Saturday, May 18, 2024
Homeകഥ/കവിതഇമ്മിണി ബല്യ ദുനിയാവും ഇത്തിരി പോന്ന പാവകളും (ചെറുകഥ) ✍അനുപ രവി ചെറുവട്ടത്ത്

ഇമ്മിണി ബല്യ ദുനിയാവും ഇത്തിരി പോന്ന പാവകളും (ചെറുകഥ) ✍അനുപ രവി ചെറുവട്ടത്ത്

അനുപ രവി ചെറുവട്ടത്ത്

“ഈ ദുനിയാവുമ്മലെ ഓരോ മനിശമ്മാരും ഓരോ ബല്യ കഥകളാണ്.”

“ഇങ്ങള് സാഗിഥ്യോം തൊടങ്ങിയാ ?”

ചായക്കടയിലെ ബെഞ്ചിൽ പത്ര വാർത്തകളിൽ കണ്ണും നട്ടിരുന്ന ബീരാന്റെ പെട്ടെന്നുള്ള വെളിപാടിൽ കുഞ്ഞുണ്ണി സംശയാലുവായി.

“ഞമ്മളിങ്ങനെ ഓരോരുത്തമ്മാരെ കാണുമ്പോ നിരീച്ചതാ”

“അതെന്താപ്പിങ്ങനെ നിരീക്കാനും കണ്ട്?”

“ന്റെ കുഞ്ചുണ്ണിയെ.. നിരീക്കാണ്ടിരിക്കാനൊക്വോ ഓരോന്ന് കാണുമ്പോ?”

“എന്താന്നങ്ങട് തെളിച്ചു പറയിന്ന്..”

“ഇന്റെ ചോരടെ നേറോം ഞമ്മടെ ചോരടെ നെറോം ഒന്നല്ലേ?”

“ഇങ്ങക്കെന്താന്ന്? അതിപ്പ എല്ലാർടേം ചോരയ്ക്കൊരേ നിറമല്ലേ ”

“പക്കേങ്കില് എല്ലാ മനിശമ്മാരും ഒരേ പോലെ അല്ലെന്റെ കുഞ്ഞുണ്ണ്യേ..ഓരോരുത്തർക്കും ഓരോ പ്രശിനങ്ങളാ.. അള്ളാന്റെ ഓരോ കളികളെ ”

“അതിപ്പ പറയാനുണ്ടോന്ന്? ഈശ്വരമ്മാര് എല്ലാം നോക്കീം കണ്ടല്ലേ നമ്മളെ ഒക്കെ ഉണ്ടാക്കീത്”

” കുഞ്ഞുണ്ണ്യേ നീ അറിഞ്ഞാ ആ തട്ടുകടക്കാരൻ കണാരൻ രണ്ടീസം മുന്നെ നെഞ്ച് ബേദന വന്ന് മയ്യത്തായിന്.”

“ങേ…. കണാരനോ? കൊറച്ചായി ഓരോ ദീനങ്ങളാർന്നല്ലോ.. ഓന്റെ കെട്ട്യോളല്ലേ കെട്ടിത്തൂങ്ങി ചത്തേ?”

” അതന്നെ കുഞ്ഞുണ്യെ.. കൊല്ലം അഞ്ചാറായിരിക്കിണ്..തള്ളയില്ലാ പിള്ളേരെ ആലോയിക്കുമ്പോ ഖൽബിലൊരു ആന്തലാ .. അപ്പഴാ അവനേം കൊണ്ടോയെ ”

“മൂന്നു പെമ്പിള്ളേരല്ലേ കണാരന്? തള്ള ചത്തേപ്പിന്നെ അതുങ്ങള് ആ തട്ടുകടേന്റെ ചുറ്റിലും പറ്റിലുമാരുന്നല്ലോ കളീം പഠിത്തോമൊക്കെ.”

“മൂത്തോൾക്ക് പതിന്നാലോ മറ്റോ ആയിക്ക്ണ്..ഇളേതുങ്ങള് മൂന്നും നാലും വയസ്സ് ഇളപ്പം… മരിപ്പിന്റന്നു കുടീല് ഞമ്മള് പോയീന്ന്.. അതുങ്ങടെ കരച്ചില് കാണാനാവില്ല. പടച്ചോൻ എന്ത് നിനച്ചോ ആവോ?”

” ബന്ധുക്കളൊന്നും ഇല്ല്യോന്ന്? ”

“കുഞ്ചുണ്ണ്യേ…പണമില്ലാത്തോന് എന്ത് ബന്ധുക്കളും സ്വന്തക്കാരും? ഉള്ളോന്റെ കൂടെ കാണൂ കൂട്ടരും നാട്ടാരും .. കൂടാണ്ട് ഈ കണാരൻ എബടന്നോ ബന്ന് തട്ടുകട തൊടങ്ങീതല്ലേ ”

“ഇനീപ്പോ ആ പെമ്പിള്ളേര്?”

“യത്തീങ്ങളായി….. ഒരേളപ്പൻ ഉണ്ട്. അതുള്ളതും ഇല്ലാത്തതും കണക്കന്നെ.. ഓന് കാശ് കിട്ട്യാ കുടിച്ചു കൂത്താടണം ”

“ന്റെ ബീരാനിക്കാ കേട്ടിട്ട് ബേജാറാവുണ്ന്ന് ”

“പള്ളീ പോയി പറഞ്ഞപ്പോ ഞങ്ങടെ കൂട്ടരല്ലാന്ന്.. ഇനീപ്പോ പള്ളി ഏറ്റെടുക്കാച്ചാലോ ജാതിയായി പൊല്ലാപ്പായി. പെരേ കൊണ്ടോയി നോക്കാച്ചാല് ഇക്ക് അതിനുള്ള പാങ്ങില്ല. സോഹ്‌റ കഞ്ഞീം ചമ്മന്തീം കൊടുത്തേക്കണ്ട് പിള്ളേർക്ക്..”

“ഈശ്വരൻമാർക്ക് കണ്ണിചോരയില്ലേ തോന്നും ഇതൊക്കെ കേക്കേം കാണൂ ചെയ്യമ്പ… ന്നെക്കൊണ്ടും കൂട്ട്യാ കൂടില്ല്യാല്ലോ ദേവ്യേ.. ഉള്ള മക്കളെ നോക്കാന്തന്നെ ഞാനെടക്കണ പാട് അങ്ങേർക്കന്നെ അറിയൂ”

“ഒക്കെ പടച്ചോന്റെ നിച്ചയം ”

“ചേലോൽക്ക് വാര്യങ്ങട് കൊടുക്കും, ചേലോർക്കോ….?”

“മ്മടെ ചിറ്റിലും നോക്ക്യാ പോരെ… ഓരോ മനിശമ്മാരും നെട്ടോട്ടം ഓടല്ലേ… ഒക്കെ മൂപ്പര്ടെ തീരുമാനം. അല്ലാണ്ടെന്ത് പറയാൻ?””

“അല്ലെങ്കി ബീരാനെ ന്റെ അച്ഛൻ എങ്ങനിണ്ടാർന്ന ആളാ… നൂറു പറ കണ്ടോം പോർത്തിക്കാരും എന്താരുന്നു മൂപ്പര്ടെ വെലേം നെലേം? എന്നിട്ടോ…? ഒന്നൂല്ല്യാണ്ടല്ലേ പോയെ.. ”
“ബിധിന്നല്ലാതെ ന്താപ്പ പറയ്യാ?”

“ന്റെ ഉപ്പാന്റെ കാര്യോം പറയാനുണ്ടോ? അനക്കറിയാല്ലോ….. അഞ്ചു നേരോം നിസ്കാരോം പള്ളീപ്പോക്കും നാട്ടാരടെ ഏതു കാരിയത്തിലും മുന്നിലിണ്ടാർന്നില്ലേ? ന്നട്ടോ… കെടന്ന കെടപ്പ് എത്രയാ?? എങ്ങനേലും മയ്യത്തായാ മതീന്നായില്ലേ ….കുഞ്ഞുണ്യെ ഈ ബല്യ ദുനിയാവിൽ ഞമ്മളൊക്കെ ആരാ?”

“ബീരാനെ… നമ്മളൊക്കെ പാവകളാ..ബെറും പാവകള് . കാവിലെ കൂത്തിനു കളിക്കില്ലേ…പാവകള്. ആ പാവകളന്നെ….ആരോ മോള്യിരുന്നു ആട്ടുണ്‌… നമ്മളോ അറിയാണ്ടങ്ങട് ആടണു….അത്രേന്നെ ”

അനുപ രവി ചെറുവട്ടത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments