🔹ക്രിസ്ത്യാനികൾക്കും ഇന്ത്യൻ സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്കുമെതിരായ അക്രമങ്ങൾക്ക് ഇരയായവർക്കുവേണ്ടി ചർച്ച ചെയ്യുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി ജനുവരി 27 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് വീറ്റൺ കോളേജിലെ ബില്ലി ഗ്രഹാം സെന്ററിൽ ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യാനികൾ ഒത്തുകൂടുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (FIACONA) പ്രസിഡന്റ് ശ്രീ രാജൻ കോശി ജോർജ്ജ്, വിർജീനിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീ ജോൺ പ്രഭുദോസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
🔹ചങ്ങനാശ്ശേരി, തുരുത്തി, തൈപ്പറമ്പിൽ ടി.സി മൈക്കിളിന്റെ ഭാര്യ സൂസി മൈക്കിൾ (71) ഫോർട്ട് വർത്തിൽ നിര്യാതയായി. കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതരായ സി. ജെ മാത്യു (മത്തായി സാർ) വിന്റെയും അരീക്കാട്ട് അന്നക്കുട്ടിയുടെയും മകളാണ് പരേത. സംസ്‌കാരം ജനുവരി 24 ബുധനാഴ്ച നോർത്ത് റിച്ച്ലാൻഡ് ഹിൽസ്, സെന്റ് ജോൺ ദി അപ്പോസ്തോലിക് കാത്തലിക് ദേവാലയത്തിൽ.
🔹തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ തുടർച്ചയായ രണ്ടാമത്തെ കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി. കരൾ രോഗം മൂലം കാൻസർ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി 53 കാരനാണ് കരൾ മാറ്റി വെച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരൾ നൽകിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രോഗിയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ട്രാൻസ്പ്ലാന്റ് ടീമിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
🔹ബത്തേരി: വയനാട്ടിലെ കടുവ ഭീഷണി കൂട് സ്ഥാപിച്ചിട്ടും അവസാനിക്കുന്നില്ല. മൂടക്കൊല്ലിയിലും ചൂരിമലയിലും താഴെ അരിവയലിലുമായിട്ടാണ് കടുവകള്‍ ഉള്ളത്. എന്നാല്‍ ഇവയെ ഇതുവരെ കൂട്ടിലാക്കാന്‍ സാധിച്ചിട്ടില്ല. വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നിലും കടുവകള്‍ ഇതുവരെ വീണിട്ടില്ല. നേരത്തെ മൂടക്കൊല്ലി പന്നിഫാമിന് സമീപം രണ്ട് കൂടുകള്‍ സ്ഥാപിച്ചിരുന്നു.
🔹സൂരജ് സന്തോഷിനെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സന്ദീപ് സേനൻ. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഗായിക കെ എസ് ചിത്രയുടെ പരാമർശവും തൊട്ടുപിന്നാലെ സൂരജ് നടത്തിയ വിമർശനവുമൊക്കെ വലിയ ചർച്ചയായിരുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ രാമ നാമം ജപിക്കാൻ ചിത്ര ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സൂരജ് വിമർശനം നടത്തിയത്. ഇതിന് പിന്നാലെ സൂരജിനെതിരെ സസൈബർ ആക്രമണം നടന്നിരുന്നു.
🔹കൊച്ചി: കുഴുപ്പിള്ളി ഫ്ലോട്ടിങ് ബ്രിഡ്ജ് വൻ വിജയത്തിലേക്ക്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഒരുപാട് ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. ഇതുവരെ 35000 സഞ്ചാരികളാണ് ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാൻ എത്തിയത്. 42 ലക്ഷം രൂപയാണ് വരുമാന ഇനത്തിൽ ഇത് വരെ ലഭിച്ചത്.
🔹കണ്ണൂര്‍: തലശേരി നഗരത്തിലെ തിരുവങ്ങാട് റോഡിലെ പേട്രോള്‍ പമ്പില്‍ നിന്നും കാര്‍യാത്രക്കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു രക്ഷപ്പെട്ട കേസിലെ പ്രതിയെ തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു തലശേരികോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
🔹തിരുവനന്തപുരം: സിനിമ ഗായകരുടെ സംഘടനയായ സമ ( സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് ) നിന്ന് രാജി വെച്ച് ഗായകൻ സൂരജ് സന്തോഷ്. സൈബർ ആക്രമണത്തിൽ തന്നെ സംഘടന പിന്തുണച്ചില്ല എന്ന് ആരോപിച്ച് ആണ് സൂരജ് രാജി വെച്ചത്. അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക കെ എസ് ചിത്രയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൂരജിനെതിരെ സൈബർ ആക്രമണം നടന്നത്.
🔹കാസര്‍കോഡ്: തൃക്കരിപ്പൂരില്‍ തെരുവുനായ ആക്രമണത്തിൽ ഒന്നരവയസുകാരന് ഗുരുതര പരിക്ക്. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിന് സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാന്‍ ദമ്പതികളുടെ മകന്‍ ബഷീറിനെയാണ് നായ്ക്കള്‍ ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
🔹മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കമ്പനിയുടെ പേരിലല്ലാതെ, വ്യക്തിപരമായി സിഎംആര്‍എല്ലില്‍നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് കൈപ്പറ്റിയതിനെ ചോദ്യം ചെയ്ത് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്. വീണയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ കണ്ടെത്തല്‍. അതേസമയം, ആര്‍ഒസിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്നായിരുന്നു വീണയുടെ മറുപടി.
🔹മുല്ലപ്പെരിയാര്‍ ഡാമിനു വിദഗ്ധ സമിതിയെക്കൊണ്ടു സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍. പുതിയ ഡാം സുരക്ഷാ നിയമം അനുസരിച്ച് സുരക്ഷാ പരിശോധന നടത്താനുള്ള അവകാശം തമിഴ്നാടിനാണെന്നാണ് അവകാശവാദം.
🔹കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് ടാറിംഗ് കഴിഞ്ഞയുടന്‍ തകര്‍ന്ന സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണു നടപടി.
🔹അതിരപ്പിള്ളി ആനമല മലക്കപ്പാറ റോഡ് നിര്‍മാണത്തിനു ലോറിയില്‍നിന്ന് മെറ്റല്‍ ഇറക്കുന്നതിനിടെ വൈദ്യൂതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സിനാറുല്‍ ഇസ്ലാമാണ് മരിച്ചത്.
🔹ചെന്നൈയിലെ ജല്ലിക്കെട്ട് മത്സരത്തിന് എത്തിച്ച കാളയെക്കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ച യുട്യൂബര്‍ രഘുവിനെതിരെ കേസ്. കഴിഞ്ഞ ഡിസംബര്‍ 22 ന് അപ്ലോഡ് ചെയ്ത വീഡിയോ വൈറലായതോടെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ക്യാറ്റില്‍ ഇന്ത്യയുടെ പ്രവര്‍ത്തകന്‍ അരുണ്‍ പ്രസന്ന നല്‍കിയ പരാതിയിലാണ് കേസ്.
🔹മലപ്പുറം പന്തല്ലൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. പൊലീസ് കേസെടുത്തു.
🔹വീട്ടുജോലിക്കാരിയായ 18 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഎംകെ എം.എല്‍.എ ഐ.കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനുള്ള പരിശീലന കോഴ്സില്‍ ചേരാന്‍ പണം കണ്ടെത്താനാണു ജോലി ചെയ്തത്. ശരീരത്തില്‍ മുറിവേറ്റ പാടുകളും സിഗരറ്റ് ഉപയോഗിച്ചു പൊള്ളിച്ച അടയാളങ്ങളും ഉണ്ടെന്നാണ് ആരോപണം.
🔹ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ ട്രെയിലര്‍ എത്തി. പുറത്തെത്തിയ ട്രെയ്ലറിന് 2.23 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ചിത്രത്തിലെ ലോക സൃഷ്ടിയെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന, എന്നാല്‍ കഥാപശ്ചാത്തലത്തെക്കുറിച്ച് വലിയ സൂചനകളൊന്നുമില്ലാത്ത ട്രെയ്ലര്‍ കട്ട് ആണ് ഉള്ളത്.
🔹മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ ടീസര്‍ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തിയറ്ററുകളിലെത്തും.