പത്തനംതിട്ട —ശബരിമല സന്നിധാനത്ത് അയ്യപ്പന് കാണിക്കയായി ഭക്തിഗാനങ്ങൾ അവതരിപ്പിച്ച് ചെന്നൈ മലയാളിയായ രാം സുരേന്ദറും സംഘവും. ഏഴു സ്വരങ്ങൾ എന്ന തന്റെ സംഗീത ട്രൂപ്പിലെ അംഗങ്ങളുമായാണ് അദ്ദേഹം സന്നിധാനത്തെത്തിയത്.
അയ്യപ്പഭക്തരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് അദ്ദേഹം നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ ഭക്തിഗാനമേള അവതരിപ്പിച്ചത്. സംഗീതമാസ്വദിക്കാനായി വേദിക്ക് മുമ്പിൽ അണിനിരന്ന ഭക്തരോട് സംവദിച്ചും അവർക്ക് ഇഷ്ടമുള്ള ഗാനങ്ങൾ ചോദിച്ചറിഞ്ഞ് അവ പാടുകയും ചെയ്തു.
തങ്ങളുടെ ഇഷ്ടഗാനങ്ങൾ ഓരോന്ന് അയ്യപ്പ സന്നിധിയിൽ നിന്നു തന്നെ കേൾക്കാൻ കഴിഞ്ഞതോടെ ഭക്തർക്ക് അത് വേറിട്ടൊരു അനുഭൂതി സമ്മാനിച്ചു. കൈകൾ കൊട്ടിയും ഏറ്റുപാടിയും അവർ ഭക്തിഗാനമേളയിൽ അലിഞ്ഞുചേർന്നു. പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്ത് പ്രവർത്തിച്ചു വരുന്ന താൻ ആദ്യമായാണ് സന്നിധാനത്ത് എത്തി പരിപാടി അവതരിപ്പിക്കുന്നതെന്നും അവസരം ലഭിച്ചാൽ ഇനിയും അയ്യപ്പന് സംഗീതം കാണിക്കയായി അർപ്പിക്കാൻ എത്തുമെന്നും രാം സുരേന്ദർ പറഞ്ഞു.