ഒരു ശരാശരി ഇന്ത്യക്കാരന്‍ ദിവസം എട്ട് ഗ്രാമോളം ഉപ്പ് കഴിക്കാറുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സര്‍വേയുടെ ഫലം. മുതിര്‍ന്ന ഒരാള്‍ക്ക് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രതിദിന ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമാണ്.
ഇന്ത്യയിലെ പുരുഷന്മാര്‍ ശരാശരി 8.9 ഗ്രാം ഉപ്പ് പ്രതിദിനം കഴിക്കുമ്പോള്‍ സ്ത്രീകള്‍ 7.1 ഗ്രാം വച്ച് കഴിക്കാറുണ്ടെന്നും നേച്ചര്‍ പോര്‍ട്ട്‌ഫോളിയോയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.
പുകയില ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ ശരാശരി പ്രതിദിന ഉപ്പ് ഉപയോഗം 8.3 ഗ്രാമാണെന്നും അമിതവണ്ണക്കാരില്‍ ഇത് 9.2 ഗ്രാം വച്ചാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരില്‍ 8.5 ഗ്രാമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഇത് 8.6 ഗ്രാമാണ്. 18നും 69നും ഇടയില്‍ പ്രായമുള്ള 3000 പേരിലാണ് ഗവേഷണം നടത്തിയത്. നഗര, ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഉപ്പ് അധികമുള്ള ഭക്ഷണക്രമം ആഗോള തലത്തില്‍ കുറഞ്ഞത് 30 ലക്ഷം ഹൃദ്രോഗമരണങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ മാത്രം 28.1 % മരണങ്ങളും ഹൃദ്രോഗവുമായി ബന്ധപ്പെടുന്നു.
2016ല്‍ രാജ്യത്ത് സംഭവിച്ച 1.63 ദശലക്ഷം മരണങ്ങള്‍ ഹൈപ്പര്‍ടെന്‍ഷനുമായി ബന്ധപ്പെട്ടതാണ്. ഹെപ്പര്‍ടെന്‍ഷനും ഉപ്പിന്റെ ഉപയോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പക്ഷാഘാതം, ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, അകാല മരണം, ഗ്യാസ്ട്രിക് കാന്‍സര്‍ എന്നീ രോഗങ്ങളുടെ സാധ്യതയും ഉയര്‍ന്ന ഉപ്പ് അടങ്ങിയ ഭക്ഷണക്രമം വര്‍ധിപ്പിക്കുന്നു.
ഉപ്പിന്റെ അളവ് പ്രതിദിനം അഞ്ച് ഗ്രാമിലേക്ക് കുറയ്ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത 25 ശതമാനം കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.