വിണ്ണിൽ വിളക്കുമായ് അംബുജം
പൂത്തപോൽ
വന്നുദിച്ചീടുന്ന ദിവ്യമൂർത്തേ,
വെട്ടം പകുത്തന്തിയോളം തരുന്ന നീ
വെല്ലണം തേജസ്സോടെന്നുമെന്നും..
ചന്ദനം പൂശുന്ന പൊന്നിൻ കിരണങ്ങൾ
ചിത്തം
തെളിഞ്ഞെന്നുമെത്തിടുമ്പോൾ,
ചന്തം തികഞ്ഞൊരു സുപ്രഭാതം
പുത്തൻ
ചിന്തകൾ ഞങ്ങൾക്കു തന്നിടേണം..
പച്ചപ്പു തുന്നുന്ന മേദിനി മെച്ചമാം
പട്ടം കണക്കെ പറന്നിടുമ്പോൾ,
പല്ലക്കിലേറുന്ന തേജസ്സേ പാരിടം
പങ്കിലമാകാതെ നോക്കണം നീ..
മംഗലം ഭൂമിക്കു വന്നു ചേർന്നീടുവാൻ
മന്ത്രമോതീടുന്ന നിൻ്റെ ചുണ്ടിൽ,
മന്ദസ്മിതപ്പൂ വിടർന്നന്തിയോളവും
മന്നിലേക്കേകണം തൂവെളിച്ചം..
സിന്ദൂരസന്ധ്യയ്ക്കു മുത്തം
കൊടുക്കുന്ന
സിന്ധുവിന്നാഴത്തിൽ മുങ്ങുവാനായ്,
സംഗീതസാന്ദ്രമായ് വിണ്ണൊരുങ്ങീടുന്നു
സമ്മോദമോടെ നീ നാളെയെത്താൻ…