കൊൽക്കത്ത: കോൺഗ്രസുമായുള്ള സഖ്യത്തിനുള്ള എല്ലാ സാധ്യതയും അടച്ച് പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പിനിടയിലും തൃണമൂലുമായി സഖ്യത്തിനുള്ള ഹൈക്കമാന്‍ഡ് നീക്കം ഫലംകണ്ടില്ല. ബിജെപിയെ തൃപ്‌തിപ്പെടുത്താനുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ അജൻഡയാണ് നടപ്പായതെന്ന് മറ്റ് പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. നിലവിൽ തൃണമൂലിന് 24 ലോക്‌സഭാംഗങ്ങളാണ് ബംഗാളിൽനിന്നുള്ളത്. ഏഴ് എംപിമാർക്ക് സീറ്റില്ല. 24 പുതുമുഖങ്ങൾ. ബിജെപിയിൽനിന്ന് കൂറുമാറിയെത്തിയ നാലുപേരടക്കം 11 എംഎൽഎമാർ സ്ഥാനാർഥി പട്ടികയിലുണ്ട്.
മുൻ ക്രിക്കറ്റ് താരങ്ങളായ യൂസഫ് പഠാൻ ബഹരാംമ്പൂരിലും കീർത്തി ആസാദ് ബർദ്വമാൻ ദുർഗാപുരിലും മത്സരിക്കും. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരിയോടാണ് പഠാൻ ഏറ്റുമുട്ടുക. ലോക്‌സഭയിൽനിന്നും പുറത്താക്കിയ മഹുവ മൊയ്‌ത്ര വീണ്ടും കൃഷ്ണനഗറിൽ മത്സരിക്കും.
ബംഗാളിൽ ബിജെപി എംഎൽഎയും എംപിയും തൃണമൂലിൽ ചേർന്നു. ജാർഗ്രാം എംപി കുമാർ ഹേംബ്രാം, റാണഘട്ട് ദക്ഷിൺ എംഎൽഎ മുകുത് മാനി എന്നിവരാണ് കൂറുമാറിയത്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അലിപുർധാർ എംപി ജോൺ ബാർളയും ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്.