മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
പ്രിയരേ ഒരു മനുഷ്യായുസ്സിൽ പലരും രോഗവസ്ഥയിലാണ് ജീവിക്കുന്നത്. ഈ രോഗവസ്‌ഥയ്ക്ക് കാരണം പറയുന്നത് ശാപമാണെന്നാണ്, പൂർവികർ ചെയ്ത പാപത്തിന്റെ ഫലമാണ് തലമുറകൾ അനുഭവിക്കുന്നതെന്നും പറയും.
സങ്കീർത്തനങ്ങൾ 103-8
“യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു. ദീർഘക്ഷമയും
മഹാദയയുമുള്ളവൻ തന്നെ ”
മനുഷ്യനെ ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കുമ്പോൾ മനുഷ്യൻ ആരോഗ്യത്തോടെ ഇരിക്കണമെന്നും, അവന്റെ ജോലികൾ സുഖമായി ചെയ്യണമെന്നും ആഗ്രഹിച്ചു. എന്നാൽ മനുഷ്യൻ ദൈവീകസാന്നിധ്യത്തിൽ നിന്നകന്നു പാപത്തിനതീതരായപ്പോൾ മനുഷ്യന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ വന്നു തുടങ്ങി. ആ അനാരോഗ്യം ദൈവത്തിൽ നിന്നകന്നത് കൊണ്ട് ശിക്ഷയായി ദൈവം തന്നതാണെന്ന് മനുഷ്യൻ വിശ്വസിച്ചു.
യോഹന്നാൻ 15-7,8
“നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ. അത് നിങ്ങൾക്ക് കിട്ടും നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവ് മഹത്വപ്പെടുത്തുന്നു.”
എന്നാൽ ആരുമൊരുനാളും കണ്ടിട്ടില്ലാത്ത ദൈവത്തെ വെളിപ്പെടുത്തുവാൻ വന്ന ദൈവത്തിന്റെ മടിയിലിരുന്ന ഏക ജാതനായ യേശു രോഗികളെ സൗഖ്യമാക്കി. യേശു മാത്യക കാണിച്ചു കൊടുത്തത് ദൈവം മനുഷ്യനെ രോഗങ്ങളിൽ പരീക്ഷിക്കുന്നവനല്ലെന്നാണ്.
അപ്പോ പ്രവ്യത്തി 18–10
“ഞാൻ നിന്നോട് കൂടെയുണ്ട് ആരും നിന്നെ കൈയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല”
ബൈബിളിലെഴുതിയിരിക്കുന്ന വാഗ്ദത്തങ്ങൾക്കൊന്നിനും മാറ്റമില്ല. ഉദാഹരണം പോലെ ഒരു പശുവിനെ നല്ല പുല്ലുള്ള സ്ഥലത്തു കൊണ്ടഴിച്ചു വിട്ടാൽ അതിന്റെ ഇഷ്ടം പോലെ മേഞ്ഞു നടന്നു പുല്ല് തിന്നാം, എന്നാൽ പശുവിനെ കയറുപയോഗിച്ച് മരത്തിൽ കെട്ടിയിട്ടാൽ ആ കയർ അനുവദിക്കുന്ന ചുറ്റളവിൽ മാത്രമേ പുല്ല്തിന്നാൻ സാധിക്കുകയുള്ളു.
ഈ വ്യത്യാസത്തെയാണ് ബന്ധനമെന്നു പറയുന്നത്. നമ്മുടെ ജീവിതത്തിൽ ദൈവം ഒരിക്കിയിരിക്കുന്ന നന്മകൾ മുഴുവൻ അനുഭവിക്കാൻ കഴിയാതെ വരുന്ന അവസ്ഥ.
ലൂക്കോസ് 13–12
“യേശു അവളെക്കണ്ടു അടുക്കെ വിളിച്ചു സ്ത്രീയേ നിന്റെ രോഗ ബന്ധനം അഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു അവളുടെ മേൽ കൈ വെച്ചു ”
പതിനെട്ടു വർഷമായി രോഗാത്മാവ് ബാധിച്ചയൊരു കൂനിയായ സ്ത്രീയെ അടുത്തുവിളിച്ചു സ്ത്രീയേ നിന്റെ രോഗ ബന്ധനം അഴിഞ്ഞു മാറിയിരിക്കുന്നുവെന്ന് പറഞ്ഞു തലയിൽ കൈവെച്ചപ്പോൾ തന്നെ സ്ത്രീ നിവർന്നു
നിന്നു. കൂനിയായ സ്ത്രീയെ ബാധിച്ച രോഗ ബന്ധനമാണ് യേശു വിടുതൽ കൊടുത്തത്. കൂന് നിമിത്തം സ്ത്രീയ്ക്ക് അവരുടെ ദിനംതോറുമുള്ള ജീവിതത്തിൽ പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയുന്നില്ലായിരുന്നു.ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് പിശാചാണ്. അത് തിരിച്ചറിഞ്ഞു വചനമെന്ന ഇരുവായ്ത്തല വാളുപയോഗിച്ചാൽ വിജയം നിച്ഛയമാണ്.
സഹോദരങ്ങളെ യേശുവിൽ വിശ്വസിക്കുന്ന ഒരാളുപോലും ലജ്ജിയ്ക്കാൻ അനുവദിക്കുന്നില്ല. ഒന്നുമാത്രം ചെയ്താൽ മതി യേശുവിനെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ മതി. യേശു നിങ്ങളെ സ്വതന്ത്രരാക്കും. കർത്താവ് ധാരാളമായി
അനുഗ്രഹിക്കട്ടെ.