Wednesday, January 15, 2025
Homeസിനിമ' എൺപതുകളിലെ വസന്തം ' സുമലത ' ✍അവതരണം: ആസിഫ അഫ്രോസ്

‘ എൺപതുകളിലെ വസന്തം ‘ സുമലത ‘ ✍അവതരണം: ആസിഫ അഫ്രോസ്

ആസിഫ അഫ്രോസ്

സുമലത❤️

“പൂമാനമേ… ഒരു രാഗമേഘം താ…” അതെ! ഈ ആഴ്ചയിലെ നമ്മുടെ താരം സുമലതയാണ്.1980 കളിലും 90കളിലും മലയാളസിനിമയുടെ സൗന്ദര്യത്തിന്റെ അളവുകോലും പെൺഭംഗിയുമായിരുന്ന സുമലത..!

1963 ഓഗസ്റ്റ് 27ന് ആന്ധ്രപ്രദേശുകാരായ മദൻമോഹന്റെയും രൂപാമോഹന്റെയും മകളായി ചെന്നൈയിലാണ് സുമലതയുടെ ജനനം.

എസ്. ജഗദീശൻ സംവിധാനം ചെയ്ത ‘തിസെയ് മാറിയ പറവയ്കൾ ‘ എന്ന സിനിമയിലൂടെ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ച സുമലത, ഇതിലെ അഭിനയത്തിന് ബെസ്ററ് ന്യൂ ഫേസ് അവാർഡ് നേടി. തീരെ ചെറിയ പ്രായത്തിൽ തന്നെ ബോൾഡ് വേഷങ്ങൾ വളരെ പക്വതയോടെ അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയായിരുന്നു സുമലത.

തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ അക്കാലത്തെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച സുമലത, ചിരഞ്ജീവിക്കൊപ്പം ശുഭലേഖ,ഖൈദി, അഗ്നികുണ്ഡം തുടങ്ങി നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.

മലയാള സിനിമാലോകത്ത് സംവിധായകൻ ജോഷിയുടെ പ്രിയനായികയായിരുന്നു അവർ. 17സിനിമകൾ അവരൊന്നിച്ചു ചെയ്തു. തന്റെ അഭിനയജീവിതത്തിൽ 200ഓളം സിനിമകളാണ് അവരുടെ ലിസ്റ്റിലുള്ളത്.

മധു, നസീർ, സോമൻ, ബാലചന്ദ്രമേനോൻ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി, ജയറാം തുടങ്ങി പല തലമുറകളിൽപ്പെട്ട നായകന്മാർക്കെല്ലാം ഒരുപോലെ ചേർച്ചയുള്ള നായികയായിരുന്നു സുമലത.

സിനിമയുള്ളിടത്തോളം കാലം പ്രേക്ഷകർ ഓർക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സുമലത, മലയാളത്തിൽ ദിനാരാത്രങ്ങൾ, തൂവാനത്തുമ്പികൾ, ഇസബെല്ല, നിറക്കൂട്ട്, ന്യൂഡൽഹി, പരമ്പര, ഈ തണുത്ത വെളുപ്പാൻകാലത്ത്, താഴ്‌വാരം തുടങ്ങി ഒരുപാട് നല്ല സിനിമകൾ ചെയ്തു.
‘അലകടലിനക്കരെയിൽ മമ്മൂട്ടിയുടെ അമ്മയായും പറമ്പരയിൽ മരുമകളായും അഭിനയിച്ചത് അവരുടെ കരിയറിലെ വേറിട്ട അധ്യായങ്ങളാണ്.

തൂവാനത്തുമ്പികൾ, ഇസബെല്ല, ശ്രുതിലയ എന്നിവയിലെ അഭിനയത്തിന് മികച്ചനടിക്കുള്ള രണ്ട് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും ഒരു ‘Nandi’ അവാർഡും ലഭിച്ചിട്ടുണ്ട്.

കന്നഡയിലെ അംബരീഷ് എന്ന നടനെയാണ് സുമലത വിവാഹം കഴിച്ചത്. ജീവിതത്തിൽ ഒരിക്കലും വിവാഹം കഴിക്കില്ലെന്നു തീരുമാനിച്ചിരുന്ന അംബരീഷ്, മിസ്സ് ആന്ധ്രയായി തിരഞ്ഞെടുക്കപ്പെട്ട സുമലതയുടെ ചാരുതയിലും മുഖശ്രീയിലും ആകൃഷ്ടനായി, 1991ൽ അവരെ വിവാഹം കഴിക്കുകയായിരുന്നു. 27 കൊല്ലത്തെ അസൂയാവഹമായ ദാമ്പത്യം. 2018ൽ അംബരീഷ് കാർഡിയാക് അറസ്റ്റ് മൂലം മരണപ്പെട്ടു. അവർക്ക് ഒരു മകൻ-അഭിഷേക് അംബരീഷ്.

പ്രശസ്തിയുടെയും താരപ്പകിട്ടിന്റെയും ഉയരങ്ങളിൽ നിൽക്കേ, വിവാഹത്തോടെ അഭിനയം നിർത്തിയ സുമലത, നീണ്ട ഇടവേളയ്ക്ക് ശേഷം ‘ആനന്ദം ആനന്ദമായി ‘ എന്ന സിനിമയിൽ തിരിച്ചുവരവ് നടത്തുകയുണ്ടായി. കൂടാതെ അമിതാഭ് ബച്ചന്റെ കൂടെ കാണ്ഡഹാറിലും വേഷമിട്ടു.

തൂവാനത്തുമ്പികളിലെ ക്ലാരയെപ്പോലെ പ്രേക്ഷകനെ മോഹിപ്പിച്ച, ഇപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന, സ്ത്രീകഥാപാത്രം വേറെയുണ്ടാവില്ല. യുവാക്കളുടെ അഭിനയറാണി, ഇപ്പോൾ ഭർത്താവിന്റെ രാഷ്ട്രീയപാരമ്പര്യം പിൻതുടർന്ന്, കർണാടകയിൽ നിന്നുള്ള ലോക്സഭാ അംഗമാണ്.

✍അവതരണം: ആസിഫ അഫ്രോസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments