Sunday, May 12, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: മനോന്മണീയം പി. സുന്ദരൻ പിള്ള ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: മനോന്മണീയം പി. സുന്ദരൻ പിള്ള ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

ചരിത്ര പണ്ഡിതനും, തത്വചിന്തകനും, നാടകകൃത്തുമായ മനോന്മണീയം പി സുന്ദര പിള്ളയുടെ ഓർമ്മകളാണ് ഇന്ന് പങ്കുവയ്ക്കുന്നത്.

തമിഴ്‌ ഭാഷയിലെ പ്രശസ്ത കാവ്യനാടകമാണ്‌ മനോന്‍മണീയം.
അതിലെ അവതരണഗാനമാണു തമിഴ്‌ നാട്ടിലെ ദേശീയ ഗാനം. അത് എഴുതിയ പ്രൊഫ. പി സുന്ദരം പിള്ള “മനോന്‍മണീയം സുന്ദരന്‍പിള്ള” എന്നും തമിഴ്നാട്ടിൽ തമിഴ് ഷേക്സ്പീയർ എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. അർജുനൻ പിള്ള പെരുമാൾ പിള്ളയുടേയും മാടത്തിയമ്മാളിൻ്റെയും മകനായ് ആലപ്പുഴയിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം. തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദങ്ങൾ നേടി.

വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ജ്ഞാനപ്രജാഗരം എന്ന സമിതിയിൽ സജീവമായിരുന്നു. തിരുവിതാംകൂറില്‍ നിന്നും ആദ്യമായി എം.എ ബിരുദംനേടിയ ആളായിരുന്നതിനാല്‍ അദ്ദേഹം എം.എ.സുന്ദരന്‍ പിള്ള എന്ന് അറിയപ്പെട്ടിരുന്നു. തമിഴ് നാട്ടില്‍ “തമിഴ് ഷേക്സ്പീയ്ര്‍” എന്നും അറിയപ്പെട്ടിരുന്നു.. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്താൻ തിരുനെൽവേലിയിലെ തമിഴ് യൂണിവേർസിറ്റിക്ക് ജയലളിത സർക്കാർ മനോൻമണീയം സുന്ദരനാർ(എം.എസ്‌ യൂണിവേർസിറ്റി) എന്നു പേരിട്ടു.

തിരുനെല്‍വേലിയിലെ വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ മഹത്തായ ഒരു കാലഘട്ടമായിരുന്നു. 22 വയസ്സുള്ളപ്പോള്‍ ശിവകാമി അമ്മാളെവിവാഹം കഴിച്ചു . തിരുനെല്‍ വേലി ഹിന്ദു കോളേജില്‍ കുറെ നാള്‍ അദ്ധ്യാപകന്‍ ആയി. പിന്നീട് പ്രിന്‍സിപ്പല്‍ ആയും ജോലി നോക്കി .അക്കാലത്ത് കൊടകനല്ലൂര്‍ സുന്ദരസ്വാമികളെ പരിചയപ്പെടുകയും ശിഷ്യത്വം സ്വീകരിക്കുകയുംചെയ്തു. വേദാന്തത്തിന്റെയും ശൈവ സിദ്ധാന്തത്തിന്റെയും അഗാധതകളിലേക്ക് ആഴ്ന്നിറങ്ങാന്‍ ഈ ബന്ധം അദ്ദേഹത്തെ പ്രാപ്തനാക്കി. സുന്ദരസ്വാമികളുടെ നിജാനന്ദവിലാസം അദ്ദേഹമാണു ആദ്യമായി പ്രസിദ്ധീകരിച്ചതു്.

ചരിത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം ഇക്കാലത്ത് രചിച്ചു. ഒരു “മാതാവിന്റെ രോദനം” എന്നൊരു വിലാപകാവ്യവും രചിച്ചു. സംഘകാല കൃതിയായ “പത്തുപ്പാട്ട് “ വിശദമായി അവലോകനം ചെയ്ത് പ്രബന്ധം രചിച്ചു .തിരുഞാന സംബന്ധര്‍ എന്ന സിദ്ധന്റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി. തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാരെ കുറിച്ചു പ്രബന്ധം രചിച്ചു ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സോസ്സൈറ്റിയില്‍ അംഗത്വം നേടി.1888 –ല്‍ വര്‍ക്കല തുരങ്കം നിര്‍മ്മിയ്ക്കുമ്പോള്‍ കിട്ടിയ രണ്ടു ശിലാറിഖകളെ ആസ്പദമാക്കിയ പ്രബന്ധം . ഈ പ്രബന്ധം രചിച്ചതിനു വിക്ടോറിയാ മഹാരാജ്ഞി പതിനായിരം രൂപയും ഒരു ഗൌണും സര്ട്ടിഫിക്കെറ്റും നൽകി ആദരിച്ചു. തുടര്‍ന്നു രചിക്കപ്പെട്ട നൂറ്റൊകൈ വിളക്കം എന്ന തമിഴ് കൃതി യുടെ രചനയിലുടെ 1894- ല്‍ അദ്ദേഹത്തിനു റാവു ബഹദൂര്‍ സ്ഥാനം ലഭിച്ചു .

പുരാതന തിരുവിതാംകൂർ ചരിത്ര വിഷയമായി തയ്യാറാക്കിയ പ്രബന്ധത്തിനു പാരിതോഷികമായിശ്രീമൂലം തിരുനാൾ മഹാരാജാവ് മരുതുംമൂലയിൽ നൂറേക്കർ സ്ഥലം അനുവദിച്ചു. അതിന് തന്റെ അധ്യാപകനായിരുന്ന ഹാർവിയുടെ സ്മരണ നിലനിർത്താൻ അദ്ദേഹം ‘ഹാർവിപുരം’ എന്ന് പേരിട്ടു .അതിൽ ‘ഹാർവിപുരം ബംഗ്ലാവ്’ എന്ന പേരിൽ മനോഹരമായ ബംഗ്ലാവും പണിയിച്ചു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, തൈക്കാട്ട് അയ്യാ സ്വാമികൾ, സ്വാമി വിവേകാനന്ദൻ തുടങ്ങി നിരവധി ചരിത്ര പുരുഷന്മാർ ഈ ഭവനം സന്ദർശിക്കുയും താമസിക്കുകയുംചെയ്തിട്ടുണ്ട്.

കേരളത്തിലെ ബ്രാഹ്മണര്‍ ഉത്തര ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും ഇവിടുത്തെ ഭൂമിയുടെ അവകാശികള്‍ അവര്‍ ആയിരുന്നില്ല എന്നും കണ്ടെത്തിയത് കര്‍ഷക കുടുംബത്തില്‍ പിറന്ന സുന്ദരന്‍പിള്ളയായിരുന്നു. കദംബ രാജാവിയായിരുന്ന മയൂരശര്‍മ്മന്റെ കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ കണ്ടു പിടിച്ചത് തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി കൂടി ആയിരുന്ന സുന്ദരന്‍പിള്ള എന്നത് ചരിത്ര സത്യം. കേരള നവോത്ഥാന ശില്‍പികളില്‍ പലരെയും രൂപപ്പെടുത്തിയതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

1894- ൽ അദ്ദേഹത്തിനു റാവു ബഹദൂർ സ്ഥാനം ലഭിച്ചു. മദിരാശി സർവ്വകലാശാല ഫെലോഷിപ്പ് നൽകി പിള്ളയെ ആദരിച്ചു. സ്‌റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന നടരാജ പെരുമാൾ പിള്ള എന്ന പി..എസ്. നടരാജപിള്ള ഏക മകൻ ആയിരുന്നു. 1897,ഏപ്രിൽ 26 ന് നാൽപ്പത്തിരണ്ടാം വയസ്സിൽ പ്രമേഹം മൂലം അന്തരിച്ചു. ചരിത്രത്താളുകളിൽ ഇടം നേടിയ മഹാപ്രതിഭയ്ക്ക് ഓർമ്മ ദിനത്തിൽ
പ്രണാമം അർപ്പിക്കുന്നു….🙏

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments