ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുളള ഒന്നാണ് മല്ലിയില. മല്ലിയില ഉപയോഗിക്കുന്നതിന് മുമ്പ് ഇലകള്‍ നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം മല്ലിയിലയില്‍ മണ്ണിന്റെ കണികകള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഭക്ഷണത്തിലൂടെ ഉള്ളില്‍ കടന്നാല്‍ അത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്താം. അതിനാല്‍ നന്നായി കഴുകിയ ശേഷം മാത്രമേ മല്ലിയില ഉപയോഗിക്കാവൂ.
മല്ലി വിത്തില്‍ ധാരാളം ഫൈറ്റോ ന്യൂട്രിയന്റുകള്‍ കാണപ്പെടുന്നു. നാരുകളുടെ പ്രധാന ഉറവിടം കൂടിയാണിത്. കൂടാതെ, മാംഗനീസ്, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവയും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പ്രോട്ടീന്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, കരോട്ടിന്‍ എന്നിവയും ഇതില്‍ വളരെ ചെറിയ അളവില്‍ കാണപ്പെടുന്നുണ്ട്. ഇവയൊക്കെ ആരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ദഹനവ്യവസ്ഥയ്ക്കും ഇത് ഗുണം ചെയ്യും. കരളിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
പ്രമേഹരോഗികള്‍ക്കും മല്ലിയില ഏറെ ഗുണകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് പ്രവര്‍ത്തിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ അല്‍ഷിമേഴ്‌സ് രോഗം തടയാന്‍ ഗുണം ചെയ്യും. മല്ലിയിലയില്‍ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ കാണപ്പെടുന്നു. അതിനാല്‍ സന്ധിവേദന മാറാനും വളരെ ഉപയോഗപ്രദമാണ്.
വായ്പ്പുണ്ണ് മാറുന്നതിനും മല്ലിയില ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക് ഗുണങ്ങള്‍ വായിലെ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. നാഡീവ്യൂഹത്തെ സജീവമാക്കുന്നതിനും മല്ലിയില ഏറെ ഗുണം ചെയ്യും. മുഖക്കുരു, കറുത്ത പാടുകള്‍, വരണ്ട ചര്‍മ്മം തുടങ്ങിയ ചര്‍മ്മ സംബന്ധമായ പല രോഗങ്ങള്‍ മാറാന്‍ ഇത് ഗുണം ചെയ്യും.