Thursday, November 21, 2024
HomeUncategorizedഒന്നിച്ച് മടക്കം. (നിർമ്മല അമ്പാട്ട്)

ഒന്നിച്ച് മടക്കം. (നിർമ്മല അമ്പാട്ട്)

നിർമ്മല അമ്പാട്ട്.

പള്ളിയും പട്ടക്കാരനും മത നേതാക്കളും, സംസ്കാര വിലാപ യാത്രകളും, ഫ്ലെക്സുകളും, വാഴ്ത്തിപ്പാടലുകളുമില്ല. പുത്തുമലയിൽ ഇനി അവർ ഒരുമിച്ച് ഉറങ്ങും. ഒരിക്കലും ഉണരാത്ത ഉറക്കം. തിരിച്ചറിയാൻ കഴിയാത്ത ശരീരങ്ങൾക്ക് അവിടെ മതങ്ങളുടെ കുപ്പായങ്ങളില്ല.

അറുപത്തിനാല് സെന്റ് ഭൂമിയിൽ കൃത്യമായി കണക്കുപറയാനാവാത്തത്ര മൃതദേഹങ്ങളാണ് അടക്കുന്നത്. അതിൽ ഇന്ന് എട്ട് മണിയോടെ ഒൻപത് മൃതദേഹങ്ങൾ അടക്കും എന്ന് അവസാനത്തെ റിപ്പോർട്ട്.
ബാക്കിയുള്ളർ നാളെ അവിടേക്കെത്തും.

പൂർണ്ണമായി അറുപത്തിയേഴ്‌ മൃതദേഹം ഉണ്ട്. വേറിട്ട് പോയ ശരീരഭാഗങ്ങൾ കൂടി ഉള്ളത് കൊണ്ടാണ് കണക്കുകൾ തെറ്റുന്നത്. ശരീരഭാഗങ്ങൾ ഓരോ മൃതദേഹങ്ങളായി കണക്കാക്കി പിന്നീട് അടക്കുമെന്നാണ് അറിയുന്നത്. ഇതിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാം.

ചിലകൺഫ്യൂഷൻ നിലനിൽക്കുന്നത് കൊണ്ടാണ് സംസ്കാരം നടത്തൽ വൈകിപ്പോവുന്നത്. നാളെ ബന്ധുക്കൾ തിരഞ്ഞെത്തിയാൽ കൊടുക്കാൻ കൃത്യമായ രേഖ വേണമല്ലോ. ഡി എൻ എ കൂടി നടത്തിയതിന് ശേഷമായിരിക്കും ബാക്കി സംസ്കാരം. എല്ലാ കുഴിമാടങ്ങൾക്കും പ്രത്യേകം നമ്പർ കൊടുക്കും. അനുബന്ധരേഖകൾ ഹോസ്പിറ്റലിൽ സൂക്ഷിക്കും.

വെള്ളാർമല വിദ്യാലയം ഒരു നോവിന്റെ പാട്ട് മാത്രമായി അവശേഷിച്ചിരിക്കയാണ്. അധ്യാപകരും വിദ്യാർത്ഥികളും ചിന്നിച്ചിതറിപ്പോയി. പള്ളിയും അമ്പലങ്ങളും ഇനി ചരിത്രത്തിൽ മാത്രം.

സർവ്വമത പ്രാർത്ഥനയോടെ മണ്ണിലേക്ക് മടങ്ങുമ്പോൾ ഇവർ ലോകത്തിന് പുതിയൊരു സന്ദേശം കൂടി തന്നിട്ടാണ് പോവുന്നത്. ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന് വയനാട്ടിലെ ചൂരൽ മല പുതിയൊരു നിർവ്വചനം എഴുതിച്ചേർത്തിരിക്കയാണ്.
മുണ്ടക്കൈ എന്നൊരു ദേശം വയനാടിന്റ ഭൂപടത്തിൽനിന്ന് മായ്ച്ചുകളഞ്ഞ ചൂരൽമല.
എത്ര കൂട്ടിച്ചേർത്ത് പുതുക്കിയെടുത്താലും പോയവരെ നമുക്ക് തിരിച്ചെടുക്കാനാവില്ലല്ലോ. 🙏🏾🙏🏾🙏🏾

നിർമ്മല അമ്പാട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments