Saturday, July 27, 2024
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 12) 'പകൽക്കിനാവ്' എന്ന സിനിമയിലെ '"നിദ്ര തൻ നീരാഴി..'...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 12) ‘പകൽക്കിനാവ്’ എന്ന സിനിമയിലെ ‘”നിദ്ര തൻ നീരാഴി..’ എന്ന ഗാനം.

നിർമല അമ്പാട്ട്.

പ്രിമുള്ളവരെ മലയാളിമനസ്സിൻറെ ഈ ഗാനം മറക്കുമോ എന്ന പംക്തിയിലേക്ക് സ്വാഗതം.

ഇന്ന് നമ്മൾ കേൾക്കുന്നത് 1966-ൽ പുറത്തിറങ്ങിയ ‘ പകൽക്കിനാവ് ‘ എന്ന പടത്തിലെ ” നിദ്ര തൻ നീരാഴി “ എന്ന ഗാനമാണ്. പി ഭാസ്കരൻറെ വരികൾക്ക് ബി എ ചിദംബരനാഥ്‌ സംഗീതം നൽകിയ ഈഗാനം ഭിം പ്ലാസി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എസ് ജാനകിയുടെ ശ്രുതിമധുരമായ ശബ്ദത്തിൽ ഗാനം ആസ്വാദകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു.

ശാന്തസുന്ദരമായി ഒഴുകി വരുന്ന തെളിനീരരുവിയുടെ അനു ഭൂതിയുളവാക്കുന്ന പശ്ചാത്തലസംഗീതത്തിലൂടെ ഈ ഗാനം നീന്തിപ്പോവുന്നത് എത്രമാത്രം മധുരമായാണ്..!

നിദ്രയുടെ നീരാഴി പതിയെ നീന്തിക്കടന്നപ്പോളാണ് ആ സ്വപ്നത്തിൻറെ കളിയോടം കിട്ടുന്നത്. ഭാസ്കരൻമാഷ് എത്ര അതിഭാവുകത്തോടെയാണ് ആ കളിയോടം തപ്പിയെടുത്തത് ..! എന്നിട്ടോ? ആ കളിയോടം തുഴഞ്ഞ് മറ്റാരും കാണാത്ത ഒരു കരയിലേക്കാണെത്തുന്നത്. ഒരു സ്വപ്നതീരം.

വെള്ളാരംകല്ലു പെറുക്കി വെണ്ണക്കൽ കൊട്ടാരം കെട്ടുന്നതും ചിന്തുന്ന കണ്ണീര് മാറത്തെ മാലയിൽ ചന്ദ്രകാന്തക്കല്ല് ചാർത്തുന്നതുമായ വർണ്ണനാവൈഭവം വരികളിൽ മാരിവിൽ ചേല് പകരുന്നു.

നമുക്ക് പാട്ടിൻറെ വരികളിലേക്ക് വരാം

നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ
സ്വപ്നത്തിൻ കളിയോടം കിട്ടീ
കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും
കാണാത്ത കരയിൽ ചെന്നെത്തീ
കാണാത്ത കരയിൽ ചെന്നെത്തി
നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ
സ്വപ്നത്തിൻ കളിയോടം കിട്ടീ
വെള്ളാരം കല്ലു പെറുക്കി ഞാനങ്ങൊരു
വെണ്ണക്കൽ കൊട്ടാരം കെട്ടി
ഏഴു നിലയുള്ള വെണ്മാടക്കെട്ടിൽ ഞാൻ
വേഴാമ്പൽ പോലെയിരുന്നൂ
രാജകുമാരനെ കാണാൻ
നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ
സ്വപ്നത്തിൻ കളിയോടം കിട്ടീ
ഏതോ മരച്ചോട്ടിൽ വേണു വായിക്കുമെൻ
രാജകുമാരനെ കാണാൻ
വേഴാമ്പൽ പോലെയിരുന്നു
ചിന്തുന്ന കണ്ണീരെൻ മാറത്തെ മാലയിൽ
ചന്ദ്രകാന്തക്കല്ലു ചാർത്തീ
ചന്ദ്രകാന്തക്കല്ലു ചാർത്തി
നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ
സ്വപ്നത്തിൻ കളിയോടം കിട്ടീ
കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും
കാണാത്ത കരയിൽ ചെന്നെത്തീ
കാണാത്ത കരയിൽ ചെന്നെത്തി

നിദ്രയുടെ നീരാഴിയിൽ മുങ്ങാംകുഴിയിട്ട് കളിക്കുന്ന കുളിരുള്ള വരികൾ. ശ്രുതി താഴ്ത്തി ഒരു പ്രത്യേക രീതിയിലുള്ള ഈ ആലാപനം വാക്കുകൾക്ക്, വരികൾക്ക് ചേരും പടി ചേല് നൽകി. ഇതേ മട്ടിലാണ് ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ എന്ന പട്ടിന്റെയും ആലാപനം. നമുക്ക് പാട്ട് ഒന്ന് കേട്ടു നോക്കാം

ഗാനം കേട്ടില്ലേ?….
നെഞ്ചോരം ചേർന്ന് കിടക്കുന്നില്ലേ ഈ ഗാനം?
മലയാളി മനസ്സിന്റെ ഗാനശേഖരങ്ങളിലേക്ക് നമുക്കീ ഗാനം ചേർത്ത് വെക്കാം.

നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.

സ്നേഹപൂർവ്വം,

നിർമല അമ്പാട്ട്.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments