Friday, September 13, 2024
HomeUS Newsകഥാപ്രസംഗം: ചരിത്രവും വളർച്ചയും (ഭാഗം - 1) ജിത ദേവൻ എഴുതുന്ന 'കാലികം'

കഥാപ്രസംഗം: ചരിത്രവും വളർച്ചയും (ഭാഗം – 1) ജിത ദേവൻ എഴുതുന്ന ‘കാലികം’

ജിത ദേവൻ

ഒരു കാലഘട്ടത്തിൽ ജനമനസുകളിൽ ഏറെ സ്വാധീനം ചെലുത്തിയ കലാരൂപമാണ്
കഥാപ്രസംഗം. അതിന്റെ ചരിത്രം, വളർച്ച , ഇന്നത്ത അവസ്ഥ, പ്രസിദ്ധരായ കാഥികർ, അവരുടെ സംഭാവനകൾ ഇതൊക്കെ ഒരു പരമ്പരയായി അവതരിപ്പിക്കാനുള്ള എളിയ ശ്രമത്തിലാണ് ‘കാലികം ’ തുടർപംക്തിയിൽ കൂടി ഉദ്ദേശിക്കുന്നത്. തുടർന്നും മലയാളി മനസ്സ് ഓൺലൈൻ ദിനപത്രത്തിന്റെയും പ്രിയ വായനക്കാരുടെയും നിർലോഭമായ സഹകരണം പ്രതീക്ഷിക്കുന്നു.

കേരളത്തിൽ ഉടലെടുത്തു വികസിച്ചു വന്നൊരു കലാരൂപമാണ് കഥാപ്രസംഗം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ദുഷിച്ച പല പ്രവണതകളും ഉണ്ടായിരുന്നു . അതൊക്കെ നാം വായിച്ചറിഞ്ഞും അനുഭവസ്ഥരിൽ നിന്നും നേരിട്ടും അറിഞ്ഞിട്ടുള്ളതാണ് ഇവിടെ നടമാടിയ ജാതി മത ,വർണ്ണ വ്യത്യാസങ്ങളും അസ്വാതന്ത്ര്യവും ആവോളം അനുഭവിച്ചവരാണ് അന്നുള്ളവരെന്നും. അത്തരം ദുഷിച്ച പ്രവണതകളെക്കുറിച്ചു സാധാരണ ജനങ്ങളെ ബോധവാന്മാരാക്കാൻ അന്ന് അവലംബിച്ച ചില കലാരൂപങ്ങളിൽ ഒന്നാണ് കഥാപ്രസംഗം എന്ന കലാരൂപവും.

ചരിത്രം

പാട്ടിനും ആഖ്യാനത്തിനും തുല്യപ്രാധാന്യമുള്ള, ദക്ഷിണ കേരളത്തിൽ പ്രചുരപ്രചാരം നേടിയ വില്ലടിച്ചാൻ പാട്ട്, ചാക്യാർക്കൂത്ത്, എന്നി കലാരൂപങ്ങൾ കഥാപ്രസംഗത്തിന്റെ മൂലരൂപമായി കണക്കാക്കുന്നു. ബോധീശ്വരനാണ് കഥപ്രസംഗത്തിന്റെ ഉപഞ്ജാതാവ് എന്ന് കരുതുന്നു. കാഥികനും( കഥപറയുകയും പാട്ട് പാടുകയും ചെയ്യുന്ന ആൾ) പിന്നണിക്കർ എനിവരാണ് ഒരു കഥാപ്രസംഗത്തിൽ രംഗത്ത് ഉണ്ടാവുക. വളരെ നാടകീയമായി കഥ പറയുകയും അതി മനോഹരമായി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നത് കാഥികനാണ്. പിന്നണിയിൽ ഉള്ളവരും ഗാനങ്ങൾ ആലപിക്കാറുണ്ട്. കേരളത്തിലെ ഗ്രാമീണ സദസുകളിൽ എത്തിയ സാധാരണ ജനങ്ങൾക്ക് വിശ്വാസഹിത്യത്തിലെ വിശ്രുത ഗ്രന്ഥങ്ങൾ കഥാപ്രസംഗത്തിൽ കൂടിയാണ് അറിയാൻ സാധിച്ചത്.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നു കഥാപ്രസംഗകലയുടെ സുവർണ്ണകാലം എന്ന് കരുതുന്നു. ഉത്സവ കാലത്ത് ക്ഷേത്രാങ്കണത്തിൽ ഒതുങ്ങി നിന്ന കഥാപ്രസംഗം ക്രമേണ മറ്റ് സദസുകളിലും അവതരപ്പിക്കാൻ തുടങ്ങി. പ്രത്യേക വേഷവിധാനങ്ങളോ രംഗ ക്രമീകരണമോ ഇതിന് അവശ്യമില്ല. ഒരു പ്രകടനം രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ ഉണ്ടാകും. വളരെ വേഗം ഒരു ജനകീയ കലാരൂപമായികഥകളി വളർന്നത് അർപ്പണമനോഭാവത്തോടെഈ കലാരൂപത്തെ നെഞ്ചേറ്റിയ ഒരു പറ്റം കലാകാരന്മാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് കൂടിയാണ്.

സ്വാമി ബ്രമവൃതൻ, എം പി മന്മഥൻ, കെ കെ വാദ്ധ്യാർ, പി സി എബ്രഹാം, ജോസഫ് കൈമാപറമ്പൻ, വി സാംബശിവൻ, കെടാ മംഗലം സദാനന്ദൻ, കടവൂർ ബാലൻ, ഡോ. കടവൂർ ശിവദാസൻ, ആയിഷ ബീവി,കൊപ്പം ബാബു, മാവേലിക്കര S S ഉണ്ണിത്താൻ, വി ഹർഷകുമാർ, പറവൂർ സുകുമാരൻ, ഡോ വസന്തകുമാർ, വി ഡി രാജപ്പൻ, തുടങ്ങിയ പ്രശസ്തരായ കാഥികർ കഥാപ്രസംഗകലയെ ഔന്നത്യത്തിൽ എത്തിച്ചവരാണ് . ഇവരെ കുറിച്ഛ് വിശദമായി പിന്നീട് പ്രതിപാദിക്കുന്നതാണ് .

വില്യം ഷേക്സ്പിയറിന്റെ ഒഥല്ലോ, ലിയോ ടോൽസൾറ്റോയിയുടെ അന്നാ കരീനീന, കുമാരനാശാന്റെ കരുണ, വള്ളത്തോളിന്റെ മഗ്നലന മറിയം ,വയലാറിന്റെ ആയിഷ, തിരുനെല്ലൂർ കരുണാകരന്റെ റാണി തുടങ്ങിയ വിശ്രൂതകൃതികൾ കഥാപ്രസംഗമായി നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
സാധാരണ ജനങ്ങൾക്ക്‌ ഈ കൃതികൾ മനപാഠമാക്കാൻ കഥപ്രസംഗം എന്ന കലാരൂപത്തിൽ കൂടി സാധിച്ചു. സാധാരണ ജനങ്ങൾക്ക്‌ വിശ്വാസഹിത്യത്തിലെ മണിമുത്തുകളായ നിരവധി കഥകൾ ഹൃദിസ്ഥമാക്കാൻ കഴിഞ്ഞതാണ് ഈ കലാരൂപത്തിന്റെ മഹത്തായ നേട്ടം.

ജനമനസുകളെ ആവേശത്തിൽ ആറാടിച്ച കഥപ്രസംഗം ആസ്വദിക്കാൻ ഉത്സവപറമ്പുകളിലേക്ക് ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് മനുഷ്യരാണ്. പ്രധാന കഥക്ക് ഒപ്പം സമകാലികപ്രശ്നങ്ങൾ കൂടി പരിപാടിക്കിടയിൽ പറഞ്ഞു പോകാറുണ്ട്
കളിയും കാര്യവും , താമാശയും ഒക്കെയായി 3 മണിക്കൂർ ആസ്വാദകരെ ആനന്ദത്തിൽ ആറാടിച്ചിരുന്ന കഥപ്രസംഗം ഇന്ന് വളരെ ചെറിയ വേദികളിൽ മാത്രമേ അവതരിപ്പിക്കാറുള്ളു , ജനങ്ങളുടെ ആസ്വാദനതലം മറ്റ് സാദ്ധ്യതകൾ തേടിയതാണോ , കഥാപ്രസംഗം അവതരിപ്പിക്കാൻ കലാകാരന്മാർ വിമുഖത കാണിക്കുന്നതാണോ കാരണം എന്ന് അറിയില്ല, എന്തായാലും കാലഹാരണപ്പെട്ടു പോയിട്ടില്ല എന്നത് ആശ്വാസകരമാണ്, സ്കൂൾ കലോത്സവങ്ങളിൽ ഒക്കെ മത്സര ഇനമായി കഥാ പ്രസംഗം ഉണ്ട് എന്നത് ഈ കല ഇനിയും വേരറ്റ് പോയിട്ടില്ല എന്നതിന് തെളിവാണ്, പ്രതിഭാ ധനരായ കലാകാരൻമാർ ഇനിയും മുന്നോട്ടു വരട്ടെ. ജനകീയ കലയായ കഥാ പ്രസംഗം ഇനിയും അതിന്റെ സുവർണ്ണ കാലത്തിലേക്കു എത്തട്ടെ എന്ന് ആശംസിക്കുന്നു .

ജിത ദേവൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments