Monday, December 9, 2024
Homeകഥ/കവിതപറയാൻമറന്ന പരിഭവങ്ങൾ (കവിത) ✍ചന്തിരൂർ സെൽവരാജ്

പറയാൻമറന്ന പരിഭവങ്ങൾ (കവിത) ✍ചന്തിരൂർ സെൽവരാജ്

ചന്തിരൂർ സെൽവരാജ്.

പറയാൻ മറന്നൊരാ പരിഭവങ്ങൾ
എൻ്റെ മനതാരിലോർമ്മയായ്
മൊട്ടിടുമ്പോൾ
മധുമാരിതൂകുമാ നിറമന്ദഹാസം
മതിലേഖപോലേ മനംമയക്കും !

മുജ്ജന്മസുകൃതമോ ഈ
ജന്മപുണ്യമോ
നീയെൻ്റെ ജീവനായ്ച്ചേർന്ന കാലം
ലാളിച്ചിടുന്നെൻ്റെ നെഞ്ചോടു
ചേർത്തു ഞാൻ
പ്രാണൻ്റെ പ്രാണനാം ലാവണ്യമേ !

ചാരുശീലേ നീയെൻ
ചാരേയണയുമ്പോൾ
ചാമരംവീശി ഞാൻ കുളിരേകിടും
ശോണിമയോലുമഴ –
കാർന്നധരങ്ങൾ
ചുംബനപ്പൂക്കളാൽ വർണ്ണമാക്കും !

ബാലാർക്കരശ്മികൾ
ഒളികണ്ണെറിയുമ്പോൾ
നിന്നേക്കണികണ്ടുണരേണമെന്നും
തുളസിക്കതിർചൂടി
മന്ദസ്മിതമോടെ നിൽക്കുന്ന
നിന്നേ വാരിപ്പുണരണം !

നമ്മളിൽപ്പുനർജ്ജന്മ-
മുണ്ടെങ്കിലന്നും
എൻപാതി നീ മാത്രമായിടേണം
ആയിരം ജന്മങ്ങളൊന്നിച്ചു
വാണാലും
തീരില്ലൊരിക്കലുമെന്നാശകൾ !

നീയില്ലയെങ്കിലോ ഞാനില്ലപ്രിയതേ
നീയല്ലാതൊന്നുമേ എന്നിലില്ല
എന്നനുരാഗത്തിൻ തന്ത്രികൾ
മീട്ടുവാൻ
നിൻവിരൽത്തുമ്പുകൾ
മാത്രംമതി !

ചേർന്നുരമിക്കണം
ചേർന്നുലയിക്കണം
ചേർത്തുപിടിക്കേണമെന്നുമെന്നും
ചേതന വിട്ടകലുന്നൊരാ നേരത്തും
ഒന്നിച്ചുതന്നേ മറഞ്ഞിടേണം !

അക്ഷരങ്ങളെ പ്രണയിക്കുന്നവൻ..🌹

ചന്തിരൂർ സെൽവരാജ്..✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments