Saturday, November 16, 2024
Homeഅമേരിക്കക്രിയേറ്റിവിറ്റി ഒരു ആനകേറാമലയോ? കതിരും പതിരും: (32) ✍ ജസിയഷാജഹാൻ

ക്രിയേറ്റിവിറ്റി ഒരു ആനകേറാമലയോ? കതിരും പതിരും: (32) ✍ ജസിയഷാജഹാൻ

എന്താണ്? ഈ ക്രിയേറ്റിവിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്? ക്രിയേറ്റിവിറ്റി വിലയേറിയതും നൂതനങ്ങളുമായ ആശയങ്ങളാണ്. അതിലൂടെ സഞ്ചരിക്കുന്ന കണ്ടുപിടിത്തങ്ങളാണ്. നിർമ്മാണങ്ങളാണ് . അതിലേറെ സാദ്ധ്യതകളാണ്. ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞ് വന്ന ആശയങ്ങളെ ആകാശത്തോളം പറത്തി വിടാൻ പോന്ന സാമർത്ഥ്യമാണ്.

അതിന് പല സ്റ്റേജുകളിലൂടെ കടന്നുപോയി ആത്മാർത്ഥമായി വിശ്വാസമർപ്പിച്ചുകൊണ്ടുള്ള സമർപ്പണം വേണം. എല്ലാവരിലും ഈ ക്രിയേറ്റിവിറ്റി ഉണ്ടാകണമെന്നില്ല. അഥവാ ഉള്ളവർ തിരിച്ചറിയണമെന്നുമില്ല . അറിഞ്ഞാലും ! മിനക്കെടാനും അതിനെ പോഷിപ്പിക്കാനും, ആവോളം ആസ്വദിച്ച് പ്രാവർത്തികമാക്കാനും തുനിഞ്ഞിറങ്ങണമെന്നുമില്ല.അതുകൊണ്ട് തന്നെ അതൊരു ടെൻ്റൻസിയാണ്. ഉന്മേഷദായകവും ഉത്തേജകവുമായ അവസ്ഥയാണ്.

ജയ് വിളികളെ സ്വായത്തമാക്കാനും പുതിയ പുതിയ പരീക്ഷണങ്ങളിലൂടെ ഇതേവരെയുള്ളതിൽ നിന്ന് ഒരു പടി മുന്നിൽ നിൽക്കാനും അതുവഴി സമൂഹത്തിൽ ഒരു പുത്തൻ ഊർജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം മറ്റുള്ളവർക്ക് കൂടി “എനിക്കെന്തുകൊണ്ട് ആയിക്കൂടാ”.. എന്നിലെന്തുണ്ട്? എന്ന് ചിന്തിക്കാനും ഇത്തരക്കാർ പ്രയോജനം ചെയ്യുന്നു.

നമ്മുടെയൊക്കെ നിത്യജീവിതത്തിൽ ഈ ക്രിയേറ്റിവിറ്റിക്കുള്ള സ്ഥാനം എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് നാം ഒരു നിമിഷം ഒന്നു ചിന്തിച്ചു നോക്കൂ…
നിറക്കൂട്ട്കൾ കൊണ്ട് നാം നമ്മെ അല്ലെങ്കിൽ നമ്മുടെ ആശയങ്ങളെ വരക്കു
കയും മായ്ക്കുകയും വീണ്ടും വീണ്ടും പലപല ചായങ്ങൾ ചാലിച്ച് ഏറ്റവും നന്നായി
പുതിയ ഷേഡുകൾ നൽകി അവസാനം സംതൃപ്തിയുടെ ഒറ്റ ബിന്ദുവിൽ ചേർത്ത് വച്ച് ആസ്വാദനത്തിന്റെ തലങ്ങളെ മറികടന്ന് അങ്ങനെ പറക്കുന്നു…ഹാ..എത്ര വിസ്മയം ? അല്ലേ .. പിന്നീട് അതു പ്രദർശിപ്പിച്ചു കൈയ്യടികൾ ഏറ്റു വാങ്ങുന്നു. ഏറെ ആവേശവും, ഉത്സാഹവും ആനന്ദവും ക്രിയാത്മകമായ ചിന്തകളും കൊണ്ട് നമ്മുടെ ദിനങ്ങൾ ഘടികാര സൂചികളെ മറന്നങ്ങനെ ഒഴുകുന്നു.

അവരവരുടെ അഭിരുചികൾക്കും താല്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും ചോയ്സ്നും അനുസരിച്ച് എന്തെല്ലാം തരം ക്രിയേറ്റിവിറ്റികൾ ഉണ്ട്! ഒന്ന് സ്വയം തിരിച്ചറിഞ്ഞ് തിരഞ്ഞെടുക്കുകയേ വേണ്ടൂ.. അത് ഏതു പ്രൊഫഷനിലും ആകാം..ക ലകളിലാകാം, സാഹിത്യത്തിലാകാം, പാചകത്തിലാകാം, ഗെയിംസിലാകാം… പ്ലാൻ്റേഷനിലാകാം… ഏതിലും ഒരു പുത്തൻ തരംഗം,മെത്തേഡ്, ഐഡിയാസ് ഒക്കെ വേണം അതൊന്നു ക്ലിക്ക് ആകാൻ. അത്രയേ വേണ്ടൂ.

ക്രിയേറ്റിവിറ്റികളിലൂടെയാണ് ഈ ഭൂമുഖത്ത് ഓരോ പുത്തൻ ചലനങ്ങളും ഉണ്ടായിട്ടുള്ളത്. നമ്മുടെ കണ്ടുപിടിത്തങ്ങൾക്കും, നേട്ടങ്ങൾക്കും കാലയാത്രയുടെ പുത്തൻ പാതകൾക്കും ഒക്കെ പിന്നിൽ പലരുടെയും ക്രിയേറ്റിവിറ്റിയുടെ തപസ്യയാണ്.

ഇതിനൊക്കെ പുറമെ പ്രായത്തെ വെല്ലാനും, മാനസികാരോഗ്യം, ചിന്താശേഷി, മെമ്മറി പവർ, ഹൃദയാരോഗ്യം തുടങ്ങിയവ സംരക്ഷിക്കാനും സദാ ഊർജ്ജസ്വലരായിരിക്കാനും മനുഷ്യർക്ക് എന്തെങ്കിലും തരത്തിലുള്ള ക്രിയേറ്റിവിറ്റികൾ ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സ്ത്രീപുരുഷ ഭേദമന്യേ കൂടിയേതീരൂ… ഇതൊരു ഓർമ്മപ്പെടുത്തലാണ്. വീണ്ടും മറ്റൊരു വിഷയവുമായി നമുക്ക് അടുത്തയാഴ്ച കാണാം..നന്ദി.

ജസിയ ഷാജഹാൻ.

RELATED ARTICLES

Most Popular

Recent Comments