ങൾ പുറപ്പെട്ടത്. സിറ്റിയിലല്ലാത്ത സ്ഥലങ്ങളിൽ റോഡിനിരുവശവും പല സ്ഥലങ്ങളിലും മരങ്ങളുള്ളത് മംഗലാപുരത്തെ ഒരു പ്രത്യേകതയായി എനിക്ക് തോന്നാറുണ്ട്. ഇടയ്ക്ക് വാമഞ്ചൂരിലിറങ്ങി ചെറിയ ഹോട്ടലിൽ നിന്നും ചായയും ബൺസും കഴിച്ചു. മംഗലാപുരത്തെ രുചികരമായ പലഹാരമാണ് ബൺസ്.

ബൺസെന്നാൽ നമ്മുടെ നാട്ടിലെ ബൺ അല്ല ബണ്സിന്റെ പാചകകുറിപ്പ് പറയാം. ഒരു ചെറുപഴം, ഒരുകപ്പ് മൈദ, ഒരു ടീസ്പൂൺ തൈര്, രണ്ട് സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്. ഈ ചേരുവകളെല്ലാം കൂട്ടി കുഴച്ച് നാല് മണിക്കൂറോളം ഒരു തുണികൊണ്ട് മൂടിവച്ചതിനു ശേഷം, ആ കൂട്ട് ചെറിയ ചെറിയ ഉരുളകളായി ഉരുട്ടി ചപ്പാത്തിപലകയിൽ പൂരിക്ക് പരത്തുന്നത് പോലെ ഇത്തിരി കട്ടിയിൽ പരത്തി എണ്ണയിൽ വറുത്തുകോരണം. ഇത്തിരി മധുരമുള്ള പലഹാരമാണിത്. എങ്കിലും തേങ്ങ ചമ്മന്തി കൂട്ടിയാണിവിടുത്തുകാർ ഇത് കഴിക്കുന്നത്. വാമഞ്ചൂരിൽ നിന്നും ഡ്രൈവിങ്ങ് സീറ്റ് സുധാകരന് കൈമാറി ഞാൻ. പതിനൊന്ന് മണിയോടെ ഞങ്ങൾ സോനസ് ഫാമിലെത്തി. പാർക്കിങ്ങേരിയയിൽ കാറ് പാർക്ക് ചെയ്തു. കാറിൽ നിന്നും പുറത്തിറങ്ങുമ്പോഴേ നമുക്കൊരു ഗൃഹാതുരത്വം അനുഭവപ്പെടും. ഒരു വലിയ വീട്, മുറ്റത്ത് നിറയെ ഒരു സ്ഥലത്ത് തേങ്ങ, പൈനാപ്പിൾ അങ്ങിനെ എന്തൊക്കെയോ കൂട്ടി ഇട്ടിരിക്കുന്നത് കാണാം. കുറെ ജോലിക്കാരും പണിയെടുക്കുന്നത് കാണാം.

മുൻവശത്തുള്ള റിസപ്ഷൻ ഏരിയയിൽ ചെന്ന് വിവരങ്ങളന്വേഷിച്ചു. റിസപ്ഷൻ ഏരിയയുടെ പ്രത്യേകത പറയുമ്പോൾ ചുമരുകളൊന്നുമില്ല. തുറസ്സായ സ്ഥലത്ത് മൂന്നോ നാലോ ബഞ്ചുകൾ, മേശകൾ, കൊത്തുപണികളൊന്നുമില്ലാത്ത മരത്തടികളാണ് ബഞ്ചുകളായി ഇട്ടിരിക്കുന്നത്. ചുറ്റും നിറയെ ചെടിചട്ടികൾ. കൗണ്ടറിലുള്ള ആളോട് വിശദമായി കാര്യങ്ങൾ അന്വേഷിച്ചു. പ്രവേശന ഫീസില്ലെന്ന് പറഞ്ഞ് അവിടെ പ്രിന്റ് ചെയ്തു വച്ചിരിക്കുന്ന ഒരു പേപ്പർ കയ്യിൽ തന്നു. ഈ പേപ്പറിൽ ഓരോ മരത്തിന്റെയും നമ്പറും പേരുമിട്ടിട്ടുണ്ടായിരുന്നു. ആ നമ്പറിനനുസരിച്ച് നടന്നുതുടങ്ങിയാൽ വഴി തെറ്റാതെ ഫാം മൊത്തം നടന്നു വരാൻ സാധിക്കുമെന്ന് കൂടി പറഞ്ഞു.

ഫാം കാണാൻ വന്ന കുറച്ച് വിദ്യാർത്ഥികൾ ബഞ്ചിലിരുന്നു ജ്യൂസ് കുടിക്കുന്നുണ്ടായിരുന്നു. അവിടുത്തെ ബഞ്ചുകൾക്കും ഒരു ഭംഗിതോന്നി. ഞങ്ങളും പൈനാപ്പിൾ ജ്യൂസ് കുടിച്ചു. ഇത്ര രുചികരമായ പൈനാപ്പിൾ ജ്യൂസ് ഇന്നേ വരെ ഞാനിതിന് മുമ്പ് കുടിച്ചിട്ടില്ല. ഇതെഴുതുമ്പോഴും അതിന്റെ രുചി നാവിൽ വരുന്നു.
ജ്യൂസ് കുടിച്ചു ഞങ്ങൾ ഫാം കാണാനിറങ്ങി. മുളകളുടെ കൂട്ടമാണെനിക്കാദ്യമായി ഇഷ്ടപ്പെട്ടത്. പന്തലുപോലെ വളച്ചു കെട്ടി, ആർച്ച് രൂപത്തിലൊരുക്കിയ മുളങ്കൂട്ടം നല്ല ഭംഗി തോന്നി. കയ്യിലുള്ള പേപ്പറു നോക്കി മുന്നോട്ട് മുന്നോട്ടു നടന്നു. ഓരോ മരത്തിലും പേരെഴുതിയിട്ടുണ്ട്. ഡീസൽ മരം കണ്ട് ഞങ്ങൾക്കിത്തിരി കൗതുകം തോന്നി. അതുപോലെ പാരഡൈസ് മരം, തേയില, ഉയരമുള്ള തേക്കുകൾ, അവാക്കാടോ, ഡ്രാഗൺഫ്രൂട്ട്, മാങ്കോസ്റ്റിൻ, വിദേശ രാജ്യങ്ങളിൽ കണ്ടു വരുന്ന കക്കാവോ, അശോകതെച്ചി അങ്ങിനെ വളരെയേറെ വൈവിധ്യമാര്‍ന്ന മരങ്ങൾക്കിടയിലൂടെയുള്ള നടത്തം തന്ന ഉണർവിന്റെ അളവ് അപാരം. പൈനാപ്പിൾ തോട്ടത്തിൽ ആളുകൾ പണിയെടുക്കുന്നുണ്ടായിരുന്നു. ഉച്ചസമയമായിട്ടും തീരെ ചൂടനുഭവപ്പെട്ടില്ല. ഇടയ്ക്കിടെ ഓരോ മരത്തിനു കീഴെ നിന്നും ഫോട്ടോയെടുത്തും ഫാം മുഴുവനും കണ്ട് ഞങ്ങൾ തിരിച്ച് ഓഫീസിൽ തന്നെ എത്തി. രാസപദാർത്ഥങ്ങളൊന്നും ചേർക്കാത്ത ജാമുകൾ, ജ്യൂസുകൾ, ഉണക്കിയ പൈനാപ്പിൾ എല്ലാം സോനസ് ഫാമിൽ കുറഞ്ഞ വിലക്ക് ലഭിക്കും. ഫ്രിഡ്ജില്ലെങ്കിലും സൂക്ഷിച്ചു വെയ്ക്കാൻ സാധിക്കുന്നതാണ് ഇവയൊക്കെ എന്നതുകൊണ്ട് കുറച്ചധികം സാധനങ്ങൾ ഞങ്ങളവിടെ നിന്നും വാങ്ങി. വീണ്ടും ജ്യൂസ് കുടിച്ച് റിസപ്ഷൻ കൗണ്ടറിലിരിക്കുന്നവരോട് നന്ദിയും പറഞ്ഞിറങ്ങി,സന്തോഷമുള്ള മനസ്സോടെ കാറിൽ കയറി.

സോൻസ്ഫാമിൽ നിന്നും നേരെ ഞങ്ങൾ പോയത് പത്ത് കിലോമീറ്റർ ദൂരത്തുള്ള ശ്രീ.സമ്മിലൻ ഷെട്ടി ബട്ടർഫ്ളൈ പാർക്കിലേക്കാണ്. മോൾടെ ആഗ്രഹമായിരുന്നു ബട്ടർഫ്ളൈ പാർക്ക് കാണുക എന്നത്. വീട്ടിൽ നിന്നുമിറങ്ങുന്നതിന് മുന്നെ സന്ദർശനസമയം ഫോണിലൂടെ ചോദിച്ചറിഞ്ഞ് ബുക്ക് ചെയ്തിരുന്നു.

മൂഡബിദ്രിക്കടുത്തുള്ള കൽവായി വില്ലേജിൽ 2013 ൽ ശ്രീ. സമ്മിലൻ ഷെട്ടി തുടങ്ങിയതാണ് ഈ ബട്ടർഫ്ളൈ പാർക്ക്. മംഗലാപുരത്ത് നിന്ന് നാല്പത് കിലോമീറ്റർ ദൂരമാണുള്ളത്. കർണ്ണാടകയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബട്ടർഫ്ളൈ പാർക്കാണിത്. ഇവിടം സന്ദർശിക്കാൻ ഉചിതമായ സമയം ജൂൺ മുതൽ നവംബർ വരെയാണ്. വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ഇരുപത്തഞ്ച് രൂപയും, മറ്റുള്ളവർക്ക് അമ്പത് രൂപയുമാണ് പ്രവേശന ഫീസ്.

ഏകദേശം 7.5 ഏക്കറോളം വലുപ്പമുള്ള ബട്ടർഫ്ളൈപാർക്കിൽ 150 തരത്തിലുള്ള പൂമ്പാറ്റകളുണ്ട്. വിശാലമായ തുറന്നസ്ഥലത്ത്, കൂടുകളൊന്നുമില്ലാതെ യഥേഷ്ടം പറന്നുനടക്കാൻ പറ്റുന്ന തരത്തിലാണ് ഈ ബട്ടർഫ്ളൈ പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്.
മലബാർ ബാന്റ്റഡ് പീകോക്ക്,സതേൺബേർഡ് വിങ്ങ്, പാരീസ് പീകോക്ക്, ബ്ളാക് രാജാ, ഓട്ടം ലീഫ്, ക്ളീപ്പർ, ബാന്റഡ് ലോയർ ഇവയെല്ലാമാണിവിടുത്തെ പ്രധാന ഇനം പൂമ്പാറ്റകൾ.

സോൻസ്ഫാമിൽ നിന്നും അര മണിക്കൂർ യാത്ര ചെയ്തപ്പോഴേക്കും ബട്ടർഫ്ളൈ പാർക്കിലെത്തി . കാർ പാർക്കിങ്ങ് കുറച്ചുദൂരത്താണെന്ന് ഫോണിലൂടെ അറിയാൻ കഴിഞ്ഞിരുന്നു. കാറിൽ നിന്നിറങ്ങി കുറച്ചു ദൂരം നടന്നതിന് ശേഷമാണ് ഞങ്ങളവിടെ എത്തിയത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോഴേ പൂമ്പാറ്റകൾ പറന്നു നടക്കുന്നത് കാണാം. ഒരു പുതിയ ലോകത്തെത്തിയ പോലെയായിരുന്നു മോൾ.

ശ്രീ. സമ്മിലൻ ഷെട്ടി ഞങ്ങളുടെ അടുത്തെത്തി പരിചയപ്പെടുത്തി. മുറ്റത്തവിടവിടെയായി ഇട്ട പഴങ്ങളുടെ പുറത്ത് പൂമ്പാറ്റകൾ വന്നിരിക്കുന്നുണ്ടായിരുന്നു. പൂമ്പാറ്റകൾക്കിഷ്ടമുള്ള ചെടികളാണ് അവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ചില പൂക്കൾ പൂമ്പാറ്റകളെ ധാരാളമായി ആകർഷിക്കും. മുറ്റത്തിരിക്കുന്ന മണ്ണിന്റെ നിറമുള്ള ഒരു പൂമ്പാറ്റയെ കണ്ട് ഞാനടുത്ത് ചെന്നപ്പോഴേക്കും അത് പറന്നു പോയി.

കൂടുതൽ പൂമ്പാറ്റകളുള്ള സ്ഥലത്തേക്ക് നമുക്കിനി പോകാമെന്ന് പറഞ്ഞ്, ശ്രീ. ഷെട്ടി മുന്നിൽ നടന്നു തുടങ്ങി. ബട്ടർഫ്ളൈ പാർക്ക് കാണാൻ ചെറിയ കുഞ്ഞുങ്ങളടക്കമുള്ള ഒരു കുടുംബവും വന്നിട്ടുണ്ടായിരുന്നു. അവരും ഞങ്ങളോടൊപ്പം ചേർന്നു. ഇരുവശത്തുമുള്ള ചെടികൾക്കിടയിലൂടെ നടന്ന് ചെന്ന് കയറിയത് മനോഹരമായ ഒരു പൂന്തോട്ടത്തിലാണ്. തുറസ്സായ സ്ഥലത്ത് പലപല നിറത്തിലുള്ള പൂമ്പാറ്റകൾ പറക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു. ചെടിയുടെ മുകളിൽ പൂമ്പാറ്റയുടെ മുട്ടകളും, പ്യൂപ്പകളെയും നമുക്കവിടെ കാണാൻ സാധിക്കും. ഓരോ സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട പൂമ്പാറ്റകളെ കുറിച്ചും, അവരുടെ തീറ്റയെ കുറിച്ചും ശ്രീ.ഷെട്ടി നമുക്ക് നന്നായി വിശദീകരിച്ചു തരുന്നത് കേൾക്കാൻ നല്ല രസമായി തോന്നി. നല്ല ശുദ്ധവായു ആവശ്യമാണ് പൂമ്പാറ്റകൾക്ക്. പതിവ് പോലെതന്നെ ഇഷ്ടം പോലെ ഫോട്ടോകളെടുത്തു ഞങ്ങൾ.

പൂമ്പാറ്റകളെ കണ്ടതിന് ശേഷം ശ്രീ ഷെട്ടി ഞങ്ങളെ കൊണ്ട് പോയത് വീടിന് മുൻവശത്തുള്ള വിശ്രമ സ്ഥലത്തേക്കാണ്. ആളുകൾക്ക് വിശ്രമിക്കാൻ ബഞ്ചുകൾ നിരത്തിയിട്ടിരുന്നു. അവിടെയുള്ള സ്ക്രീനിൽ പലതരത്തിലുള്ള പൂമ്പാറ്റകളെ കുറിച്ചുള്ള ഒരു ഷോ കാണാൻ സാധിക്കും. വിദ്യാർത്ഥികളടക്കം, പൂമ്പാറ്റകളെ കുറിച്ച് പഠിക്കാനും അവരുടെ ജീവിതക്രമങ്ങളടുത്തറിഞ്ഞ് കാമറയിൽ പകർത്താനും ധാരാളം ഗവേഷണ വിദ്യാർത്ഥികളും, അതുപോലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്സും സന്ദർശിക്കാറുണ്ടെന്ന് ശ്രീ ഷെട്ടി പറഞ്ഞു. ലോക്കൽ ബട്ടർഫ്ളൈസിനെക്കുറിച്ച് പഠിക്കാൻ സുവോളജി ടീച്ചർ തന്ന ഒരു പ്രൊജക്ടിൽ നിന്നുമാണത്രെ ശ്രീ.ഷെട്ടി പൂമ്പാറ്റകളെ കുറിച്ചടുത്തറിയാനും ആ അറിവ് പൂമ്പാറ്റകളെ കൂട്ടുകാരായി കൂടെകൂട്ടാനും കാരണമായത്. ആ ഇഷ്ടം പൂമ്പാറ്റകൾക്ക് സ്വൈരവിഹാരകേന്ദ്രമായി മാറി.

പതിനാല് ദിവസം മുതൽ ഒരുമാസത്തിൽ താഴെ മാത്രം ആയുസ്സുള്ള പൂമ്പാറ്റകളെ ഇത്രമേൽ സ്നേഹിക്കുന്ന ശ്രീ. സമ്മിലൻ ഷെട്ടിയോട് യാത്ര പറഞ്ഞ്, നിറഞ്ഞ മനസ്സോടെ ഞങ്ങളവിടെ നിന്നുമിറങ്ങി. പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കുന്ന ഇതുപോലുള്ളവർ ഇനിയുമുണ്ടാവട്ടെ…..

ഉഷ സുധാകരൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments