Saturday, April 20, 2024
Homeഅമേരിക്ക🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)


അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയുടെ ചിത്രീകരണം എറണാകുളത്തും തൃശൂരുമായി ആരംഭിച്ചു. ഡാര്‍ക്ക് ഹ്യൂമര്‍ ആണ് സിനിമയുടെ സ്വഭാവം. ചാന്ദ്‌നീ ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ്. തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈജു ഖാലിദാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു. വരികള്‍ മു.രി. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലി. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ.ആര്‍. അന്‍സാര്‍. എ ആന്‍ എ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസിനെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് പ്രഭാസ് നായകനാകുന്ന ‘കല്‍ക്കി 2989 എഡി’. നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം 600 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് കല്‍ക്കി. ഈ സിനിമയെ കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. സിനിമയെ കുറിച്ച് സംസാരിക്കവെ തെലുങ്ക് നടനായ അഭിനവ് ഗോമതം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. കല്‍ക്കിക്ക് 9 ഭാഗങ്ങള്‍ ഉണ്ടാകും എന്നാണ് അഭിനവ് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. എന്നാല്‍ കല്‍ക്കിക്ക് 9 ഭാഗങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. എപിക് സയന്‍സ് ഫിക്ഷന്‍ ഡിസ്‌ടോപ്പിയന്‍ എന്ന ജോണറിലാണ് കല്‍ക്കി ഒരുക്കുന്നത്. കല്‍ക്കി 2898 എഡിയുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വനി ദത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം മെയ് 9ന് ആണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 1ന് സിനിമയുടെ ട്രെയ്‌ലര്‍ എത്തുമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ പ്രഖ്യാപിച്ചിരുന്നു.

ഭ്രമയുഗം’ അടക്കമുള്ള മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങള്‍ തിയേറ്ററില്‍ ഗംഭീരമായി ഓടിക്കൊണ്ടിരിക്കവെ ട്രെന്‍ഡ് മാറ്റിപ്പിടിച്ച് മമ്മൂട്ടി. പരീക്ഷണ ചിത്രങ്ങള്‍ മാറ്റിവച്ച് വീണ്ടും മാസ് ആക്ഷന്‍ കോമഡിയുമായാണ് മമ്മൂട്ടി ഇനി തിയേറ്ററില്‍ എത്തുക. ‘ടര്‍ബോ’ എന്ന പുതിയ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ടര്‍ബോ ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിടുമ്പോള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും തചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് കൈകാര്യം ചെയ്യുന്നത്.

മലയാള സിനിമയില്‍ ആദ്യമായി പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്ന’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താന്‍ നടക്കുന്ന ആശാ വര്‍ക്കര്‍ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനുമൊക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സഹവേഷങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ സുബീഷ് സുധി ചിത്രത്തില്‍ നായകനായെത്തുന്നു. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറാകും സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഷെല്ലി കിഷോര്‍ നായികയാകുന്ന ചിത്രം ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്യുന്നു. അജു വര്‍ഗീസ്, ഗൗരി ജി. കിഷന്‍,ദര്‍ശന എസ്. നായര്‍, ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ജാഫര്‍ ഇടുക്കി, ഗോകുല്‍, രാജേഷ് അഴീക്കോടന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വഹിക്കുന്നു. ടി.വി. കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തര്‍ ആണ്. അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫണ്‍-ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്.

വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഒരു ജാതി ജാതകം’ സിനിമയുടെ പോസ്റ്റര്‍ പുറത്ത്. ഒരുകൂട്ടം സുന്ദരിമാര്‍ക്ക് നടുവില്‍ ഇരിക്കുന്ന വിനീതിനെയാണ് പോസ്റ്ററില്‍ കാണുന്നത്. നടി നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സൂപ്പര്‍ഹിറ്റായി മാറിയ വിനീതിന്റെ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം എം മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമലിനൊപ്പം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക കയാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരെയാണ് പോസ്റ്ററില്‍ കാണുന്നത്. സ്യൂട്ടണിഞ്ഞ് സൈറ്റൈലിഷ് ലുക്കിലാണ് വിനീത് എത്തുന്നത്. ബാബു ആന്റണി മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഗായകന്‍ വിധു പ്രതാപും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തിരക്കഥ രാകേഷ് മണ്ടോടി. ഗാനങ്ങള്‍ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്‌മണ്യം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍.

ദിലീപ് നായകനായ ‘തങ്കമണി’യുടെ റിലീസ് തിയതി പുറത്തുവിട്ടു. മാര്‍ച്ച് 7 ന് സിനിമ തീയേറ്ററിലേക്ക് എത്തും. ‘ഉടല്‍’ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഗുഡ് ദിലീപ് എന്ന നടന്റെ ഏറ്റവും വലിയ ഗംഭീര വേഷമാകും തങ്കമണിയിലേത് എന്നാണ് അണിയറക്കാരുടെ വിലയിരുത്തല്‍. 1986 ഒക്ടോബര്‍ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. ദിലീപിന്റെ അഭിനയ ജീവിതത്തിലെ 148മത്തെ ചിത്രമായ ‘തങ്കമണി’ ബിഗ് ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍, തൊമ്മന്‍ മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സംമ്പത് റാം എന്നിവരുള്‍പ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

’ സിനിമയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തും. കാത്തിരിപ്പിന് നീളം കുറയുകയാണെന്നും മാര്‍ച്ച് 28ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തില്‍ ഇന്നും ബെസ്റ്റ്‌സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ.ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

ഹക്കിം ഷാജഹാന്‍ നായകനാകുന്ന ‘കടകന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ പുറത്തിറക്കി. ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍ മാസ്സ് ആക്ഷന്‍ രംഗങ്ങളും നല്ല നാടന്‍ തല്ലും കുറിക്ക് കൊള്ളുന്ന ഡയലോഗുകളും ഉള്‍പ്പെടുത്തി ദൃശ്യാവിഷ്‌ക്കരിച്ച ട്രെയിലര്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അടി, ഇടി, പക, പ്രതികാരം തുടങ്ങി ആരാധകരെ ആകര്‍ഷിക്കാനുള്ള ചേരുവകള്‍ ചേര്‍ത്ത് ഗംഭീര സൗണ്ട് ട്രാക്കോടുകൂടി എത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സംവിധാനം നിര്‍വഹിക്കുന്നത് സജില്‍ മമ്പാടാണ്. മാര്‍ച്ച് ഒന്നിനാണ് റിലീസ് ചെയ്യുക. കഥ എഴുതിയിരിക്കുന്നതും സജില്‍ മമ്പാടാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം ജാസിന്‍ ജസീല്‍. ബോധിയും എസ് കെ മമ്പാടും തിരക്കഥ എഴുതിയിരിക്കുന്നു. കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ്. ഖലീലാണ് നിര്‍മ്മാതാവ്. ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവര്‍ ഹക്കീമിനൊപ്പം സുപ്രധാന വേഷത്തിലെത്തുന്നു.

സജു വർഗീസ് (ലെൻസ്മാൻ)✍

RELATED ARTICLES

Most Popular

Recent Comments