Saturday, November 23, 2024
HomeKeralaമുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഫെബ്രുവരിയില്‍ പട്ടയം വിതരണം ചെയ്യും: മന്ത്രി കെ. രാജന്‍

മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഫെബ്രുവരിയില്‍ പട്ടയം വിതരണം ചെയ്യും: മന്ത്രി കെ. രാജന്‍

പത്തനംതിട്ട —-സംസ്ഥാനത്തു          മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഫെബ്രുവരി ആദ്യവാരത്തില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള വിപുലമായ മേളക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ പറഞ്ഞു. തുവയൂര്‍ മാഞ്ഞാലി ഈശ്വരന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം ആശുപത്രി അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി രണ്ടേകാല്‍ വര്‍ഷത്തിനുള്ളില്‍ 1,23,000 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തിട്ടുള്ളത്. ഫെബ്രുവരിയിലെ പട്ടയമേളക്ക് ശേഷം ആകെ പട്ടയം ലഭിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിയുമെന്നും ഇത് കേരളത്തിന് മാത്രം അവകാശപെടാനാകുന്ന അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ഒരു ദശാബ്ദത്തിന് ഇപ്പുറം നോക്കുമ്പോള്‍ സമാനതകള്‍ ഇല്ലാത്ത മാറ്റങ്ങള്‍ക്കാണ് അടൂര്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. വികസനമേഖലയില്‍ മണ്ഡലം ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായി അടൂര്‍ മണ്ഡലത്തില്‍ മാത്രമല്ല, കേരളത്തില്‍ എല്ലായിടത്തുമുള്ള രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ നിവാസികള്‍ പട്ടയഭൂമിക്ക് അവകാശികളാവുകയാണ്. ആരോഗ്യമേഖലയിലും മണ്ഡലത്തില്‍ നടക്കുന്നത് സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാന്‍ ഏറെ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അടൂരില്‍ നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള രോഗികള്‍ ചികിത്സക്കെത്തുന്ന ആരോഗ്യകേന്ദ്രമാണ് തുവയൂര്‍ മാഞ്ഞാലി ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പേവാര്‍ഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആരോഗ്യമേഖലയില്‍ അടൂര്‍ മണ്ഡലത്തില്‍ നിരവധി വികസനപദ്ധതികള്‍ നടപ്പാക്കാന്‍ എംഎല്‍എ എന്ന നിലയില്‍ സാധിച്ചിട്ടുണ്ടെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഷിബു, എഡിഎം ബി. രാധാകൃഷ്ണന്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്. സനില്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments